കാക്കയ്ക്ക് പറയാനുള്ളത്

ഇരുട്ട് മുഴുവന്‍ കൊത്തിവിഴുങ്ങി
കറുത്തുപോയ കാക്കകള്‍
കാ കാ എന്നലറിക്കരഞ്ഞപ്പോഴാണ്
നേരം പുലര്‍ന്നത്
അല്ലാതെ
അങ്കവാലന്‍ കോഴിയുടെ
സ്വരമാധുര്യം കൊണ്ടല്ല

കടല് കൊത്തി പറക്കുന്ന കാക്ക
നിങ്ങളോട് ഒരു സത്യം വിളിച്ചു പറയുന്നു.
കാകന്‍ കണ്ണുകള്‍ ഒന്നും കാണാതിരിക്കുന്നില്ല

നീ വലിച്ചെറിഞ്ഞ അഴുക്ക്
കാക്ക കൊത്തിവലിക്കുന്നു
കാക്ക കുളിക്കുന്നത് കൊക്കാകാനല്ല
കൊക്കായതുകൊണ്ട് മാത്രം
പരിശുദ്ധിയുണ്ടാവില്ലെന്ന്‍ ഓര്‍മ്മിപ്പിക്കാനാണ്.

ബലിച്ചോറ് കൊത്തുന്ന കാക്കയ്ക്ക്
നിന്നോട് പരമപുച്ഛമാണ്.
നിന്റെ ആത്മനിന്ദയുടെ അഴുക്ക്
കൊത്തി മാറ്റുകയാണ്‌
കാക്ക

Comments

 1. നല്ല കവിത.
  എല്ലാവരും മനുഷ്യര്‍ക്ക് എതിരെയാണല്ലോ..... ആശംസകള്‍

  ReplyDelete
 2. ഇതു വായിച്ചപ്പോള്‍ വൈലോപ്പിള്ളിയുടെ വരികള്‍ ഓര്‍‌മ്മ വന്നു.

  "കൂരിരുട്ടിന്‍ കിടാത്തിയെന്നാല്‍
  സൂര്യപ്രകാശത്തിനുറ്റ തോഴി
  ചീത്തകള്‍ കൊത്തി വലിക്കുകിലും
  ഏറ്റവും വൃത്തി വെടിപ്പെഴുന്നോള്‍"

  "കാക്ക" ഞാന്‍ ജീവിതത്തില്‍ ആദ്യമായി കണ്ട പക്ഷി.

  പിതൃക്കളുടെ ആത്മാവാണ്‌ ബലിച്ചോറുണ്ണാന്‍ എത്തുന്ന കാക്ക എന്ന വിശ്വാസത്തിലൂടെ മറ്റൊരു പക്ഷിക്കും കിട്ടാത്ത സ്ഥാനമാണ്‌ കാക്കയ്ക്ക് ലഭിച്ചിരിക്കുന്നത്.

  കാക്കയെ കുറിച്ചുള്ള കവിത നന്നായി ഭാനു.

  ReplyDelete
 3. kavitha nannayirikkunnu, Bhanu, asamsakal.

  ReplyDelete
 4. ഇരുട്ട് മുഴുവന്‍ കൊത്തിവിഴുങ്ങി
  കറുത്തുപോയ കാക്കകള്‍
  കാ കാ എന്നലറിക്കരഞ്ഞപ്പോഴാണ്
  നേരം പുലര്‍ന്നത്
  അല്ലാതെ
  അങ്കവാലന്‍ കോഴിയുടെ
  സ്വരമാധുര്യം കൊണ്ടല്ല
  കൊള്ളാം നല്ല ഭാവന

  ReplyDelete
 5. കവിത ഇഷ്ടപ്പെട്ടു.

  ReplyDelete
 6. "കാക്ക കുളിക്കുന്നത് കൊക്കാകാനല്ല
  കൊക്കായതുകൊണ്ട് മാത്രം
  പരിശുദ്ധിയുണ്ടാവില്ലെന്ന്‍ ഓര്‍മ്മിപ്പിക്കാനാണ്."

  സത്യം. സമൂഹം എന്നത് കുളക്കടവിൽ ഒറ്റക്കാലിൽ ധ്യാനിച്ച് മന്ത്രമുരുവിട്ട് ആദരവ് നേടുന്ന കൊക്കുകളുടേതല്ല. പണിയെടുക്കുന്ന കാക്കകളുടേതാണ്. എന്നിട്ടും അവർ ദലനം ചെയ്യപ്പെട്ടവർ. എത്രകാലം കൊക്കുകൾക്കും കോഴികൾക്കും സമൂഹത്തെ പറ്റിക്കാനാകും..? കേൽക്കുന്നില്ലേ അങ്ങകലെ ചക്രവാളത്തിൽ കാക്കകളുടെ മുദ്രാവാക്യങ്ങൾ... അവർ ഹരിജനമല്ല, ജനം തന്നെയാണെന്ന് സമൂഹത്തിനു മനസ്സിലാകുന്ന നാൾ അടുത്തുകഴിഞ്ഞു.ആശംസകൾ

  ReplyDelete
 7. ബലിച്ചോറ് കൊത്തുന്ന കാക്കയ്ക്ക്
  നിന്നോട് പരമപുച്ഛമാണ്.
  നിന്റെ ആത്മനിന്ദയുടെ അഴുക്ക്
  കൊത്തി മാറ്റുകയാണ്‌
  കാക്ക.

