Posts

Showing posts from 2011

സ്നേഹം

മുറിവുകള്‍ ഉണക്കുന്ന
തൈലമാണ് സ്നേഹം
തളികയില്‍ ഇരിക്കുമ്പോള്‍
അതിനെ സ്നേഹം എന്നു വിളിക്കയില്ല.
മുറിവില്‍ പുരളുമ്പോള്‍,
നിന്റെ രക്തത്തിലേക്ക് നീറിപ്പടരുമ്പോള്‍,
നിന്റെ ഹൃദയത്തെ ആര്‍ദ്രമാക്കുമ്പോള്‍..,
നിന്നിലത് ലഹരിയായി നിറയുമ്പോള്‍ ...
അപ്പോള്‍ മാത്രം
അത് സ്നേഹമെന്ന് വിളിക്കപ്പെടും.
നീ അതിനെ
ആവേശത്തോടെ വാരിപ്പുണരുമ്പോള്‍
പ്രണയത്തിന്റെ വെള്ളിനക്ഷത്രങ്ങള്‍
നിന്നിലൂടെ കടന്നു പോകും

നിലാവ്‌

ഗ്രാമത്തിലെ ഇരുണ്ട പാതയില്‍
എന്നെകൈപിടിച്ചു നടത്തിയ പൂര്‍ണ്ണചന്ദ്രന്‍
ഇവിടെ ധാരാവിക്കും മലബാര്‍ഹില്ലിനും മുകളില്‍.

നിങ്ങള്‍ക്കെന്‍റെ ചന്ദ്രനെ പകുത്തെടുത്ത്‌
കിടപ്പറയിലോ ലോക്കറിലോ സൂക്ഷിക്കുവാനാവില്ല.

ഭൂമിക്കു മീതെ വളരെപതുക്കെ
വീശിയെറിഞ്ഞ കസവുകമ്പളം ഈ നിലാവ്‌,

പാല്‍നിറമെന്തെന്നറിയാത്ത ഇടയബാലന്‌
പാല്‍ക്കിണ്ണം പോലെയീ പൂനിലാവ്‌,

ചേരിയിലെ അഴുക്കുചാലില്‍
പുലയന്‍റെ ഉണ്ണിക്ക്‌ പൊന്‍കിണ്ണമായി
പുഞ്ചിരിപൊഴിക്കുന്നു പൂര്‍ണ്ണചന്ദ്രന്‍,

തെരുവുകുട്ടികളുടെ മുഷിഞ്ഞ കൈകള്‍ക്ക്‌
പാതെച്ചി കൈകൊടുത്ത്‌
കുശലവും കുസൃതിയും പറഞ്ഞ്‌
നഗര രാത്രിയില്‍ നടക്കുന്ന മുത്തശ്ശന്‍ നിലാവ്‌,

നക്ഷത്രം ചതിച്ച പെണ്‍കുട്ടി
മൃഗകാമനകള്‍ കടിച്ചുപറിച്ച ശരീരവുമായി
തെരുവോരത്ത്‌ പനിച്ചുവിറച്ചു നില്‍ക്കുമ്പോള്‍
ഒരുകിണ്ണം കനവുമായി നിലാവെത്തുന്നു...

ഇരുട്ടില്‍ ചാരന്‍മാരുടെ ഗൂഢാലോചനകള്‍ക്കുമേല്‍
‍അസ്വസ്ഥത പടര്‍തുന്ന കണിശക്കാരന്‍ മേല്‍നിലാവ്‌,

ചതിയില്‍ വധിക്കപ്പെട്ട ധീരന്‍റെ തലയോട്‌ കയ്യിലേന്തി
പൂര്‍ണചന്ദ്രന്‍റെ മന്ദഹാസം...

പ്രണയ പരവശയുടെ മണിയറയില്‍ മാത്രമല്ലീ
നിലാവിന്‍ വെട്ടം.
ലോക്കപ്പില്‍ ഭേദ്യം ചെയ്യപ്പെടുന്നവന്‍റെ
ശിരസ്സില്‍ തേജസ്സായി …

പേടി

നിശ്ശബ്ദതകൊണ്ട് 
ആയിരം നാവുകളെ അരിഞ്ഞു കളഞ്ഞിരിക്കുന്നു
നിസംഗതകൊണ്ട്  നീ എന്നെ ഭയപ്പെടുത്തുന്നു. എന്റെ പേടി  പടര്‍ന്നു പന്തലിച്ചു പുരവിഴുങ്ങുമ്പോഴും നിന്റെ ചുണ്ടില്‍  ചായക്കോപ്പയുടെ പുഞ്ചിരി.
നിന്റെ ദാഹം തീര്‍ക്കാന്‍ പ്രളയത്തില്‍ ഞാന്‍? മൊത്തി കുടിച്ചുകൊണ്ട്  നിന്റെ സംവാദം നീളുമ്പോള്‍ എന്റെ ഉടല്‍ നീറിപ്പിടിക്കുന്നു പനിച്ചു തുള്ളിയ ദേഹങ്ങളുമായി ഞങ്ങളുടെ ദേശം  ഒരിറ്റു കനിവിനായി കേഴുന്നു.

----------------------------------
പുര നിറച്ചു പന്നികളാണ്.
മുക്റയിട്ടും മൂക്കറ്റം തിന്നും തൂറിയും
മലത്തില്‍ തന്നെ ശയിച്ചും.

അടുക്കളയില്‍ വേവാത്തവ

ചോറുവെയ്ക്കുവാന്‍ അരിയെടുത്തപ്പോള്‍
അരിയില്‍ പുരണ്ടുകിടക്കുന്ന പച്ചച്ചോര.
ആരാണ്‌ അരിക്കൊപ്പം
ചുടുചോരയും കയറ്റി അയച്ചത്‌?

കറിവെക്കാന്‍ ഇളവനരിഞ്ഞപ്പോള്‍
ഒരു കുടം കണ്ണുനീര്‍.
കുമ്പളം നട്ടുവളര്‍ത്തുന്നത്‌
കണ്ണീരു നനച്ചാണോ?

കഴുകാന്‍ പരിപ്പെടുത്തപ്പോള്‍
പരിപ്പിന്‌ ഗദ്ഗദം.
ആരെ ഓര്‍ത്താണ്‌
നീ ഇങ്ങനെ വിങ്ങിപ്പൊട്ടുന്നത്‌?

ഏതു പാടത്താണ്‌ വേദനകള്‍ കുഴച്ച്‌
നിങ്ങളെയെല്ലാം നട്ടുവളര്‍ത്തിയത്‌?
ഏതു വിരലുകളെയാണ്‌
കയങ്ങളിലുപേക്ഷിച്ച്‌
നിങ്ങള്‍ യാത്രതിരിച്ചത്‌?

