സഖിയോട്‌ -7

പ്രിയേ...
നിന്റെ പ്രാര്‍ത്ഥന ഞാന്‍ കേട്ടു.
നിന്റെ മിഴിനീരാല്‍ 
ഞാന്‍ സ്നാനം ചെയ്യപ്പെട്ടു.
ഞാനിപ്പോള്‍  രത്നം പോലെ ശോഭയാര്‍ന്നും
വജ്രം പോലെ കരുത്താര്‍ന്നുമിരിക്കുന്നു.

പ്രിയേ, 
നീ എന്നും എന്നില്‍ ഉണ്ടായിരുന്നു.
ആകാശം കറുത്തിരുണ്ട് കിടന്ന നാളുകളില്‍ 
എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍
ഒരു കുടം പാല്‍ നിലാവായി നീ വസിച്ചു.
അതാകാം പലായനങ്ങളില്‍ 
ചൂട്ടുകത്തിച്ചു എനിക്കു മുന്നേ നടന്നത്. 
അതാകാം സര്‍പ്പദംശനമേല്‍ക്കാതെ 
എന്നെ പൊതിഞ്ഞു നിന്നത്.
അതാകാം ശാപവചനങ്ങളില്‍  
നിന്നും എന്നെ രക്ഷപ്പെടുത്തിയത്.
പ്രളയങ്ങളില്‍ നീ എനിക്കു തോണിയായി.
മരുഭൂമികളില്‍ മഴയായി എന്റെ ദാഹമകറ്റി.
ഉഷ്ണദേശങ്ങളില്‍ കുളിര്‍ തെന്നലായി
നീയെന്നെ കെട്ടിപ്പിടിച്ചു.
എന്റെ ചിറകായി എന്നെ നീ
മേഘങ്ങള്‍ക്കൊപ്പമിരുത്തി.

പ്രിയേ, നിന്റെ പ്രാര്‍ത്ഥന ഞാന്‍ കേട്ടു.
നിന്റെ വിശുദ്ധ പ്രണയത്താല്‍ 
ഞാന്‍ പവിത്രമായിരിക്കുന്നു.
ഇപ്പോള്‍ എന്റെ ശിരസ്സിനുമീതെ
ഒരുകുടം നിലാവുമായി 
പാല്‍ പുഞ്ചിരിയുമായി നീ നില്‍ക്കുന്നു.
പ്രിയേ,
ഈ കാരുണ്യം എന്നില്‍ നിന്നും നീക്കരുതേ...
എന്നില്‍ നിറഞ്ഞു നിന്ന നിലാവ് 
നീ അല്ലാതെ മറ്റെന്താണ് ?

Comments

 1. പ്രിയേ,
  നീ എന്നും എന്നില്‍ ഉണ്ടായിരുന്നു.

  ഇപ്പഴില്ലെ ;)

  ReplyDelete
 2. സ്നേഹം തുളുമ്പുന്ന വരികൾ വായിച്ച് കണ്ണ് നിറയുന്നു.
  ആശംസകൾ, ഭാനു.

  ReplyDelete
 3. പ്രിയന് മാത്രം ഞാന്‍ തരും
  മധുരമീ പ്രണയം ....
  ഭാനു മരണമില്ലാത്ത പ്രണയ ഗീതങ്ങള്‍ ഇനിയും ഇനിയും
  പാടൂ ..

  ReplyDelete
 4. മനോഹരം ഭാനു, ഒരു ജിബ്രാൻ സ്പർശം.

  ReplyDelete
 5. ഇതെനിക്ക് തരാന്‍ വേണ്ടി എഴുതിയതാ? നന്നായിട്ടോ.

  ReplyDelete
 6. ഭാനുവേ, പ്രണയം ഇങ്ങനയുമോ
  നന്നായ്ട്ടുണ്ട്

  ReplyDelete
 7. kavitha nannaayittundu....valare vikaarabharithamaaya varikal... 'priye nee ennil ennumundaayrunnoo..'...sathyam...sakhaave..
  expecting more..

  ReplyDelete
 8. വായിക്കാന്‍ സുഖമുള്ള വരികള്‍.
  എന്നാല്‍ യാഥാര്‍ത്ഥ്യം ഇതൊന്നും അല്ല. എത്രയോ അകലെയാണ്...

