Posts

Showing posts from May, 2010

... അതുകൊണ്ട്‌ നീ വാചാലമാകൂ

മരുഭൂമിയില്‍
മണല്‍ മെത്തയിലിരിക്കുമ്പോള്‍
‍സമുദ്രം മണക്കുന്നു.
ചിപ്പികള്‍
നക്ഷത്രമത്സ്യങ്ങള്‍
കടല്‍ക്കുതിരകള്‍
മണല്‍ത്തിരകളില്‍ നൃത്തം വക്കുന്നു,
കാട്ടു നായ്ക്കളെപ്പോല്‍ സ്രാവുകള്‍
തിമിംഗലങ്ങളുടെ കൂറ്റന്‍ സവാരികള്‍
മത്സ്യകണ്ണുകളുടെ ചന്ദ്രിക,
മണല്‍ക്കൂനകള്‍ തിരകള്‍ ഘനീഭവിച്ചതുപോലെ,
പോക്കുവെയില്‍ സൂര്യന്‍
പൊന്നുരുക്കി ഒഴിച്ചതുപോലെ
മരുഭൂമി മഞ്ഞയില്‍ പണിത ലോഹത്തകിട്‌,
മരുഭൂമി കാറ്റും മണലും കെട്ടിമറിഞ്ഞ കിടപ്പറ,
ഒളിച്ചോടിയവരുടെ കാല്‍പാടുകള്‍,
ദേശാടനങ്ങളുടെ കിതപ്പ്‌,
നെടുവീര്‍പ്പുകള്‍, ഭീതി,
മൌനം പോലെ
മരണം വീശിയടിക്കുന്ന ഇടവേളകള്‍.
നിശ്ചലമായ നിശബ്ദതകൊണ്ട്‌ മരുഭൂമി സൃഷ്ടിച്ചിരിക്കുന്നു.
അനുസരിക്കൂ അനുസരിക്കൂ
എന്ന പ്രകൃതിയുടെ താക്കീതുപോലെ
ഇതാ നീ മൂകയായ ഈ മുറിക്കുള്ളില്‍
നമുക്കിടയില്‍
തെരുവില്‍ വായ്മൂടിയ ജനതക്കിടയില്‍
കുമ്പിട്ടുനടക്കുന്ന ഗ്രാമീണര്‍ക്കിടയില്‍
സ്വയം മറന്നുപോയ നാഗരികര്‍ക്കിടയില്‍
മരുഭൂമി വളര്‍ന്നു വരുന്നു.
സമുദ്രം തിരകള്‍ താഴ്ത്തിമുഖം കുനിച്ച്‌ പിന്‍മടങ്ങുന്നു.

അതുകൊണ്ട്‌ നീ വാചാലമാകൂ
നിന്‍റെ ചുണ്ടിളക്കത്തില്‍
കൂറ്റന്‍ സിംഹാസനങ്ങള്‍ ഇടിഞ്ഞു വീഴും
ഒരു ചു…

ഞാന്‍ ഇറാഖ്‌. അഥവാ സ്വാതന്ത്ര്യം.

മറവിയുടെ കുടീരം തുറന്ന്
നിന്‍റെ സ്വാസ്ഥ്യത്തിന്‍റെ സായാഹ്നത്തിലേക്ക്‌
ഞാനുണര്‍ന്നു വരുന്നു.
ഒരു വേള നിന്‍റെ വാര്‍ത്തകളില്‍
‍ഞാന്‍ മാത്റമായിരുന്നു.
എന്‍റെ വേദന നിങ്ങള്‍ ആഘോഷിച്ചു.
എന്നെ കീഴ്പ്പെടുത്തുന്നതിന്‍റെ ലഹരി
എങ്ങും പതഞ്ഞു പൊങ്ങി.
യൂഫ്റട്ടീസിലും ടൈഗ്രീസിലും
പ്രാണന്‍ മണക്കുന്ന ചുടുനിണമൊഴുകി.
എന്‍റെ മാറിടം ബോംബു വര്‍ഷത്താല്‍
അരിപ്പപോലെ തുളഞ്ഞുപോയി.
എന്‍റെ കുഞ്ഞുങ്ങള്‍
കളിപ്പാട്ടത്തിനു പകരം
നിന്‍റെ ടാങ്കറുകളുടെ ഭീകരചലനം കണ്ടാനന്ദിച്ചു.
പ്രാചീന ബാഗ്ദാദിന്‍റെ ചരിത്രം
അലറുന്ന പോര്‍വിമാനങ്ങളുടെ
ക്റൂരതയിലേക്കു തലയുയര്‍ത്തി.
സ്വാതന്ത്റ്യം സ്വാതന്ത്റ്യം
എന്നു നീ ആര്‍ത്തട്ടഹസിച്ചുകൊണ്ടിരുന്നു.
എന്നെ പൂര്‍ണ്ണമായും ബൂട്ടിനടിയിലാക്കും വരെ
നീ അമര്‍ത്തി ചവിട്ടിക്കൊണ്ടിരുന്നു.
ഇപ്പോള്‍ നിന്‍റെ കാല്‍ചുവട്ടില്‍
പതിഞ്ഞു കിടന്നുകൊണ്ട്‌
ഞാന്‍ സ്വാതന്ത്റ്യത്തിന്‍റെ
മഹനീയ രുചി ആസ്വദിക്കുന്നു!!!
മറന്നു പോകരുത്‌, ഞാന്‍ ലോകത്തിന്‌
ഒരു റോള്‍ മോഡല്‍.

