മരിച്ചവന്‍റെ വീട്‌

നരികയറിയ മടപോലെ
ചിതറിപ്പോയിരിക്കുന്നു
എന്‍റെ വീട്‌

അകം പുറം തിരിച്ചിട്ട കുപ്പായം പോലെ
പൂമുഖം അകത്തും ശയനമുറി പുറത്തുമായി...
പലമുറികളില്‍ പലഭാഷകളില്‍
ശിലായുഗവാസികളേപ്പോല്‍
പിറുപിറുത്ത്‌, ഒച്ചവച്ച്‌
അടുത്തിരുന്നിട്ടും
അകലങ്ങളില്‍ പോലുമറിയാത്തവര്‍
മുഖങ്ങളില്ലാത്ത നിഴലുകള്‍
ആണിയടിച്ച ചുവരില്‍
നിര്‍വ്വികാരം തൂങ്ങിനില്‍പ്പവര്‍

ഒന്നാമത്തെ ആണിയില്‍
അമ്മ
മഴവില്ലുപോല്‍ വളഞ്ഞ്‌
കരിക്കട്ടപോലെ കറുത്ത്‌
ചാരംപോലെ പുകഞ്ഞ്‌

രണ്ടാമത്തെ ആണിയില്‍
അച്ഛന്‍
പുരാതനശിലാപ്റതിഷ്ഠപോലെ
പേടിപ്പെടുത്തുന്ന കെട്ടുകഥ കണക്കെ
മുഴങ്ങുന്ന ഒരുശബ്ദം മാത്റമായി
കുടത്തിനകത്തെ ഭൂതമായി...

ദ്രവിച്ച ആണിയില്‍
അനുജത്തി
ചില്ലകള്‍ ഒടിഞ്ഞ അശോകം
ഉടഞ്ഞുപോയ കുപ്പിവളകള്‍
കൈവിട്ട സ്വര്‍ണ്ണമത്സ്യം

ഇളകിയ ആണിയില്‍
അനുജന്‍
ഒച്ചിനെപ്പോല്‍ ഇഴഞ്ഞ്‌
ഉല്‍ത്സവ മേളങ്ങള്‍ക്കു കാതുകൊടുത്ത്‌
ഭാഗ്യതാരം തേടി കണ്‍കഴച്ച്‌

മരണപ്പെട്ട എന്‍റെ മുഖം മാത്റം
അഴകാര്‍ന്ന ഫ്രെയിമില്‍
അതിന്നടിയില്‍
ഈയ്യലുകളുടെ മാംസം നുണഞ്ഞ
പല്ലികളുടെ പ്രവചനം

പ്രവാചകാ
എവിടെയാണ്‌
എനിക്കെന്നെ നഷ്ടപ്പെട്ടത്‌?

Comments

 1. എന്‍റെ വീട്‌ ചിതറിപ്പോയിരിക്കുന്നു

  ReplyDelete
 2. ചിതറിപ്പോയ വീടിന്റെ ചിത്രം ചെറിയ വരികളില്‍ നന്നായി വരച്ചു.

  നെരുകളെ
  തിരിച്ചറിയാന്‍
  നേരെ
  പോരുതാത്തിടത്ത്
  നിനക്ക്‌ നിന്നെ
  നഷ്ടപ്പെടുന്നു.

  ReplyDelete
 3. ഭാനു, ഇതിനു മുന്‍പ് ഇവിടെ വന്ന് "ദൈവവും കുട്ടികളും" എന്ന കവിത വായിച്ചിരുന്നു. അന്ന് അഭിപ്രായം എഴുതാന്‍ സമയം കിട്ടിയില്ല.

  ഈ കവിത വായിച്ചു. നന്നായിട്ടുണ്ട്. മരണത്തെക്കുറിച്ച് വായിക്കുമ്പോഴും, ഓര്‍ക്കുമ്പോഴും എന്തോ ഒരു അസ്വസ്ഥത! പേടിതന്നെ.. അല്ലാതെന്താ? :)

  ReplyDelete
 4. ''മരിച്ചവന്റെ വീട്'- എന്ന താങ്കളുടെ കവിത വായിച്ചു.ഒരു മരണവീടിന്റെ അവസ്ഥ നന്നായി ചിത്രീകരിച്ചിരിക്കുന്നു....അതില്‍ നൊമ്പരങ്ങള്‍ ഇഴചേരുന്ന കാഴ്ച വായനക്കാരനെ അസ്വസ്ഥനാക്കുന്നു....അവിടെ കവി വിജയിച്ചെന്നു നിസംശയം പറയാന്‍ കഴിയും .
  :(

  ReplyDelete
 5. ഈയ്യലുകളുടെ മാംസം നുണഞ്ഞ
  പല്ലികളുടെ പ്രവചനം...നല്ല പ്രയോഗം...ഇഷ്ടമായി...സസ്നേഹം

  ReplyDelete
 6. ഇത്ര വിശദീകരിക്കണൊ ഭാനു.?

