Posts

Showing posts from November, 2010

മഴയിൽ അലിഞ്ഞു ചേർന്നത്‌

ജനൽ ചില്ലിൽ പെയ്യുന്ന മഴ
നൂലുകളായി ഇഴപിരിഞ്ഞ്‌
എന്റെ ഹൃദയത്തെ വലം വക്കുന്നു
വിശക്കുന്നവന്‌ അന്നം എന്ന പോലെ
ദാഹിക്കുന്നവനാണ്‌ മഴയും.

പുതുമഴക്ക്‌ അമ്മിഞ്ഞയുടെ രുചിയാണ്‌
അത്‌ ഭൂമിയുടെ രോമകൂപങ്ങളിൽ
ഉമ്മവച്ച്‌ അവളിൽ പ്രേമം നിറക്കുന്നു.

മഴ പെയ്തുനിറയുന്നത്‌
ആദിമ പ്രാണന്റെ ആദ്യകോശത്തിലാണ്‌.
മഴ ശബ്ദത്തിന്റെ ഉറവിടം
പ്രകൃതിയുടെ താളം

ഒരോ തുള്ളിയും ഓരോ രാഗവിസ്താരം
വിവിധ കമ്പനങ്ങളുടെ നൃത്തോൽസവം
മഴ പെയ്തു പെരുകുമ്പോൾ
ഘനീഭവിച്ചതെല്ലാം ഉരുകിയൊലിക്കുന്നു.
ജലരൂപമായ നീ എന്നിലേക്ക്‌ ഒഴുകി നിറയുന്നു.

മഴ നനയുമ്പോൾ അസമാനതകള്‍ ഇല്ല
പര്‍വ്വതങ്ങളും സമുദ്രങ്ങളുമില്ല
കാരാഗൃഹത്തിലെ ജനൽ വഴി
ചരിഞ്ഞു പതിക്കുന്ന മഴയെ കാണൂ...
കാരുണ്യ പൂര്‍വ്വം നീ എനിക്കു നീട്ടിയ
കൈവിരലുകളാണ്...

ചെരുപ്പുകള്‍

നീ നടന്ന വഴികള്‍
നീ കയറിപ്പോയ ഗോപുരങ്ങള്‍
എനിക്കന്യമാണ്.
നീ നിറച്ച ചഷകങ്ങള്‍
നിന്റെ തീന്‍മേശകള്‍
നീ ചുംബിച്ച മധുരങ്ങള്‍
ഏതെന്നും എന്തെന്നും എന്തിനെന്നും
ഉരിയാടാതെ
നിന്റെ യാത്രകളില്‍
തേഞ്ഞു തേഞ്ഞില്ലാതാകാന്‍
ഒരു ചെരുപ്പ് മാത്രമായി
പടിക്കെട്ടില്‍ കിടക്കുമ്പോള്‍
എന്റെ മനസ്സില്‍ എന്തായിരുന്നു എന്ന്‌
നീ ചോദിച്ചുവോ?

സഖിയോട്‌ -8

പ്രിയ സഖി,
ഡിസംബറിന്‍ തെളിനീര്‍ അരുവിയാണ് നീ
നിനക്കൊഴുകാനുള്ള താഴ്വരയാണ് ഞാന്‍
എന്നില്‍ ചുംബിച്ചും കുളിരണിയിച്ചും
ചിരിച്ചും ഉല്ലസിച്ചും നീ ഒഴുകി പരക്കുന്നത്
ഞാനറിയുന്നു.

ഞാനോ,
നിന്നില്‍ പെയ്തിറങ്ങിയ
കാര്‍മുകില്‍
നിന്റെ രക്തമായവന്‍
നിന്റെ സിരകളില്‍ സംഗീതം നിറച്ചവന്‍
നിന്റെ ഉണര്‍വ്വാണ് ഞാന്‍.

നമ്മളോ,
ഈ കവിതയിലെ ഇഴചേരുന്ന
വരികളാണ് നാം
താഴെയും മീതെയുമായി
കെട്ടിപ്പുണര്‍ന്നു
കവിതയുടെ കാവ്യഭംഗിയായ്
ആനന്ദമായ് സുഗന്ധമായ്‌
നാം നിറഞ്ഞു ചൊല്ലുന്നു.

ഇപ്പോള്‍ നാം ഒരു കവിത
നാളെ നാവുകളില്‍ നിന്നും
നാവുകളിലേക്ക് വീശിപ്പടരുന്ന പാട്ട്
ജനതയുടെ ആരവമായി
അത് ഉയര്‍ന്നു പൊങ്ങുന്ന കാലം വരും
അപ്പോള്‍ പ്രിയ സഖി...
പ്രണയത്തിന്റെ യാഗാശ്വങ്ങളെ
നീ പ്രസവിക്കും.

