പരാജിതര്‍ക്ക്‌ ഒരു സ്തൂപം

വിതുമ്പാതെ
മിഴികള്‍ തൂവാതെ
ഉത്തുംഗ ശിരസ്കരായി
മന്ദസ്മിതം പൊഴിച്ചുവേണം
പരാജിതരുടെ സ്തൂപം പണിയാന്‍.

അവര്‍ വ്രണിത ഹൃദയര്‍,
അപമാനിതര്‍, തിരസ്കൃതര്‍
മലകള്‍ തുരന്നു പോകവേ
പാറകള്‍ക്കിടയില്‍ മറഞ്ഞുപോയവര്‍.
ഭൂമി കുഴിച്ചു പോകവേ
ആഴങ്ങളില്‍ വഴുതിയവര്‍.
തിരകള്‍ മുറിച്ചു നീന്തവേ
സ്വയം കാണാതായവര്‍.

ഇടനെഞ്ചില്‍ ഉപ്പുപാടങ്ങള്‍ക്കു
കടല്‍വെള്ളം കോരിയവര്‍
മണ്ണിളക്കത്തില്‍ കലപ്പക്കൊപ്പം
മുനയറ്റവര്‍
കുഴമണ്ണുകൊണ്ട്‌
ഗോപുരങ്ങള്‍ കുഴച്ചെടുത്തവര്‍
കിനാവുകളുണ്ട്‌
കുടല്‍ മാലകള്‍ ദ്രവിച്ചവര്‍

പരാജിതരുടെ സ്തൂപം
വളയാത്ത നട്ടെല്ലായി നില്‍ക്കണം.
വിജയി ചുരുട്ടിപിടിച്ചത്‌
പരാജിതന്‍റെ വിരലുകള്‍.
അവന്‍റെ പാദങ്ങളില്‍
പരാജിതന്‍റെ ദേശങ്ങള്‍
നീ തുരന്ന പ്രാണനിലൂടെ
അവന്‍ അനായാസം കയറിവന്നു.
നിന്‍റെ നെറുകയില്‍
‍അവന്‍ ഗര്‍വ്വോടെ കൊടികള്‍ നാട്ടി.

അതുകൊണ്ട്‌ പരാജിതരുടെ സ്തൂപം
അനിര്‍വ്വചനീയമാകണം
പരിതാപത്തിന്‍റെ കണ്ണീരാലല്ല
പരിശ്രമിയുടെ ഉപ്പുചേര്‍ത്ത്‌
തീക്ഷ്ണമായ കാമത്താല്‍
അഷ്ടമുഖമാര്‍ന്ന ശില്‍പത്താല്‍

ആകാശ ദൃഷ്ടിയില്‍
ഭൂമി തുളച്ചുപോകും പോലെ
ഭൂവിതാനക്കാഴ്ച്ചയില്‍
ആകാശം മറികടക്കും പോലെ
മുള്‍മുനകള്‍ ചേര്‍ത്തുവച്ച
ചെങ്കുത്തായ പര്‍വ്വതം പോലെ
മുറിവാര്‍ന്ന മനസ്സുകള്‍ മുഴക്കും
പെരുമ്പറപോലെ
പരാജിതരുടെ സ്തൂപം
ഉയര്‍ന്നു നില്‍ക്കണം

Comments

 1. വിതുമ്പാതെ
  മിഴികള്‍ തൂവാതെ
  ഉത്തുംഗ ശിരസ്കരായി
  മന്ദസ്മിതം പൊഴിച്ചുവേണം
  പരാജിതരുടെ സ്തൂപം പണിയാന്‍.

  ReplyDelete
 2. "പരാജിതർ" പരാജിതരല്ലാ.
  വിജയികൾ വിജയികളല്ല,
  വിജയം ആഘോഷിക്കുന്നവർ മാത്രം
  അതിനാൽ
  വിതുമ്പാതെ
  മിഴികള്‍ തൂവാതെ
  ഉത്തുംഗ ശിരസ്കരായി
  മന്ദസ്മിതം പൊഴിച്ചുവേണം
  പരാജിതരുടെ സ്തൂപം പണിയാന്‍.

  ReplyDelete
 3. അജ്ഞാതന്റെ ഉയരാത്ത സ്മാരകത്തിന് കൊടുത്ത ഡിസൈന്‍ കൊള്ളാം. പക്ഷെ കുത്തബ് മിനാര്‍ പോലെ ഈപ്ഫല്‍ പോലെ കുറേയേറെ നീണ്ട്ടുപോയി. ബാബേല്‍ പോലെയാണല്ലൊ ഓരോ തിരസ്ക്രൃതന്റെയും സ്മാരകം.

  ReplyDelete
 4. ഇതിലേ വന്നതിനു കലാവല്ലഭനു നന്ദി.

  സുരേഷ്‌ മാഷിണ്റ്റെ സങ്കല്‍പവും ശരിതന്നെ. സ്വര്‍ഗ്ഗത്തെ സ്പര്‍ശിക്കുന്ന ബാബേല്‍ഗോപുരം.

  ReplyDelete
 5. വിജയപരാജയങ്ങള്‍ സ്തൂപ തുല്യം.

  അവസാനകണക്കില് ആഴവും ഉയരവും
  തിരിച്ചറിയാത്തവ ‍

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?