എന്‍റെ കലത്തില്‍ വേവാത്ത
നോവുകളെ കയറ്റി അയച്ച്‌
സ്വയംഹത്യ ചെയ്തവരേ...
എന്‍റെ അടുക്കളയിപ്പോള്‍
‍മരണവീടിനേക്കാള്‍ ശോചനീയം.

മിറിയം മക്കേബയെ സ്മരിക്കുമ്പോള്‍

Image
ഓ മമ്മാ ആഫ്രിക്കാ...
ജോഹന്നാസ്ബര്‍ഗിലെ തെരുവുകളില്‍
കറുത്തകുട്ടികളുടെ കൈകളില്‍ പിടിച്ചുകൊണ്ട്‌
നീ പാടുകയല്ല, അലറുകയാണ്‌
ഖൌലേസാ മമ്മാ ഖൌലേസാ...

വെടിയുണ്ടകളേക്കാളും വേഗമാര്‍ന്ന പാട്ടിനെ
നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും
തുറന്നു വിട്ടുകൊണ്ട്‌
വെളുത്തവന്‍റെ ഇരിപ്പിടത്തെ
നീ തീക്കനലാക്കി
അവന്‍റെ ബുള്‍ഡോസറുകളില്‍
അരിപ്പകള്‍ വീഴ്ത്തി
സ്വാതന്ത്യ്രവര്‍ഷിണിയായി നീ പാടി
മേഘവര്‍ഷിണിയായി നീ ആടി

നീ വെറുമൊരു ശബ്ദം
കാട്ടിലെ കാപ്പിരിചെണ്ട
എന്നുകരുതി അവര്‍ നിന്നെ നാടുകടത്തി

മതിലുകള്‍, ജയിലറകള്‍
ദേശങ്ങള്‍, അതിര്‍ത്തികള്‍
മറികടക്കും പാട്ടിന്‍റെ മാന്ത്രികത
അവര്‍ തിരിച്ചറിഞ്ഞില്ല

നീ പാടിയപ്പോള്‍ ഭൂഖണ്ഡങ്ങള്‍ ഞെരുങ്ങി
നിന്‍റെ ചുവടുതാളത്തില്‍
ആഫ്രിക്കന്‍ വനാന്തരങ്ങള്‍ പ്രകമ്പനം കൊണ്ടു
നരച്ച ആകാശം കാര്‍മേഘങ്ങളാല്‍ നിറഞ്ഞു
സിംഹങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റു
വ്യാഘ്രങ്ങള്‍
ഗോളങ്ങളില്‍ നിന്നും ഗോളങ്ങളിലേക്ക്‌
ക്വാണ്ടം ജംബ്‌ ചെയ്തു

പാട്ടും താളവും ഈശ്വരന്‍റെ വരദാനമായല്ല
സ്വാതന്ത്യ്രത്തിന്‍റെ ശ്വസനമായി
കാട്ടുചെണ്ടയുടെ മുഴക്കമായി
കരുണയും ആര്‍ദ്രതയുമായി നീ പാടി
പല ഭാഷകളില്‍ പലദേശങ്ങളില്‍
പല താളത്തില്‍ പല ഈണത്തില്‍
അതിര്‍ത…

കാക്ക

മുറ്റത്തൊരു കാക്ക വന്നിരിക്കുമ്പോള്‍
വിസ്മൃതിയില്‍ നിന്നും
സ്മൃതിയിലേക്കുണരുകയാണ് ഞാന്‍

കാക്കയുടെ കണ്ണില്‍
പരേതന്റെ വ്യസനമോ
മരണത്തിന്റെ ഇരുട്ടോ ഇല്ല.

മൂടിക്കിടക്കുന്ന ഓര്‍മ്മകള്‍
ചിറകടിച്ചുയരുംപോലെ
കാക്ക പറന്നു പൊങ്ങുന്നു.

കാക്കകള്‍ കൊത്തിവലിക്കുന്നത്
ഇന്നലെ ഞാന്‍ നെഞ്ചോട്‌ ചേര്‍ത്ത
ഇഷ്ടത്തെ,
കൊതിയോടെ ചുണ്ടില്‍ ചേര്‍ത്ത
രുചിയെ,
ഞാന്‍ വലിച്ചെറിഞ്ഞ
എന്റെ ശേഷങ്ങളെ...

മറവിയില്‍ ആണ്ടുപോയതിനെ
കൊത്തിപ്പറക്കുമ്പോള്‍
എന്റെ ചോരയില്‍ പൂക്കള്‍ വിരിഞ്ഞതോ
പൂക്കളില്‍ തേന്‍ കിനിഞ്ഞതോ
കാക്ക കാണാതെ പോകുന്നു.

ഒരു വേള
ഞാനും ഉപേക്ഷിക്കപ്പെടുമ്പോള്‍
അവനെന്റെ മേല്‍ പറന്നിരിക്കാതിരിക്കില്ല
എന്നെ അനുതാപത്തോടെ
ഉമ്മവെക്കാതിരിക്കില്ല.

കവിതക്കൊടി

തുഷാര ധൂമങ്ങളില്‍
പ്രകാശം പൊലിഞ്ഞുപോയ
തണുത്തു പനിച്ചൊരു രാത്രിയില്‍
ആകാശം പൊളിഞ്ഞു വീണുവെന്നു സ്വപ്നം കണ്ട
ആദിമ മനുഷ്യന്റെ
ആദ്യ വായ്മൊഴിയാണ്‌
ആദ്യ കവിത.

ഉറക്കം നടിക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍
ഒരാള്‍ ഉറങ്ങുന്നുവെങ്കില്‍
അയാള്‍ കവിയാണ്‌.
ഒറ്റ ഉറക്കം കൊണ്ടു ലോകമവസാനിക്കുമെന്ന്
സ്വപ്നം കാണുന്ന ഭ്രാന്തന്‍.

മരുഭൂമിയുടെ മണലടരുകള്‍ എടുത്തു മാറ്റുന്നവര്‍ക്ക്
ഭൂമി തുരന്നു ഖനി തേടി പോകുന്നവര്‍ക്ക്
നീരുറവ പോലെ കവിത പ്രത്യക്ഷയാകും.

ബലിമൃഗങ്ങളുടെ നിശ്ശബ്ദമായ ചോര
ഒഴുകി ഒഴുകി പോകുന്നത്
കവിതയുടെ ഗുഹാമുഖത്തേയ്ക്കാണ്.