അമാവാസി

പതിവുപോലെ
ഇന്നും അവള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കി.
കുഞ്ഞുക്ളാസ്സില്‍ പോകുന്ന ഓമനക്ക്‌
റ്റാറ്റായോ മുത്തമോ നല്‍കിയില്ല.
അവന്‍റെ കുപ്പായം മിനുക്കുന്നതില്‍
അവനെ ഊട്ടുന്നതില്‍
വീട്‌ വെടിപ്പാക്കുന്നതില്‍
അങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍
അതിരാവിലെ തന്നെ ശ്വാസഗതികള്‍
നഷ്ടപ്പെട്ടവളായി.
വാരിവലിച്ചുടുത്ത വേഷവുമായി
തിരക്കേറിയ തെരുവിലൂടെ
അതിലും തിരക്കിട്ട മനസ്സുമായി
വീട്ടില്‍ നിന്നും ഓഫീസിലേക്കും
ഓഫീസില്‍ നിന്നും വീട്ടിലേക്കും
യന്ത്രശരീരമായി ഓടിക്കൊണ്ടേയിരുന്നു.
ഒരു ഡിജിറ്റല്‍ ഭാഷയായി
ജീവിതം വിവര്‍ത്തനം ചെയ്യപ്പെട്ടു.
അവള്‍ അടുക്കളയില്‍
വേവുകയും വിയര്‍ക്കുകയും ചെയ്യുമ്പോള്‍
അയാള്‍ പുതിയ സ്കോച്ചിന്‍റെ മധുരത്തില്‍
ചുംമ്പനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരുന്നു.
അത്താഴത്തിനൂണുമേശയിലിരിക്കേ
എന്തെങ്കിലും നാലഞ്ചു മധുരവാക്കുകള്‍
വെറുതേ കൊതിച്ചു.
അയാള്‍ സ്റ്റോക്കു മാര്‍ക്കറ്റിന്‍റെ
ഉയര്‍ച്ച താഴ്ച്ചകള്‍ ‍പുലമ്പിക്കൊണ്ടിരുന്നു.
ജോലികളെല്ലാം തീര്‍ത്ത്‌
അര്‍ദ്ധരാത്രിയില്‍
സ്വപ്നങ്ങള്‍ കാണാന്‍ കൊതിച്ച്‌
ജനല്‍വിരി മാറ്റി മിഴിയുയര്‍ത്തവേ
ചത്തുമലച്ച അമാവാസി
ആകാശത്ത്‌ പരന്നു കിടന്നു.

