Posts

Showing posts from October, 2010

സഖിയോട്‌ -7

പ്രിയേ...
നിന്റെ പ്രാര്‍ത്ഥന ഞാന്‍ കേട്ടു.
നിന്റെ മിഴിനീരാല്‍
ഞാന്‍ സ്നാനം ചെയ്യപ്പെട്ടു.
ഞാനിപ്പോള്‍  രത്നം പോലെ ശോഭയാര്‍ന്നും
വജ്രം പോലെ കരുത്താര്‍ന്നുമിരിക്കുന്നു.

പ്രിയേ, 
നീ എന്നും എന്നില്‍ ഉണ്ടായിരുന്നു.
ആകാശം കറുത്തിരുണ്ട് കിടന്ന നാളുകളില്‍
എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍
ഒരു കുടം പാല്‍ നിലാവായി നീ വസിച്ചു.
അതാകാം പലായനങ്ങളില്‍
ചൂട്ടുകത്തിച്ചു എനിക്കു മുന്നേ നടന്നത്.
അതാകാം സര്‍പ്പദംശനമേല്‍ക്കാതെ
എന്നെ പൊതിഞ്ഞു നിന്നത്.
അതാകാം ശാപവചനങ്ങളില്‍ 
നിന്നും എന്നെ രക്ഷപ്പെടുത്തിയത്.
പ്രളയങ്ങളില്‍ നീ എനിക്കു തോണിയായി.
മരുഭൂമികളില്‍ മഴയായി എന്റെ ദാഹമകറ്റി.
ഉഷ്ണദേശങ്ങളില്‍ കുളിര്‍ തെന്നലായി
നീയെന്നെ കെട്ടിപ്പിടിച്ചു.
എന്റെ ചിറകായി എന്നെ നീ
മേഘങ്ങള്‍ക്കൊപ്പമിരുത്തി.

പ്രിയേ, നിന്റെ പ്രാര്‍ത്ഥന ഞാന്‍ കേട്ടു.
നിന്റെ വിശുദ്ധ പ്രണയത്താല്‍
ഞാന്‍ പവിത്രമായിരിക്കുന്നു.
ഇപ്പോള്‍ എന്റെ ശിരസ്സിനുമീതെ
ഒരുകുടം നിലാവുമായി
പാല്‍ പുഞ്ചിരിയുമായി നീ നില്‍ക്കുന്നു.
പ്രിയേ,
ഈ കാരുണ്യം എന്നില്‍ നിന്നും നീക്കരുതേ...
എന്നില്‍ നിറഞ്ഞു നിന്ന നിലാവ്
നീ അല്ലാതെ മറ്റെന്താണ് ?

ഒരു പിടി നീലാകാശം

പരന്നു
പരന്നു
പരന്ന്
കിടക്കണ ഭൂമി
ഉരുണ്ടു
ഉരുണ്ടു
ഉരുണ്ട്
ഇരിക്കുന്നൂന്ന്‍.
പരന്നതായാലും
ഉരുണ്ടാതായാലും
എനിക്കിത്തിരി
ഭൂമി വേണംന്ന് പറഞ്ഞേനാണ്
ഞങ്ങടെ നെഞ്ചില്‍ വെടിവെച്ചത്.
പാമ്പിനെപ്പോലെ
തച്ചു കൊന്നത്.
പരന്നു പോയ ഞങ്ങള്‍ക്കിപ്പോള്‍
സ്വന്തമായുള്ളത്
വരണ്ടുണങ്ങിയ
ഒരു പിടി നീലാകാശം.

കല്ല്‌ ഭ്രാന്തനോട് പറഞ്ഞത് എന്തെന്നാല്‍...

ദൈവമേ...
ഒരൊറ്റ നിമിഷം കൊണ്ട്
ഞാന്‍ എത്രയോ താഴെ
വീണു പോയിരിക്കുന്നു...

മലമുകളില്‍ നിന്നും 
ഭ്രാന്തന്റെ ചിരി
എന്റെ കാതുകളെ
തകര്‍ത്തു കളയുന്നു.
എന്റെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍
ചിതറിപ്പോയിരിക്കുന്നു...