  ReplyDelete
 9. ചിറകു വിരിച്ച് കുതിച്ച് പൊങ്ങുന്ന പ്രണയം. ഭാനൂ, മനോഹരം! ശ്രീമാഷ് പറഞ്ഞതു പോലെ ഒരു ജിബ്രാൻ സ്പര്‍‌ശം!

  “നിങ്ങള്‍ ഒരുമിച്ചായിരിക്കുക, മരണത്തിന്‍റെ വെളുത്ത ചിറകുകള്‍ നിങ്ങളെ വേര്‍പെടുത്തും വരെ“ --- ഖലീല്‍ ജിബ്രാന്‍

  ReplyDelete
 10. ഇതുപോലെ മനോഹരവും, മഹത്തരവും, നിസ്വാര്‍ത്ഥവുമായ പ്രണയ കവിതകള്‍ വായിക്കാന്‍ ഭാഗ്യമുള്ള ആ സഖിയോട് എനിക്ക് അസൂയയാണ്‌. കടുത്ത അസൂയ. :) ശരിക്കും ഇങ്ങിനെയൊരു സഖിയുണ്ടോ? അതോ ഭാവനയാണോ?

  ReplyDelete
 11. പറഞ്ഞിട്ടും,പറഞ്ഞിട്ടും തീരാത്ത പ്രണയാനുഭവങ്ങൾ....

  ReplyDelete
 12. @(കൊലുസ്) said...
  ഇതെനിക്ക് തരാന്‍ വേണ്ടി എഴുതിയതാ? നന്നായിട്ടോ.

  എന്നോട് പൂര്‍വ്വ വൈരാഗ്യം ഒന്നും ഇല്ലല്ലോ അല്ലേ. വെറുതെ സംശയിച്ചു പോയതാണ്.

  ReplyDelete
 13. ഇതാണ് പ്രണയം. വേറൊന്നും പറയുന്നില്ല.

  ReplyDelete
 14. "പ്രിയേ,
  ഈ കാരുണ്യം എന്നില്‍ നിന്നും നീക്കരുതേ...
  എന്നില്‍ നിറഞ്ഞു നിന്ന നിലാവ്
  നീ അല്ലാതെ മറ്റെന്താണ് ?"

  സംശയിക്കേണ്ട, ആ നിലാവ് ഭാനൂവിന്റെ സഖിതന്നെയാണ്‌. ആശംസകള്‍

  ReplyDelete
 15. പ്രണയം ഒരു സുരക്ഷാവലയമായി രൂപപ്പെടുത്തിയ കോണ്‍സെപ്റ്റ് കൊള്ളാം. ഇന്നത്തെ കാലത്ത് ഇതൊക്കെയുണ്ടോ??
  പിന്നെ "നിന്റെ മിഴിനീരാല്‍
  ഞാന്‍ സ്നാനം ചെയ്യപ്പെട്ടു." എന്നത് കരയിച്ചു എന്നല്ലേ ഉദ്ദേശിക്കുന്നത്. അത് അവിടെ യോജിക്കുന്നില്ലേ എന്നൊരു സംശയം തോന്നി.

  ReplyDelete
 16. നിൻ പ്രാർത്ഥനയാം മിഴിനീരാൽ
  സ്നാനം ചെയ്യപ്പെട്ട ഞാൻ
  “ഭാനു”വിനെപ്പോൽ ശോഭയാർന്നു
  വജ്രമ്പോൽ കരുത്താർന്നു

  ReplyDelete
 17. ഭാനൂ...
  ആരാ ആ ഭാഗ്യവതി?

  പ്രണയം തുളുമ്പുന്ന വരികള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച ഭാനുവിനും, ഇതൊക്കെ എഴുതാന്‍ കാരണക്കാരിയായ പ്രിയ സഖിക്കും നന്ദി..

  ReplyDelete
 18. പ്രണയം വഴിഞ്ഞൊഴുകുന്ന വരികളിലൂടെ സഞ്ചരിക്കുമ്പോള്‍ എന്തിനെന്നറിയാതെ കണ്ണു നിറയുന്നല്ലോ ഭാനൂ...

  ReplyDelete
 19. അതെ..
  ഒരു ജിബ്രാന്‍ ടെച്..
  തുടരുക

  ReplyDelete
 20. നിലാവാകുന്നു പ്രിയ...മനോഹര പ്രണയം...

  ReplyDelete

Post a Comment

Popular posts from this blog

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?

സ്നേഹം എന്നാല്‍ എന്താണ്?