വിവസ്ത്രമായ ശരീരവും
ഇലപൊഴിഞ്ഞ ശിഖരങ്ങളുമായി
ഗ്രീഷ്മം മറികടക്കുന്ന മരങ്ങളുടെ
ഏകാന്ത ദുഖമായി
കവിത ഘനീഭവിച്ചു കിടക്കുന്നു.

ഭ്രാന്തു പിടിച്ചൊരു കിളി
ലംബ രേഖയില്‍
ദൈവത്തിന്റെ വീടുതേടി പറക്കുമ്പോള്‍
കവിതയ്ക്ക് ചിറകു മുളക്കുന്നു.

ഉപേക്ഷിച്ചുപോയ വാക്കുകള്‍ തുന്നിച്ചേര്‍ത്ത,
ഉന്മാദിയുടെ സ്വപ്‌നങ്ങള്‍ അലങ്കരിച്ച,
ധീരന്റെ ശവക്കച്ച
വിശന്നു മരിച്ച പരേതാത്മാക്കളുടെ കണ്ണീരില്‍ മുക്കി,
മുറിവേറ്റവരുടെ ഹൃദയരക്തംകൊണ്ട്
മേഘങ്ങളില്‍ ഉമ്മവെക്കുന്നു –
"കവിതക്കൊടി."


അഹല്യയുടെ ജീവിതത്തില്‍ സത്യമായും സംഭവിച്ചത്

Image
ശ്രീകോവിലിനുള്ളില്‍  ഓംകാരങ്ങളുടെ നടുവില്‍ നറുനെയ്യിന്റേയും ചന്ദനത്തിന്റേയും  സുഗന്ധങ്ങള്‍ക്കിടയില്‍ മടുപ്പിന്റെ  നമ്രശിരസ്സുമായി വാഴുന്ന ദേവിയോട്    ഞാന്‍ ചോദിച്ചു - പെണ്ണേ പോരുന്നോ എന്റെ കുടിയില്‍? വറുത്ത പോത്തിറച്ചിയും നല്ല പുളിച്ച പനംകള്ളും ഉണ്ട്. കേട്ടപാടെ കേള്‍ക്കാത്തപാടെ  തെളിഞ്ഞ മുഖവുമായി ശ്രീപോതി എണ്ണ മെഴുക്കുള്ള ശിലാവിഗ്രഹം വെടിഞ്ഞ് പട്ടുചേല ഊരിയെറിഞ്ഞു പൂക്കുല പോലെ കൂടെ പോന്നു. ചാണകം മെഴുകിയ പുരത്തറയില്‍  കള്ള് മണക്കുന്ന മെയ്യുകള്‍ കെട്ടിമറിയുമ്പോള്‍ ചെക്കാ 
ഇനി നിന്റെ വിരലുകള്‍ കരിങ്കല്ലുകളെ സ്പര്ശിക്കല്ലേ എന്നവള്‍ കുറുമ്പ് ചൊല്ലി.

അവശേഷിക്കുവാന്‍ ചിലത്...

ചില നക്ഷത്രങ്ങള്‍
ആകാശങ്ങളില്‍ നിന്നും അടര്‍ന്ന്
ഇരുട്ടില്‍ അദൃശ്യമാകുന്നു.

നിലച്ചു പോകുന്ന സ്നേഹങ്ങള്‍
കെട്ടുപോയ വിളക്കുപോലെ
അന്ധത സമ്മാനിക്കുന്നു.

മനസ്സുകള്‍ മനസ്സുകളിലേക്ക്
ചാരിവെച്ച ഏണികള്‍ എടുത്തു മാറ്റുമ്പോഴാണ്
ആഴിപ്പരപ്പുകളില്‍ ദ്വീപുകള്‍ ഉണ്ടാകുന്നത്.

വിലങ്ങു വീണ മനസ്സുകളേക്കാള്‍
ഭീകരമാണ്
അടച്ചുവെച്ച വാക്കുകള്‍.

മുറിയാന്‍ ശരീരമില്ലെങ്കില്‍
വേദനക്കുള്ള ഗുളികകള്‍ എന്തിനാണ്?

പൊള്ളി പൊള്ളി കത്തിപ്പടരാന്‍
ഒന്നും ബാക്കിയില്ല.
മരണത്തിനു മുന്‍പേ
എല്ലാം ദഹിച്ചു പോയിരിക്കുന്നു.

ചാരമായ എന്നെ മുള്‍ച്ചെടികള്‍ക്ക്
ചോറായി വിളമ്പണം.
പനിനീര്‍ പുഷ്പങ്ങളുടെ
ചുവപ്പായി പുനര്‍ജ്ജനിക്കുവാന്‍.

ചരിത്രത്തില്‍ പറവകളുടെ പങ്ക്

പ്രളയക്കടലില്‍  മുങ്ങിത്താഴുന്ന ദൈവത്തിന്
ദേശാടനം നടത്തുന്ന ഒരു പറവ ആകാശത്തില്‍ നിന്നും ഒരാലില താഴേക്കു കൊത്തിയിട്ടു കൊടുത്തു. ആലിലയില്‍ കയറിയ ദൈവം പുതിയ യുഗത്തിന്റെ കരയില്‍ പ്രളയം കൊണ്ടു പോകാത്ത  വിത്തുകള്‍ വിതച്ചു. ദൈവം പറഞ്ഞു അവന്‍ എനിക്ക് തന്നതിനെ  ഞാന്‍ നിനക്ക് തന്നു.

ഉസ്താദ് ബിസ്മില്ലാഖാന്‍

Image
ഗംഗയുടെ തീരങ്ങളോട് ചോദിക്കൂ,
പറയും.
ഈ വൃദ്ധഗായകനെപറ്റി.

നിങ്ങള്‍
ജന്മഭൂമിയെയും സംസ്ക്കാരങ്ങളെയും പറ്റി
സായുധ സംവാദങ്ങള്‍ നടത്തുമ്പോള്‍,
അയല്‍ക്കാരന്റെ മതബോധത്തിലേക്ക്
വാളിറക്കുമ്പോള്‍,
ചാച്ചാജി എന്ന് ഇന്നലെവരെ വിളിച്ചവളുടെ
നഗ്നതയില്‍ പല്ലിറുക്കി
ആര്‍‌ഷഭാരതമെന്നു പുലമ്പുമ്പോള്‍
കുട്ടികളുടെ നിഷ്ക്കളങ്കതയോടെ
ഷെഹനായ് ഊതിക്കൊണ്ട്
പുണ്യനദിയുടെ തീരത്തില്‍
വിശ്വനാഥ ക്ഷേത്രത്തിന്റെ ഒതുക്കു കല്ലുകളൊന്നില്‍
കബീറിന്റെ ധ്യാനവുമായി ഇരുന്നവന്‍ -
ബിസ്മില്ലാഖാന്‍.

