Posts

Showing posts from December, 2010

ഒറ്റയില

കൊടും വേനലില്‍  കെട്ടുപോകാത്ത  ഒരൊറ്റ മരത്തില്‍  നീരോട്ടം നിലക്കാത്ത  ഒരൊറ്റ ശിഖരത്തില്‍ ഒറ്റയിലയായി ഞാന്‍  എന്റെ സിരകളില്‍  പച്ച മുളകളുടെ സുഷിര വാദ്യം കാട്ടുചോലയുടെ കുസൃതിച്ചിരി മാന്‍ കുളമ്പുകളുടെ നൃത്തഘോഷം കാട്ടുതേന്‍ മണക്കും കരടികള്‍ സിംഹ ഗര്‍ജ്ജനങ്ങള്‍ ...

പ്രണയ വേനല്‍

എന്റെ കൈവിരലുകള്‍ മുറിഞ്ഞുപോയ്ക്കൊള്ളട്ടെ എനിക്കായി നീട്ടിയ  നിന്റെ വിരലുകള്‍ ഉണ്ടല്ലോ... എന്റെ ചുണ്ടുകള്‍ അരിഞ്ഞെടുത്തു കൊള്‍ക നിന്റെ പ്രതീക്ഷകള്‍ പുഞ്ചിരിക്കുമല്ലോ വേനലില്‍ ഒറ്റമരമായി കാത്തു നില്‍ക്കയല്ലേ... ഒടുവിലെത്തുന്ന നിനക്കു കുടയാകാന്‍ മുലകള്‍ മുറിഞ്ഞ നിന്റെ മാറിടത്തില്‍ എന്റെ അമൃത ചുംബനങ്ങള്‍  ഉടലിലൊതുങ്ങാത്ത നമ്മുടെ പ്രണയം. അടഞ്ഞു പോയ വാതിലുകള്‍ ഞാന്‍ തുറന്നിരിക്കുന്നു ഇലഞ്ഞിപ്പൂക്കളുടെ സുഗന്ധമായി എന്നില്‍ ആവേശിക്കുക പൊള്ളുന്ന എന്റെ വാക്കിനെ മാറോട്‌ ചേര്‍ക്കുക പൊള്ളാതെ ഈ വേനല്‍ മറികടക്കുക

നവീനം

"കുഞ്ഞുങ്ങള്‍"
എത്റ ഓമനകളിവര്‍!
അവരവരുടെ നിറമിഴികള്‍ തുറന്നു
നിഷ്കാപട്യം ചിരിക്കുമ്പോള്‍
ശാഖോപശാഖകളില്‍
പൂക്കളുടെ ഒത്തു വിരിയല്‍.
പിഞ്ചു കാലില്‍ എഴുന്നു നിന്ന്‍
ഇളം കൈകള്‍ ചേര്‍ത്ത് കൊട്ടുമ്പോള്‍
അണ്ഡകടാഹങ്ങള്‍ക്കു നടുവില്‍
നവീനമായൊരു തേജസ്സു ഇടിമുഴക്കുന്നു.
അച്ഛനമ്മമാരുടെ മൊഴികളിലും മിഴികളിലും
ആശ പെരുപ്പിച്ചവര്‍
പേക്കിനാവിലേക്ക് നടക്കും പോലെ
യുവത്വത്തിലേക്ക് നടക്കുന്നു...
ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടു
ഭൂമിയുടെ അറ്റം തേടുന്ന ഇവരോട്
പ്രകൃതി ആവശ്യപ്പെടുന്നതെന്ത്?

പ്രാന്തത്തി, മകന്‍, വിശപ്പ്‌ തുടങ്ങിയ അപ്രധാന കാര്യങ്ങള്‍

Image
പ്രാന്തത്തിയും മകനും
തെക്കോട്ടും വടക്കോട്ടും ഓടുന്നു
കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടുന്നു
വയറു വിശക്കുന്നു
മണ്ണ് വാരി തിന്നുന്നു.
മണ്ണ് തിന്ന കണ്ണനോടൊപ്പം
കണ്ണു പൊത്തിക്കളിക്കുന്നു.
പ്രാന്തത്തിയും മകനും ഓടുന്ന ഓട്ടത്തില്‍
കാലു തട്ടി ആന മറിയുന്നു.
ആന തട്ടി അരയാല് മറിയുന്നു
അരയാലിലെ കിളിക്ക്
കൂട് നഷ്ടപ്പെടുന്നു
കിളി പ്രാന്തത്തിയെ പിരാകുന്നു.
പ്രാന്തത്തിയുടെ മകന്റെ കാതില്‍
കോല്‍‌ പിഴച്ചൊരു
തായമ്പക പെരുകുന്നു
കണ്ണും കാതും പെരുത്തിട്ടവന്‍
തെരുവിലൂടെ അലറിപ്പായുന്നു
വിശപ്പിന്റെ മനോഹര സംഗീതമെന്നു
വാഴ്ത്തപ്പെടുന്നു

ബലാല്‍സംഗത്തില്‍ കൊല്ലപ്പെട്ടവളുടെ മൊഴി

മേലാളന്മാരെ
അവരെ വെറുതെ വിടുക
അവര്‍ തന്തക്കു പിറന്നവര്‍
തറവാടികള്‍
വാക്കു തന്നവന്‍
വരാതിരുന്ന രാത്രിയില്‍
തെരുവുകളിലൂടെ  ഓടിച്ചിട്ട്‌
ഇരുണ്ട ഇടവഴിയില്‍ വെച്ചു
പ്രാണന്‍ പോകും വരെ
തിരിച്ചും മറിച്ചും
എന്നെ ഭോഗിച്ചത്
ഈ നഗരമല്ലെ !?
എന്നിട്ടും അവന്‍ 
വിടനെപ്പോലെ
മഞ്ഞച്ചിരി ചിരിക്കുന്നത്
കാണുന്നില്ലേ ...

