നിന്റെ കണ്ണുകള്‍ക്ക് ഇപ്പോഴും ചോരമണം.

(ദാരിദ്ര്യമുള്ളിടത്തോളം കാലം 
പോരാട്ടം തുടരുക തന്നെ ചെയ്യും)
വിപ്ലവ കവി ഗദ്ദര്‍.


ബയണറ്റുകള്‍ 
നിന്റെ കണ്ണുകള്‍ തുരന്നെടുത്ത്
വയനാടന്‍ മലകള്‍ക്ക് 
എറിഞ്ഞു കൊടുത്തിട്ട്‌
വര്‍ഷങ്ങള്‍ 

ഏറെ കഴിഞ്ഞിരിക്കുന്നു.

നിന്റെ സഖാക്കള്‍ ശത്രുവിനൊപ്പം
പന്തി ഭോജനം നടത്തുന്ന
ശ്വാനയുഗത്തിലാണ് ഞാന്‍.
വേട്ട നായക്കൊപ്പം അവരുടെ ചിരി
വിഡ്ഢിവേഷം കെട്ടിയ കോമാളിയെപ്പോലെ
രാഷ്ട്ര കിങ്കരന്മാരെ രസിപ്പിക്കുന്നുണ്ട്.

എങ്കിലും പ്രിയ വര്‍‌ഗ്ഗീസ്..,
തൃശ്ശ്നേരിയില്‍ നിന്നും
നിന്റെ രക്തം
വയനാടന്‍ ചുരമിറങ്ങി വരുന്നത്
ഞാന്‍ തിരിച്ചറിയുന്നു.
മറവിയില്‍ മൂടിയിടാനാകാത്ത
സ്മരണയുടെ നെടും സ്തൂപമാണ് നീ...
മനുഷ്യനെ പ്രണയിക്കാന്‍ ആഹ്വാനം ചെയ്ത
ഒരു മഹത്വത്തെ നീ
ഇടം നെഞ്ചില്‍ ആലേഖനം ചെയ്തുവല്ലോ...
നീ നടക്കുമ്പോള്‍
കുറുനരികളും സര്‍പ്പങ്ങളും
പകച്ചു പോയിരുന്നു.
മലഞ്ചെരുവില്‍; നിന്റെ കണ്ണുകള്‍
സൂര്യനേക്കാള്‍ ശ്രേഷ്ഠമായി
പുഞ്ചിരി പൊഴിച്ചിരുന്നു.
നീ സംസാരിച്ചത്
വരാനിരിക്കുന്ന സ്വപ്നങ്ങളോടാണ് ...
നിന്റെ അമ്പുകള്‍
അടഞ്ഞു കിടന്ന വാതിലുകളെ
ഹുങ്കാരവത്തോടെ തുറന്നു.
നിന്റെ അടയാളങ്ങള്‍
ദരിദ്രന്റെ ഹൃദയത്തില്‍ മുദ്രണം ചെയ്തിരിക്കുന്നു.
അത് കാലത്തിനു കുറുകെ
നീട്ടി എറിഞ്ഞിരിക്കുന്നു.

പ്രിയ സഖാവേ ..,
ഇപ്പോഴും നിന്റെ കണ്ണുകള്‍
ചോരമണവുമായി ഞങ്ങളിലുണ്ട്
മരണം അന്ത്യമല്ല
എന്ന നിന്റെ പ്രഖ്യാപനം
എങ്ങും മാറ്റൊലി കൊള്ളുന്നു...

Comments

 1. സഖാവ് വര്‍ഗ്ഗീസിന്റെ സ്മരണയില്‍ ...

  ReplyDelete
 2. ഒരു തുള്ളി ചോര ചിന്താതെ ഒരു വിപ്ലവും നടക്കില്ല
  ഒരു ജീവിതമാവും പൊലിയാതെ ഒരു സ്വപ്ങ്ങളും പുലരില്ല

  ReplyDelete
 3. വിപ്ലവങ്ങളും വിപ്ലവനേതാക്കളും നമ്മുടെ മനസ്സില്‍ ഇന്നും ആവേശമുയര്‍ത്തുന്നത് അവര്‍ പുതിയ ആശയങ്ങള്‍ വിതറുന്നത് കൊണ്ടാണ്! ‍

  ReplyDelete
 4. നൂറു പൂക്കൾ വിരിയട്ടെ.

