കവി രക്തത്തെ വിവര്‍ത്തനം ചെയ്യുന്നു

ഉറുമ്പിന്‍പുറ്റില്‍ ഇരുമ്പുബൂട്ടുകൊണ്ട്‌
ചവിട്ടുന്നവന്‍റെ അഹങ്കാരത്തോടെ
അവര്‍
ദളിതന്‍റെ രക്തത്തെ പിളര്‍ത്തിയപ്പോള്‍
മഹറുകളുടെ പ്രിയഗായകന്‍;
വിലാസ്‌ ഘോഗറെ
നീ കവിതയെഴുതി പ്രതിഷേധിച്ചില്ല.

കാവല്‍മാടത്തിലെ കര്‍ഷകന്‍
കുറുനരികള്‍ക്കുമേല്‍ വീശിയെറിഞ്ഞ
കല്ലിന്‍റെ ഈണത്തില്‍
‍ഒരു പാട്ടും നീ മിനുക്കിയെടുത്തില്ല.

പിടയുന്നവിരലില്‍ ഡമരു മുഴക്കി
ഉത്തുംഗ ശിരസ്കനായി
ധിക്കാരത്തിന്‍റെ നിണച്ചുവടുവച്ചില്ല.

പാട്ടും കവിതയും പ്രസ്താവനകളും
സഹതപിക്കുന്ന കണ്ണീരും
ഒന്നുമൊന്നും പകരംവക്കാനാകാത്ത
മേഘഗര്‍ജ്ജനത്തിന്‍റെ ഇടച്ചുവരില്‍
‍നീ നിന്‍റെ ഭാഷയെ പിടിച്ചെടുത്തു.
നീ നിന്‍റെ അന്ത്യകവിത രചിച്ചെടുത്തു.

മനുഷ്യരക്തം കുടിച്ചാര്‍ത്തുനടന്ന
കുറുനരികളെ നീ നാണിപ്പിച്ചത്‌

പ്രിയ വിലാസ്‌
വെള്ളയടിച്ച ചുവരില്‍
കറുത്ത രക്തം കൊണ്ടെഴുതിയ
നിന്‍റെ പ്രതിഷേധം-

പോരാ.. ,
ഒന്നുമൊന്നും
നിഷ്കാപട്യം തെരുവില്‍ ഓടിനടന്ന
ചുടുരക്തത്തിനു പകരമാവില്ലെന്ന
തിരിച്ചറിവ്‌

ജീവനും ജീവിതവുമല്ല
സ്വപ്നങ്ങളും ഇതാ എന്നാക്രോശിച്ചുകൊണ്ട്‌
പാട്ടുപാടുന്ന കണ്ഠത്തെ ഞെരുക്കിയാലും
കാടത്തത്തെ സഹിക്കയില്ലെന്നു
ശഠിച്ചുകൊണ്ട്‌

സായുധപാണിയായി
സാരംഗ പാണിയായി
വിലാസ്‌,
ജീവരക്തമൊന്നാകെ
മുഷ്ടിയില്‍ ചുരുട്ടിയെടുത്തുകൊണ്ട്‌
സ്വേച്ഛാധികാരത്തിന്‍റെ
ആകാശവിതാനത്തില്‍
പ്രകമ്പനം കൊള്ളിച്ച ഒരൂക്കനിടികൊണ്ട്‌
അലറിവിളിക്കുന്നു-

നിറുത്തിനെടാ...

Comments

 1. പോലീസ്‌ ഭീകരത ഘാട്കൂപ്പറിലെ അസ്വസ്ഥരായ ദളിതരെ കൂട്ടക്കൊല ചെയ്തതില്‍ പ്രതിഷേധിച്ച്‌ ആത്മഹത്യ ചെയ്ത വിപ്ളവകവി വിലാസ്‌ ഘോഗറെയുടെ അനശ്വര സ്മരണയില്‍ ഈ കവിത സമര്‍പ്പിക്കുന്നു.

  ReplyDelete
 2. വിലാസ് ഘോഗറെക്കും, ഉചിതമായ ഈ സ്മരണാഞ്ജലിക്കും വിപ്ലവാഭിവാദ്യങ്ങളോടെ

  ReplyDelete
 3. ഭാനു സഖാവേ, ഈ കവിത വായിച്ചു കഴിഞ്ഞപ്പോള്‍ കൈയ്യൊക്കെ ചുരുട്ടിപ്പിടിച്ചു ആവേശപൂര്‍വ്വം മുദ്രാവാക്യം വിളിക്കാന്‍ കൊതിതോന്നി. വിലാസ് ഘോഗറേയ്ക്ക് ഇങ്ങിനെയൊരു സ്മരണാഞ്ജലി അര്‍‌പ്പിക്കാന്‍ തോന്നിയത് നന്നായി.

  ദേവി- :)

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?