കഷണ്ടി

കഷണ്ടിക്കും അസൂയക്കും
മരുന്നില്ലാതിരുന്ന കാലത്ത്‌
കഷണ്ടി പ്രതാപത്തിന്റെ
ചിഹ്നമായിരുന്നു.
പ്രിയതമയ്ക്ക്‌ ഉമ്മവയ്ക്കാനും
മുഖം നോക്കാനുമുള്ള
കണ്ണാടി മിനുപ്പ്‌.
അവളുടെ നനഞ്ഞ മുടി
എന്റെ കഷണ്ടിക്കു മീതെ
ഉണക്കാനിട്ടിരുന്നു.
ഇപ്പോൾ വിഗ്ഗുവച്ച ഞാൻ സുന്ദരൻ
അസൂയകൾ കൂടിക്കൂടി
അവളുടെ തല നരച്ചുകൊണ്ടിരുന്നു.
എന്റെ നരക്കാത്ത മുടികൾക്കുള്ളിൽ
കഷണ്ടി വിയർത്തു കൊണ്ടിരുന്നു.

ഞണ്ടും കൊക്കും

കൊക്കിന്‍ കഴുത്തിലിരുന്നു
ഞണ്ട് പതിവ് പോലെ അമ്പരന്നു.
താഴെ മണ്ണില്‍
പുഴയുടെ ഫോസില്‍
പ്രാര്‍‌ത്ഥിച്ചു മരിച്ച വൃക്ഷങ്ങള്‍
എല്ലുകളില്‍ ഒട്ടിപ്പോയ ജീവിതങ്ങള്‍
മറന്നു വെച്ച വീടുകള്‍
പല്ലിളിക്കുന്ന കോളാ കുപ്പികള്‍
ജീവിത വാഗ്ദാനങ്ങള്‍ 
ഞണ്ട് കൊക്കിനോട്‌ ആരാഞ്ഞു.
"ഇതാണോ നിന്റെ വാഗ്ദത്ത ഭൂമി"
-------------------------------------
ഉടന്‍ തന്നെ ഞണ്ട്
എന്‍‌കൗണ്ടറില്‍ കൊല്ലപ്പെട്ടു.
ഇപ്പോള്‍ 
കൊക്കിന്റെ തീന്മേശയില്‍
മൊരിച്ച ഞണ്ടും
മുന്തിയ ഇനം വിസ്കിയും.
ചിയേര്‍സ് !!!

സിദ്ധാര്‍ത്ഥനും അരയന്നവും

അമ്പേറ്റ അരയന്നം


പിടഞ്ഞു


പിടഞ്ഞു


പിടഞ്ഞു


പിടഞ്ഞ്


താഴെ
സിദ്ധാര്‍ത്ഥന്റെ മടിയില്‍
വന്നു വീണു.


അവന്‍ അവളുടെ മുറിവില്‍
പ്രേമത്തിന്റെ മധു പുരട്ടി.


വില്ല് കുലയ്ക്കുവാനും
ശരമെയ്യാനും പഠിപ്പിച്ചു.


അവന്‍ പറഞ്ഞു -
" അരയന്നങ്ങളേ
സായുധരാകുവിന്‍ "

മരണത്തിനു മുന്‍പ് കടന്നു പോകാന്‍ ഒരു തടവറ...

എല്ലാ സമയവും ഇവിടെ ഒരുപോലെ
ഉദയാസ്തമയങ്ങള്‍ക്ക് പ്രസക്തി ഒന്നുമില്ല
ഒരു വിരുന്നുകാരന്‍
വഴിതെറ്റിയ ഒരു യാത്രികന്‍
കൈനോട്ടക്കാരന്‍
ആവേശമുള്ള ഒരു വാക്ക്
കല്യാണമോ അടിയന്തിരമോ അറിയിക്കുന്ന
ഒരു സന്ദേശം; ഒന്നുമില്ല.
അപ്പൂപ്പാ ഒരു കഥ പറയൂ എന്നുപറഞ്ഞു
കുട്ടികളാരും ഓടിവരില്ല
എന്താ മൂപ്പിലാനെ എന്നു തിരക്കാന്‍ ആരുമില്ല
ചുറ്റും എന്റേത് തന്നെയായ പകര്‍പ്പുകള്‍
ചുരുണ്ട തൊലിയും നരച്ച കണ്ണുകളും
ഉപയോഗ ശൂന്യമായ പാവകള്‍
ഒരേ ഭാവം, ഒരേ ചലനം
വൈകിയോടുന്ന വണ്ടിക്കു കാത്തിരിക്കുന്നവരുടെ
അതേ നിസ്സംഗത
തപാലില്‍ ശവപ്പെട്ടികള്‍ പോലെ
പൂച്ചെണ്ടുകള്‍, സമ്മാനപ്പൊതികള്‍
ശവഘോഷയാത്ര കാണുമ്പോലെ
പരിതപിക്കുന്ന സന്ദര്‍ശകര്‍
മരണത്തിനു മുന്‍പുള്ള നരകമാണ്
തനിച്ചു വന്ന നീ തനിച്ചു തന്നെ മറികടക്കുക...