അല്‍‌പം കൂടുതല്‍ കരുതല്‍
അല്‍‌പം കൂടുതല്‍ കാരുണ്യം
ഞാന്‍ കാത്തു സൂക്ഷിച്ചിരുന്നുവെങ്കില്‍
"ഭ്രാന്താ
നീ അലറി ചിരിക്കല്ലേ" 

അംചി മുംബൈ

പ്രിയ നഗരമേ...
നിന്നെ ഞാന്‍ ആദ്യം ഭീതിയോടെയും
വെറുപ്പോടെയും ആണ് വീക്ഷിച്ചത്‌
നഗരത്തില്‍ ഉപേക്ഷിക്കപ്പെട്ട എന്നെ നീ
പാല്‍‌പുഞ്ചിരിയും വിടര്‍ത്തിയ കൈകളുമായി
സ്വാഗതം ചെയ്തു.
എന്നിട്ടും ഞാന്‍ നിന്നെ അവിശ്വസിച്ചു
നീ എന്നെ ഇളം പൈതലിനെ എന്നപോലെ
കൈ പിടിച്ച് നടത്തിച്ചു.
കത്രിച്ചു പായുന്ന പാളങ്ങള്‍ക്ക് കുറുകെ
വിറളി പിടിച്ച ജനക്കൂട്ടത്തിനിടയിലൂടെ
തെരുവു വേശ്യകള്‍ കാത്തു നില്‍ക്കുന്ന
കമാനങ്ങള്‍ക്ക് കീഴെ
ചൂടും പൊടിയും പിടിച്ച തൊഴിലിടങ്ങളിലൂടെ
ചിത്രകാരന്മാരുടെ കലാകേന്ദ്രങ്ങളിലൂടെ
നിമിഷങ്ങള്‍ കുതിച്ചു ചാവുന്ന
കച്ചവട കേന്ദ്രങ്ങളിലൂടെ
കോളികളുടെ മീന്‍ നാറുന്ന കുടിലുകള്‍ക്കിടയിലൂടെ
ചേരികളും ചോപ്പടകളും
പണിശാലകളും പിന്നിട്ടു നാം നടന്നു.
ഇതാ ഇതാണ് ജീവിതം എന്ന്
നീ എന്നെ പഠിപ്പിച്ചു.
ഒഴുകുന്ന ജനസമുദ്രത്തെ നോക്കി
ജീവിതം അലയടിച്ചുയരുന്നത് കാണിച്ചു തന്നു
ജനങ്ങള്‍ സ്നേഹിക്കുന്നത്
പരസ്പരം കൊന്നു കളയുന്നത്
ആലിംഗനം ചെയ്തവനെ
ഞെരിച്ചു രസിക്കുന്നത്, എല്ലാം എല്ലാം...
നീ എനിക്കു കാണിച്ചു തന്നു.
ചിതലിച്ച പഴയ കെട്ടിട സമുച്ചയങ്ങളിലൂടെ
മിന്നുന്ന ചില്ലുകൊട്ടാരങ്ങള്‍ക്കിടയിലൂടെ
പുത്തന്‍ നഗരവീഥികളിലൂടെ
കമിതാക്കളുടെ ഉദ്യാനങ്ങളി…

കുമ്പസാരം

അമ്മേ,
വിങ്ങി വിങ്ങി കരയുകയും പോരില്‍ മരിച്ച നിന്റെ മകനെയോര്‍ത്ത്
അഭിമാനിക്കുകയും അരുത് .
ഞാന്‍
യുദ്ധഭൂമിയില്‍
നിരായുധനായി
ആയോധനമുറകള്‍ മറന്നവനായി
ശത്രുവാല്‍ കൊലചെയ്യപ്പെട്ടവന്‍.
വാളുകള്‍ ഉടല്‍ മുറിച്ചെറിയുമ്പോള്‍
യുദ്ധത്തിന്റെ താര്‍ക്കിക വിഷയത്തില്‍
സ്വയം മറന്നു പോയവന്‍.
സമാധാനം സമാധാനം എന്ന്
ബോംബുകളോട്
അലമുറയിട്ടവന്‍
അമ്മേ,
വീരോചിതമായ
ഈ അന്ത്യ കര്‍മ്മങ്ങള്‍
ഉപേക്ഷിച്ചാലും.
എന്നെ നീ
പച്ചോലയില്‍ പൊതിഞ്ഞു
തെരുവുകളിലൂടെ കെട്ടിവലിക്കണം
നരികള്‍ക്കും നായ്ക്കള്‍ക്കും എറിഞ്ഞു കൊടുക്കണം.

