Posts

Showing posts from June, 2010

തോക്ക്‌

അലമാരക്കുള്ളിൽ ലൈസൻസുള്ള
തോക്കുള്ളതുകൊണ്ടുമാത്രമായില്ല
ഉന്നം പിടിക്കുവാനും
ഒരൊറ്റവെടിയുണ്ടകൊണ്ട്‌
തല തകർക്കുവാനുമറിയണം

കാലം കലിയേറിക്കൊണ്ടേയിരിക്കുന്നു
ചെന്നായ്ക്കൾ പെരുവഴികളിൽ
ആർത്തിപൂണ്ട്‌ പതുങ്ങിയിരിപ്പാണ്‌

അതുകൊണ്ട്‌
തോക്ക്‌ എണ്ണകൊടുത്ത്‌
തിരനിറച്ച്‌
തുടച്ചുമിനുക്കി വക്കണം

കരിമ്പാറക്കെട്ടുകളിൽ
തുള്ളിക്കളിച്ചൊഴുകുന്ന
മൂന്നു തെളിനീരരുവികളെപ്പോൽ
മൂന്നു പെണ്മക്കളാണെനിക്ക്‌

കഴുവേറി സാക്ഷ്യം

കഴുമരത്തിൽ നിന്നും
വാർന്നിറങ്ങുന്ന രക്തം
പടർന്നു പരക്കുന്നത്‌
അസ്വസ്ഥമായ മനസ്സുകളിലേക്കാണ്‌.
വ്യാകുലകളായ മാതാക്കളിലേക്കാണ്‌.
അവരിലെ
ഗർഭപാത്രത്തിന്റെ നോവിലേക്കാണ്‌.
പിറക്കാനിരിക്കുന്ന പൈതലുകളിലേക്ക്‌;
തലമുറകളിൽ നിന്നു തലമുറകളിലേക്ക്‌.

ഓർക്കുക,
ഒരു കണ്ഠം നീ ഞെരുക്കി.
ആയിരങ്ങളെ, പതിനായിരങ്ങളെ
നീ ഞെരുക്കുമോ?

അവൻ
ഒരു പ്രസ്ഥാനമോ, കൊടിയോ,
സ്മാരകമോ അല്ല.
അവൻ ദു:ഖിതരുടെ
പ്രത്യാശയും വാക്കും ലക്ഷ്യവുമാണ്‌.
നിന്റെ വാളുകൊണ്ട്‌
മുറിക്കാൻ കഴിയാത്ത
പ്രജ്ഞയുടെ ഒടുങ്ങാത്ത രോഷമാണ്‌.

വയലുകൾ കത്തിച്ചുകളയാം
കുടിലുകൾക്ക്‌ തീയിടാം
കാടുകളെ മുറിച്ചു നീക്കാം
മലകളെ പൊട്ടിച്ചുകളയാം
അടങ്ങാത്ത ആസക്തികൊണ്ട്‌
അവന്റെ ചോരയുടെ സാക്ഷ്യത്തെ
തുടച്ചു കളയാനാവില്ല
ചങ്കൂറ്റം കൊണ്ട്‌ ചരിത്രം രചിക്കാൻ
നിന്റെ വാളിൽ ചങ്കുമുറിഞ്ഞു വീണവൻ
വരികതന്നെ ചെയ്യും.

കാലം ഇന്നു മയങ്ങികിടക്കയാവാം
കാറ്റ്‌ ഇന്നു നിശ്ചലമായിരിക്കാം
മേഘം ചിതറി നിൽക്കയാവാം
കഴുവേറികളുടെ കലാപം
കഴുത്തറ്റുപോയെന്ന്
കിനാവുകാണരുത്‌.
ചോര ഉണങ്ങിയിട്ടില്ല
തിരകളായി ഉണർന്നു വരികയാണ്‌.
അറ്റുപോയ പെരുവിരൽ സാക്ഷ്യം
കുരിശുമരണം വരിച്ച മുൾക്കിരീടം സാക്ഷ്യം
തുരന്നെടുത്ത കണ്ണുകൾ സാക്ഷ്യ…