ഉസ്താദ് ബിസ്മില്ലാഖാന്‍
ഷെഹനായ് ഊതുമ്പോള്‍
പ്രപഞ്ചനാഥന്‍ ശിലയില്‍ നിന്നുമുണര്‍ന്ന്
അവനരികില്‍ ചെന്നിരിക്കും.
അപ്പോള്‍ ഗംഗ
താന്‍ വീണ്ടും വീണ്ടും
പവിത്രയാകുന്നതറിയും.
ആകാശം സമാധാനവുമായി ഭൂമിയില്‍ വന്നിരിക്കും.
ഗംഗയുടെ തീരങ്ങളില്‍ നിന്നും ആത്മാവുകള്‍
ശാന്തിയുടെ നിറവില്‍ ഉണര്‍ന്നുവരും.

ഉസ്താദ് ...
അവിടുന്ന് ഷെഹനായ് ഊതുമ്പോള്‍
അതൊരു സുഷിരവാദ്യത്തിന്റെ സ്വരമാധുര്യമല്ല,
സംഗീതം കൊണ്ടുള്ള രാഷ്ട്രീയ ഇടപെടലാണ്.
അതിര്‍ത്തികളില്ലാത്ത
വര്‍ണ്ണഭേദങ്ങളില്ലാത്ത
മതഭേദങ്ങളില്ലാത്ത
മാനവീകതയുടെ പ്രഖ്യാപനമാണ്.

ആരാണ് രക്തസാക്ഷി?

ബലിമൃഗമായി
പോരില്‍ പിടഞ്ഞു വീണവനോ? ഹാ! എന്റെ വിധിയെന്നു കരഞ്ഞ്
ശത്രുവിന്റെ കൈപിഴയില്‍
കുഴഞ്ഞു വീണവനോ?

അതോ നക്ഷത്രങ്ങളെ ചവുട്ടി
ഉഷ്ണ പ്രപഞ്ചങ്ങളെ ഉണര്‍ത്താന്‍
പട നയിച്ചവനോ?
ഹൃദയത്തില്‍ ഊതിപൊലിപ്പിച്ച തീക്കനല്‍
അന്ധകാരത്തിന്റെ മുഖത്ത്
അലറി തുപ്പിയവനോ?

ആരാണ് രക്തസാക്ഷി?

രക്തസാക്ഷിയെ പ്രതി
ഒരമ്മയും കരയുകയില്ല.
രക്തസാക്ഷി നഷ്ടപ്പെട്ടവനല്ല.

ഉള്ളില്‍ ഉറപ്പിച്ച കഠാര
ശത്രുവില്‍ ഇറക്കും വരെ
ഇമ പൂട്ടാത്തവന്‍
ചതിയില്‍ പിന്‍‌കഴുത്ത് തകരുമ്പോഴും
ആകാശനീലിമയെ ഉമ്മവെയ്ക്കുന്നൊരു
കൊടിക്കൂറയായി തലയുയര്‍‌ത്തിയവന്‍.

രക്തസാക്ഷി ഒരു പ്രതീക്ഷയാണ്.
പ്രളയങ്ങളില്‍ ഒലിച്ചുപോകാത്ത
ധീരന്മാരുടെ ഹൃദയദലങ്ങളില്‍
വിരിഞ്ഞു തുടുത്ത വടാമലര്‍

എങ്കില്‍

ആയുസ്സിലെല്ലാര്‍ക്കുമൊരടയാളം കാണുമോ? അന്ത്യനാളെത്തും വരെ
ഓര്‍ത്തു വെക്കാന്‍
എങ്കില്‍ നിന്‍ മിഴികളാണടയാളം.

ഒരു കയ്യൊപ്പ് ചാര്‍ത്തി
പുസ്തകത്താള്‍ അടച്ചുവെച്ചുവോ
എങ്കില്‍ നിന്‍ ചുംബനമാണതില്‍

ഒരു കിലുക്കം മാത്രം
മുഴങ്ങുമീ വീണ
എന്നില്‍ തന്നെ മീട്ടുന്നുവോ?
എങ്കില്‍ നിന്‍ സ്വരമാണതില്‍

നിലാവിന്റെ മുട്ടയ്ക്കടയിരുന്നത് വിരിയവേ
ചുരക്കും വെളിച്ചം
നീ തന്നെയോ ?

കെട്ടുപോകും വിളക്കുകള്‍
എന്നില്‍ മാത്രമെരിയുന്നുവെങ്കിലാ വെട്ടം
നീയല്ലാതെ മറ്റാര്‍?

എത്ര കാതങ്ങള്‍ എത്ര കാലങ്ങള്‍
പിന്നിട്ട്‌ പോന്നിട്ടും നിന്നോര്‍മയല്ല
നീ തന്നെയൊപ്പം
എന്‍ നീറ്റലായ് എന്നുണര്‍വ്വായ്
ജ്വലിപ്പതെന്തിങ്ങനെ?

മഴയായ് പെയ്ക നീ വിശുദ്ധ പ്രണയമേ
തോരാതെ തേങ്ങാതെ
ഒഴുകി പരന്നു പടര്‍ന്നു
പിരിയട്ടെ കൈവഴികള്‍
പുഴകളായ്‌ എന്‍ രക്തം
മാമരങ്ങളില്‍ പൂക്കളായ്
സ്നേഹ സുഗന്ധ സംഗീതമായ്

എങ്കില്‍
നിന്നെയും എന്നെയും
വിസ്മൃതമാക്കുമൊരു
വിശുദ്ധ നിമിഷം
മതിയെന്‍ ചിത കത്തുവാന്‍

സ്നേഹം എന്നാല്‍ എന്താണ്?

