കവി(ത)യുടെ മാനിഫെസ്റ്റോ

(ധിക്കാരി പതറിയപ്പോഴാണ്‌
അധികാരി കയര്‍ക്കുന്നത്‌)

കനലില്‍ ചവിട്ടിയ കവി
പൊള്ളുന്ന കവിതയെഴുതുന്നു.
അവന്‍റെ തോട്ടത്തില്‍
മഞ്ഞനിറമുള്ള വേദനയുടേയും
ചുവപ്പുനിറമുള്ള നിലവിളിയുടേയും
പൂക്കള്‍ വിരിയുന്നു.
സൂര്യന്‍ കത്തിയെരിയുന്ന മേച്ചില്‍പുറങ്ങളില്‍
അവന്‍റെ കവിത കുതിച്ചുപായുന്നു.
പണിശാലയിലെ പല്‍ച്ചക്രങ്ങള്‍
അവന്‍റെ കവിതയെ പിഴിഞ്ഞെടുക്കുന്നു
മേഘങ്ങളെ കടന്നുപോകുന്ന അവന്‍റെ വാക്ക്‌
ഇടിമിന്നലുകളെ ഭേദിക്കുന്നു.
ഭൂമി കുഴിക്കെ ഖനിത്തൊഴിലാളികള്‍
കണ്ടെടുത്ത കറുത്ത രത്നത്താല്‍
അലംകൃതമാണവന്‍റെ വാക്ക്‌.
അമ്മയുടെ മിഴികളിലെ
ഒടുങ്ങാത്ത ഉപ്പുതടാകമാണ്‌
അവന്‍റെ കാഴ്ച്ച.
ഇളകിമറിഞ്ഞ മണ്ണിനുമീതെ
വീശിയെറിഞ്ഞ നെല്‍വിത്തുകളില്‍
കവിത അടക്കം ചെയ്യപ്പെട്ടിരിക്കുന്നു.
കര്‍ഷകന്‍റെ മനസ്സില്‍
നെല്‍പാടങ്ങള്‍ പച്ചപുതക്കും പോലെ
കവിത ആകാശചാരുതയിലേക്ക്‌ കണ്‍തുറക്കുന്നു.
അവന്‍റെ കവിത
കള്ളത്തരംകൊണ്ടെഴുതിയ കറുത്തചരിത്രത്തെ
ചവറ്റുകൊട്ടയിലേക്കു ചവിട്ടിതെറിപ്പിക്കുന്നു.
കാലം കലങ്ങുന്ന നേരത്ത്‌
മൂന്നാംകണ്ണുതുറന്ന്‌
എല്ലാം എരിച്ചുകളയുന്നതും
ആ കവിത തന്നെ.
അടിമയുടെ അടങ്ങാത്ത രോഷമായി
ആളിപ്പടരുന്ന അഗ്നിനാളമാണു കവിത.
വെളിച്ചം കെട്ട കാലങ്ങളില്‍
തീചൂട്ടായി ഉയര്‍ന്നു വരുമാ കവിത.

Comments

 1. (ധിക്കാരി പതറിയപ്പോഴാണ്‌
  അധികാരി കയര്‍ക്കുന്നത്‌)

  ReplyDelete
 2. അധികാരികൾ കയർക്കുമ്പോൾ പതറുന്ന ധിക്കാരികളുടെ കാലമാണിത്.
  ധിക്കാരിയുടെ കാതൽ ചിതലെടുക്കുന്ന കാലം.
  തീക്കട്ടയിൽ ഉറുമ്പുകൾ കാൽനടപ്രചരണജാഥ നടത്തുന്ന കാലം.

  ആ കാലത്തിൽ ഭാനു വിചാരിക്കുന്ന മാതിരി ഒരു കവിയോ കവിയുടെ ഉള്ളിൽ നിന്നും തേൻപുരട്ടിയ വാക്കുകൾക്കു പകരം മുനകൂർത്ത അമ്പുകളോ വരുമോ

  എനിക്കു സംശയമുണ്ട്.
  തലകുനിക്കാൻ പറഞ്ഞാൽ ദണ്ഡനമസ്കാരം ചെയ്തു കാലുനക്കിത്തോർത്തി വാലാട്ടി അധികാരികൾക്കു പിന്നാലെ കൂടുന്ന കവി പുംഗുവന്മാരല്ലേ നമുക്ക് നീക്കിയിരിപ്പുള്ളൂ.

  പിന്നെ കനലിൽ നടന്ന കവികൾ ശേഷിക്കുന്നുണ്ടെങ്കിലോ അവന്റെ വാക്കുകൾക്ക് ചെവി കൊടുക്കാൻ ആരുണ്ട് ഇവിടെ.