സരസ്വതീ നദി

സരസ്വതി
എന്നൊരു നദിയുണ്ടായിരുന്നത്രേ
സീതാദേവി
ഭൂമിപിളർന്നു പോയതുപോലെ
അവളും മണ്ണിന്നടിയിൽ
അപ്രത്യക്ഷയായി
അറിവില്ല ഏതൊരു രാമൻ
അഗ്നിപരീക്ഷകളിൽ അവളെ കെടുത്തിയെന്നും
ഏതൊരു രാവണൻ അപഹരിച്ചെന്നും.
അറിയാം ഒരു നദി
ജലകണങ്ങളുടെ പ്രവാഹം മാത്രമല്ലെന്ന്.
ഊർവ്വര സമ്പന്നമാം തീരങ്ങളാൽ
അലങ്കൃതം കൂടിയത്രേ...
അവയെ ഉഴുതുമറിച്ച
അവയിൽ വിത്തുപാകിയ
കൈകളുടേതു കൂടിയാണ്‌.
ബലിഷ്ഠമാം കരങ്ങളെ ചേർത്തു പുൽകിയ
മൃദുപാണികളുടേതു കൂടിയാണ്‌.
അവർ നർത്തനമാടിയ
പൂമുറ്റങ്ങളുടേതു കൂടിയാണ്‌.
അവർക്കു കൂരകൾ പണിത
അവരുടെ കുപ്പായങ്ങൾ തുന്നിയ
മറ്റനവധി കരങ്ങളുടേതു കൂടിയാണ്‌.
കയ്യോടു കൈചേർത്തിണക്കിയ
ജനപഥങ്ങളുടേതു കൂടിയാണ്‌.
പാട്ടും താളവും
ചിരിയും ദു:ഖവും
പ്രേമവും കാമവും
പേറും പിറപ്പും
കുശുമ്പും കുന്നായ്മയും
ഇണക്കവും പിണക്കവും
എല്ലാമെല്ലാമാണ്‌.
അപ്പോഴൊരു നദി
അപ്രത്യക്ഷയായെന്നിരിക്കെ
മണ്‍മറഞ്ഞത്‌
എന്തെല്ലാം, എന്തെല്ലാം... ?

ബോന്‍സായ്‌

നീ ഓടിനടന്ന കളിമുറ്റങ്ങള്‍
നിന്നെ തഴുകിയ വാത്സല്യങ്ങള്‍
സുവര്‍ണ്ണരേഖാംഗിതമാം
ബാല്യ സുസ്മിതങ്ങള്‍
ഓര്‍ത്തുപോകരുത്‌
വേരുകള്‍ വളര്‍ന്നിറങ്ങരുത്‌
അറിവിലേക്ക്‌,നിനവിലേക്ക്‌,
കനവിലേക്ക്‌...
വെള്ളവും മണലും ചകിരി നാരും നിറച്ചു
ഞാന്‍ നിനക്കൊരുക്കിയ
സ്ഫടികഭരണിയില്‍
ഇഴചേര്‍ന്നിടചേര്‍ന്ന്‌
വളഞ്ഞു പിണഞ്ഞു
വളര്‍ന്നു ചുരുളുവിന്‍
നിന്‍റെ വേരിനു ഞാനാണതിര്‍ത്തി.
ഒച്ചവച്ച്‌ തളിരിലകള്‍ തളിര്‍ക്കരുത്‌
കൃശവും സുന്ദരവും വര്‍ത്തുളവുമായി
നമ്രശിരസ്കയായി കുലീനയായി
നീ എന്നില്‍ വസിക്കണം
ചില്ലകള്‍ നീട്ടി ജനല്‍ചില്ലുമാറ്റാമെന്നും
ആകാശനീലിമയിലുമ്മവക്കാമെന്നും
ചെറുകിളികളോടൊത്തുല്ലസിക്കാമെന്നും
അതിമോഹമരുത്‌.
നീ എന്നെ സ്വപ്നം കാണുക
എന്‍റെ കരുത്തില്‍ അഭിമാനിതയാവുക
എന്‍റെ കത്രികക്ക്‌ ചുണ്ടുകാണിക്കുക
എന്‍റെ നോട്ടങ്ങള്‍ക്കു കീഴെ നോക്കുക
നിന്നെ ഞാന്‍ കത്രിച്ചൊതുക്കുന്നത്‌
നിന്‍റെ സൌഭാഗ്യങ്ങള്‍ക്കാണെന്നു
നീ തിരിച്ചറിയുമ്പോള്‍
നിന്‍റെ വാഴ്‌വ്‌ വാഴ്ത്തപ്പെടും
നീ എന്‍റെ രുചികളുടെ ചില്ലുഭരണി
നീ എന്‍റെ മിഴികള്‍ക്ക്‌
ആനന്ദഹാരിയായ പ്രദര്‍ശനശാല

