Posts

Showing posts from August, 2010

മരണം എന്ന നാടകം

രംഗം ഒന്ന് ഞാന്‍ ഊതുന്ന ബലൂണുകള്‍ എന്റെ ശിരസ്സിനകത്തേക്ക് വീര്‍ത്തുപൊട്ടുന്നു കണ്ണുകള്‍ മസ്തിഷ്ക്കത്തിലേക്ക് കുഴിഞ്ഞു പോയിരിക്കുന്നു ഇപ്പോഴെന്റെ സ്വപ്നങ്ങളില്‍ മഷിയെഴുതിയ കണ്ണുകളില്ല വള കിലുക്കങ്ങളില്ല...
രംഗം രണ്ട് എന്റെ വീടിനു ചുറ്റും വിഷം തളംകെട്ടിക്കിടക്കുന്നു കാറ്റില്‍ ഭീഷണിയുടെ കത്തിമുനകള്‍ എന്റെ നാഡികള്‍ പിടഞ്ഞു പുറത്ത്ചാടി ഫണം വിരിച്ചു നില്കുന്നു. നഖങ്ങള്‍ മാംസത്തില്‍ തറഞ്ഞുകേറി ചുടുചോര ചീറ്റിത്തെറിക്കുന്നു.
അന്ത്യ രംഗം രംഗത്ത് ശൂന്യത മാത്രം നിശബ്ദതയുടെ അസഹ്യത നാടകം അവസാനിക്കയായി രക്തത്തിന്റെ തിരശ്ശീല വാര്‍ന്നിറങ്ങിക്കഴിഞ്ഞു...

എന്റെ ശവക്കുഴി തോണ്ടുന്നവരോട്

എന്റെ ശവക്കുഴി തോണ്ടുന്നവരേ
നിങ്ങളോട് ഒരു വാക്ക് ഒന്നുരിയാടട്ടെ;
എന്റെ ശവം
നിങ്ങള്‍ എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും
അത് മണ്ണിനുമീതെ ഉയിര്‍ക്കൊള്ളും.
കാരണം കാലാതീതമായ
ഒരു പ്രജ്ഞയുടെ തീ
എന്റെ നെഞ്ചിനകത്തുണ്ട്.
അതുകൊണ്ട് കുഴിച്ചിടും മുന്‍പ്
എന്റെ നെഞ്ചിന്‍ കൂട് പിളര്‍ക്കണം.
വാരിയെല്ലുകളില്‍ അള്ളിപിടിച്ച്ചിരിക്കുന്ന
അതിനെ ഊരിയെടുക്കണം.
നേരെ മുകളില്‍ ആകാശത്തിനു
എറിഞ്ഞു കൊടുക്കണം.
പെയ്യാന്‍ മടിച്ച് അലഞ്ഞു നടക്കുന്ന
മഴ മേഘങ്ങളില്‍ അവ പറ്റിപ്പിടിച്ചു കിടക്കും.
ഒരിക്കല്‍
ഋഷ്യശൃംഗന്മാര്‍ ഭൂമിയില്‍ അവതരിക്കുന്ന കാലത്ത്
ആര്‍ത്തു പെയ്യുന്ന മഴയ്ക്കൊപ്പം
വിദ്യുത്പ്രവാഹമായി
അത് ഭൂമിയെ പൊതിയും.
അപ്പോള്‍ ആകാശ ഗംഗയില്‍
ഭൂമി തേജസ്സാര്‍ന്ന ഒരു ഗോളമായി
പ്രശോഭിക്കും.
ഇനി നിങ്ങള്‍ക്കെന്നെ
കുഴിച്ചു മൂടാം.

സഖിയോട് (2)

പ്രിയേ.., രണ്ടു മുഖങ്ങളുള്ള ഒരു മനസ്സാണ് നാം ഹൃദയത്തിന്റെ രണ്ടറകള്‍ കരയും സമുദ്രവും പോലെ വേര്‍‌പിരിയാനാകാതെ എനിക്കുള്ളില്‍ നീ ഉണ്ടായിരുന്നു. ഞാനലഞ്ഞ പാതകളില്‍ എന്റെ നിഴല്‍ പോലെയല്ല എന്റെ അസ്ഥി പോലെയോ രക്തം പോലെയോ അല്ല ഞാനായി തന്നെ നീ ഉണ്ടായിരുന്നു... എന്റെ കവിതയുടെ വാക്കായി എന്റെ സ്വപ്നങ്ങളുടെ നിറമായി ജ്ഞാനത്തില്‍ ദീപ്തമായി അജ്ഞാതയായി നീ ഇരുന്നു. ഞാന്‍ അലഞ്ഞത് നിന്നില്‍ എത്തുവാന്‍ മാത്രം..