മടിയന്‍മാര്‍

മലകള്‍ ചുമക്കുന്നതുകൊണ്ട്‌
മടിയന്‍മാരുടെ തോളെല്ലുകള്‍
കാരിരുമ്പുപോലെ കരുത്തുള്ളതായിരിക്കുന്നു.
അവരുടെ ചുമലില്‍
മിനാരങ്ങള്‍
മാളികകള്‍
പാതകള്‍
പാലങ്ങള്‍
പണിതുയര്‍ത്തുന്നു.
മലകളുയര്‍ത്തിയ അവരുടെ കൈകള്‍
മണ്ണ്‌ ഇളക്കി മറിക്കുന്നു.
മിടുക്കന്‍മാരെ ഊട്ടാന്‍
ധാന്യങ്ങളും പഴങ്ങളും വിളയിക്കുന്നു.
മടിയന്‍മാര്‍ ചടഞ്ഞിരിക്കുന്നു.
മധുരക്കിനാവുകള്‍ കാണുന്നു;
വസന്തം വിളയുന്ന പാടങ്ങള്‍
സംഗീതം നിറയുന്ന പണിശാലകള്‍
‍അതിര്‍ത്തികളില്ലാത്ത ദേശങ്ങള്‍.
മടിയന്‍മാര്‍ മൂരിനിവരുമ്പോള്‍
കൊടുമുടികള്‍ ഇളകുന്നു.
ശൈത്യത്തില്‍ നിന്നും
ഭൂഗോളത്തെ അവര്‍ തള്ളിമാറ്റുന്നു.
ഊതിക്കത്തിച്ച രക്തം കൊണ്ട്‌
പുതിയലോകം രാകിയെടുക്കുന്നു.
മടിയന്‍മാരെ ഉണര്‍ത്താതെ
അവരുറങ്ങട്ടെ
അതുമല്ലെങ്കില്‍ പരസ്പരം കൊന്നു തിന്നട്ടെ.
കാരണം
അവരുണര്‍ന്നാല്‍
മടിയന്‍മാര്‍ മടിയന്‍മാരൊത്ത്‌ കൈകള്‍ കോര്‍ത്താല്‍
ചരിത്രം തെന്നിമാറും
കീഴ്മേല്‍ മറിയും.
ജാഗ്രതൈ!!!

കാര്‍വര്‍ണ്ണന്‍

ഞാന്‍ കാര്‍വര്‍ണ്ണന്‍
വിഷശരമേറ്റ വ്രണിതഹൃദയന്‍.
യുഗങ്ങളില്‍ നിന്നും യുഗങ്ങളിലേക്ക്‌
നിലവിളി മാത്രമായി പ്രയാണം ചെയ്തവന്‍.
ചുട്ടുപൊള്ളുന്ന ഭൂമിയില്‍
കാലിക്കൂട്ടത്തെ കൈവിട്ട ഇടയന്‍.
കാട്ടുതീ പടര്‍ന്ന നെഞ്ചില്‍
പാട്ടിന്‍റെ കിളിക്കൂട്‌
ദഹിച്ചു പോയതറിയാത്ത പാട്ടുകാരന്‍.
കൈവിട്ട നാടകത്തിന്‍റെ ദുരന്താന്ത്യമായി
അരങ്ങില്‍ ഏകനായ സൂത്രധാരന്‍.
പ്റേമത്തിന്‍റെ പൊരുളറിയാത്ത
നിത്യകാമുകന്‍.
സമതലങ്ങളിലെ ഉഷ്ണക്കാറ്റിന്‌
വലംകൈ കൊടുത്ത്‌
ചെങ്കുത്തായ മലകള്‍ക്കും
വരണ്ട കാട്ടുചോലകള്‍ക്കും മീതെ
ചുഴന്നിറങ്ങിയ കെടുതിയുടെ ചുഴലി.
ഞാന്‍ കരിമുകില്‍ വര്‍ണന്‍.
പെയ്യാന്‍ മറന്ന മേഘച്ചീള്‌.
പതിനാറായിരത്തെട്ടിലധികം ഭാര്യമാരാല്‍
പ്രേമാഭിഷിക്തനായ ചക്രവര്‍ത്തി.
എന്‍റെ ഭാര്യമാര്‍ ഭൂമിയുടെ ഉറവകള്‍.
ഒരുവള്‍ -
ചോരക്കുഞ്ഞുമായി ഭിക്ഷയിരക്കുന്നു.
മറ്റൊരുവള്‍ -
നിറവയറുമായി ഭാരം ചുമന്ന് തളര്‍ന്നു വീഴുന്നു.
വേറൊരുവള്‍ -
ചന്തയില്‍ മത്സ്യം വില്‍ക്കുന്ന ലാഘവത്തില്‍
തന്‍റെ സ്ത്രൈണതക്കു വിലപേശി
നഗരാതിര്‍ത്തിയില്‍
കനല്‍ക്കട്ടപോലെ നീറിയൊടുങ്ങുന്നു.
അടുക്കളയില്‍ ഒടുങ്ങാത്ത എച്ചില്‍ പാത്റങ്ങളില്‍
അടിവയറ്റിലേറ്റ തൊഴിയുമായി
നിരാലംബം പതി…

പ്രാര്‍ത്ഥനയോടെ...

