Posts

Showing posts from February, 2010

ശിവനേപ്പോല്‍ ഒരുവള്‍.

നറുനെയ്യ്‌ ഒഴിച്ചു കത്തിച്ച
നിലവിളക്കിനു ചാരെ
മറ്റൊരു നാളമായാണ്‌
അവളെ
ഞാനാദ്യം കാണുന്നത്‌.

കരിനീല മിഴികളും
കത്തുന്ന അധരവുമായ്‌
കാവിലെ ഭഗവതിയെ
-പ്പോലിരുന്നൂ അവള്‍.

ശക്തിസ്വരൂപിണി
ശാന്തഗംഭീര
ശാരദയേ പോലൊരുവള്‍.
-----------------------------------

നറുനെയ്യ്‌ ഒഴിച്ചു കത്തിച്ച
നിലവിളക്കിനു ചാരെ
കെട്ടൊരു കരിന്തിരിപോല്‍
പിന്നെയും കണ്ടൂ ഞാനവളെ.

നീലനിറത്തില്‍ ചീര്‍ത്ത ശരീരം
കണ്ണില്‍ ചത്തമീനുകള്‍.
ശക്ത്തിയൊഴിഞ്ഞു
ശവമായ ശിവനെപ്പോല്‍
‍കാളകൂടം പാനം ചെയ്തവള്‍.

പെയ്തു പെയ്തു നിറഞ്ഞത്‌

അമ്മ
തഴുകിത്തഴുകി ഉറക്കിയപ്പോള്‍
ഞാനൊരു താരാട്ടുപാട്ട്‌

അച്ഛന്‍
ഉശിരേറ്റി ഉയിരേറ്റിയപ്പോള്‍
ചാരിവെച്ച ആകാശ ഗോവണി

പ്രിയതമ
ചുംമ്പിച്ചു ചുംമ്പിച്ചുണര്‍ത്തിയപ്പോള്‍
പടര്‍ന്നു കയറിയ മോഹങ്ങള്‍

മകള്‍
ഊതിയൂതി വീര്‍പ്പിച്ചപ്പോള്‍
വര്‍ണ്ണപ്പകിട്ടാര്‍ന്ന ബലൂണ്‍

മകന്‍
പറത്തിപ്പറത്തിക്കയറ്റിയപ്പോള്‍
ആകാശം മുട്ടും കടലാസ്സു പട്ടം

സ്നേഹിതര്‍
സ്നേഹം പകര്‍ന്നു പകര്‍ന്നപ്പോള്‍
ലഹരിനുരയും മദ്യചഷകം

പ്രിയ സഖാക്കള്‍
രാകിരാകി മിനുക്കിയപ്പോള്‍
തുളച്ചുകയറുന്നൊരു മുദ്രാവാക്യം

അവള്‍ പ്രിയസഖി
പെയ്തുപെയ്തു നിറഞ്ഞപ്പോള്‍
കവിതയായി പരന്നൊഴുകിയ
നദീപ്രവാഹം ഞാന്‍.

മണ്ണ്‌ മാമ്പഴത്തോട്‌ പറഞ്ഞത്‌

മാമ്പഴത്തിന്‍റെ കവിളില്‍
കവിള്‍ചേര്‍ത്ത്‌
മണ്ണ്‌ പറഞ്ഞ സ്വകാര്യമെന്തായിരുന്നു?

ഞാന്‍ നിന്നെ കടിച്ചു തിന്നോട്ടെ എന്നല്ല.
നിന്നിലെ മധുരം വലിച്ചു കുടിച്ചോട്ടെ എന്നുമല്ല,

പിന്നെയോ...

നീ എന്നില്‍ നിറയൂ എന്നാണ്‌,
നീ എന്നില്‍ അലിയൂ എന്നാണ്‌

പിന്നെ
വേരുകള്‍ ആഴ്ത്തി എന്നില്‍ പടരൂ എന്നുമാണ്‌.

അപ്പോള്‍ തളിരിലകളും തളിര്‍മേനിയുമായി
ആകാശവിതാനത്തില്‍
മറ്റൊരു തേന്‍മാവായി നീ തണല്‍ വിരിക്കും

ഒരു വസന്തത്തിനു നീ തേനൂട്ടും
തേന്‍കനികളുമായി ഊഷ്മളമാവും

അപ്പോള്‍
ഉണ്ണിക്കാലുകള്‍എന്‍റെ നെഞ്ജില്‍ നൃത്തം വക്കും.