ഉരുളക്കിഴങ്ങിനോട്

മല്ലിയും മുളകും ഉള്ളിയും ചേര്‍ത്ത്
അമ്മയുണ്ടാക്കുന്ന മസാലക്കറിയായി
അതിന്റെ ചുണ്ടു പൊള്ളുന്ന രുചിയായി
കുഞ്ഞിലേ എനിക്കു നിന്നെ അറിയാം.
പിന്നീട്
മല്ലിയിലയും പച്ച മുളകും ചേര്‍ത്തു കുഴച്ചുണ്ടാക്കിയ
മറാത്തികളുടെ വടയായും നിന്നെ ആസ്വദിച്ചു.
നീളത്തില്‍  അരിഞ്ഞ്
ഉപ്പു ചേര്‍ത്ത് വറുത്തെടുത്ത
പാശ്ചാത്യന്‍  ഫ്രഞ്ചു ഫ്രൈ ആയും
നിന്റെ മേന്മകള്‍ ഞാന്‍ അടുത്തറിയുന്നു.
വാന്‍ഗോഗിന്റെ വിശ്വപ്രസിദ്ധ ചിത്രമായ
ഉരുളക്കിഴങ്ങു തിന്നുന്നവരില്‍
നിന്റെ സൌന്ദര്യ ശാസ്ത്രം ഞാന്‍ വായിച്ചെടുത്തു .

എങ്കിലും
മണ്ണില്‍ നിന്റെ പടര്‍‌പ്പ്
നിന്റെ തളിരിലകളുടെ ഗന്ധം
നിന്നെ ചുംബിച്ച സുര്യ കിരണങ്ങളുടെ അനുരാഗം
ഇന്നേവരെ ഞാന്‍ അറിഞ്ഞില്ല.
നിന്നെ നട്ടു വളര്‍ത്തിയ കരങ്ങളുടെ
വിശപ്പും വ്യഥയും
ഒന്നുമൊന്നും  എനിക്കറിഞ്ഞുകൂടാ

നിന്നെ അറിയും എന്ന എന്റെ കപട നാട്യത്തില്‍
നിന്നില്‍ നിന്നും എന്നിലേക്കുള്ള 
ദൂരം മാത്രം ഞാന്‍ അളന്നു.
നിന്നില്‍ നിന്നും നിന്നിലേക്കുള്ള ദൂരമാണ്
ശരിയായ നീ എന്ന്
എനിക്കോ നിനക്കോ അറിഞ്ഞു കൂടാ.

പൂമരമുണ്ടായത്

ഇന്നലെ നിന്റെ വാക്ക്  വന്നെന്നെ കെട്ടിപ്പിടിച്ചു
എന്റെ മൂര്‍‌ദ്ധാവില്‍,
കണ്ണില്‍, കാതില്‍,
ചുണ്ടില്‍, രാഗത്തില്‍,
പരാഗത്തില്‍,
ശോണ ബിന്ദുക്കളില്‍
അസ്ഥികളില്‍
തെരുതെരാ ചുംബിച്ചു.
എന്തൊരാവേശമായിരുന്നു
നിന്റെ വാക്കുകള്‍ക്ക്‌
ചുംബിച്ചു ചുംബിച്ച്
നീ എന്നെ
ഒരു പൂമരമാക്കിയിരിക്കുന്നു.
എന്റെ പൂക്കളിലെ സുഗന്ധം
നിന്റെ വാക്കല്ലാതെ
മറ്റെന്താണ് ?

