Posts

Showing posts from April, 2010

ജീവിത മധുരം

അടിത്തട്ടില്‍ ദ്വാരങ്ങളുള്ള
എന്‍റെ തോണി
വിജയ തീരം തേടി
നിതാന്ത യാത്റയിലാണ്‌
ദുരന്തപൂറ്‍ണമായ ജീവിതാന്ത്യം
ആസന്നമായിരുന്നിട്ടും
അതിന്‍റെ ഊര്‍ജ്ജസ്വലത
മികച്ചതു തന്നെ
കടല്‍ചില്ലയില്‍ കുടുങ്ങി
സ്വയം മുങ്ങിത്താഴുന്ന
ആ നിമിഷവും
തോണിക്കാരാ
നിന്‍റെ ശിരസ്സ്‌
ഉയര്‍ത്തിവക്കുക
അവസാനശ്വാസത്തിന്‍റെ
മധുരംവരെ നുണച്ചിറക്കുക

ഇരക്കുന്ന ദൈവം

ധാനയില്‍ തടാകക്കരയില്‍
ഉഷ്ണക്കാറ്റെറ്റൊരു സന്ധ്യയില്‍
പ്രത്യക്ഷരായി
ശ്രീപാര്‍വ്വതീ പരമേശ്വരന്‍
വിഘ്നേശ്വരനും മുരുകനുമൊത്ത്‌
നാലു പേക്കോലങ്ങളായി
നീട്ടിയവര്‍ കൈക്കുമ്പിള്‍
വേണം അല്‍പഭക്ഷണം
പ്റാണന്‍ പറന്നു പോകും മുമ്പേ...
ഈശ്വരനുമീശ്വരിയും
അല്‍പപ്രാണനായിരക്കവേ
ഞാനെന്തു ഭിക്ഷയേകും ഈശ്വരാ.. ?

മരിച്ചവന്‍റെ വീട്‌

നരികയറിയ മടപോലെ
ചിതറിപ്പോയിരിക്കുന്നു
എന്‍റെ വീട്‌

അകം പുറം തിരിച്ചിട്ട കുപ്പായം പോലെ
പൂമുഖം അകത്തും ശയനമുറി പുറത്തുമായി...
പലമുറികളില്‍ പലഭാഷകളില്‍
ശിലായുഗവാസികളേപ്പോല്‍
പിറുപിറുത്ത്‌, ഒച്ചവച്ച്‌
അടുത്തിരുന്നിട്ടും
അകലങ്ങളില്‍ പോലുമറിയാത്തവര്‍
മുഖങ്ങളില്ലാത്ത നിഴലുകള്‍
ആണിയടിച്ച ചുവരില്‍
നിര്‍വ്വികാരം തൂങ്ങിനില്‍പ്പവര്‍

ഒന്നാമത്തെ ആണിയില്‍
അമ്മ
മഴവില്ലുപോല്‍ വളഞ്ഞ്‌
കരിക്കട്ടപോലെ കറുത്ത്‌
ചാരംപോലെ പുകഞ്ഞ്‌

രണ്ടാമത്തെ ആണിയില്‍
അച്ഛന്‍
പുരാതനശിലാപ്റതിഷ്ഠപോലെ
പേടിപ്പെടുത്തുന്ന കെട്ടുകഥ കണക്കെ
മുഴങ്ങുന്ന ഒരുശബ്ദം മാത്റമായി
കുടത്തിനകത്തെ ഭൂതമായി...

ദ്രവിച്ച ആണിയില്‍
അനുജത്തി
ചില്ലകള്‍ ഒടിഞ്ഞ അശോകം
ഉടഞ്ഞുപോയ കുപ്പിവളകള്‍
കൈവിട്ട സ്വര്‍ണ്ണമത്സ്യം

ഇളകിയ ആണിയില്‍
അനുജന്‍
ഒച്ചിനെപ്പോല്‍ ഇഴഞ്ഞ്‌
ഉല്‍ത്സവ മേളങ്ങള്‍ക്കു കാതുകൊടുത്ത്‌
ഭാഗ്യതാരം തേടി കണ്‍കഴച്ച്‌

മരണപ്പെട്ട എന്‍റെ മുഖം മാത്റം
അഴകാര്‍ന്ന ഫ്രെയിമില്‍
അതിന്നടിയില്‍
ഈയ്യലുകളുടെ മാംസം നുണഞ്ഞ
പല്ലികളുടെ പ്രവചനം

പ്രവാചകാ
എവിടെയാണ്‌
എനിക്കെന്നെ നഷ്ടപ്പെട്ടത്‌?