എന്റെ സുഹൃത്തും ബ്ലോഗറുമായ ശ്രീജ എന്‍. എസ്. അവരുടെ ഏറ്റവും പുതിയ കഥയായ സ്വപ്നാടനത്തില്‍ എഴുതുന്നു-

"സ്നേഹം എന്നാല്‍ എന്താണ്? പല തവണ പല ആവര്‍ത്തി സ്വയം ചോദിച്ചു പല തരം ഉത്തരങ്ങളില്‍ എത്തിചേര്‍ന്നിട്ടുണ്ട്. ഒരുപാട് അടുപ്പം തോന്നിയവരോട് പലപ്പോഴായി ചോദിച്ചിട്ടുണ്ട് സ്നേഹമെന്നാല്‍ നിങ്ങള്ക്ക് എന്താണെന്നും, ആരോടാണ് ഏറ്റം സ്നേഹമെന്നും. മനസ്സ് നിറയുന്ന ഒരു ഉത്തരം, ഇനിയോരാവര്‍ത്തി ഇതേ ചോദ്യം ആവര്‍ത്തിക്കാതെ ഇരിക്കുവാന്‍ മാത്രം സംതൃപ്തി നല്‍കിയ ഒന്നും ഉണ്ടായില്ല എന്നതാണ് നേര്. നമ്മള്‍ കണ്ടിട്ടുള്ള സ്നേഹം ഏറിയ കൂറും ഒരു ഉടമ്പടി പോലെ ആണ്..നോക്ക് എനിക്കിതൊക്കെ വേണം, അതൊക്കെ നീ നല്‍കുന്നതിനാല്‍ എനിക്ക് സ്നേഹമാണ്. തിരിച്ചും ഏകദേശം കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ തന്നെ..ആ പറഞ്ഞതൊക്കെ എനിക്ക് സമ്മതം, എന്റെ ചില ആവശ്യങ്ങള്‍ ഉണ്ട് അത് കൂടെ സാധിച്ചു തരു .അപ്പോള്‍ സ്നേഹം പൂര്‍ണ്ണമായി..ഇത്തരം വ്യവസ്ഥകള്‍ ഇല്ലാത്ത സ്നേഹത്തെ തേടിയല്ലേ നമ്മള്‍ എല്ലാവരും അലയുന്നത്. ജീവന്റെ ഒറ്റ കോശം ആയിരുന്നപ്പോള്‍ തുടങ്ങുന്ന ഒരു തിരച്ചില്‍ ആണത്..മരണത്തിനു അപ്പുറത്തെയ്ക്കും നീളുന്നു എന്ന് ഞാന്‍ കരുതുന്ന ഒന്ന്. അവസാനിക്കാത്ത ദാഹവു…

ഒരു കൂണ്‍ ചെടി പറയുന്നു

കടലുപോല്‍ ഇരമ്പുന്ന മനസ്സെങ്കില്‍ എത്റ നല്ലത്?
കടലില്‍ തിരകളും,  ആഴങ്ങളില്‍ വിശപ്പും, കുതിപ്പുമുണ്ടാകും. മരുഭൂമിപോല്‍ വരണ്ട  മനസ്സെങ്കില്‍ എത്റ നല്ലത്? മരുഭൂമിയില്‍ മുള്‍ച്ചെടികളും,  ദാഹവും, പ്രതീക്ഷകളുടെ നിശ്വാസവുമുണ്ടാകും.

ആകാശം പോലെ ഞാനൊന്ന് വിയര്ത്തിരുന്നുവെങ്കില്‍-
എനിക്കൊന്നു അലറിക്കരയാമായിരുന്നു...

എന്റെ തൊലി  ഉണങ്ങിയ മരം പോലെ. കീറുകയോ കത്തിക്കുകയോ എന്തുമാകാം. നിന്റെ മഴു എന്നെ വേദനിപ്പിക്കയില്ല. നിന്റെ തീ എന്നെ ദഹിപ്പിക്കയില്ല.

എന്റെ ചോര ഞാന്‍ പിന്നിട്ട വഴികളില്‍  വീണുണങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ അവിടമാകെ ചുവന്ന കൂണുകള്‍ പൊന്തിയിരിക്കുന്നു. ഓരോ കൂണിനും ഓരോ മുഖമാണ്. എന്നെ പിച്ചിയെറിഞ്ഞവരുടെ മുഖം.
ഞാനും നിനക്ക് രുചിക്കാന്‍ മാത്രം പാകം വന്ന ഒരു കൂണ്‍. വിഷക്കൂണ്‍ ആകും മുമ്പേ പറിച്ചെടുത്ത് കൊള്‍ക.

പരിണാമ മുക്തി

അങ്ങനെയിരിക്കെ
എല്ലാ പരിണാമങ്ങളുടെയും അധിപതിയും
അധീശനും ആയ
ചാൾസ് ഡാർവിൻ തിരുമേനി
കല്‍‌പ്പിച്ചനുഗ്രഹിച്ചതിന്‍ പ്രകാരം
എന്റെ കൈകാലുകള്‍
ശരീരത്തിനകത്തേക്ക് കയറിപ്പോയി.
ശരീരം നീണ്ടു കുറുകി
ഇഴജന്തുവിനെപ്പോലെ
പുളഞ്ഞു നടന്നു.
അപ്പോഴാകട്ടെ
കൊടിയ വിശപ്പുതുടങ്ങി.
തിന്നുകയും ഉറങ്ങുകയുമായി
എന്റെ ഇഷ്ട വിനോദം.
പാചകം ചെയ്തതും അല്ലാത്തതും തിന്നു തീര്‍ത്തു.
പിന്നെ പുസ്തകങ്ങള്‍,
പാത്രങ്ങള്‍,
കിടക്ക, കട്ടില്‍, മേശ, കസേര...
എന്റെ വിശപ്പ്‌ മാറിയില്ല.
വീട് ഒരു വശം മുതല്‍ അനായാസമായി തിന്നു തീര്‍ത്തു.
എന്റെ വിശപ്പ്‌ മാറിയില്ല.
തെങ്ങും കവുങ്ങും തിന്നു.
വീട്ടുകാരെയും നാട്ടുകാരെയും തിന്നു.
തളിരില കരണ്ടുതിന്നുന്ന പുഴുവിനെപ്പോലെ
ഗ്രാമം ഞാന്‍ ആവേശത്തോടെ തിന്നു തീര്‍ത്തു.
പുഴയില്‍ ചുണ്ട് ചേര്‍ത്തു ഒന്ന് ആഞ്ഞു വലിച്ചു.
എന്റെ ദാഹം തീര്‍ക്കാന്‍ മതിയാകാത്ത പുഴ
വയറ്റില്‍ കിടന്നു വറ്റിയുണങ്ങി.
ഗ്രാമങ്ങളെ തിന്നു തിന്ന്
ഞാന്‍ നഗരങ്ങള്‍ക്ക് നേരെ വായ്‌ തുറന്നു.
മുഴുത്ത മുട്ടനാടിനെ തിന്നും പോലെ
നഗരം എന്റെ അണപ്പല്ലില്‍ കിടന്നു ഞെരിഞ്ഞു പൊടിഞ്ഞു.
എനിക്കിനി ഒന്ന് ഉറങ്ങണം
നാളെ അയല്‍ രാജ്യങ്ങള്‍ തിന്ന് തീര്‍ക്കാനുള്ളതാണ്.
ഉപ്പുചേ…