  എന്നേ മരിച്ചവന്‍ ഞാന്‍. എന്റെ ശവഘോഷയാത്രയാണെന്റെ ജീവിതം
  എന്നാണീ കവിതയുടെ സാരം.

  ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നു എഴുത്തഛന്‍ പറഞ്ഞല്ലൊ.

  ആരാണ് ഇക്കാലത്ത് പാതി ചത്തവരല്ലാതെ ജീവിക്കുന്നത്. ഗംഭീരമായ നാട്യങ്ങളല്ലെ.
  ഭയപ്പെട്ടവരല്ലെ നമ്മളെല്ലാം.
  ഭീരു തന്നെ ഞാന്‍ നോക്കൂ എന്‍ തല
  നാരുനാരായ് നരച്ചിരിക്കുന്നു. എന്നു വൈലോപ്പിള്ളി.

  ഓരോന്നിനും വിശദമായ നിര്‍വചനം കൊടുത്തപ്പോള്‍ ഒരു അയവ്.
  ഏറ്റവും ചൂടുള്ള ഹൃദയം?
  എന്റെ അമ്മ
  ഏറ്റവും കടിനമായ പദപ്രശ്നം?
  എന്റെ അഛന്‍
  ഏറ്റം ഉപ്പുള്ള സമുദ്രം?
  എന്റെ ഭാര്യ
  ഏറ്റവും നിശബ്ദമായ കരച്ചില്‍?
  എന്റെ അനിയത്തി
  ഏറ്റവും അനാഥമായ ജഡം?
  എന്റെ അനുജന്‍
  ഏറ്റവും വികൃതമായ മുഖം?
  എന്റേത്.
  ................
  എന്റെ കുലത്തില്‍
  അവസാനത്തെ ജന്മദിനം
  എന്റേതായിരീക്കട്ടെ.
  (ജന്മദിനം- ചുള്ളിക്കാട്)
  ചുരുക്കി പറയുന്നതിന്റെ ഒരു ഉദാഹരണം എന്ന നിലയില്‍ ഉദ്ധരിച്ചതാ‍.

  കുറച്ചൂകൂടി ആന്തരികതയെ ധ്യനിച്ചു കവിത ഉജ്ജ്വലമാക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 7. മരണം തികച്ചും ഭയാനകം...
  നന്നായി എഴുതി ..

  ReplyDelete
 8. ജീവിക്കിരിക്കലിന്റെ അടയാളങ്ങളെ
  പരിചയപ്പെടുത്താന്‍ ശ്രീ. ഭാനുവിന്റെ
  വരികള്‍ക്കാവുന്നുണ്ട്.

  സുരേഷ് പറഞ്ഞ പോലെ
  ചില ബിംബകല്‍പ്പനകള്‍ അധികരണത്തിന്റെ
  സ്വഭാവം കൈക്കൊള്ളുന്നുണ്ടോ എന്നു സംശയിക്കുന്നു
  വരികളും അവയ്ക്ക് വഴിവച്ച ചിന്തകളും നല്ലതു തന്നെ

  ReplyDelete
 9. മുന്‍പേ ആലോചിച്ചുറച്ച വരികളിലല്ല എണ്റ്റെ കവിത വികസിക്കുന്നത്‌. ഒരാശയം അല്ലെങ്കില്‍ അനുഭവം ഉണ്ടാകും. അതെഴുതുമ്പോള്‍ വരികളും ബിംബങ്ങളും ഞാന്‍ തന്നെ അറിയാതെ ഉയിര്‍കൊള്ളുകയാണ്‌. ഒരു എഡിറ്റിംഗ്‌ നടക്കുന്നില്ല. അതിണ്റ്റെ കുറവ്‌ തീര്‍ച്ചയായും ഉണ്ടാവും.