  ReplyDelete
 5. സഖാവിന്‍റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരു നിമിഷം..
  "നിന്റെ സഖാക്കള്‍ ശത്രുവിനൊപ്പം
  പന്തി ഭോജനം നടത്തുന്ന
  ശ്വാനയുഗത്തിലാണ് ഞാന്‍."
  കാലത്തിനൊപ്പം കോലം കെട്ടാന്‍ പഠിക്കാത്തവര്‍ വല്ലാതെ പിന്തള്ളപ്പെടുന്ന കാലം.അവിടെ ആദര്‍ശ ശുദ്ധി എന്നൊന്നുണ്ടോ? ഈ ഓര്‍മ്മകള്‍ മനസ്സിലൊരു കനല്‍ ആണ്..ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ പലപ്പോഴും ചാരം മൂടി പോകുന്ന ഒരു കനല്‍..കവിത നന്നായി ഭാനു

  ReplyDelete
 6. മനുഷ്യനെ പ്രണയിക്കാന്‍ ആഹ്വാനം ചെയ്ത
  ഒരു മഹത്വത്തെ നീ
  ഇടം നെഞ്ചില്‍ ആലേഖനം ചെയ്തുവല്ലോ...

  ReplyDelete
 7. ഇതാണ് നമ്മുടെ ദുര്യോഗം ഭാനൂ,
  “നിന്റെ സഖാക്കള്‍ ശത്രുവിനൊപ്പം
  പന്തി ഭോജനം നടത്തുന്ന
  ശ്വാനയുഗത്തിലാണ് ഞാന്‍.“

  ReplyDelete
 8. മനുഷ്യ വിമോചനത്തിന്റെ യഥാര്‍ഥ വിപ്ലവ പാത തേടിപ്പോയ രക്തസാക്ഷിയാണ്‌‌ വര്‍ഗ്ഗിസ്. ഇതുപോലെ എത്രയെത്ര രക്തസാക്ഷികളുടെ, പരാജിതരുടെ കണ്ണീരും ചോരയും കൊണ്ടെഴുതിയ ഇതിഹാസമാണ്‌ വിപ്ലവ ചരിത്രം.

  ഭാനു, ചോരമണക്കുന്ന കവിത. വളരെ ഇഷ്ടമായി.

  സഖാവിന്റെ ഓര്‍മ്മയ്ക്കുമുന്നില്‍ ആദരാഞ്ജലികള്‍.
  അഭിവാദ്യങ്ങളോടെ

  ReplyDelete
 9. "പോരാളികളെ ഇല്ലാതാക്കാന്‍ കാലത്തിന് സാധിച്ചേക്കും. പക്ഷേ പരാജയപ്പെടുത്തുവാന്‍ സാധിക്കുകയില്ല"

  ഊഷ്മള അഭിവാദനങ്ങള്‍...

  ReplyDelete
 10. മരണം അന്ത്യമല്ല
  എന്ന നിന്റെ പ്രഖ്യാപനം
  എങ്ങും മാറ്റൊലി കൊള്ളുന്നു...

  valare nannaayi.

  ReplyDelete
 11. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം. ഒന്നും മറക്കാതെ നല്ല കവിത സമര്‍പ്പണം ചെയ്തുവല്ലോ?

  ReplyDelete
 12. ചരിത്ര ബോധ്യങ്ങള്‍
  ചുരത്തുന്ന കവിത.
  തൂലിക ഇനിയും
  ചരിത്രത്തില്‍ തൊടുമല്ലോ.
  നന്നായിട്ടുണ്ട്.

