അമാവാസി

പതിവുപോലെ
ഇന്നും അവള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കി.
കുഞ്ഞുക്ളാസ്സില്‍ പോകുന്ന ഓമനക്ക്‌
റ്റാറ്റായോ മുത്തമോ നല്‍കിയില്ല.
അവന്‍റെ കുപ്പായം മിനുക്കുന്നതില്‍
അവനെ ഊട്ടുന്നതില്‍
വീട്‌ വെടിപ്പാക്കുന്നതില്‍
അങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍
അതിരാവിലെ തന്നെ ശ്വാസഗതികള്‍
നഷ്ടപ്പെട്ടവളായി.
വാരിവലിച്ചുടുത്ത വേഷവുമായി
തിരക്കേറിയ തെരുവിലൂടെ
അതിലും തിരക്കിട്ട മനസ്സുമായി
വീട്ടില്‍ നിന്നും ഓഫീസിലേക്കും
ഓഫീസില്‍ നിന്നും വീട്ടിലേക്കും
യന്ത്രശരീരമായി ഓടിക്കൊണ്ടേയിരുന്നു.
ഒരു ഡിജിറ്റല്‍ ഭാഷയായി
ജീവിതം വിവര്‍ത്തനം ചെയ്യപ്പെട്ടു.
അവള്‍ അടുക്കളയില്‍
വേവുകയും വിയര്‍ക്കുകയും ചെയ്യുമ്പോള്‍
അയാള്‍ പുതിയ സ്കോച്ചിന്‍റെ മധുരത്തില്‍
ചുംമ്പനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരുന്നു.
അത്താഴത്തിനൂണുമേശയിലിരിക്കേ
എന്തെങ്കിലും നാലഞ്ചു മധുരവാക്കുകള്‍
വെറുതേ കൊതിച്ചു.
അയാള്‍ സ്റ്റോക്കു മാര്‍ക്കറ്റിന്‍റെ
ഉയര്‍ച്ച താഴ്ച്ചകള്‍ ‍പുലമ്പിക്കൊണ്ടിരുന്നു.
ജോലികളെല്ലാം തീര്‍ത്ത്‌
അര്‍ദ്ധരാത്രിയില്‍
സ്വപ്നങ്ങള്‍ കാണാന്‍ കൊതിച്ച്‌
ജനല്‍വിരി മാറ്റി മിഴിയുയര്‍ത്തവേ
ചത്തുമലച്ച അമാവാസി
ആകാശത്ത്‌ പരന്നു കിടന്നു.

Comments

 1. പതിവുപോലെ
  ഇന്നും അവള്‍ പ്രഭാത ഭക്ഷണം ഒഴിവാക്കി.

  ReplyDelete
 2. ഖേദകരം ഈ അമാവാസി. യന്ത്രവത്കൃതഹ് സമൂഹത്തിനു നേരെ വിരല്‍ ചൂണ്ടുന്നു ശ്രീ ഭാനുവിന്റെ കവിത.സ്നേഹവും , ഉത്തരവാദിത്വവും മറന്നു പോകുന്ന മനുഷ്യ സംസ്കൃതിയെ അത് പുച്ഛിക്കുന്നു....തുടരെ..തുടരെ..

  ReplyDelete
 3. ഇരുണ്ട രാത്രി പോലൊരു ജീവിതം..

  ReplyDelete
 4. എനിക്ക് ഒട്ടേറെ പെണ്‍കവിതകള്‍ ഓര്‍മ്മ വന്നു. സംക്രമണം, പ്രതിഷ്ഠ, പിന്നെ അഷിതയുടെ ഒരു സ്ത്രീയും പറയാത്തത്, എന്‍.പ്രഭാകരന്റെ ഞാന്‍ ഒന്നും ആവശ്യപ്പെട്ടില്ലല്ലോ എന്നീ കഥകള്‍.
  പുരുഷന്‍ ഒരു ബുദ്ധിജീവിയും പെണ്ണ് ഒരു ശരീരജീവിയുമാണെന്ന നമ്മുടെ പരമ്പരാഗത ചിന്താഗതി ആണല്ലോ പ്രശ്നം.
  പണത്തിന്റ്യും വീടിന്റെയും അവകാശങ്ങളുറ്റെയുമെല്ലാം ഉടമ അവനാണല്ലോ.
  പെണ്ണ് നിരന്തരം അദ്ധ്വാനിക്കണം, ഊണു വിളമ്പുകയും പായ വിരിക്കുകയുമാണ് നിന്റെ ജോലി എന്ന് ഊഴം എന്ന സിനിമയിലെ നായകന്‍ ഭാര്യയോട് പറയുന്നുണ്ട്.

