Posts

അബലപ്പാട്ട്

നിങ്ങൾ ആയിരങ്ങളായ് വരും ഞങ്ങൾ ഒറ്റയൊറ്റയായ്
നിങ്ങൾ ഉറഞ്ഞുതുള്ളിവരും
ഞങ്ങൾ ദൃഢനിശ്ചയവുമായ്
നിങ്ങൾ ഭീതിപൂണ്ട് വിറളി പിടിച്ച്
ഞങ്ങൾ കൈകൾ കോർത്ത്
തോളോട് തോളുരുമ്മി
നിങ്ങൾ തേപ്പും തെറിയുമായി
ഞങ്ങൾ തപ്പുകൊട്ടി
പാട്ടുപാടി
ഞങ്ങൾ ഇളം കാറ്റായ് പൂക്കളെ ഉമ്മ വെച്ച്
നിങ്ങൾ ചുഴലിയായ് നിണച്ചുവടുവെച്ച്
നിങ്ങൾ പുരുഷോത്തമന്മാരായ്
ഞങ്ങൾ അബല തരുണികളായ്
നിങ്ങൾ വാളും കത്തിയുമായ്
ഞങ്ങൾ ഒരു കുട്ട ഉമ്മകളുമായ് ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നു...
ആദിമ മനുഷ്യക്കുഞ്ഞിന്റെ
ആദിമ കരച്ചിൽ മുതൽ
ഞങ്ങൾ ഇനിയുമുണ്ടാകും
അറുത്തെറിഞ്ഞ മുലകളിൽ നിന്ന്
പിഴുതെറിഞ്ഞ പൂവുകളിൽ നിന്ന്
മൂടോടെ ചുട്ടെരിച്ച വയൽച്ചെടികളിൽ നിന്ന്
വില്ലുവണ്ടി ഓടിച്ച്
നഗ്നപാദരായി
കുഞ്ഞുങ്ങളെ മാറത്തടുക്കി
ഇറ്റുവെള്ളം കൊണ്ട് ചിറി നനച്ച്
ബൂട്ടുകൾക്കടിയിൽ നിന്നും
പിടഞ്ഞെണീറ്റ്
ഒറ്റ ഒറ്റയായ് ഒരുമയായ്
പിന്നെ പിന്നെ...
മലകളിൽ നദികളേ പിറവിയെടുക്കൂ ...

പ്രണയ ലിഖിതങ്ങൾ

നാം പാടത്ത് കൊരുത്ത രണ്ട് കാക്കപ്പൂവുകൾ ആണെന്ന് കരുതുക, എന്തായിരിക്കും നാം ചെയ്യുന്നുണ്ടാവുക? അല്ലെങ്കിൽ വരിവെച്ച് പോകുന്ന ഉറുമ്പിൻ കൂട്ടത്തിലെ തോളോട് തോൾ ചേർന്ന രണ്ട് ഉറുമ്പുകൾ, ഒരു ആമ്പൽ കുളത്തിൽ മുങ്ങാം കുഴിയിടുന്ന രണ്ടു തവളകൾ, അതുമല്ലെങ്കിൽ ദേശാടനം നടത്തുന്ന രണ്ടു പറവകൾ, അല്ലെങ്കിൽ വേണ്ട പെയ്യാൻ മടിച്ച രണ്ടു മേഘങ്ങൾ .... ഏതു രൂപത്തിൽ ആയിരുന്നാലും ഏത് കാലത്തിൽ ആയിരുന്നാലും നാം ചുംബിച്ചു കൊണ്ടിരിക്കും. കടുത്ത പ്രണയത്തിലായ രണ്ടു കമിതാക്കൾക്ക് മറ്റെന്ത് ചെയ്യുവാനാവും?


ഉപമകൾ കൊണ്ട് നിന്റെ പ്രേമത്തെ രേഖപ്പെടുത്താൻ ഞാനിനി ശ്രമിക്കയില്ല,
രണ്ടു ഹൃദയങ്ങളെ ചേർത്തിണക്കിയ കാലത്തിന്റെ മന്ത്രികതയെ പ്രണയം എന്നിനി ഞാൻ വിളിക്കയില്ല, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന പതിവു പല്ലവി പാടുകയില്ല,
ദൂര സമയങ്ങളെ മാച്ചു കളയുന്ന 
ചുണ്ടുകളുടെ അമർന്നു ചേരലിനെ 
ചുംബനമെന്ന് ഒറ്റുകയില്ല
നിത്യത വിരിയുന്ന ഈ ഋതുവിനെ വസന്തമെന്ന് വാഴ്ത്തുകയില്ല.