  ReplyDelete
 8. ഭാനു നല്ല കവിത....സസ്നേഹം

  ReplyDelete
 9. ഭാനുവേട്ടാ,
  ഈ കവിത വായിച്ചപ്പോള്‍ സ്കൂളില്‍ പഠിച്ച ഒരു കഥയും വൈലോപ്പിളിയുടെ വായാടി ഉദ്ധരിച്ച കവിതയും ഓര്‍മവന്നു.
  നമ്മുടെ സംസ്കാരത്തില്‍ മറ്റേതൊരു പക്ഷിക്കും ലഭിക്കാത്ത സ്ഥാനമാണ് കൂരിരുളിന്‍ കിടാതിയ്ക്ക്.
  ആശംസകള്‍

  ReplyDelete
 10. നന്നായിരിക്കുന്നു.

  ബലിച്ചോറ് കൊത്തുന്ന കാക്കയ്ക്ക്
  നിന്നോട് പരമപുച്ഛമാണ്.
  നിന്റെ ആത്മനിന്ദയുടെ അഴുക്ക്
  കൊത്തി മാറ്റുകയാണ്‌
  കാക്ക

  ഇതു ശരിയാണോ?
  നിനക്കും ബലിച്ചോറ്‌ തരാൻ ആരെങ്കിലും ഉണ്ടാകുമോ എന്ന ഓർമ്മിപ്പിക്കലല്ലേ അത്‌?

  ReplyDelete
 11. കാക്ക കുളിക്കുന്നത് കൊക്കാകാനല്ലകൊക്കായതുകൊണ്ട് മാത്രംപരിശുദ്ധിയുണ്ടാവില്ലെന്ന്‍ ഓര്‍മ്മിപ്പിക്കാനാണ്. ഇതാണേറ്റംഇഷ്ടമായത്.

  ReplyDelete
 12. ഇരുട്ട് മുഴുവന്‍ കൊത്തിവിഴുങ്ങി
  കറുത്തുപോയ കാക്കകള്‍
  കാ കാ എന്നലറിക്കരഞ്ഞപ്പോഴാണ്
  നേരം പുലര്‍ന്നത്
  അല്ലാതെ
  അങ്കവാലന്‍ കോഴിയുടെ
  സ്വരമാധുര്യം കൊണ്ടല്ല
  -എനിയ്ക്കു തോന്നുന്നു ഏറ്റവും മൗലികമാണീ ചിന്തയെന്ന്. നല്ല കല്പന. ആശംസകൾ!

  ReplyDelete
 13. കാക്ക കറുത്ത, അദ്ധ്വാനിക്കുന്ന, കീഴാള വര്‍ഗ്ഗത്തെ പ്രതിനിധീകരിക്കുന്നു. കാക്ക തന്റെ അദ്ധ്വാനത്തിന്റെ ഫലമെന്തെന്നും ചതിയന്മാരെയും തിരിച്ചറിയുന്നു. അതിന്റെ തുടര്‍ച്ചയായി തന്നെ കാക്ക നമ്മളെയൊക്കെ പുച്ഛിക്കുന്നു.... സ്വന്തം കരുത്തിനെ മാത്രമല്ല ചൂഷകരെയും തിരിച്ചറിയുന്ന പ്രതീകമാകുന്നു കാക്ക.
  നല്ല കവിത....കൂടുതല്‍ എഴുതുക..

  ReplyDelete
 14. വരികളെല്ലാം വളരെ നന്നായിരിക്കുന്നു....
  അർത്ഥവത്തായ വരികൾ ചേച്ചി...

  പെരുന്നാൾ ആശംസകൾ...

  ReplyDelete
 15. കാക്ക കുളിക്കുന്നത് കൊക്കാകാനല്ല
  കൊക്കായതുകൊണ്ട് മാത്രം
  പരിശുദ്ധിയുണ്ടാവില്ലെന്ന്‍ ഓര്‍മ്മിപ്പിക്കാനാണ്...........ഭാനു ഇതില്‍ക്കൂടുതല്‍ സത്യം ഇനി ആരെയും ഓര്‍മ്മിപ്പിക്കാനില്ല.എത്ര സത്യം.പിന്നെ ഒരു സ്വകാര്യം,എങ്ങനിയാ ആള്‍ക്കാരെക്കോണ്ട് നമ്മുടെ ബ്ലൊഗ് വായിപ്പിക്കുന്നത്, എനിക്കുകൂടി പറഞ്ഞു തരൂ,എന്റെ ബ്ലൊഗ് വായിക്കാന്‍ ആരും വരുന്നില്ല.

