Posts

Showing posts from July, 2010

പേനയിൽ നിറഞ്ഞ മഷി

ഞാനവിശ്വസനീയമായ ഒരു കഥ എഴുതുകയായിരുന്നു. തികച്ചും സാങ്കൽപ്പീകം
. അതെന്റെ ഹൃദയത്തിന്റെ ഏതൊ ദുർബലതയിൽ നിന്നും ഒഴുകി വന്നു. എന്റെ പകൽ കിനാവുകളിലാണത്‌ രൂപം വച്ചത്‌. ഗ്രീഷ്മത്തിൽ മഞ്ഞുപൊഴിയുമ്പോലെ എന്റെ കഥയിൽ വാക്കുകളും കഥാപാത്രങ്ങളും പൊഴിഞ്ഞു വീണുകൊണ്ടിരുന്നു.

അപ്പോഴാണ്‌ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട്‌ ഒരു കഥാപാത്രം സംസാരിക്കാൻ തുടങ്ങിയത്‌. എന്റെ കഥയിലെ നായികയായിരുന്നു അവൾ. അവളെന്നോട്‌ കയർത്തുകൊണ്ട്‌ സംസാരിച്ചു. നിന്റെ ഇഷ്ടങ്ങൾക്കൊത്ത്‌ ചലിക്കാൻ വിധിക്കപ്പെട്ട ഒരു പീറ കഥാപാത്രമല്ല എന്നവൾ തർക്കിച്ചു. നിന്റെ സങ്കൽപ്പങ്ങൾ എത്ര പഴഞ്ചനും സ്വാർത്ഥവുമാണെന്നു് അവളെന്നെ പുച്ഛിച്ചു.

എടാ തന്തക്കു പിറക്കാത്തവനെ, നിന്റെ സ്വയംഭോഗത്തെ തൃപ്തിപ്പെടുത്തുവാനോ നിന്റെ എഴുത്ത്‌? നീ എന്റെ ജീവിതത്തെ അതിന്റെ വേദനയിൽ ദർശിച്ചിട്ടുണ്ടോ? ഒരു പെണ്ണ്‌ നെരിപ്പോടുപോലെ നീറി നീറി ജീവിക്കുന്നതിന്റെ യുക്തികൾ നിനക്കറിയുമോ? ഇല്ലെങ്കിൽ നീ എഴുതരുത്‌. കയറൂ ഈ പേനക്കുള്ളിൽ. ഇനി മഷിക്കു പകരം നീ. ഞാനെഴുതും. കൊല്ലന്റെ ആലയിലെ തീ പോലെ ഞാൻ കഠിനമായതിനെയെല്ലാം ഉരുക്കിയെടുക്കും. നീ വെറും മഷിയായി എന്റെ അക്ഷരങ്ങൾക്ക്‌ നിറം കൊടുത്താൽ മാത്രം …

അവൻ വരും വന്നു ചോദിക്കും

ഒരു പക്ഷെ അർദ്ധരാത്രിയിൽ
അതുമല്ലെങ്കിൽ നട്ടുച്ചയിൽ
കാക്കകരച്ചിലിനൊപ്പമോ
ത്രിസന്ധ്യക്കോ
ആകാശം പൊളിഞ്ഞു വീഴും പോലെ
ഭൂമി പിളർന്നു തുറക്കും പോലെ
അവൻ വരാതിരിക്കില്ല

കടലുകൾ കടന്ന് പത്തേമാരിയിൽ
ആകാശം തുരന്ന് പുഷ്പക വിമാനത്തിൽ
തുടികൾ കൊട്ടി തെരുവു പാട്ടുകാരനെപ്പോലെ
അട്ടഹസിച്ചുകൊണ്ട്‌ ഭ്രാന്തനെപ്പോലെ
ക്ഷുരകനായോ ആശാരിയായോ
വൈദ്യനോ മന്ത്രവാദിയോ
ഏതു രൂപത്തിലും
അവൻ വന്നെത്തിയേക്കാം

അവൻ വരും വന്നു ചോദിക്കും
നമ്മുടെ കൈവെള്ളയിലിരുന്ന്
ഈ ഭൂമി ദ്രവിച്ചു പോകുമ്പോൾ
നിങ്ങൾ എന്തു ചെയ്യുകയായിരുന്നുവെന്ന്?

അവൻ ശരം കുലക്കുമ്പോൾ
നീ ആയിരിക്കണം തേരാളി
അവൻ മൂർച്ചയേറിയ വാൾ
മിന്നലിന്റെ അഗ്നി
വേഗതയുടെ തേർച്ചക്രം
അവന്റെ കൊടി
നിന്റെ മുതുകിൽ നാട്ടണം
കൊടിമരത്തിനു മുകളിൽ
അവനുണ്ടാകും
നിന്റെ വിജയം ആഘോഷിക്കുവാൻ
കാഹളം മുഴക്കുവാൻ

ഗർഭിണി

ഗർഭാവസ്ഥ പോലെ
തേജസ്സാർന്ന എന്തുണ്ട്‌
ഈ ജൈവ വൃക്ഷത്തിൽ?