  ഇവിടെ അവള്‍ക്ക് അവസാനത്തെ ആശ്വാസവും നഷ്ടമാവുന്നു അവളുടെ കാഴ്ചകളെ പ്രകൃതി കൂടി അടച്ചു കളയുന്നു. അല്ലങ്കില്‍ പ്രകൃതി ഉണര്‍ന്നിരിക്കുംപ്പോള്‍ അവള്‍ക്ക് നേരമില്ലല്ലോ

  ഒരു പെണ്ണിന്‍ തല -
  യവള്‍ക്ക് ജന്മനാ കിടച്ചുവെങ്കിലു-
  മതിന്റെ കാതിന്മേല്‍
  കടലിരമ്പീലാ- തിര തുളുമ്പീലാ
  മുഖത്തു കണ്ണുക-
  ലതിന്നു പാതിരയ്ക്കടച്ചുവയ്ക്കുവാന്‍
  ഒരു നിശബ്ദമാം
  മുറിവിന്‍ വക്കുകളതിന്റെ ചുണ്ടുകള്‍
  ഒരു നക്ഷത്രവു-
  മവളോളം വൈകിയുറങ്ങിയിട്ടില്ല
  ഒരൊറ്റ സൂര്യനു-
  മവളേക്കാള്‍ നേര്‍ത്തേ പിടഞ്ഞെണീറ്റീലാ
  (സംക്രമണം- ആറ്റൂര്‍)

  വിഷയം പഴയതു തന്നെ പ്രകൃതിയുടെ കൂടി ഗൂഡാലോചനയാണു വ്യതിരികതത.

  ReplyDelete
 5. athi sadhaaramayaa oru themeil ninnu vyathyasthamaayi onnum parayunnilla ennathoru nyunathayaayi thonni.

  Innathe avalkku ,ee amavasikalil nakshathrangale kandeththaan enthaa prayasam...
  oru establishinte bhaagamaaya nisangathakale mahathwavalkarikkunna pole thonni.

  ReplyDelete
 6. congrats ..... ഈ പെണ്‍പക്ഷരചനയ്ക്ക്.

  ReplyDelete
 7. രാജേഷ്‌, എത്രയാവര്‍ത്തിച്ചാലും സ്ത്റീ ജീവിതം അമാവാസികളില്‍ തന്നെ. പുരോഗമനകാരികള്‍ എന്നു നടിക്കുന്ന ആണ്‍വര്‍ഗ്ഗങ്ങളും അവളുടെ ദു:ഖങ്ങള്‍ പകുത്തെടുക്കുന്നില്ല. വീട്ടുജോലികള്‍ ഇപ്പോഴും സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമായി കണക്കാക്കുന്നു. അവരുടെ രാത്റികളില്‍ ചന്ദ്രികയില്ല.

  ReplyDelete
 8. ഭാനു, സമൂഹത്തിലെ ഭൂരിഭാഗം സ്ത്രീകളും അനുഭവിക്കുന്ന യാതനകള്‍ കവിതയിലൂടെ ഭംഗിയായി വരച്ചുകാട്ടി.

  "ജോലികളെല്ലാം തീര്‍ത്ത്‌
  അര്‍ദ്ധരാത്റിയില്‍
  സ്വപ്നങ്ങള്‍ കാണാന്‍ കൊതിച്ച്‌
  ജനല്‍വിരി മാറ്റി മിഴിയുയര്‍ത്തവേ
  ചത്തുമലച്ച അമാവാസി
  ആകാശത്ത്‌ പനിച്ചുകിടന്നു."

  പ്രകൃതിപ്പോലും അവള്‍ക്ക് നേരെ മുഖം തിരിച്ചു. ഇതാണ്‌ ഈ കവിതയില്‍ എനിക്കേറേയിഷ്ടമായത്.