ദൈവവും കുട്ടികളും

മണ്ണിന്നടിയില്‍ ഉറങ്ങുന്ന
ഉണ്ണികള്‍ക്കെന്തിനാണുടുപ്പ്‌,
പ്രാര്‍ത്ഥന, ബലിയരി, പൂച്ചെണ്ടുകള്‍

മണ്ണുടുപ്പും ധരിച്ച്‌
മണ്ണുതിന്ന വെണ്ണക്കള്ളന്‍മാരായി
അവര്‍ കളിച്ചു നടക്കുന്ന തൊടികളേത്‌

അവരുടെ പാട്ടുകളില്‍
കുയിലിന്‍റെ മാധുര്യമുണ്ടാകുമോ
മണ്ണുചാലിച്ച നിറങ്ങളാല്‍
ക്ളിണ്റ്റിനെപ്പോലെ വരക്കുമോ

കുഴിയാനകള്‍ക്കൊപ്പം
കുഴികുത്തി കളിക്കുന്നുണ്ടാവുമോ
ചാഞ്ചാട്ടിയാട്ടിയുറക്കാന്‍
അമ്പിളി മാമനുണ്ടോ
പുതക്കാന്‍ നക്ഷത്റം
തുന്നിയ ആകാശപ്പുതപ്പുണ്ടോ

മണ്ണിന്നടിയില്‍
നക്ഷത്റവഴിത്താരയുണ്ടോ
മിന്നാമിന്നികളുടെ
വഴിവിളക്കുകളുണ്ടോ
അതില്‍ കുളിര്‍തെന്നലും
കുളിരരുവിയും മുയല്‍ക്കുഞ്ഞുങ്ങളുമുണ്ടോ
കലമാനും കളിത്തത്തയുമുണ്ടോ

എന്തായിരുന്നാലും ദൈവമേ
നീ അവരോടൊപ്പം കളിക്കാന്‍ കൂടല്ലേ
കളിക്കിടയില്‍
നിന്‍റെ കണ്ണുതുരന്നു കളിക്കുമവര്‍
കാരണം
അവര്‍ നിന്നെ അത്റയും വെറുക്കുന്നു.

നിലാവുകുടിച്ച സ്നേഹിതക്ക്‌

പ്രിയ സ്നേഹിതേ,
ഇരുട്ടിന്‍റെ നഗരത്തില്‍
തപ്പിതടഞ്ഞ എനിക്കായി
നീട്ടിയ കരം നിന്‍റെതായിരുന്നു
മഞ്ഞവെളിച്ചത്തിന്‍
മഹാമാരിയില്‍
നീ എന്നെ കൈവിടുന്നുവോ

ദൈവമേ
കാഴ്ച നഷ്ടപ്പെട്ടവന്‍റെ
നിറങ്ങളില്ലാത്ത നിലവിളി
നീ കേള്‍ക്കുന്നില്ലേ

എനിക്കായ്‌ ഒരിടിമിന്നല്‍
നിന്‍റെ ദേശത്തുനിന്നും
എറിഞ്ഞുതരുമോ?
അല്ലെങ്കില്‍ എന്‍റെ മുഖത്ത്‌
അടയാത്തൊരു അകക്കണ്ണായി
നീവഴിതെളിയിക്കുമോ?

വെച്ച വെള്ളരിച്ചോറില്‍
കരിക്കട്ട നിറഞ്ഞ്‌
കരിക്കലത്തിലിരിക്കേ
വിശപ്പുവെന്ത വയറിന്‍
അര്‍ബുദം നീ ഊതിയെടുക്കുമോ

പ്രിയേ
ഇരുട്ടില്‍ നീ ഒന്നു ചുണ്ടനക്കുക
എങ്കില്‍ പൂക്കള്‍ വിരിഞ്ഞതായി
ഞാന്‍ സ്വപ്നം കാണാം.

നിന്‍റെ മിഴിപ്പീലികളാല്‍
വീശിത്തരുമോ
എങ്കില്‍ കടല്‍ക്കാറ്റേറ്റെന്ന്
ആവേശം കൊള്ളാം.

നിന്‍റെ നിശ്വാസം കൊണ്ട്‌
എന്‍റെ ശ്വാസം നിറക്കുമോ
എന്‍റെ ജീവന്‍റെ പിടച്ചില്‍
വേഗമാകട്ടെ.

മഴമോഹിക്കുന്ന എന്‍റെ തൊണ്ടയില്‍
ഒരു തുള്ളി കണ്ണീരെങ്കിലും ഒറ്റുമോ?
പെരുമഴയായി കുടിച്ചു തീര്‍ക്കട്ടെ.

പ്രിയേ
എന്നേയും നിന്നേയും വിസ്മൃതമാക്കുന്ന
ഒരു വിശുദ്ധ നിമിഷത്തില്‍
എന്‍റെ ചിതകത്തിയെരിയട്ടെ
അതില്‍ നിലാവൊഴിച്ചു
ദീപ്തമാക്കിയാല്‍...

