Posts

Showing posts from September, 2010

സഖിയോട്‌ (5)

പ്രിയേ,
നീ എനിക്കു പകര്‍ന്നു നല്‍കുന്ന സ്നേഹം
എത്രയോ മേന്മയുറ്റതാണ്
അതിനെ ഉപമിക്കാന്‍  ഭൂമിയില്‍ മറ്റൊന്നും ഇനിയില്ല
എനിക്കും നിനക്കുമിടയില്‍
താഴ്വരകളോ കൊടുമുടികളോ ഇല്ല
ഞാനൊരു പൂമരമാണെന്ന്  വെറുതേ അഹങ്കരിച്ചു പോയതാണ്
നീ സ്നേഹത്തിന്റെ അനന്തമായ സമുദ്രം  ഞാനിപ്പോള്‍ ആരെയും ഭയക്കുന്നില്ല
ആരേയും കാണുന്നും ഇല്ല
എന്റെ കപ്പല്‍  നിന്റെ സാമ്രാജ്യത്തിലേക്ക് കുതിക്കുന്നു.
വന്‍കരകള്‍ അപ്രത്യക്ഷമായിരിക്കുന്നു.
ഇനി നിന്റെ സ്നേഹ സമുദ്രം മാത്രമേയുള്ളൂ.
ഈ യാത്രയില്‍ ഞാന്‍ ഏകനല്ല
നിന്നെ വലയം ചെയ്ത  എന്റെ കരങ്ങള്‍ക്കുള്ളില്‍
നീ വിശ്രമിക്കേ
ഞാന്‍ നിന്നിലേക്ക്‌  യാത്ര ചെയ്യുന്നു.

നിന്റെ കണ്ണുകള്‍ക്ക് ഇപ്പോഴും ചോരമണം.

Image
(ദാരിദ്ര്യമുള്ളിടത്തോളം കാലം 
പോരാട്ടം തുടരുക തന്നെ ചെയ്യും)
വിപ്ലവ കവി ഗദ്ദര്‍.


ബയണറ്റുകള്‍ 
നിന്റെ കണ്ണുകള്‍ തുരന്നെടുത്ത്
വയനാടന്‍ മലകള്‍ക്ക് 
എറിഞ്ഞു കൊടുത്തിട്ട്‌
വര്‍ഷങ്ങള്‍ 
ഏറെ കഴിഞ്ഞിരിക്കുന്നു.

നിന്റെ സഖാക്കള്‍ ശത്രുവിനൊപ്പം
പന്തി ഭോജനം നടത്തുന്ന
ശ്വാനയുഗത്തിലാണ് ഞാന്‍.
വേട്ട നായക്കൊപ്പം അവരുടെ ചിരി
വിഡ്ഢിവേഷം കെട്ടിയ കോമാളിയെപ്പോലെ
രാഷ്ട്ര കിങ്കരന്മാരെ രസിപ്പിക്കുന്നുണ്ട്.

എങ്കിലും പ്രിയ വര്‍‌ഗ്ഗീസ്..,
തൃശ്ശ്നേരിയില്‍ നിന്നും
നിന്റെ രക്തം
വയനാടന്‍ ചുരമിറങ്ങി വരുന്നത്
ഞാന്‍ തിരിച്ചറിയുന്നു.
മറവിയില്‍ മൂടിയിടാനാകാത്ത
സ്മരണയുടെ നെടും സ്തൂപമാണ് നീ...
മനുഷ്യനെ പ്രണയിക്കാന്‍ ആഹ്വാനം ചെയ്ത
ഒരു മഹത്വത്തെ നീ
ഇടം നെഞ്ചില്‍ ആലേഖനം ചെയ്തുവല്ലോ...
നീ നടക്കുമ്പോള്‍
കുറുനരികളും സര്‍പ്പങ്ങളും
പകച്ചു പോയിരുന്നു.
മലഞ്ചെരുവില്‍; നിന്റെ കണ്ണുകള്‍
സൂര്യനേക്കാള്‍ ശ്രേഷ്ഠമായി
പുഞ്ചിരി പൊഴിച്ചിരുന്നു.
നീ സംസാരിച്ചത്
വരാനിരിക്കുന്ന സ്വപ്നങ്ങളോടാണ് ...
നിന്റെ അമ്പുകള്‍
അടഞ്ഞു കിടന്ന വാതിലുകളെ
ഹുങ്കാരവത്തോടെ തുറന്നു.
നിന്റെ അടയാളങ്ങള്‍
ദരിദ്രന്റെ ഹൃദയത്തില്‍ മുദ്രണം ചെയ്തിരിക്കുന്നു.
അത് കാലത്തിനു കുറുകെ
നീട…