ഉള്ക്കിണര്‍

(എന്റെയും   നിന്റെയും ഉള്ളില്‍ ഓരോ കിണറുണ്ട്.)
എന്റെ കിണറ്റില്‍ ...
ഉള്പ്രവാഹങ്ങളില്‍ കുളിരുന്ന
തെളിനീരുമാത്രമല്ല;
ആരൊക്കെയോ വലിച്ചെറിഞ്ഞ
ചപ്പു ചവറുകള്‍
പൊട്ടിയ സ്ലേറ്റു പെന്‍സില്‍
കീറിപ്പറിഞ്ഞ സ്ക്കൂള്‍സഞ്ചി
ഏട്ടന്റെ ചോറ്റുപാത്രം
അമ്മൂമ്മയുടെ ചൂരല്‍
പഴങ്കഥകള്‍
വന്നവരും പോയവരും എറിഞ്ഞു കളിച്ച
വെള്ളാരം കല്ലുകള്‍
എന്റെ ആഴമളന്നവര്‍
പടവുകളില്‍ പിടിച്ച് എന്നിലേക്ക്‌ ഇറങ്ങിവന്നവര്‍
കൈതെറ്റി ഇടറി വീണവര്‍
ഭ്രാന്തുവന്നു ചാടി ചത്ത നേര്‍പെങ്ങള്‍
കാര്‍ക്കിച്ചു തുപ്പിയവര്‍
കോരി കുടിച്ചവര്‍
(ഞാനും നീയും ഒരേ കിണറാണ്.)
പാതാള കരണ്ടികൊണ്ടു കടഞ്ഞെടുത്താല്‍
പൊങ്ങിവരും ഇനിയും പലതും.
ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍
കിണറ്റിലെ തവളയുണ്ട്
വേദാന്തമുണ്ട്
സിംഹത്തിന്റെ അഹങ്കാരമുണ്ട്
ആരെയും കാണിക്കാതെ ഒളിച്ചു വെച്ചൊരു
ചെന്താമരയുണ്ട്
അമ്പിളിമാമന്റെ നിലാ പുഞ്ചിരിയുണ്ട്.
കിണറ്റിലെ ഭൂതമുണ്ട്.
ദേവതയുണ്ട്
നിധി കുംഭമുണ്ട്‌.
ഇറങ്ങി വന്നോളൂ
മടിക്കാതെ
മടിക്കാതെ എന്നു പറയുന്ന മനമുണ്ട്

നിന്നിലേക്ക്‌...

നിന്നിലേക്ക്‌...
നിന്നിലേക്ക്‌  മാത്രം
ഒഴുകി നിറയാനുള്ള എന്റെ സ്നേഹത്തെ
മലനിരകള്‍ക്കിടയില്‍ തടഞ്ഞു വെച്ചത് ആരാണ്.
നിന്റെ ഉടലില്‍ ഒഴുകിപ്പരക്കാനുള്ള
എന്റെ മോഹങ്ങളെ
എത്രനാള്‍ തടങ്കലില്‍ വെക്കും?
എന്റെ മനസ്സ് ഖനീഭവിച്ചു പോയിട്ടില്ല.
നിന്നോടുള്ള എന്റെ സ്നേഹം
പെയ്തു തോരാതെ
കിഴക്കന്‍ മലകളെ മുക്കിക്കളയുന്നു.
പ്രിയപ്പെട്ടവളെ,
ഞാന്‍ നിന്നിലൂടെ
ആയിരം കൈവഴികളായി ഒഴുകും.
നിന്റെ തീരങ്ങളെ ഞാന്‍ പച്ച പുതപ്പിക്കും.
കാട്ടുചോലകളായി നിന്റെ വന്യ ദാഹങ്ങളില്‍
പൊട്ടിച്ചിതറും
നിന്റെ സമതലങ്ങളില്‍ നിറഞ്ഞൊഴുകും.
അപ്പോള്‍ ചടുലമായ ആസക്തിയായിരിക്കും എനിക്ക്.
തടങ്ങളെ വേദനിപ്പിച്ചുകൊണ്ട്
മരങ്ങളെ കടപുഴക്കിക്കൊണ്ട്...
ചില നേരങ്ങളില്‍ ശാന്ത ചിത്തനായ കാമുകനെപ്പോലെ
കളിപറഞ്ഞു ചിരിച്ച്,
കൈകളില്‍ ഉമ്മവെച്ചു, കവിളില്‍ നുള്ളി
ചില നേരങ്ങളില്‍...
തേനുറവപോലെ
വരൂ കോരിക്കുടിക്കൂ എന്ന ഭാവത്തില്‍...
അപ്പോള്‍ നഗ്നപാദയായി
നീ എന്നിലേക്ക്‌ ഇറങ്ങണം.
ഒരു കവിള്‍ മൊത്തണം...
പല ഭാവങ്ങളില്‍,
പല രൂപങ്ങളില്‍
ഞാന്‍ നിന്നിലേക്ക്‌,
നിന്നിലേക്ക്‌...
ഒഴുകിനിറയും.

അര്‍ദ്ധനാരീശ്വരം

പെരും മഴയില്‍
നമ്മുടെ ഓലക്കുടില്‍ ചോര്‍ന്നൊലിച്ചുകൊള്ളട്ടെ,
നെഞ്ചോടു നെഞ്ചു ചേര്‍ത്തു
നമുക്ക് കിടക്കാന്‍
ഇത്രയും ഇടം തന്നെ ധാരാളമല്ലേ...

അസ്ഥിയുരുക്കും
ഈ തണുപ്പ് തോറ്റുപോകും
പ്രണയച്ചൂടില്‍ നാം തിളക്കയല്ലേ...

ഇടിമിന്നല്‍ ജ്വാലയില്‍
നിന്നെക്കാണുവാന്‍ എന്തൊരഴക് !
മഴയില്‍ കുളിച്ചു നില്‍ക്കുന്ന
പാച്ചെത്തിയാണ് നീ...

ഓരോ ഇടിമുഴക്കത്തിലും
എന്നിലേക്ക്‌ കയറിപ്പോകുന്നു നീ...

നാളെ നേരം വെളുക്കുമ്പോള്‍
ഈ കുടിലില്‍ ഒരാള്‍ മാത്രമാകും   നരനും നാരിയും ചേര്‍ന്നൊരു
അര്‍ദ്ധനാരീശ്വര രൂപം.