നിന്നെ ഓർക്കുമ്പോൾ 
ഒരു വെണ് മേഘം എന്റെ കവിളിൽ ഉരസുന്നു.
നിന്റെ നിറഞ്ഞ പീലികൾ ചുണ്ടിൽ തൊടുന്നു 
ഇടവഴികൾ നനഞ്ഞുപോകുന്നു 
മരങ്ങൾ ഈറനുടുത്ത് നിൽക്കുന്നു 
രാപ്പാടി നിശ്ശബ്ദയായിരിക്കുന്നു.
നമ്മുടെ …

ഇത്രമാത്രം.

എനിക്കിത്രയും മതി 
ഒരു തോണിയതിൽ  നീയും ഞാനും  ഒരു പുഴയതിൽ നമ്മുടെ തോണി  മഴയാവാം സന്ധ്യയാവാം  രാത്രിയാവാം രാത്രിമഴയാവാം  നനഞ്ഞ രണ്ടു ഹൃദയങ്ങൾ നാം  യാത്രയാവുന്നു

ശിശിരമേ...

വസന്തകാലത്തെ മാത്രമല്ല
 ഈ ശിശിരത്തേയും ഞാൻ പ്രണയിക്കുന്നു.
അതെന്നെ മണ്ണിനടിയിൽ പൂഴ്‌ത്തി വെക്കുന്നു
 കണ്ണുകളെ അടച്ചുവെക്കുന്നു
 മനസ്സിൽ ഒരു നക്ഷത്രരാവിനു വിളക്ക് കൊളുത്തുന്നു.
ചുണ്ടില്ലാതെ ചുംബിക്കുന്നു
 ഇതെന്റെ മാത്രം ഉന്മാദമാണ് 
കഠാരയിൽ കൊരുത്ത ഒരു ഹൃദയത്തിന്റെ
ഏകാന്ത നീറ്റലാണ് 
വസന്തം ഒരു മൺവെട്ടിയുമായി വന്ന് മണ്ണിളക്കും വരെ
അതുമല്ലെങ്കിൽ കുഴിച്ചെത്തുന്ന
ഒരു പുരാവസ്തു ഗവേഷകൻ അണയും വരെ...
 ശിശിരമേ ...

നിന്നെ പകർത്തുന്ന ഞാൻ

ഞാൻ നിന്നെ പകർത്തുകയാണ്
ദൈവമെഴുതിയ കവിത
പകർത്തിയെഴുതുകയാണ് .
നിന്റെ മൗനത്തിൽ നിന്നും
ഞാനൊരു പാട്ട് കേൾക്കുന്നു ,
നിന്റെ കണ്ണുകളിൽനിന്നും
സമുദ്രത്തിരകൾ ഞാൻ പിടിച്ചെടുക്കുന്നു
നിന്നിലപ്പോൾ ഇല്ലിക്കാടുലയുന്നു,
നീയൊരു കഥ പറയുന്നു
ഞാനതിനെ കവിതയായി വിവർത്തനം ചെയ്യുന്നു.
നീ മുടിക്കെട്ടഴിച്ചിടുന്നു-
ഞാൻ കാട് വരക്കുന്നു
നീ നിന്റെ മുലക്കച്ചയഴിക്കുന്നു
ദാഹിച്ചുവലഞ്ഞൊരു മരുപ്പച്ചക്കുമുകളിൽ
കാർമേഘം തണൽ വിരിക്കുന്നു 
നിന്റെ പാദങ്ങൾ പറയുന്ന
ഭാഷ പഠിക്കുകയാണ്
ഞാൻ ...
നിന്റെ  വേദനയുടെ വേരുകളെ
ഞാനെന്റെ ചുണ്ടിലെ തൈലം കൊണ്ടു തണുപ്പിക്കുന്നു
എന്റെ പെണ്ണാകുന്നു നീ -
സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങിപ്പോന്നവൾ
ഭൂമിയിൽ ചിതറാതെ ഒരു കൈ പിടിച്ചു നടന്നവൾ
എന്റെ ചുംബനങ്ങൾ നിന്റെ കാൽവിരൽ മുതൽ
...കത്തിപ്പടരുന്നു.