ഇഴ ചേര്‍‌‌ക്കലിനിടയില്‍ സംഭവിക്കാവുന്നത്‌

വര്‍ണ്ണ നൂലുകള്‍  ഇഴ ചേര്‍ത്ത്  തുന്നിക്കയറുക രസകരമാണ് .
സൂക്ഷിക്കണേ.., സൂചി കൈവിരലുകളില്‍ നിന്നും നിന്റെ മാംസത്തിലേക്ക്  തുളഞ്ഞു പോകാനിടയുണ്ട് അത് നിന്റെ രക്തത്തില്‍  ഓടി നടക്കും പിന്നെ കുസൃതി കുരുന്നിനെപ്പോലെ നുള്ളി നോവിക്കും  മിഴിയിലും ഹൃദയത്തിലും കുത്തി നോവിക്കും

നിരാശാഭരിതനായ എന്റെ സുഹൃത്തിന്

പ്രിയ സുഹൃത്തെ,  എല്ലാം ശരിയാണ്. നീ പറഞ്ഞതും  ഞാന്‍ കേട്ടതും  എല്ലാം...
നഗരകവാടത്തിലെ പൊതു ഘടികാരം ഇന്നലെയിലേക്ക് തിരിയുന്നതും പഴയ ചുമരെഴുത്തുകള്‍ അടര്‍ന്നു വീണ്‌ മനസ്സുകളില്‍  പൊടിപിടിച്ചതും പുഴയില്‍  വിഷമൊഴുകി മത്സ്യങ്ങള്‍  ചത്തു പൊന്തിയതും പാടങ്ങള്‍ കരിഞ്ഞു പോയതും.. എല്ലാം...
സുര്യന്റെ മുഖം പോലും വിവര്‍ണ്ണമാണ് ചന്ദ്രന് പഴയ വെള്ളിത്തിളക്കമില്ല നക്ഷത്രങ്ങള്‍ ഭയപ്പാടോടെ  എത്തിനോക്കുന്നു. മകരത്തിലെ മഞ്ഞ് മലകയറി പോയിരിക്കുന്നു.  കര്‍ക്കിടകം കണ്ണീരുകൊണ്ട്  മഴനനക്കുന്നു.
ഭ്രമണ പഥത്തില്‍ നിന്നും ഊര്‍‌ന്നുപോയതു പോലെ ഭൂമി വിഭ്രാന്തിയിലാണ് നമ്മുടെ കുട്ടികള്‍ ചിരിക്കാന്‍ മറന്നു പോയിരിക്കുന്നു. ഗ്രാമത്തിലെ നടപ്പാതകളില്‍ ശത്രുവിനെക്കാത്ത് പതുങ്ങി നില്‍‌പാണ് അവര്‍. രാഷ്ട്രീയ സംവാദങ്ങളാല്‍ മുഖരിതമായ നാല്‍ക്കവലകളില്‍ ആളനക്കമില്ല . മാവേലി സ്റ്റോര്‍‌കളുടെ നീണ്ട ക്യൂവില്‍  നിന്ന്‌ നമ്മുടെ പെണ്ണുങ്ങള്‍ നരച്ചു പോയിരിക്കുന്നു. അണിഞ്ഞൊരുങ്ങുവാനോ  അനുരാഗത്തോടെ നോക്കുവാനോ അവര്‍ക്കൊട്ടു നേരമില്ല. സ്വപനങ്ങള്‍ നഷടപ്പെട്ട യുവത്വം സെല്‍ ഫോണിലെ സംഗീതത്തില്‍,  മൂവി ക്ലിപ്പുകളില്‍  സ്വയം ആവിഷകരിച്ചുകൊണ്ട്‌‌  സായൂജ്യമടയുന്നു. ഇരുട്ടിലല്ല, വെളിച്ചത്ത…