  ReplyDelete
 16. ബലിച്ചോറ് കൊത്തുന്ന കാക്കയ്ക്ക്
  നിന്നോട് പരമപുച്ഛമാണ്.
  നിന്റെ ആത്മനിന്ദയുടെ അഴുക്ക്
  കൊത്തി മാറ്റുകയാണ്‌ കാക്ക

  ReplyDelete
 17. ‘ബലിച്ചോറ് കൊത്തുന്ന കാക്കയ്ക്ക്
  നിന്നോട് പരമപുച്ഛമാണ്.
  നിന്റെ ആത്മനിന്ദയുടെ അഴുക്ക്
  കൊത്തി മാറ്റുകയാണ്‌
  കാക്ക‘

  ഒരുപാട് അര്‍ത്ഥതലങ്ങളുള്ള വാക്കുകള്‍, ഏറെ ഇഷ്ടമായി.

  ReplyDelete
 18. kakka koottil muttayittu pokum kuyiline orthu.
  bali moolyangalkkum pular velakalkkum kaakan.
  ok.

  ReplyDelete
 19. ഏറെ ഇഷ്ടമായി.

  കാക്ക കുളിക്കുന്നത് കൊക്കാകാനല്ലകൊക്കായതുകൊണ്ട് മാത്രംപരിശുദ്ധിയുണ്ടാവില്ലെന്ന്‍ ഓര്‍മ്മിപ്പിക്കാനാണ്. ഇതാണേറ്റംഇഷ്ടമായത്.

  ReplyDelete
 20. എത്ര ഭംഗിയായിട്ടാണ്‌ കാക്കയെ അദ്ധ്വാനിക്കുന്നവരും അടിച്ചമര്‍‌ത്തപ്പെട്ടവരുമായി കൂട്ടിയിണക്കിയിരിക്കുന്നത്.
  മനോഹരമായ ഈ കവിതയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങള്‍.

  ദേവി-

  ReplyDelete
 21. കാക ഹൃദയം കാണിച്ചുതന്നതിനു നന്ദി ഭാനു..

  ReplyDelete
 22. ബലിച്ചോറ് കൊത്തുന്ന കാക്കയ്ക്ക്
  നിന്നോട് പരമപുച്ഛമാണ്.
  നിന്റെ ആത്മനിന്ദയുടെ അഴുക്ക്
  കൊത്തി മാറ്റുകയാണ്‌ കാക്ക

  ഈ വരികള്‍ എത്ര സത്യമാണ്..ജീവിച്ചിരിക്കുമ്പോള്‍ നന്നായി നോക്കാന്‍ കഴിയാത്തതിന്റെ,ചെയ്തു പോയ തെറ്റുകളുടെ ഒക്കെ ഓര്‍മ്മപ്പെടുത്തലാണ്..സ്വന്തം മനസ്സാക്ഷിയുടെ മുന്‍പില്‍ ഉള്ള മാപ്പിരക്കല്‍ തന്നെയാണ് ഓരോ ബലി കര്‍മ്മവും..കൈ കൊട്ടി വിളിക്കുമ്പോള്‍ വന്നു നമ്മുടെ ആത്മനിന്ദയുടെ അഴുക്കു കൊത്തി മാറ്റുക തന്നെ ആണ് കാക്ക...
  ഒരു പാടിഷ്ടമായി ഈ കവിത..എഴുതിയതില്‍ ഏറ്റം ഇഷ്ടമായതെന്നു തന്നെ
  പറയട്ടെ..

  ReplyDelete
 23. ഭാനു,
  ഒരു വരിയും എടുത്തു പറയാനാകുന്നില്ല. എല്ലാം ഒന്നിനൊന്നു മെച്ചം.

  അഭിനന്ദനങ്ങള്‍...

  ReplyDelete
 24. അതെ. ബലിച്ചോറുണ്ണുന്ന കാക്കകൾ കൊത്തിവലിക്കുന്നത് നമ്മുടെ ഉള്ളഴുക്കിനെ. കടങ്ങളെ, നിന്ദകളെ.. നല്ലൊരു കവിത.

  ReplyDelete
 25. നന്ദി പ്രിയരേ, കാക്കയുടെ വാക്കുകള്‍ക്ക് കാതു നല്‍കിയതിന്

  ReplyDelete
 26. നല്ല ആശയം.കവിത ഇഷ്ടമായി.

  ReplyDelete
 27. സാംസ്കാരിക അധിനിവേശം തീര്‍ത്ത അഴുക്കുകള്‍ ഈ കാക്കള്‍ തിന്നു തീര്‍തിരുന്നെങ്കില്‍...

  കവിത ഇഷ്ടമായി.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?