മണ്ണ്‌ മാമ്പഴത്തോട്‌ പറഞ്ഞത്‌ ഇത്രയുമാണ്‌.

കവി രക്തത്തെ വിവര്‍ത്തനം ചെയ്യുന്നു

ഉറുമ്പിന്‍പുറ്റില്‍ ഇരുമ്പുബൂട്ടുകൊണ്ട്‌
ചവിട്ടുന്നവന്‍റെ അഹങ്കാരത്തോടെ
അവര്‍
ദളിതന്‍റെ രക്തത്തെ പിളര്‍ത്തിയപ്പോള്‍
മഹറുകളുടെ പ്രിയഗായകന്‍;
വിലാസ്‌ ഘോഗറെ
നീ കവിതയെഴുതി പ്രതിഷേധിച്ചില്ല.

കാവല്‍മാടത്തിലെ കര്‍ഷകന്‍
കുറുനരികള്‍ക്കുമേല്‍ വീശിയെറിഞ്ഞ
കല്ലിന്‍റെ ഈണത്തില്‍
‍ഒരു പാട്ടും നീ മിനുക്കിയെടുത്തില്ല.

പിടയുന്നവിരലില്‍ ഡമരു മുഴക്കി
ഉത്തുംഗ ശിരസ്കനായി
ധിക്കാരത്തിന്‍റെ നിണച്ചുവടുവച്ചില്ല.

പാട്ടും കവിതയും പ്രസ്താവനകളും
സഹതപിക്കുന്ന കണ്ണീരും
ഒന്നുമൊന്നും പകരംവക്കാനാകാത്ത
മേഘഗര്‍ജ്ജനത്തിന്‍റെ ഇടച്ചുവരില്‍
‍നീ നിന്‍റെ ഭാഷയെ പിടിച്ചെടുത്തു.
നീ നിന്‍റെ അന്ത്യകവിത രചിച്ചെടുത്തു.

മനുഷ്യരക്തം കുടിച്ചാര്‍ത്തുനടന്ന
കുറുനരികളെ നീ നാണിപ്പിച്ചത്‌

പ്രിയ വിലാസ്‌
വെള്ളയടിച്ച ചുവരില്‍
കറുത്ത രക്തം കൊണ്ടെഴുതിയ
നിന്‍റെ പ്രതിഷേധം-

പോരാ.. ,
ഒന്നുമൊന്നും
നിഷ്കാപട്യം തെരുവില്‍ ഓടിനടന്ന
ചുടുരക്തത്തിനു പകരമാവില്ലെന്ന
തിരിച്ചറിവ്‌

ജീവനും ജീവിതവുമല്ല
സ്വപ്നങ്ങളും ഇതാ എന്നാക്രോശിച്ചുകൊണ്ട്‌
പാട്ടുപാടുന്ന കണ്ഠത്തെ ഞെരുക്കിയാലും
കാടത്തത്തെ സഹിക്കയില്ലെന്നു
ശഠിച്ചുകൊണ്ട്‌

സായുധപാണിയായി
സാ…

ഓര്‍മ്മ

പ്രിയപ്പെട്ടവളേ
നിനക്കോര്‍മ്മയുണ്ടോ..?
ആകാശവും മാവും പൂത്ത
ഒരു നനഞ്ഞ രാത്രിയില്‍
ആദിവാസി പെണ്‍കുട്ടിയുടെ മുടിപോലെ
പാറുന്ന ചെമ്പന്‍ മലക്കുതാഴെ
മഞ്ഞ്‌ പൊട്ടിചിതറിയ ചെടികള്‍ക്കരികെ
പഴയമഴ തങ്ങിനില്‍ക്കുന്ന
നിന്‍ മുടിച്ചുരുളില്‍
എന്‍ വിരലുകള്‍
കാറ്റുപോല്‍ നിന്നെ കെട്ടിവരിഞ്ഞതും
ഓടിവന്നു
നിന്‍ പിന്‍കഴുത്തില്‍ ഉമ്മവച്ചതും...

ചെമ്പരത്തിപ്പൂവ്‌

ഋതുഭേദങ്ങളില്ലാതെ
ചെമ്പരത്തി പൂക്കുന്നതെന്തിനു വേണ്ടി?

പച്ചയുടെ തായ്ത്തടിക്കും
ഇലക്കുടകള്‍ക്കും മുകളില്‍ ഒളിപ്പിച്ചുവച്ച ചുവപ്പ്‌,
നീ ആര്‍ക്കുവേണ്ടിയാണിങ്ങനെ
സിന്ദൂരമണിയുന്നത്‌?