സഖിയോട്‌ (4)

പ്രിയ സഖീ,
നീ എനിക്കരികില്‍  ഉണ്ടായിരുന്നുവെങ്കില്‍
ഞാന്‍ നിന്റെ കണ്ണുകളില്‍ മാത്രം നോക്കിയിരിക്കും
നിന്റെ കണ്ണുകളില്‍ മാത്രം ഞാന്‍ ഉമ്മവയ്ക്കും
അവ അനിര്‍വ്വചനീയമായ മഹാസമുദ്രങ്ങള്‍
അവ ധ്യാന നിരതനായ ബുദ്ധനെ ഓര്‍മിപ്പിക്കുന്നു.
അവ മാന്ത്രിക ലോകത്തേക്ക് തുറക്കുന്ന വാതായനങ്ങള്‍
എന്റെ മഴവില്ലുകള്‍ വര്‍ണം വിതയ്ക്കുന്നത്
നിന്റെ കണ്ണുകളിലാണ്
മയിലുകള്‍ നൃത്തം ചെയ്യുന്നതും
വര്‍ഷമേഘങ്ങള്‍ ചൊരിയുന്നതും
നിന്റെ നീല നേത്രങ്ങളില്‍.
അവിടെ ക്ഷീരപഥങ്ങളുടെ അനന്തത
ഞാന്‍ ദര്‍ശിക്കുന്നു.
വെറും രണ്ടു കണ്ണുകളാല്‍
നീ എന്നെ മോഹിപ്പിക്കുന്നു.
എന്റെ തോണി നിന്റെ പാല്‍ക്കടലില്‍
അകപ്പെട്ടു പോയിരിക്കുന്നു.
നിന്റെ മിഴിപ്പീലി കൊണ്ട് വേണം
എന്റെ ജീവിതം തുഴയാന്‍
മനോഹരീ... വരിക,
എന്നെ ദുരിതത്തിന്റെ
ഈ പ്രേത ഭൂമിയില്‍ നിന്നും വിമോചിപ്പിക്കുക
നഷ്ടപ്പെട്ട നമ്മുടെ ഏദന്‍ തോട്ടം
ഞാന്‍ പുനര്‍ നിര്‍മ്മിച്ചുകൊള്ളട്ടെ...

കാക്കയ്ക്ക് പറയാനുള്ളത്

ഇരുട്ട് മുഴുവന്‍ കൊത്തിവിഴുങ്ങി
കറുത്തുപോയ കാക്കകള്‍
കാ കാ എന്നലറിക്കരഞ്ഞപ്പോഴാണ്
നേരം പുലര്‍ന്നത്
അല്ലാതെ
അങ്കവാലന്‍ കോഴിയുടെ
സ്വരമാധുര്യം കൊണ്ടല്ല

കടല് കൊത്തി പറക്കുന്ന കാക്ക
നിങ്ങളോട് ഒരു സത്യം വിളിച്ചു പറയുന്നു.
കാകന്‍ കണ്ണുകള്‍ ഒന്നും കാണാതിരിക്കുന്നില്ല

നീ വലിച്ചെറിഞ്ഞ അഴുക്ക്
കാക്ക കൊത്തിവലിക്കുന്നു
കാക്ക കുളിക്കുന്നത് കൊക്കാകാനല്ല
കൊക്കായതുകൊണ്ട് മാത്രം
പരിശുദ്ധിയുണ്ടാവില്ലെന്ന്‍ ഓര്‍മ്മിപ്പിക്കാനാണ്.