  ReplyDelete
 13. സ്മരണാഞ്ജലി
  കവിത ഗംഭീരം

  ReplyDelete
 14. വിപ്ലവം ജയിക്കട്ടെ. ഗംഭീര കവിത.
  അഭിവാദ്യങ്ങള്‍.

  ദേവി-

  ReplyDelete
 15. അഭിവാദ്യങ്ങൾ....

  ReplyDelete
 16. ലാല്‍സലാം സഖാവേ!

  "നിന്റെ സഖാക്കള്‍ ശത്രുവിനൊപ്പം
  പന്തി ഭോജനം നടത്തുന്ന
  ശ്വാനയുഗത്തിലാണ് ഞാന്‍."
  ഇത് തന്നെയാണ് എന്നെയും വിഷമിപ്പിക്കുന്നത്.

  "പ്രിയ സഖാവേ ..,
  ഇപ്പോഴും നിന്റെ കണ്ണുകള്‍
  ചോരമണവുമായി ഞങ്ങളിലുണ്ട്"


  വിപ്ലവം ജയിക്കട്ടെ..

  ReplyDelete
 17. വളരെ നല്ല വരികളാണ്, ഭാനു.
  ഉണങ്ങാത്ത മുറിവുകൾ വേദന മാത്രമല്ല, ലക്ഷ്യബോധവും തരുമെന്ന്........
  അഭിനന്ദനങ്ങൾ.

  ReplyDelete
 18. സഖാവേ, വർഗ്ഗീസിനെ ഓർത്തല്ലോ, രോഷവും സങ്കടവും നിസ്സഹായതയും ചേർത്തുരുക്കിയ ഭാഷയിൽ, ഗംഭീരമായി

  ReplyDelete
 19. വർഗ്ഗീസിനെ സ്മരിച്ച് എഴുതാൻ തോന്നിയല്ലോ! നന്ദി. ഈ തീക്ഷണ കവിതയ്ക്ക്..

  ReplyDelete
 20. ഭീരുക്കള്‍ പലപ്രാവശ്യം മരിക്കുന്നു
  ധീരന്മാര്‍ക്ക് ഒരിക്കലേ മരണമൊള്ളൂ.
  തിരുനെല്ലിയുടെ നിഗൂഢതയില്‍
  എരിഞ്ഞടങ്ങിയ വിപ്ലവവീര്യമേ
  ലാല്‍സലാം ലാല്‍സലാം.
  മരിക്കില്ലൊരിക്കലും നിന്നോര്‍കള്‍
  ഞങ്ങളുള്ള കാലം വരെക്കും.

  പ്രിയ വര്‍ഗ്ഗീസ്
  പാഴല്ല നിന്‍ ഹൃദയരക്തം.
  പാഴാവില്ലൊരിക്കലും.

  വൈകിയാണെങ്കിലും നീതി വര്‍ഗ്ഗീസിന്‍റെ ആത്മാവിനെ തേടിയെത്തിയിരിക്കുന്നു.വര്‍ഗ്ഗീസ് വധക്കേസില്‍ മുന്‍ ഐ.ജി ലക്ഷ്മണക്ക് ജീവപര്യന്തം.ഏറ്റുമുട്ടല്‍ വിദഗ്ദ്ധന്മാര്‍കും കാക്കിയണിഞ്ഞ കാപാലികര്‍ക്കും പാഠമാകേണ്ട വിധി തന്നെ.

  "നിന്റെ സഖാക്കള്‍ ശത്രുവിനൊപ്പം
  പന്തി ഭോജനം നടത്തുന്ന
  ശ്വാനയുഗത്തിലാണ് ഞാന്‍.
  വേട്ട നായക്കൊപ്പം അവരുടെ ചിരി
  വിഡ്ഢിവേഷം കെട്ടിയ കോമാളിയെപ്പോലെ
  രാഷ്ട്ര കിങ്കരന്മാരെ രസിപ്പിക്കുന്നുണ്ട്"

  കത്തുന്നീ വരികള്‍ക്ക് നന്ദി ഭാനു.

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?