നീ നിണ്റ്റെ കളിത്തൊട്ടിലില്‍
ഒരുണ്ണിയെ
എന്നാണു്‌ താരാട്ടിയുറക്കുക?

തേനുണ്ടുപോകും കാമുകര്‍ക്കുനേരെ
എന്നാണ്‌ നീ പടിയടക്കുക?

ചെമ്പരത്തീ,
നിണ്റ്റെ പ്രതീക്ഷയുറ്റ പരാഗങ്ങള്‍
എങ്ങും പാറിനടപ്പാണല്ലോ?

ഉഴുതുമറിച്ച പാടത്ത്‌
വിത്തുവിതക്കുന്ന പെണ്‍കിടാവിന്‍റെ മനസ്സുമായി
നീ വിതക്കുന്നത്‌
അനശ്വര സ്നേഹത്തിന്‍റെ
ചുവന്ന കൊടികളാണല്ലോ...

നാലാംലോക പ്രണയം

അവള്‍ പറഞ്ഞു,
നമുക്കാകാശവും ഭൂമിയും കളിക്കാം.

ഞാനാകാശത്തും
നീ ഭൂമിയിലും.

ആകാശത്തവള്‍ ആകാശഗംഗ,
ഭൂമിയില്‍ ഞാന്‍ ഭാഗീരഥന്‍.

വളകളണിഞ്ഞ കൈകളാല്‍
മൃദുവാണിയവളുടെ സകാമിത സ്വാഗതം.

ആകാശത്തിലേക്ക്‌
ഞാനൊരു പിരിയന്‍ ഗോവണി ചാരിവച്ചു;
എന്‍റെ വാരിയെല്ലുകള്‍ പോല്‍ ദുര്‍ബലം.

മാംസദാഹിയായ ചിതാഗ്നി പോല്‍
അതെന്നെ പരാജയത്തിന്‍റെ
പാതാളവായിലേക്കു തള്ളിയിട്ടു.

അവസാനം;
ഭൂമിയെ പൊതിഞ്ഞ മേഘത്തോടൊത്ത്‌
എന്നരികില്‍ ആലിംഗനവും ചുമ്പനവുമായ്‌

അര്‍ദ്ധരാത്രിയിലെ ഘടികാരസൂചിപോല്‍
ഒന്നുമുരിയാടാതെ, ഒന്നായ്‌,

ഗദ്ഗദം വിടചൊല്ലാതെ,
മിഴിനീരില്‍ മുഖംചാലിക്കാതെ,

ഇണചേരാത്ത ഇരുദിശകളില്‍
പിന്‍തിരിയാതെ പിരിഞ്ഞുപോയി.

പ്രണയം അനശ്വരം

ഞാന്‍ നിന്നെ സ്നേഹിക്കുന്നത്‌
നിന്നെ എന്നെന്നേക്കുമായി സ്വന്തമാക്കുവാനല്ല

കൈകളില്‍ കൈകോര്‍ക്കുവാനാവശ്യപ്പെട്ടത്‌
ഈ മുള്‍മുന കുന്നുകയറാന്‍ കൂട്ടിനായല്ല

മാന്തോപ്പുകളില്‍ ചൊരിഞ്ഞ വര്‍ഷമേഘം
പൂക്കാലങ്ങളുടെ ഉന്‍മാദത്തില്‍ ആശവെക്കുന്നില്ല

കാടിനെ പ്രണയിച്ച കവി മരങ്ങളെ-
ഈര്‍ച്ചവാളിനാല്‍ കൊലപ്പെടുത്തുകയില്ല

വയലുകളെ സ്നേഹിച്ച ചിത്രകാരന്‍
നെല്‍കറ്റകള്‍ കൊയ്തുമെതിക്കുന്നില്ല

മത്സ്യങ്ങളെ പോറ്റിയ പുഴ
ചെകിളപൂക്കള്‍ പിളര്‍ക്കുന്നില്ല

സമുദ്രയാത്ര ചെയ്യുന്ന നാവികന്‍
തീരങ്ങളിലെ മദിരോത്സവങ്ങളില്‍ രമിക്കുന്നില്ല

അവന്‍ അലറുന്ന കടലിന്‍റെ അനന്തതയില്
‍അനശ്വര പ്രണയത്തിന്‍റെ കപ്പലോടിക്കുന്നു...