ബലിച്ചോറ് കൊത്തുന്ന കാക്കയ്ക്ക്
നിന്നോട് പരമപുച്ഛമാണ്.
നിന്റെ ആത്മനിന്ദയുടെ അഴുക്ക്
കൊത്തി മാറ്റുകയാണ്‌
കാക്ക

സഖിയോട്‌... (3)

നിസ്വാര്‍ത്ഥം
നാരായണന്‍ വിലക്കാത്ത വായിലൂടെ സ്നേഹത്താല്‍ ഉമ ഞെരുക്കാത്ത കണ്ഠത്തിലൂടെ കാളകൂടം പാനം ചെയ്യുന്നൂ ഞാന്‍
തിരികെ ലഭിക്കാത്ത ചുംബനമാണല്ലോ എന്റെ പ്രണയം. കാഞ്ഞിരത്തിന്റെ രുചിയുള്ള അമ്ലമായി അതെന്റെ ജീവനിലേക്കു തികട്ടിവരുന്നു...
എന്നിരുന്നാലും ക്രൂശിക്കപ്പെട്ടവന്റെ സ്വാസ്ഥ്യമാണ് എനിക്ക്
നിന്റെ മടിയില്‍ കിടത്തി എന്റെ മുറിവുകള്‍ തീത്തൈലം പോലുള്ള നിന്റെ ചുണ്ടുകള്‍കൊണ്ട് ചുംബിച്ചുണക്കും എന്നു കിനാവ്‌ കാണാനാണ് എനിക്കിഷ്ടം.

ജീവിതഗാനം

കാട്ടിൽ വസന്തം വിരിയിച്ച പൂക്കളുടെ പരാഗങ്ങളിൽ  സുഗന്ധമായി, പുലരി വെളിച്ചത്തിന്റെ വജ്ര സൂചികളിൽ  മാരിവിൽ തിളക്കമായി, മഴ പെയ്തു നിറയുന്ന ജലാശയങ്ങളിലെ  മധുരം നിറഞ്ഞ മത്സ്യമോഹങ്ങളിൽ, എന്റെ സ്വപ്നങ്ങളുടെ ആവേഗവും തത്വജ്ഞാനവുമായി നീ എന്നും  എന്നോടൊപ്പമുണ്ടായിരുന്നു. നഗരത്തിലെ ഇരമ്പുന്ന ജനങ്ങളുടെ മന്ത്രിക്കുന്ന മനസ്സുകളിൽ, ഗ്രാമങ്ങളിൽ മൂരിനിവരുന്ന  ഗോതമ്പു പാടങ്ങളിൽ, മരുഭൂമികളിൽ  അലയുന്ന ഒട്ടകങ്ങളുടെ ഉയർത്തി പിടിച്ച ശിരസ്സുകൾക്കു മുകളിൽ, നിന്റെ കൊടിക്കൂറ വീശിയടിക്കുന്നത്‌ ഞാൻ കാണുന്നു. ശൈത്യം പൊഴിച്ചിട്ട  ഈ മഞ്ഞ ഇലകൾക്കു മീതെ വീശിയടിക്കാൻ  കാറ്റ്‌ അതിന്റെ ഗുഹാന്തരങ്ങളിൽ  തയ്യാറെടുക്കുന്നു. എല്ലാം തീർന്നില്ല,  തുടങ്ങുന്നതേയുള്ളു എന്ന കാറ്റിന്റെ മൂളൽ  ഞാൻ തിരിച്ചറിയുന്നു.