അമ്മേ..,
നിന്റെ മകന്
നിന്റെ രക്തത്തിലൂടെ
തിരിച്ചു വരണം.

സഖിയോട്‌ (6)

പ്രിയ സഖി,
നമ്മുടെ അനുരാഗത്തിനും മുന്‍പ്
ശൂന്യതയായിരുന്നു എങ്ങും.
ഞാന്‍ നിന്നെ ആദ്യമായി ചുംബിച്ച
ആ സുദിനത്തിലാണ്
ആദിവചനം മാറ്റൊലിക്കൊണ്ടത്‌
ഞാന്‍ നിന്നെ പുണര്‍ന്നപ്പോള്‍
ആകാശവും നക്ഷത്രങ്ങളും ഉണ്ടായി വന്നു.
നീ എന്നില്‍ മൊഴിഞ്ഞപ്പോള്‍
പാല്‍‌ക്കടലും സൂര്യനും ചന്ദ്രനും ഉണ്ടായിവന്നു.
നമ്മുടെ അനുരാഗത്തില്‍ നിന്നും
വന്‍കരകള്‍, സമുദ്രം, സസ്യജാലങ്ങള്‍
മത്സ്യങ്ങള്‍, എല്ലാം എല്ലാം രൂപമെടുത്തു.
നമ്മുടെ ഇണക്കങ്ങള്‍, പിണക്കങ്ങള്‍
ഋതുക്കളായി പരിണമിച്ചു.
ഹാ പ്രണയമേ..,
നീയും ഞാനും ഇല്ലാതിരുന്നുവെങ്കില്‍
എത്ര ശൂന്യവും വിരസവും
ദുഃഖ ഭരിതവും ആകുമായിരുന്നു
ഈ പ്രപഞ്ചം.

സമാന്തരങ്ങള്‍

സമാന്തരങ്ങളായ രണ്ടുരേഖകള്‍ ഇഴ ചേരുകയോ
ഇഴ വേര്‍‌പിരിയുകയോ  ചെയ്യുന്നില്ല
എങ്കിലും
അദൃശ്യമായ ഒരു കരം
അവയെ വലയം ചെയ്തിരിക്കുന്നു.
അവയില്‍  ഒരേ നാദം
ഒരേ താളം
ദ്രുതചലനങ്ങള്‍
ആരോഹണ അവരോഹണങ്ങള്‍
മുറിയുന്ന കൈവിരല്‍
പിടയുന്ന പക്ഷിയുടെ ചിറകടി
ആത്മനിശ്വാസങ്ങള്‍
ഹര്‍ഷം
വസന്തം
പേമാരികള്‍.
സമാന്തര രേഖകള്‍ കൈമാറുന്ന സമാന്തര ഹൃദയ രഹസ്യങ്ങള്‍.

മധുര മാമ്പഴം

ഒരു മാമ്പഴത്തില്‍
ഒരു മാമരമുണ്ട്.
മാന്തളിരും കുയില്‍ പാട്ടുമുണ്ട്.
പൂക്കാലവും പൂമ്പാറ്റകളുമുണ്ട്
കണ്ണി മാങ്ങകളും കൊതിയുമുണ്ട്
ആര്‍‌ത്തുല്ലസിച്ച കുട്ടിക്കാലമുണ്ട്
ഇണക്കവും പിണക്കവുമുണ്ട്.

ആദ്യം വീണ മാമ്പഴം
ഓടിച്ചെന്നെടുത്തത് ഞാനല്ലേ
അതുകൊണ്ട്
തൊലികളഞ്ഞ്, പൂളി
കൊതിപ്പൂള് ഞാന്‍
നിനക്ക് തരും.
നീ അത് എന്നെ ചുംബിക്കും പോലെ
നുണഞ്ഞിറക്കും.
അപ്പോള്‍ പ്രണയം തട്ടി
എന്റെ വിരല്‍ മുറിയും
മാമ്പഴമാകെ ചുവന്നു തുടുക്കും.