നിശ്ശബ്ദം

ഞാന്‍ എവിടെയാണ്
ഈ ചുമരുകള്‍  എന്നോട്
നിശ്ശബ്ദം പറയുന്നതെന്താണ്
പുറത്തേക്ക് ഒറ്റജനല്‍ മാത്രമുള്ള
ഈ മുറിയല്‍ എന്നെ അടച്ചിട്ടതാരാണ്
പുറത്തെന്തേ വെയില്‍
ഇങ്ങനെ തിളച്ചുപൊന്താന്‍
ഞാനടിച്ചുവാരിയ മുറ്റമാകെ
പവിഴമല്ലികള്‍  വാരിവിതറാറുള്ള
എന്റെ  കൂട്ടുകാരനെവിടെ
അവന്റെ പാട്ടും താളവുമെവിടെ
എന്റെ കാല്‍‌ചിലങ്ക മോഷ്ടിച്ചതാരാണ്
തല നിറയെ കൂറകള്‍ ഇഴയുന്നല്ലോ
കരിന്തിരിയുടെ മണം ഞാന്‍ ശ്വസിക്കുന്നല്ലോ
ഒരു കിളിപോലും ചിലക്കുന്നില്ലല്ലോ
ഘടികാരത്തിന്റെ മിടിപ്പുപോലും ഇല്ലാത്ത
ഈ ഏകാന്തത തിരിച്ചെടുക്കൂ...
എന്റെ മിഴികളില്‍ വിളക്ക് കാണിക്കൂ...

സഖിയോട്‌

പ്രിയസഖി..,
സിംഹാരൂഢയായ മഹേശ്വരിയെപ്പോലെ
ആയുധപാണിനിയായ അമ്മയാണ് നീ
ഒന്നില്‍ സ്നേഹത്തിന്‍റെ ചെന്താമര
മറ്റൊന്നില്‍ ധീരതയുടെ ശംഖ്
വേറൊന്നില്‍ പ്രണയത്തിന്‍റെ മയില്‍പ്പീലി
ഇനിയൊന്നില്‍ കാരുണ്യത്തിന്‍റെ സഹനമുദ്ര

ദേവീ..,
നീ എന്റെ ഹൃദയേശ്വരിയും
അമ്മയും പ്രാണനുമാണ്. നിന്‍റെ മടിയില്‍ ബാല്യമായി
കരയുകയും ചിരിക്കുകയും ചെയ്യുന്നൂ ഞാന്‍

പ്രിയസഖി..,
എന്‍റെ കണ്ണുകളുടെ മാര്‍ഗ്ഗമായി
നീ എന്‍റെ മിഴികള്‍ക്കുള്ളില്‍ ഇരിക്കുന്നു...
എനിക്കു മുന്നേ നടന്നുകൊണ്ട്
എന്നിലെ ഇരുട്ടിനെ ആട്ടിയോടിക്കുന്നു
എനിക്കു മീതെ സ്നേഹത്തിന്‍റെ
അമൃതം നീ വര്‍ഷിക്കുന്നു
എന്‍റെ സിരകളില്‍
രക്ത തിരകളായി അലയടിച്ചുയരുന്നു
കാട്ടു ചെമ്പകം പൂത്ത സുഗന്ധവുമായി
നീ എന്നെ ചുറ്റി പിണഞ്ഞിരിക്കുന്നു
നിലാവിന്‍റെ വെള്ളിക്കംബളം
കൊണ്ടു പുതപ്പിക്കുന്നു
എന്നില്‍ ആയിരം ശരത്കാലങ്ങള്‍
എഴുതി ചേര്‍ത്തിരിക്കുന്നു.

പ്രിയസഖി..,
ഇനി ഞാന്‍ പര്‍വ്വതങ്ങളെ
അനായാസം കീഴടക്കും
മണല്‍ക്കാടുകളിലേക്ക്
തെളിനീരായ് പ്രവഹിക്കും
എന്‍റെ കൈകള്‍ ചിറകുകളായി വിടരും
സൂര്യരഥത്തിന്‍റെ തേരാളിയായി
ആകാശ നീലിമക്കു മീതെ കുതിച്ചുയരും.

ദേവീ.., വരിക
സിംഹഗര്‍‌ജ്ജനങ്ങളാല്‍ ഈ മൗനത്തെ
നീ ഭേദ…

ദൈവനിന്ദ

കാലം മാറി, കഥയും...
ആയതിനാല്‍
ഞാനും ഏര്‍പാടാക്കി
ഒരു കൊട്ടേഷന്‍ സംഘത്തെ
ഇനി ദൈവനിന്ദ ചെയ്യുന്നവര്‍ക്ക്
അങ്ങ് ആകാശത്തിലല്ല
ഇവിടെ ഭൂമിയില്
ഞാന്‍ നീതി നടപ്പിലാക്കും
കൊത്തി അരിയും കൈകാലുകള്‍