പരാജിതര്‍ക്ക്‌ ഒരു സ്തൂപം

വിതുമ്പാതെ
മിഴികള്‍ തൂവാതെ
ഉത്തുംഗ ശിരസ്കരായി
മന്ദസ്മിതം പൊഴിച്ചുവേണം
പരാജിതരുടെ സ്തൂപം പണിയാന്‍.

അവര്‍ വ്രണിത ഹൃദയര്‍,
അപമാനിതര്‍, തിരസ്കൃതര്‍
മലകള്‍ തുരന്നു പോകവേ
പാറകള്‍ക്കിടയില്‍ മറഞ്ഞുപോയവര്‍.
ഭൂമി കുഴിച്ചു പോകവേ
ആഴങ്ങളില്‍ വഴുതിയവര്‍.
തിരകള്‍ മുറിച്ചു നീന്തവേ
സ്വയം കാണാതായവര്‍.

ഇടനെഞ്ചില്‍ ഉപ്പുപാടങ്ങള്‍ക്കു
കടല്‍വെള്ളം കോരിയവര്‍
മണ്ണിളക്കത്തില്‍ കലപ്പക്കൊപ്പം
മുനയറ്റവര്‍
കുഴമണ്ണുകൊണ്ട്‌
ഗോപുരങ്ങള്‍ കുഴച്ചെടുത്തവര്‍
കിനാവുകളുണ്ട്‌
കുടല്‍ മാലകള്‍ ദ്രവിച്ചവര്‍

പരാജിതരുടെ സ്തൂപം
വളയാത്ത നട്ടെല്ലായി നില്‍ക്കണം.
വിജയി ചുരുട്ടിപിടിച്ചത്‌
പരാജിതന്‍റെ വിരലുകള്‍.
അവന്‍റെ പാദങ്ങളില്‍
പരാജിതന്‍റെ ദേശങ്ങള്‍
നീ തുരന്ന പ്രാണനിലൂടെ
അവന്‍ അനായാസം കയറിവന്നു.
നിന്‍റെ നെറുകയില്‍
‍അവന്‍ ഗര്‍വ്വോടെ കൊടികള്‍ നാട്ടി.

അതുകൊണ്ട്‌ പരാജിതരുടെ സ്തൂപം
അനിര്‍വ്വചനീയമാകണം
പരിതാപത്തിന്‍റെ കണ്ണീരാലല്ല
പരിശ്രമിയുടെ ഉപ്പുചേര്‍ത്ത്‌
തീക്ഷ്ണമായ കാമത്താല്‍
അഷ്ടമുഖമാര്‍ന്ന ശില്‍പത്താല്‍

ആകാശ ദൃഷ്ടിയില്‍
ഭൂമി തുളച്ചുപോകും പോലെ
ഭൂവിതാനക്കാഴ്ച്ചയില്‍
ആകാശം മറികടക്കും പോലെ
മുള്‍മുനകള്‍ ചേര…

പ്രണയനുണ

രണ്ടുപേര്‍ പരസ്പരം സ്നേഹിക്കുമ്പോള്‍
ഒന്നു രണ്ടായ്‌ ഇരട്ടിച്ച
ഒരു നുണ നാമ്പെടുക്കുന്നു.

നീ അവളോട്‌
അവന്‍ നിന്നോട്‌
എത്റ നുണപറഞ്ഞു
അതത്റേ പ്റണയത്തിന്‍റെ നേര്‌.

സ്നേഹസമ്പന്നന്‍
എന്നതിന്‌ നുണസമ്പന്നന്‍
എന്ന് നിഖണ്ടുവില്‍ കണ്ടെത്താനായാല്‍
നിന്‍റെ ജീവിതം ഫുല്ലമായി.

സ്നേഹിക്കാന്‍ അറിയുക
എന്നാല്‍ ഫലപ്രദമായി
നുണപറയാന്‍ പഠിക്കലാണ്‌.

രണ്ടു ഹൃദയങ്ങള്‍ ഒന്നാകുമ്പോള്‍
ലോകം കീഴ്മേല്‍ മറിയുന്നു
എന്നു പറഞ്ഞതെത്റ നേരാണ്‌.
അവന്‍ പറയുന്ന കാലം
അവള്‍ക്കും
അവള്‍ പറയുന്ന കോലം അവനും.
മിഴികളടച്ച്‌
ഒരുനുണ അത്റയും മനോഹരമായി പറഞ്ഞ്‌
അവന്‍ അവളെ ചുംബിക്കുന്നു.
ഞാന്‍ നിന്‍റെതു മാത്റമാണ്‌ എന്ന നുണ.

ഓര്‍ത്തുനോക്കൂ
നിങ്ങളും നിങ്ങളുടെ ഇണയോട്‌
എത്റ നുണകള്‍ പറഞ്ഞു,
എത്റ ശരികള്‍ പറഞ്ഞു?

കളവു നിറഞ്ഞ ഈ ജീവിതം
ആരെ ബോദ്ധ്യപ്പെടുത്താന്‍?