സഖിയോട്‌ - 9

പ്രിയ സഖീ...
നീ എന്നില്‍ പെയ്യുമ്പോള്‍
പേമാരിയായ്‌ ആര്‍ത്തലച്ചു പെയ്യണം
മിന്നല്‍ പിണരും ഇടിമുഴക്കവുമായ് 
എന്നെ കെട്ടിപ്പുണരണം
നീ എന്നെ ചുംബിക്കുമ്പോള്‍
കാട്ടുതീ പോലെ ആളിപ്പടരണം
എന്റെ അസ്ഥികളില്‍ 
വിദ്യുത് പ്രവാഹമാകണം 
അപ്പോള്‍ ഞാന്‍ കൊടുങ്കാറ്റായി
ഹുങ്കാരവത്തോടെ ആഞ്ഞു വീശും
ചുടലകളെ ഊതിത്തെറിപ്പിക്കും
നഗരങ്ങളേയും ഗ്രാമങ്ങളേയും
ഞാന്‍ കശക്കി എറിയും
ചരിത്രത്തിലെ കെട്ടുകഥകള്‍,
സ്മാരക ശിലകള്‍, പ്രമാണങ്ങള്‍
എല്ലാം കീഴ്മേല്‍ മറിയും
നീ അപ്പോള്‍ പ്രളയമായി
ഭൂമിയെപ്പൊതിയും
കാറൊഴിഞ്ഞ നീലവാനം പോലെ
നീ ആശ്വാസത്തോടെ പുഞ്ചിരിക്കും
നിന്റെ ഉദരത്തില്‍
ഉണ്ണിക്കണ്ണനായി ഞാന്‍ പിറവി കൊള്ളും
പ്രണയത്തിന്റെ ആലിലയില്‍ കാല്‍വിരലുണ്ട്
ഞാന്‍ പുതുലോകം സ്വപ്നം കാണും

ഉദ്ധംസിംഗ്

Image
ഉദ്ധംസിംഗ് എന്നാല്‍
പ്രതിജ്ഞ എന്നാണപരനാമം
ചരിത്ര പുസ്തകത്തില്‍
കീറിക്കളഞ്ഞ ചുവന്ന ഏട്
നക്ഷത്രങ്ങളില്‍ ചവിട്ടി നടന്നവരുടെ
വംശത്തിലാണവന്‍ പിറന്നു വീണത്‌
അതുകൊണ്ടാണത്രേ
പട്ടും വളയും വാങ്ങിയ കവികള്‍
തത്വജ്ഞാനികള്‍
അവനെ കാണാതെ പോയത്
*ജലത്തില്‍ മത്സ്യം പോലെ
ജനങ്ങളുടെ ഇടയില്‍ അവന്‍ സ്വപ്നം വിതച്ചു


ഉദ്ധംസിംഗ് എന്നാല്‍
ലക്‌ഷ്യം എന്നാണപരനാമം
*പരുന്തിനെപ്പോല്‍
താഴ്ന്നും ഉയര്‍ന്നും പറന്നു,
അശാന്തികള്‍ക്കുമീതെ
ക്ഷോഭമടക്കി
ചൂട്ടുകള്‍ക്ക് തീ പകര്‍ന്നു
ഏകാഗ്രതയില്‍ ചോരയിറ്റിച്ചു
ശിരസ്സുകുനിക്കാത്തൊരു കൊടുമുടിയായി


ഉദ്ധംസിംഗ് എന്നാല്‍
ദേശസ്നേഹം എന്നാണപരനാമം
ശത്രുവിന്റെ ധാര്‍ഷ്ട്യത്തെയാണ്
അവന്‍ വെടി വെച്ചിട്ടത്
ഭാരതീയന്റെ ചൈതന്യത്തെയാണ്
കൊടിക്കൂറയില്‍ മുക്കിയെടുത്ത്
ഭൂമിയുടെ നെറുകയില്‍ കുത്തിയത്.


ഉദ്ധംസിംഗ്
പ്റിയ സഖാവേ...
ചരിത്രത്തില്‍ നിനക്ക് അപര നാമങ്ങളില്ല.


*1 ഉപമ - മാവോ-സെ-തുംഗ്  
*2 ഉപമ - വി ഐ ലെനിന്‍

ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലക്ക് ഉത്തരവാദിയായ കേണല്‍ ഡയറിനെ വധിക്കാനായി തന്റെ ജീവിതം സമര്‍പ്പിച്ച അത്യുന്നത സ്വാതന്ത്ര്യ സമരപ്പോരാളി ഉദ്ധം സിംഗിന്റെ സ്മരണയില്‍ ഈ കവിത സമര്‍പ്പിക്കുന്നു…