സഹശയനം

പുലിപ്പുറത്ത്‌ കയറിയവരുണ്ട്‌
ഞാനോ, പുലിയോടൊത്തു ശയിക്കുന്നവൾ
നിദ്ര കൈവെടിഞ്ഞവൾ
എപ്പോഴാണ്‌ അവനുണരുകയെന്നും
അവന്റെ നഖമുനതട്ടി
ചോരകിനിയുകയെന്നും അറിഞ്ഞുകൂട.
അവനെന്നെ ചുംബിക്കുമ്പോൾ
ചുണ്ടുകൾ മുറിഞ്ഞു പോകരുത്‌.
എന്റെ രക്തത്തിന്റെ രുചി
അവനെ ഉന്മത്തനാക്കും
അപ്പോഴവൻ
എന്റെ പുറം രുചിയേക്കാൾ
അകം രുചിയുടെ വശ്യതയിൽ
സ്വയം നഷ്ടപ്പെട്ടുപോകും
അതുകൊണ്ട്‌ അവനുണരുമ്പോൾ
അവന്റെ ഭോഗങ്ങളെ ഊട്ടി
അവന്റെ നോട്ടങ്ങളെ താലോലിച്ച്‌
പുലിപ്പെണ്ണെന്ന നാട്യത്തിൽ
അഹങ്കാരിയായി വാഴുന്നു.
ഈ വഴ്‌വിന്റെ നോവ്‌
അറിയുന്നതെത്രപേർ?

ഭൂമിയുടെ അവകാശികള്‍

സാത്താനായും ഈശ്വരനായും
തൃഷ്ണയായും രൂപംപൂണ്ട്‌
നിന്‍റെ സ്വപ്നങ്ങളില്‍ ഇഴഞ്ഞു.
എന്നേപ്പോലെ ഭൂമിയെ അളന്നവര്‍
എത്രപേരുണ്ട്‌ നിങ്ങളുടെ കൂട്ടത്തില്‍?

സ്വരത്തെ മണ്ണില്‍ കുഴച്ച
സംഗീതമായ്‌ നെഞ്ചില്‍ സ്വീകരിച്ചു.
ഭൂഗോളത്തിന്‍റെ തുടിപ്പുകളെ
ശരീരത്തില്‍ ആവാഹിച്ചു.
ഒരടി മണ്ണുപോലും സ്വന്തമാക്കിയില്ല.
മാളങ്ങളില്‍ അമ്മ വിയര്‍ക്കുംപോലെ വിയര്‍ത്തു.
പിറവിയെടുത്തിട്ടും പേറ്റമ്മയുടെ വയറ്റില്‍ വളര്‍ന്നു.

പതിയിരുന്ന്‌ ആക്രമിച്ചില്ല
പക കൊണ്ടു നടന്നില്ല
മൂര്‍ദ്ധാവില്‍ കൊത്തിയില്ല

രൂപങ്ങള്‍ നീ വരക്കും മുന്‍പേ വരച്ചൂ
നിന്‍റെ നാട്യങ്ങള്‍ക്ക്‌
ഫണം വിരിച്ചാടി
ചിന്തയില്‍ വിഷം കലര്‍ത്തിയില്ല.
പതിയെ ഇഴഞ്ഞു
പതിയെ നോക്കി
ചിന്തിച്ചതും സ്വപ്നം കണ്ടതും
വളരെ പതുക്കെ.

ശിരസ്സില്‍ ചവിട്ടിയവരോട്‌
നട്ടെല്ലു തകര്‍ത്തവരോട്‌
സര്‍പ്പങ്ങള്‍ പൊറുക്കും.

വളഞ്ഞുകൊത്തിയത്‌
വേദനകൊണ്ടു മാത്രം.
ആ കൊത്തല്‍
സ്വന്തം വംശത്തിന്‍റെ മൂര്‍ദ്ധാവിലാണെന്ന്‌
ഇന്നും തിരിച്ചറിവില്ല.

മണ്ണില്‍ പതിഞ്ഞു കിടന്നിട്ടും
നിങ്ങള്‍ക്കെന്നെ പേടി
അപ്പോള്‍ വാലില്‍ എഴുന്നു നിന്നാല്‍
എന്നിലെ വിഷത്തെ
നിന്‍റെ വിഷത്തിനു മേല്‍ തൂവിയാല്‍...