  കവിതയുടെ, കവിയുടെ ജാതകം എനിക്കിഷ്ടമായി.

  പച്ചയും മഞ്ഞയും തീച്ചുവപ്പും മേഘച്ഛായകളും കൊണ്ട് ആശയ്യങ്ങളെ ദൃശ്യബിംബങ്ങളാക്കി..

  ഞാൻ മുൻപ് പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു. സച്ചിദാനന്ദന്റെ കവിതയുടെ ഒരു വൻപിച്ച സ്വാധീനം ഭാനുവിൽ കാണുന്നു. 70 കളിലും 80 കളിലും സച്ചിദാനന്ദൻ എഴുതിയ കവിതകളുടെ സ്വാധീനം. പീതാംബരൻ, പനി, തുടങ്ങി ആ ഗണത്തിൽ പെടുന്ന കവിതകളുടെ പിൻപറ്റൽ കവിതയിലുണ്ട്.

  ബിംബകല്പനയിലും, ആശയഘടനയിലും ആ പാരമ്പര്യം ഉണ്ട്.

  സച്ചിദാനന്ദന്റെ അക്കാലത്തെ ആശയവിശ്വാസത്തോടുള്ള കൂറ് ഇപ്പൊഴും ഭാനുവിലുള്ളതും ഒരു കാരണമാവാം.

  പക്ഷെ കവിയെയും കവിതയെയും സംബന്ധിച്ചുള്ള നമ്മുടെ വിശ്വാസങ്ങൾക്ക് വിഷം കൊടുത്ത ഒരു കാലത്തിലല്ലേ നമ്മൾ ജീവിക്കുന്നത്.?

  ReplyDelete
 3. ഹേ കവി താങ്കള്‍ വര്‍ത്തമാന കാലത്തിലെ ജീര്‍ണതയെ കാണാതെ കവിത എങ്ങനെ ആയിരിക്കണം എന്ന് പറയുന്നതില്‍ അര്‍ത്ഥമുണ്ടോ ..പുക മറയില്‍നിന്നു വെളിച്ചത്തിലേക്ക് വരൂ....ഇവിടെത്തെ മനുഷ്യ ദുരിതങ്ങളുടെ അവസ്ഥ വിശേഷങ്ങളില്‍ നിന്ന് അവന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്തിനു
  കവിതകള്‍ എഴുതു

  ReplyDelete
 4. 'ഇളകിമറിഞ്ഞ മണ്ണിനുമീതെ
  വീശിയെറിഞ്ഞ നെല്‍വിത്തുകളില്‍
  കവിത അടക്കം ചെയ്യപ്പെട്ടിരിക്കുന്നു'

  ഊര്‍ജ്ജത്തിന്‍ അമിട്ടുകള്‍!!

  ReplyDelete
 5. ആളിപ്പടരുന്ന അഗ്നിനാളമാണു കവിത.
  വെളിച്ചം കെട്ട കാലങ്ങളില്‍
  തീചൂട്ടായി ഉയര്‍ന്നു വരുമാ കവിത

  ReplyDelete
 6. ധിക്കാരി മത്രമല്ല, അധികാരിയും, അധികാരിയുടെ അച്ചനും പതറിത്തളരുന്ന കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് നമുക്ക് അഭിമാനിക്കാം.മോശമില്ലത്ത വിചാരങ്ങള്‍..

  ReplyDelete
 7. കവിത ചിലപോ അഗ്നിയാണ് ചിലപോ പ്രണയമാണ് ........കവിതക്ക്‌ എല്ലാ ഭാവങ്ങളും ഉണ്ട് .......::സുഗതകുമാരി

  ReplyDelete
 8. ഇളകിമറിഞ്ഞ മണ്ണിനുമീതെ
  വീശിയെറിഞ്ഞ നെല്‍വിത്തുകളില്‍
  കവിത അടക്കം ചെയ്യപ്പെട്ടിരിക്കുന്നു.

  ഈ വരികള്‍ കൂടുതല്‍ ഇഷ്ടമായി

  ReplyDelete
 9. "കനലില്‍ ചവിട്ടിയ കവി
  പൊള്ളുന്ന കവിതയെഴുതുന്നു."

  കല്ലിനും തുമ്പിക്കും എല്ലാം വേദനയും മനസ്സും ഉണ്ടെന്ന് മനസ്സിലാക്കുന്നവര്‍ക്കേ ഇങ്ങിനെ എഴുതാനാനാകൂ...
  ആശംസകള്‍. എനിക്കിഷ്ടമായി.