കവി(ത)യുടെ മാനിഫെസ്റ്റോ

(ധിക്കാരി പതറിയപ്പോഴാണ്‌
അധികാരി കയര്‍ക്കുന്നത്‌)

കനലില്‍ ചവിട്ടിയ കവി
പൊള്ളുന്ന കവിതയെഴുതുന്നു.
അവന്‍റെ തോട്ടത്തില്‍
മഞ്ഞനിറമുള്ള വേദനയുടേയും
ചുവപ്പുനിറമുള്ള നിലവിളിയുടേയും
പൂക്കള്‍ വിരിയുന്നു.
സൂര്യന്‍ കത്തിയെരിയുന്ന മേച്ചില്‍പുറങ്ങളില്‍
അവന്‍റെ കവിത കുതിച്ചുപായുന്നു.
പണിശാലയിലെ പല്‍ച്ചക്രങ്ങള്‍
അവന്‍റെ കവിതയെ പിഴിഞ്ഞെടുക്കുന്നു
മേഘങ്ങളെ കടന്നുപോകുന്ന അവന്‍റെ വാക്ക്‌
ഇടിമിന്നലുകളെ ഭേദിക്കുന്നു.
ഭൂമി കുഴിക്കെ ഖനിത്തൊഴിലാളികള്‍
കണ്ടെടുത്ത കറുത്ത രത്നത്താല്‍
അലംകൃതമാണവന്‍റെ വാക്ക്‌.
അമ്മയുടെ മിഴികളിലെ
ഒടുങ്ങാത്ത ഉപ്പുതടാകമാണ്‌
അവന്‍റെ കാഴ്ച്ച.
ഇളകിമറിഞ്ഞ മണ്ണിനുമീതെ
വീശിയെറിഞ്ഞ നെല്‍വിത്തുകളില്‍
കവിത അടക്കം ചെയ്യപ്പെട്ടിരിക്കുന്നു.
കര്‍ഷകന്‍റെ മനസ്സില്‍
നെല്‍പാടങ്ങള്‍ പച്ചപുതക്കും പോലെ
കവിത ആകാശചാരുതയിലേക്ക്‌ കണ്‍തുറക്കുന്നു.
അവന്‍റെ കവിത
കള്ളത്തരംകൊണ്ടെഴുതിയ കറുത്തചരിത്രത്തെ
ചവറ്റുകൊട്ടയിലേക്കു ചവിട്ടിതെറിപ്പിക്കുന്നു.
കാലം കലങ്ങുന്ന നേരത്ത്‌
മൂന്നാംകണ്ണുതുറന്ന്‌
എല്ലാം എരിച്ചുകളയുന്നതും
ആ കവിത തന്നെ.
അടിമയുടെ അടങ്ങാത്ത രോഷമായി
ആളിപ്പടരുന്ന അഗ്നിനാളമാണു കവിത.