  ചൂണ്ടികാണിച്ചതിന്‌ സുരേഷ്‌ മാഷ്‌ക്കും രാജേഷിനും ഏറെ നന്ദിയുണ്ട്‌.

  ഇവിടെ വരികയും അഭിപ്രായം കുറിക്കുകയും ചെയ്തതിന്‌
  പട്ടേപ്പാടം റാംജിക്കും, വയാടിക്കും, സോണാജിക്കും, യാത്രികനും, ജുനൈതിനും, ലക്ഷ്മിക്കും
  വളരെയേറെ നന്ദി.

  വീണ്ടും വരുമല്ലോ.

  ReplyDelete
 10. നല്ല വരികള്‍..
  കവിതയുണ്ട്..


  ഒന്നൂടെ
  ആറ്റിക്കുറുക്കാമായിരുന്നു..

  ഭാവുകങ്ങള്‍..

  ReplyDelete
 11. പ്രവാചകാ
  എവിടെയാണ്‌
  എനിക്കെന്നെ നഷ്ടപ്പെട്ടത്‌?
  ഒരു പ്രവചനം വേണം ശരിയ അന്വഷണം

  ReplyDelete
 12. മരണം എന്നും നമുക്ക് ഉള്ളിൽ ഭീതിയോടെ മാത്രം കാണാൻ കഴിയുന്ന വികാരം.. വളരെ നന്നായെഴുതി.. ആശംസകൾ

  ReplyDelete
 13. ഭാനു,മരണത്തിന്റെ ഭീകരതകൾ ഭയാനകമായി തന്നെ കുറിച്ചിട്ടിരിക്കുന്നവരികൾ നന്നായിരിക്കുന്നു ...കേട്ടൊ

  ReplyDelete
 14. sakthivillwamangalamApril 25, 2010 at 9:03 PM

  abhipraayam ezuthaan pediyaakunnu..
  ninde chindakalil thanne nee ninne nashtapeduthunnu...ninde uttavare nie neettunnu.. kavitha chindippikkanam, pakshe pedippikkaruthu...athinaal kavithayil kurachu lasya narma bhavangal cherkkuka...
  nalla bhavi nerunnu..ezuthuka kooduthal oojassode..

  ReplyDelete
 15. gr8 !!!! good one :)

  kurachu valichizhacha pole:(
  sarikkum manasil thatti

  ReplyDelete
 16. സഖാവേ,
  അമ്മ, അച്ഛന്‍, അനുജത്തി, അനിയന്‍......മനസ്സില്‍്‌ ബിംബങ്ങള്‍ കൊണ്ട്‌ ചിത്രങ്ങള്‍ തൂക്കിയിടുമ്പോള്‍ ഒരു ചൂള്ളിക്കാട്‌ ടച്ച്‌... യാത്രമൊഴിയിലെ അനുജത്തിയെയും താതവാക്യത്തിലെ അച്ഛനെയും കാണാന്‍ കഴിയുന്നുണ്ടെങ്കിലും ഇതൊന്നും എനിക്കും നിനക്കുമെല്ലാം ജീവിതത്തില്‍ നീറ്റിയ അനുഭവങ്ങള്‍ തന്നെയാണ്‌...
  കവിത മനസ്സിനെ അസ്വസ്ഥമാക്കുന്നുവെന്നത്‌ നേര്‌ തന്നെ...പ്രത്യേകിച്ച്‌ അനുജത്തിയെ കുറിച്ചുള്ള വരികള്‍ ഗംഭീരമായിരിക്കുന്നു....

  ദ്രവിച്ച ആണിയില്‍
  അനുജത്തി
  ചില്ലകള്‍ ഒടിഞ്ഞ അശോകം
  ഉടഞ്ഞുപോയ കുപ്പിവളകള്‍
  കൈവിട്ട സ്വര്‍ണ്ണമത്സ്യം

  കവിതയുടെ പ്രകാശത്തിലേക്ക്‌ എഴുത്തിന്റെ ഭൂതക്കണ്ണാടി കുറച്ചു കൂടി കൃത്യമായി പിടിച്ചാല്‍ ഈ വികാരമെല്ലാം കേന്ദ്രീകരിച്ച്‌...വളരെ കുറച്ചു വരികളിലൂടെ ഞങ്ങളുടെ ഹൃദയങ്ങളെ തീ പിടിപ്പിക്കാന്‍ സഖാവിന്‌ കഴിയും...

  ജയരാജന്‍

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?