മിഥുനശില്‍‌പ്പം

കല്ലില്‍ ശില്‍പ്പം കൊത്തുന്ന ശില്‍പ്പിയെ
രണ്ടു കൈകള്‍ നീട്ടി
ശില്‍പ്പം തിരിച്ചു കൊത്തുവാന്‍ തുടങ്ങി.

കമിതാക്കള്‍ ഇണചേരും പോലെ
പരസ്പരം കൊത്തിയും
ഭംഗി നുകര്‍ന്നും
ആരാണ് ശില്‍‌പ്പി
ഏതാണ് ശില്‍പ്പം
എന്നറിയാത്ത ഒരു നിമിഷത്തില്‍
ഒറ്റക്കല്ലില്‍ തീര്‍ത്ത
മിഥുനശില്‍പ്പം പോലെ
ശില്‍പ്പവും ശില്‍പ്പിയും
ഉള്‍ച്ചേര്‍‌ന്നു പോയി.

ആത്മാവില്‍ ലയിച്ചു പോയതിനെ
പിളര്‍ക്കുവാനാകുമോ മരണമേ?

മുറിയുന്നത്‌ നല്ലതാണ്...

ചില മുറിവുകള്‍ക്ക്‌
ആഴക്കടലിന്റെ ആഴമായിരിക്കും.
തിരകളും ചുഴികളുമില്ലാതെ
സ്വസ്ഥവും ശാന്തവുമായ മേല്‍‌പ്പരപ്പ്‌
മോഹിപ്പിച്ചുകൊണ്ടേയിരിക്കും.

അസ്ഥികളെ തുരക്കുന്ന
മുറിവുകള്‍ ഉണ്ട്.
അസ്ഥിവാരം ഇളകിയ ചില്ലുഗോപുരം പോലെ
നിനച്ചിരിക്കാതെ വീണുടയും.

കനലുപോലെ നീറുന്ന മുറിവുകള്‍
മറവികളുടെ മഴയില്‍ കെട്ടുപോയേക്കാം
ഉള്ളിലെ നീറ്റലൊടുങ്ങാതെ  
ഒരിക്കല്‍ ലാവയായി ഒഴുകുംവരെ.

പകര്‍ച്ച വ്യാധിപോലെ
ചില മുറിവുകള്‍
ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക്
പടര്‍ന്നു കയറും.
മുറിവേറ്റവരുടെ സംഘഗാനമായി
തെരുവുകളില്‍ ചോര നിറയ്ക്കും.

ജനിതകങ്ങളിലൂടെ സംക്രമിക്കുന്ന മുറിവുകള്‍
അംഗവൈകല്യം
വന്ന സന്തതി പരമ്പരകളെ പെറ്റുകൂട്ടും.

സുഷുപ്തിയിലാര്‍ന്ന ചില മുറിവുകള്‍
ക്വാണ്ടം കുതിച്ചു ചാട്ടം കൊണ്ട്
വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കും.

മുറിയുന്നത്‌ നല്ലതാണ്.
നീറുന്ന മറുമരുന്നുകൊണ്ട്
സുഖപ്പെടുമെങ്കില്‍...

മഴപ്രേമം

ഉച്ച ഉറക്കത്തീന്ന് തട്ടിയുണര്‍ത്തി ദേ മഴ പെയ്യുണൂന്നു അവള്‍ പറഞ്ഞപ്പോള്‍ ന്നാ നീ പോയി മഴയെ കെട്ടൂന്നു ഞാന്‍.
പറഞ്ഞു തീര്‍ന്നില്ല  വാശിക്കാരി ദാ പോണു  മഴയുടെ കയ്യില്‍ തൂങ്ങി.
മഴയുണ്ടോ പിന്നെ പെയ്തു നിര്‍ത്തുന്നു. മഴയും ഓളും കോരി ചൊരിഞ്ഞു കുടം കൊണ്ട് പറകൊണ്ട്.
ഇപ്പോഴിതാ തുമ്മലും ചീറ്റലുമായി കമ്പിളിക്കടിയില്‍ മഴയുടെ പുതുപ്പെണ്ണ്.
ചുക്ക് കാപ്പി തിളപ്പിക്കുകയാണ് മടിയന്‍ കുഞ്ചു.

സഖാവ് ജോണി

അമാവാസി ഒടുങ്ങും മുന്‍പ്  സഖാവ് ജോണി നീ അസ്തമിച്ചിരിക്കുന്നു. ഒറ്റജാഥയില്‍  ഒറ്റപ്പന്തമായി നിന്നു കത്തിയവന്‍. ഇനി നീ  പാതിരാത്രികളില്‍ സഖാക്കളെ തട്ടിയുണര്‍ത്തി വസന്തഗീതങ്ങള്‍ ആലപിക്കയില്ല. മുഖം നിറഞ്ഞ ചിരിയും നഗ്ന പാദങ്ങളുമായി കൊടും വേനലില്‍ നടന്നു പോകുന്ന   ഉത്തുംഗ ശിരസ്ക്കനെ ഞങ്ങള്‍ കാണുകയില്ല. ഒരു കിണ്ണം ചോറുമായി നിന്നെ കാത്തിരുന്ന അമ്മമാര്‍ക്ക് ഇനി വിളക്കണച്ചു കിടന്നുറങ്ങാം. അകന്നു പോയ സ്നേഹിതര്‍ക്കും ഉടഞ്ഞുപോയ പ്രതീക്ഷകള്‍ക്കും നടുവില്‍ നിന്നും ഇരുളിലേക്ക്  നൂലേണിയില്‍ അപ്രത്യക്ഷമായവനേ... കുറുനരികള്‍ക്കിടയില്‍  അനാഥരായി ഞങ്ങള്‍ നിലവിട്ടു കരയുമ്പോള്‍ കയറിപ്പോയതുപോലെ നൂലേണിയിലൂടെ നീ ഇറങ്ങിവരുമോ? അതുമല്ലെങ്കില്‍ തിമിരം ബാധിച്ച ഞങ്ങളുടെ കണ്ണുകള്‍ക്ക്‌ ഒരു കുടം നിലാവ് ഒഴിച്ചു തരുമോ? മഴ നനഞ്ഞു കത്താത്ത  ചൂട്ടുകളായി വഴിയരികില്‍ ഞങ്ങള്‍ പുകഞ്ഞു തീരും മുമ്പ്.

പത്രോസ് പ്രാര്‍‌ത്ഥിക്കുന്നത് എന്തെന്നാല്‍ ..