ഭൂഗോളം അന്ധകാരത്തിന്‍റെ അഗാധതയില്‍
വീണുപോയെന്ന്‌
എന്‍റെ അമ്മ വിശ്വസിക്കുന്നു.

എങ്ങും ഇരുട്ടായതിനാല്‍
മണ്ണെണ്ണ വിളക്കുമായി
പകല്‍പോലും
അവള്‍ ‍പതുങ്ങി പതുങ്ങി നടക്കുന്നു.
മീനത്തിലെ കൊടും ചൂടിലും
കമ്പിളി പുതച്ച്‌ കൂനിക്കൂടിയിരിക്കുന്നു.

നഗരം റാമെന്നും റഹീമെന്നും ആര്‍ത്തുവിളിച്ച്‌
പരസ്പരം വെട്ടിക്കൊല്ലുകയും
കടിച്ചു കീറുകയും
കത്തിച്ചുകളയുകയും ചെയ്ത രാത്രിയിലാണ്‌
സൌരയൂഥത്തില്‍ നിന്നും ഭൂമി
തമോഗര്‍ത്തത്തിലേക്ക്‌
പൊളിഞ്ഞു വീണത്‌.

ഇരുട്ടില്‍ കണാതായ
മക്കളെയോര്‍ത്ത്‌
അമ്മ വിലപിക്കുന്നു.
എന്‍റെ സൂര്യന്‍
ഉദിച്ചുയരുന്ന പ്രഭാതം വരില്ലേ
എന്നവള്‍ ‍ആകുലയാകുന്നു.

ഞാനുറങ്ങാന്‍ കിടക്കുമ്പോള്‍
നടുക്കത്തോടെ വിറക്കുന്ന കൈകളാല്‍
എനിക്കുമീതെ കുരിശുരൂപം വരച്ച്‌
പ്രാര്‍ത്ഥിച്ചുകൊണ്ട്‌ കാവലിരിക്കുന്നു.

ഉപ്പ്‌

ഉപ്പിലിട്ട ഓര്‍മ്മകളുടെ ഭരണി തുറന്നാല്‍
ദരിദ്രനായ ബാലനു മുന്‍പില്‍
ഇലച്ചീന്തില്‍
ഒരു നുള്ള് ഉപ്പും പുഴുക്കുത്തേറ്റ കഞ്ഞിയും.

കുടിച്ച കഞ്ഞിയില്‍
രുചിച്ച ഉപ്പുതന്നെ
കണ്ണീരിലും കടല്‍ വെള്ളത്തിലും.
വിയര്‍ത്ത നെറ്റി തുടച്ചെടുത്ത
ഉപ്പുലായനി തിളച്ചുപൊന്തിയത്‌
എന്‍റെ രക്തത്തില്‍ നിന്നും.

അടുക്കളയില്‍ ഉപ്പുഭരണിപോലെ
ഇത്രയും മേന്‍മയുറ്റത്‌ മറ്റെന്തുണ്ട്‌?
കടല്‍തിരകളില്‍ അലറിനടന്നതിനെ
ഉറിയില്‍ അടച്ചുവച്ചിരിക്കുന്നു.

പ്രണയത്തെ ഉപ്പുഭരണിയോട്‌ ഉപമിച്ചപ്പോള്‍
നെരൂദാ.. ,
നീ ചിന്തിച്ചതും ഇങ്ങനെ തന്നെയോ?
ഉപ്പുകുറുക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍
മഹാല്‍മജിയും ചിന്തിച്ചതീവിധമോ?

പാല്‍ നിറമുള്ള ഉപ്പു പാടങ്ങളേ
പുലരിസൂര്യന്‍ മുഖം നോക്കും കണ്ണാടികളേ
ഉര്‍വ്വിയുടെ ഏതു ഗര്‍ഭത്തിലാണ്‌
നീ ഉരവം കൊണ്ടത്‌?

എന്‍റെ ചോരയില്‍ നിന്നും
കടല്‍ തിരകളിലേക്ക്‌ പാലം നെയ്ത
ഉപ്പുനൂലുകളുടെ അറ്റമെവിടെ?