  ദേവി-

  ReplyDelete
 10. "അടിമയുടെ അടങ്ങാത്ത രോഷമായി
  ആളിപ്പടരുന്ന അഗ്നിനാളമാണു കവിത.
  വെളിച്ചം കെട്ട കാലങ്ങളില്‍
  തീചൂട്ടായി ഉയര്‍ന്നു വരുമാ കവിത."

  ഉയരട്ടെ...
  കവിയുടെ മാനിഫെസ്റ്റോയില്‍ ഗഹനമായ ആശയങ്ങളുണ്ട്. ഈ കാലഘട്ടത്തിലും കവിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആരെങ്കിലുമൊക്കെ കാണാതിരിക്കില്ല. അല്ല കാണും.

  ReplyDelete
 11. ഉയര്‍ന്ന് വരണം..!!!
  അതാനാഗ്രഹിക്കുന്നത്.
  രോഷം ജ്വലിക്കുന്ന വരികള്‍

  ReplyDelete
 12. ഭാനുമാഷെ ,
  അതിശക്തമായ ഒരു കവിതയാണിത്.വെട്ടികളയാന്‍ ഒരു വാക്കുപോലുമില്ലാതെ ശില്‍പഭദ്രമാക്കിയിരിക്കുന്നു കവി. നിരവധി ബിംബലാങ്കൃതമാണീ കവിതപെണ്ണ്. ഒരു കവിയുടെ വളര്‍ച്ചയില്‍ ആനന്ദമുണ്ടെന്ന് പറയാതെ വയ്യ. നന്ദി!

  ReplyDelete
 13. അവന്‍റെ കവിത
  കള്ളത്തരംകൊണ്ടെഴുതിയ കറുത്തചരിത്രത്തെ
  ചവറ്റുകൊട്ടയിലേക്കു ചവിട്ടിതെറിപ്പിക്കുന്നു.
  -roaring of Neruda !
  Kavitha nannayittundu

  ReplyDelete
 14. സോണ ജി യുടെ കമന്റിനടിയില്‍ എന്റെ വക ഒരു ഒപ്പ്. എനിക്ക് പറയാനുണ്ടായിരുന്നത് സോണ വളരെ ഭംഗിയായി പറഞ്ഞിരിക്കുന്നു.

  ReplyDelete
 15. ഒത്തിരി മികച്ചൊരു കവിത

  ReplyDelete
 16. നന്നായിരിക്കുന്നു...
  ആശംസകൾ....

  ReplyDelete
 17. മികച്ച കവിത .
  താങ്കളുടെ നല്ല കവിതകളില്‍ ഒന്ന്.
  ഒരുപാടിഷ്ടമായി
  ആശംസകള്‍

  ReplyDelete
 18. നല്ല വരികള്‍..
  തീക്ഷ്ണം...

  ReplyDelete
 19. എന്തിലും കവി കവിത കാണുന്നു.

  ReplyDelete
 20. അടിമയുടെ അടങ്ങാത്ത രോഷമായി
  ആളിപ്പടരുന്ന അഗ്നിനാളമാണു കവിത.

  :)

  ReplyDelete
 21. "കനലില്‍ ചവിട്ടിയ കവി
  പൊള്ളുന്ന കവിതയെഴുതുന്നു.
  അവന്‍റെ തോട്ടത്തില്‍
  മഞ്ഞനിറമുള്ള വേദനയുടേയും
  ചുവപ്പുനിറമുള്ള നിലവിളിയുടേയും
  പൂക്കള്‍ വിരിയുന്നു." അതിശക്തമായ വരികള്‍ ....

  ReplyDelete
 22. അവർ ചോദിച്ചു
  നിങ്ങളെന്താണ് പൂക്കളേയും പുഴകളേയും
  കൂറ്റൻ അഗ്നിപർവ്വതങ്ങളേയും പറ്റി പാടാത്തത്...?
  ഞാൻ പറഞ്ഞു
  വരൂ.. ഈ തെരുവിലെ രക്തം കാണൂ
  കാണൂ ഈ തെരുവിലെ രക്തം...............
  നെരൂദ

  അഭിവാദ്യങ്ങൾ

  ReplyDelete
 23. തൂലിക പടവാളാക്കി മാറ്റാന്‍ കഴിയുന്നുണ്ടല്ലോ. നല്ല കവിത.

  ReplyDelete
 24. ഇതൊരു നല്ല നെൽ വിത്താകുന്നു..

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?