ഒരാൾ ഉണ്ണുന്നത്‌ ശ്വസിക്കുന്നത്‌
മറ്റൊരാൾക്കു കൂടിയാകുന്ന
പ്രകൃതിയുടെ ഉദാത്തത
തളിർക്കുന്നതിവിടെ മാത്രം.

പൊട്ടിച്ചിരിച്ചും കളിച്ചും
നടന്നൊരു പെൺകുട്ടി
രണ്ടായി ഇരട്ടിച്ച്‌
പുഴു ശലഭമായിമാറും പോലെ
ഒരൽഭുതം സംഭവിക്കുന്നു.

അപ്പോഴവൾ സ്നേഹത്തിന്റെ
ഉദാത്ത ഭാവത്തിലേക്കു
പരിവർത്തനം ചെയ്യപ്പെടുന്നു.
പാലാഴിയിൽ നിന്നും ഒരു കൈവഴി
അവളുടെ മുലകളിലേക്ക്‌
ഒഴുകിയെത്തുന്നു.
ദൈവത്തിന്റെ ഇരിപ്പിടത്തിൽ
അവൾ ഇരിക്കുന്നു.
സൃഷ്ടിയുടെ ആദിമ വേദന
ഉന്മാദമായ്‌ നിറയുന്നു.

ഉട്ടോപ്യയിലേക്കുള്ള യാത്രയിൽ

അന്ധൻ സ്വരത്തിന്റെ നൂലിൽ
നിറങ്ങളുടെ ചാരുത ദർശിക്കുന്നു.
അവനു മുൻപിൽ എല്ലാരൂപങ്ങളും
ശബ്ദത്തിന്റെ പരലുകളാൽ
നിർമ്മിക്കപ്പെട്ടിരിക്കുന്നു.
കാമിനിയെ ആലിംഗനം ചെയ്യുമ്പോൾ
കരങ്ങൾക്കുള്ളിൽ
അവളുടെ ഭംഗി വരയുന്നു.
തൊട്ടറിയുന്നതും
കേട്ടറിയുന്നതുമാണവന്റെ
സത്യം.
കണ്ടറിഞ്ഞവൻ
ഒരു സങ്കൽപം മാത്രം.
ബധിരന്‌ കേട്ടറിവു മിഥ്യ
കണ്ടറിവുമാത്രം സത്യം
പ്രകാശച്ചീളുകളാൽ
ലോകം അവനു മുന്നിൽ
വാതിലടച്ചിരിക്കുന്നു.
വെറുതേ തുറന്നു വച്ച കണ്ണുകളാൽ
അവൻ നിശ്ചലനായിരിക്കുന്നു.
കണ്ണും കാതും തുറന്നു വച്ചിട്ടും
നാം കാണാതെ പോകുന്ന ലോകമുണ്ട്‌.
ഞാൻ യാത്രചെയ്യുന്നത്‌
അത്തരമൊരു ലോകത്തേക്കാണ്‌.
വരൂ...

നഗരത്തിലെ ഉപേക്ഷിച്ചു പോകാനുള്ള തെരുവ്‌

നിന്റെ സൗഖ്യത്തിനു നീ ഉപയോഗിച്ചവ
ഇവിടെ നഗരത്തിന്റെ
ഈ അതിർത്തി തെരുവിൽ
ഉപേക്ഷിച്ചു പോയിരിക്കുന്നു

പഴകിയ ഉടുപ്പുകൾ
മെത്തകൾ, കാർപ്പറ്റ്‌,
ഉടഞ്ഞ നിലക്കണ്ണാടി,
കാലൊടിഞ്ഞ കസേരയും മേശയും,
പ്രവർത്തനം നിലച്ച ടിവിയും ഫ്രിഡ്ജും,
തീൻ കോപ്പകൾ,
ഉരിഞ്ഞ പഴത്തൊലികൾ,
ഭക്ഷണാവശിഷ്ടങ്ങൾ...

നീ ഭോഗിക്കുമ്പോൾ
അതെല്ലാം നിന്റെ ദേഹത്തെ, പാർപ്പിടത്തെ
തീൻ മേശയെ
തൃപ്തിപ്പെടുത്തിക്കൊണ്ടേയിരുന്നു
ഇപ്പോൾ ഈ തെരുവിൽ
അഴുക്കുചാലിൽ അവ
തിരസ്കൃതമായി കിടക്കുന്നത്‌
നിന്നെ വേദനിപ്പിക്കുന്നുണ്ടോ?