  ReplyDelete
 9. ജീവിതമെന്ന സത്യം .. ജനല്‍ വിരി മാറ്റി ഒരു ചാന്ദ്ര സ്വപ്നത്തില്‍ മയങ്ങാന്‍ ശ്രമിച്ചവള്‍ക്ക് മുന്നില്‍ അമാവാസിയുടെ ഇരുട്ട്....മനോഹരമായ വരികള്‍..

  ReplyDelete
 10. "ജോലികളെല്ലാം തീര്‍ത്ത്‌
  അര്‍ദ്ധരാത്റിയില്‍
  സ്വപ്നങ്ങള്‍ കാണാന്‍ കൊതിച്ച്‌
  ജനല്‍വിരി മാറ്റി മിഴിയുയര്‍ത്തവേ
  ചത്തുമലച്ച അമാവാസി
  ആകാശത്ത്‌ പനിച്ചുകിടന്നു."

  അതു കൊള്ളാം.... നല്ല വരികൾ...
  ആശംസകൾ....

  ReplyDelete
 11. സ്ത്രീയുടെ ജീവിതം തുറന്ന് കാട്ടി.. നന്നായി.. ഭാവുകങ്ങൾ

  ReplyDelete
 12. ഇവളെ..ശിലയായ്‌ നീതിസാരങ്ങള്‍ തന്‍ ഫലകമായ്‌ പെരുവഴി വക്കില്‍ നിന്നു...
  സ്ത്രീ എന്ന പ്രഹേളിക ..നല്ല എഴുത്ത് , നന്നായി വായിച്ചു .

  ReplyDelete
 13. ഭാഗം കൂടിയതിനു ഒരു വലിയ നന്ദി..
  (പോരെ?)

  ReplyDelete
 14. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീ ജീവിതം,,,,
  കവിതയിലൂടെ വരച്ചു കാട്ടി.... നന്ദി ഭാനു

  ReplyDelete
 15. valare nannaayi.... aashamsakal.......................

  ReplyDelete
 16. പാമ്പ് കവിത വായിച്ചു കേട്ടോ..
  കമന്‍റ് അവിടെയിട്ടു

  ReplyDelete
 17. ഭാവനയല്ലിത് പുത്തൻപെൺജീവിത പകർപ്പിത്....
  ഭാനുവിനഭിനന്ദനങ്ങളീയാമവാസി വരച്ചിട്ടതിനിവിടെ !

  ReplyDelete
 18. ഇഷ്ടായി....
  ബോധമുള്ളപ്പോള്‍ സ്റ്റോക്കുമാര്‍ക്കറ്റിന്റെ ഉയര്‍ച്ച താഴ്ചളില്‍,
  സ്കോച്ചിനാല്‍ ബോധം മറയുമ്പോള്‍ കാമം.
  സ്നേഹമെന്ന വികാരം ഇല്ലാത്ത ലോകത്തിന്റെ പരിച്ഛേദം.

  ReplyDelete
 19. കുറച്ചൊരു വിവരണാത്മകമായെങ്കിലും അവസാനം തികച്ചും മനോഹരവും കാവ്യാത്മകവുമായി
  "ജോലികളെല്ലാം തീര്‍ത്ത്‌
  അര്‍ദ്ധരാത്റിയില്‍
  സ്വപ്നങ്ങള്‍ കാണാന്‍ കൊതിച്ച്‌
  ജനല്‍വിരി മാറ്റി മിഴിയുയര്‍ത്തവേ
  ചത്തുമലച്ച അമാവാസി
  ആകാശത്ത്‌ പരന്നു കിടന്നു. "

  ReplyDelete
 20. അവള്‍ അടുക്കളയില്‍
  വേവുകയും വിയര്‍ക്കുകയും ചെയ്യുമ്പോള്‍
  അയാള്‍ പുതിയ സ്കോച്ചിന്‍റെ മധുരത്തില്‍
  ചുംമ്പനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടിരുന്നു.

  ആനുകാലിക പ്രസക്തിയുള്ള രചന

  ReplyDelete
 21. കാവ്യ വിശുദ്ധിക്കപ്പുറം ഈ കവിതയെ സാമൂഹിക വിമര്‍ശനം എന്നരീതിയില്‍ കാണുകയും വായിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 22. ജീവിത നെടുച്ഛേദം. എനിക്കു നന്ദി പറയാനാണു തോന്നുന്നത്.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?