ഉപ്പുചേര്‍ത്തുണക്കിവെക്കുമോ
എന്‍റെ ആശകളെ, ആശയങ്ങളെ,
മനുഷ്യരെ, ജീവജാലങ്ങളെ, പെറ്റഭൂമിയെ?

ഖാഫ്‌ മരം

കന്യകയോട്‌ പ്രസവവേദനയെപ്പറ്റി പറയുംപോലെ
എത്രയോ വ്യര്‍ത്ഥം
എയര്‍കണ്ടീഷന്‍ ചെയ്ത മുറിയിലിരുന്ന്
ബ്ലോഗു തിരയുന്ന നിങ്ങളോട്‌
ഖാഫ്‌ മരത്തെപ്പറ്റിപറയുന്നത്‌.

ജീവിതത്തിലൊരിക്കലെങ്കിലും
ദാഹജലത്തിനായി നീ കേണുവെങ്കില്‍
ശൂന്യതയില്‍ നട്ടം തിരിഞ്ഞെങ്കില്‍ മാത്രമേ
നിനക്കീ വേദന തൊട്ടറിയാനാവൂ
മരുഭൂമിയില്‍ മരണത്തെ മുന്നില്‍ കണ്ട്‌
വെപ്രാളപ്പെട്ടവനു മുന്നിലാണ്‌
മണല്‍ച്ചുഴികളില്‍ വേരുകളാഴ്ത്തി
ഖാഫ്‌ മരം പ്രത്യക്ഷമായത്‌.
ഈശ്വരന്‍ അവനുമുന്നില്‍
പച്ചയുടെ ഒരു കുടകൊണ്ടു വക്കയായിരുന്നു.

കാനനത്തില്‍ മരത്തടികള്‍ അറുത്തിടുന്നവര്‍ക്ക്‌
മരം പണത്തിന്‍റെ പര്യായ പദം മാത്രം.
ആശാരിക്കു ഉളികയറ്റാനുള്ള അസംസ്കൃതവസ്തു.
എനിക്കു മരം
കസേര, കട്ടില്‍, അലമാര, ഊഞ്ഞാല്‍,
കൊത്തുപണികള്‍ തീര്‍ത്ത ഉമ്മറവാതില്‍.

മരത്തെ ജീവന്‍റെ ഓക്സിജനായി തിരിച്ചറിയണമെങ്കില്‍
മരുഭൂമിയില്‍ പ്രാണന്‍ പിടിവിട്ടുപോയി അലയുമ്പോള്‍
ഖാഫ്മരത്തെ പ്രാപിക്കതന്നെവേണം
അല്ലെങ്കില്‍
ഒട്ടകഗാത്രത്തില്‍
പരകായ പ്രവേശം ചെയ്യൂ
നിന്‍റെ കണ്ണുകള്‍
മരുപ്പച്ചയിലെ സൂര്യനേത്രമായി
ഉയരുന്നതു കാണാം.
അപ്പോള്‍ ഖാഫ്‌ മരത്തിന്‍റെ
സൌഹൃദവും തലോടലും നീ ഏറ്റുവാങ്ങും

മഹാനായ കര്‍ഷകന്‍

ഒഴുകിപ്പോയ പുഴപോലെ
കാലവും കര്‍ഷകന്‍റെ നെഞ്ചില്‍
മണ്‍വെട്ടികൊണ്ട്‌ തീര്‍ത്ത തോട്ടിലൂടെ
ഒലിച്ചുപോവുകയാണ്‌.
മലയിറങ്ങിവന്ന വെള്ളത്തേയും
ചുരമിറങ്ങിവന്ന കാറ്റിനേയും
അവന്‍ നമ്പാറില്ല.
കര്‍ഷകന്‍ കെടുതികളെ
ഭയക്കാറില്ല.
അവന്‍റെ നെഞ്ചകത്ത്‌
പ്രാവിന്‍റെ നിലവിളിയല്ല
വ്യാഘ്രത്തിന്‍റെ മുരള്‍ച്ചയാണ്‌.
പ്രാണസഖി ജാരനുമൊത്ത്‌ ഒളിച്ചോടിയപ്പോള്‍
തൂമ്പയുമായി നിസ്സംഗം
അവന്‍ പാടത്തേക്കു നടന്നു.
പെണ്ണുപിഴച്ചാലും മണ്ണുപിഴക്കയില്ലല്ലോ
എന്നത്രേ അവന്‍റെ വിശ്വാസം.