അതിനാൽ
തന്തയില്ലാതെ പിറന്ന
ഈ കുരുന്നിനേയും
ഇവിടെയുപേക്ഷിച്ച്‌
ഞാൻ പോകുന്നു.

ഇത്‌ ഭോഗാവസാനമുള്ള
അവശിഷ്ടങ്ങൾ
അലസമുപേക്ഷിച്ച്‌
പിൻതിരിഞ്ഞു നോക്കാതെ
നടന്നു മറയാനുള്ള ഇടം

പ്രണയിക്കുന്നവരോട്‌...

പ്രണയിക്കുമ്പോൾ
ആകാശ നീലിമയെ പ്രണയിക്കുവിൻ
അതിരുകളില്ലാത്ത
നിത്യ വിസ്മയമാണീ
പ്രണയം.

പ്രണയിക്കുമ്പോൾ
പറവകളെ പ്രണയിക്കുവിൻ
ചിറകുവിരിച്ചുയർന്നു പൊങ്ങും
അനന്ത സാധ്യതയാണീ
പ്രണയം.

പ്രണയിക്കുമ്പോൾ
സൂര്യതേജസ്സിനെ പ്രണയിക്കുവിൻ
വിശ്വവിജയിയായ
കരുണ്യപ്രകാശമണീ
പ്രണയം

പ്രണയിക്കുമ്പോൾ
അശ്വവേഗങ്ങളെ പ്രണയിക്കുവിൻ
കുതിച്ചു മുന്നേറും
ശക്തിസൗന്ദര്യ സ്വരൂപമാണീ
പ്രണയം

പ്രണയിക്കുമ്പോൾ
സമുദ്രപ്പരപ്പിനെ പ്രണയിക്കുവിൻ
നിതാന്ത നിശ്ചല
ആഴങ്ങളാണീ
പ്രണയം

പ്രണയിക്കുമ്പോൾ
വനാന്തരങ്ങളെ പ്രണയിക്കുവിൻ
നിഗൂഢമനിർവ്വചനീയ
ഉൾത്തടങ്ങളാണീ
പ്രണയം

പ്രണയിക്കുമ്പോൾ
ഹിമശൈലങ്ങളെ പ്രണയിക്കുവിൻ
ധ്യാനനിരത
നിശ്ചയ ധാർഷ്ട്യമാണീ
പ്രണയം

പ്രണയിക്കുമ്പോൾ
കുയിൽപാട്ടിനെ പ്രണയിക്കുവിൻ
സ്വരസംഗീത
സർഗ്ഗപ്രകൃതിയാണീ
പ്രണയം

ആരെ കാത്തിരിക്കുന്നു?

എന്റെ ഗ്രാമം എന്നെ കാത്തിരിക്കുന്നു

അമ്മയും അച്ഛനും പെങ്ങളും ഏട്ടനും
വീട്ടിലെ പട്ടിയും പൂച്ചയും
വെന്ത ചോറുമായടുക്കളയും
മുറ്റത്തെ ചെത്തിയും ചെമ്പരത്തിയും
മുക്കുറ്റിയും തുളസിയും
അശോകവും കാത്തിരിക്കുന്നു

തെങ്ങോലയും തത്തമ്മയും
ചോളവും കരിമ്പും
വിറകുപുരയിലെ കുഴിയാനകളും
മനസ്സു നിറയെ വെള്ളവുമായി
കിണറും കാത്തിരിക്കുന്നു.

കളിപ്പന്തുമായി അപ്പുവും
കണ്‍ നിറയെ തിളക്കവുമായി ഗീതയും
വഴിക്കണ്ണുമായി വഴികളും
പൊട്ടിച്ചിരിയുമായി കടത്തിണ്ണകളും കാത്തിരിക്കുന്നു

വീരഭദ്രനും നീശനും
നാഗ ദൈവങ്ങളും
കവിലമ്മയും കുരിശുമുത്തപ്പനും
യക്ഷിയും കൂളിയും കാത്തിരിക്കുന്നു
കൈകൾനീട്ടി സ്വന്തമാക്കാനൊരു പുഴകാത്തിരിക്കുന്നു
കടവും കടത്തു തോണിയും
പള്ളാത്തിയും പരൽമീനും
വെള്ളിലം താളിയും കാത്തിരിക്കുന്നു

ചായയും പുട്ടുമായി അയ്യപ്പേട്ടനും
നാടും നാട്ടാരും കാത്തിരിക്കുന്നു

ഞാനോ?... ഞാനോ?...
ഞാനാരെ കാത്തിരിക്കുന്നു?