എരുക്ക്

പ്രേമത്തിന്റെ ചുടുകാറ്റിൽ
ഞാൻ ഉലഞ്ഞു പോയിരിക്കുന്നു
കാത്തിരിപ്പിന്റെ കളിയോടം മുങ്ങിപ്പോവുകയും ചെയ്തു
ഈ രാത്രി കനത്തു നിൽക്കുന്നു.
ഒരു പൂ പോലും വിരിയാതെ മുറ്റം
നിന്റെ വരവിനായി കാതു കൂർപ്പിച്ചിരിക്കുന്നു 
മിന്നാമിന്നികൾ പോലും വെളിപ്പെടാൻ മടിക്കുന്ന
ഈ രാത്രി അസ്തമിച്ചു പോകും
എങ്കിലും ഇരുട്ടിന്റെ മേലാപ്പിൽ നിന്നും
ഞാൻ മോചിതനാവുകയില്ല.
കുന്നിറങ്ങിവന്ന കാറ്റും
കടൽ താണ്ടിവന്ന മഴയും
എങ്ങോ ഓടി ഒളിച്ചത് കണ്ടില്ലേ?
നീ നടന്നുപോയ വഴികളിൽ
എന്റെ ചുംബനങ്ങൾ അനാഥമാവുന്പോൾ
വേനലുരുകി ഞാൻ അദൃശ്യനായേക്കാം
എന്റെ തൃഷ്ണകൾ പൂക്കുന്ന എരുക്ക്
മരുഭൂമികളിൽ നിന്നെ കാത്തു നിൽക്കും
ഓരോ സഞ്ചാരിയിലും അത് നിന്നെത്തേടും
ഓരോ നിഴലിലും നമ്മുടെ പ്രേമത്തിന്റെ നർത്തനം കാണും 
നാദമായി നീ ഒഴുകി വന്നെങ്കിൽ
- എന്നത് കാറ്റിനോട് പിറു പിറുക്കും
നീ വന്നണയും വരെ.

വേനൽക്കൊന്പ്

നീച മൃഗത്തിൻ കോമ്പല്ലിൽ കുടുങ്ങിയ
ചോര പിടഞ്ഞു ചോദിക്കുന്നു
കാഴ്ച കാണാൻ വന്നു കണ്ണീരൊഴുക്കിയ
മുതലയുടെ വിരൽ തൊട്ടു ചോദിക്കുന്നു.
ഉണങ്ങിയ രക്തമണം തേടിവന്ന
കുറുനരിയുടെ കണ്ണിൽ കുത്തി ചോദിക്കുന്നു...
ചോദ്യങ്ങൾ ഒഴുകുന്നു
തീ പിടിച്ച വേനലിൻ കൊമ്പിൽ
നിന്നു മറു കൊമ്പിൽ
എവിടെ?

അദൃശ്യം

ചുണ്ടുകളില്ലാതെ
ഞാൻ നിന്നെ ചുംബിക്കുന്നു.
കൈകൾ കൊണ്ടല്ലാതെ
ഞാൻ നിന്നെ എന്റെ മാറിടത്തിൽ ചേർക്കുന്നു.
അഗാധമായ ഒരു വിസ്മയത്തിൽ 
ഞാൻ അദൃശ്യനാവുന്നു.
വിസ്മൃതി എന്നെ വലയം ചെയ്യുന്നു.
ഉന്മാദത്തിന്റെ ഒരു തിരി വെളിച്ചം
എന്നെ ആഹ്ലാദിപ്പിക്കുന്നു.

അഞ്ചു വിരലുകൾ

ഒരു പൂവിന്റെ അഞ്ചിതളുകൾ
അഞ്ചു മടക്കിൽ അച്ഛനൊളിപ്പിച്ച
മഞ്ചാടി കുരുവിന്റെ
വിടർന്നു വരുന്ന വാതിലുകൾ -
അഞ്ചു വിരലുകൾ അഞ്ചു മുലഞെട്ടുകളാണ്.
ജീവനിലേക്ക് നീളുന്ന പഞ്ച നദികൾ
അഞ്ചു വിരലുകൊണ്ടല്ലേ അന്നം
കൂട്
നൃത്തവും
സംഗീതവും
ഉടലിലേക്ക് പടരുന്ന വേരുകൾ,
നെറ്റിയിൽ ചുക്കരച്ചു പുരട്ടും സാന്ത്വനങ്ങൾ,
ചുണ്ടോട്‌ ചേർക്കും താമരമൊട്ട്-
പ്രിയയുടെ ഉടലിൽ പടരുമ്പോൾ
അഞ്ചു വിരലുകൾ അഞ്ചു സ്വർഗ്ഗങ്ങൾ -
മാന്ത്രികതയുടെ താക്കോലുകൾ

അതേ വിരലുകൾ
അതേ അഞ്ചിതളുള്ള പൂ
ഒരു കഠാരപ്പിടിയിൽ
ഒരു പിടച്ചിലിന്റെ കഴുത്തിൽ
ഒരു ശ്വാസത്തിന്റെ വീർപ്പു മുട്ടലിൽ

പിന്നേയും ചോരയോടെ കോരിയെടുക്കുന്നു -
മുറിവ് ഉണങ്ങും വരെ ചന്ദനം അരക്കുന്നു
ചൂടാറും വരെ തണുപ്പിക്കുന്നു
തണുക്കും വരെ ചൂട് പകരുന്നു.