പത്രോസേ
നീ പാറയാകുന്നു.
നിന്റെ പുറത്ത്
ഞാന്‍ പള്ളി പണിയും. - എന്ന്
കര്‍ത്താവായ ഈശോ മിശിഹാ
അരുള്‍ ചെയ്തതിന്‍ പ്രകാരം

കപ്പേളകള്‍, പള്ളികള്‍, മിനാരങ്ങള്‍,
അച്ചന്‍, മെത്രാനച്ചന്‍, ചെറിയ തിരുമേനി,
വലിയ തിരുമേനി, പോപ്പ്,
രൂപത, അതിരൂപത ഒക്കെ ഉണ്ടായി വന്നു.

ഇപ്പോള്‍
പത്രോസ് പ്രാര്‍‌ത്ഥിക്കുന്നത് എന്തെന്നാല്‍ ...

"കര്‍ത്താവേ...
ഈ പാന പാത്രം എന്നില്‍ നിന്നും
നീക്കേണമേ..."

തോണി

നീ ഇങ്ങനെ ഒഴുകുന്നതുകൊണ്ടാണ്
ഞാന്‍ ഇത്ര അഹങ്കാരിയായിരിക്കുന്നത്.
നിന്നെ മുറിച്ചു നീന്തുമ്പോള്‍
എന്നില്‍ കീഴടക്കലിന്റെ പൌരുഷം.

നീ എത്രമേല്‍ കരുത്തേറുമോ
ഞാന്‍ അത്രയും വീരനാകുന്നു.
വെണ്‍കൊറ്റക്കുടയും തോരണങ്ങളുമായി
നിന്നില്‍ ഞാന്‍ വിജയപതാക പാറിക്കുന്നു

തോണിക്ക് പുഴപോലെയാണ്
എനിക്ക് നീ.
വലിച്ചു കരയ്ക്കിട്ടാല്‍
ഞാനും ഉള്ളു പൊള്ളയായ
ഉണങ്ങിയ മരം.

മുല്ലപ്പൂ വിപ്ലവകാലത്തെ സ്വപ്‌നങ്ങള്‍

പഴയ സ്വപ്‌നങ്ങള്‍
പാതിരാത്രിയില്‍
രഹസ്യ പോലീസിന്റെ കണ്ണു വെട്ടിച്ച്
പുരപ്പുറത്തുകയറി ഓടു പൊളിച്ച്
മച്ചകം വഴി
മെത്ത പായിലേക്ക്‌
ഊര്‍ന്നിറങ്ങുകയാണ് പതിവ്.

പുഴ നീന്തിക്കടന്ന്,
മലകള്‍ മറികടന്ന്
സര്‍പ്പങ്ങളുടെ തലയില്‍ ചവുട്ടി
രഹസ്യ സന്ദേശങ്ങളുമായി
വന്നിരുന്നു ചില സ്വപ്‌നങ്ങള്‍.

കാട്ടു പൊന്തയുടെ മറവില്‍,
തോണിയില്‍,
ശ്രീ കോവിലിനു പുറകില്‍,
രഹസ്യ കേന്ദ്രങ്ങളില്‍
രാകി മിനുക്കുന്ന സ്വപ്‌നങ്ങള്‍.

കലാലയങ്ങളില്‍
ചുവരെഴുത്തുകളില്‍ നിന്നും
കടും തുടികൊട്ടി
കലാപമായി ആളിപ്പടരുന്ന സ്വപ്‌നങ്ങള്‍.
ചുണയുള്ള മീശകളില്‍ തൂങ്ങി
തെറുത്ത് വെച്ച കൈകളില്‍ ഉയര്‍ന്ന്
ഹൃദയങ്ങളെ തുളച്ച്
അലറുന്ന സ്വപ്‌നങ്ങള്‍.

അന്ന്
വേട്ടപ്പട്ടികള്‍
സ്വപ്നങ്ങളുടെ ചോരമണത്ത്
നാല്‍ക്കവലകളില്‍ പതുങ്ങി നിന്നു.

കാമുകിക്ക് ചുംബനം കൊടുക്കുമ്പോള്‍
അമ്മ വിളമ്പുന്ന അന്നം ഉണ്ണുമ്പോള്‍
സ്വപ്നങ്ങളെ വിലങ്ങു വെച്ച്
കൊണ്ടു പോയി.

മസ്തിഷ്ക്കങ്ങള്‍ തകര്‍ത്ത്
സ്വപ്നങ്ങളെ വലിച്ചു പുറത്തിട്ടു.
ലോക്കപ്പ് മുറികളില്‍
ചോര കക്കും വരെ മര്‍ദ്ദിച്ചു.
രാത്രി തീരും മുന്‍പ്
പല സ്വപ്നങ്ങളും ഇല്ലായ്മ ചെയ്യപ്പെട്ടു.

ഇന്ന്
സ്വപ്നങ്ങള്‍ക്ക്
പടികടന്നു പൂമുഖത്ത് …

പ്രാര്‍ത്ഥനയായവള്‍

പുകഞ്ഞും പുകയാതെയും നീറിയും ആളിയും സ്വയം വെന്തും വേവിച്ചും രുചികളായി പല പാത്രങ്ങളില്‍ തീന്മേശയില്‍ ഭോഗിക്കപ്പെട്ട് പല്ലുകള്‍ക്കിടയില്‍ നിന്നും ഊരിയെടുത്തൊരു എല്ലായി  ചവച്ചരച്ച മാംസത്തുണ്ടായി തുപ്പിത്തെറിപ്പിച്ച എച്ചിലായി ഒതുക്കപ്പെട്ട നിലവിളിയായി ചുമരുകള്‍ക്കിടയില്‍ വിറങ്ങലിച്ച് പുകപിടിച്ച മോന്തായം പോലെ കറുത്ത് കറുത്ത്  ഉപയോഗ ശൂന്യമായ വീട്ടുപകരണം പോലെ അടച്ചിട്ട മുറിയിലെ കട്ട ഇരുട്ടില്‍ വലിച്ചെറിയപ്പെട്ട് കീറിപ്പറിഞ്ഞ മൌനത്തോടെ ഒടുങ്ങും മുന്‍പ്  പ്രാര്‍ത്ഥനയായവള്‍...

ആദിയില്‍ ...

ആദിയില്‍ മുലകളുണ്ടായി

മുലകള്‍ ദൈവത്തിങ്കല്‍ നിന്നായിരുന്നു. ദൈവം മുലകളായിരുന്നു.
അമ്മ ഇളം പൈതലിനു ചുരക്കും പോലെ മുലകള്‍ അനന്തമായി ചുരക്കപ്പെട്ടു.
പാലൊഴുകി ഒഴുകി പാലരുവികളുണ്ടായി... പാലരുവികള്‍ ‍പാല്‍പ്പുഴകളായി.
പാല്‍പ്പുഴകള്‍ ഒഴുകിച്ചേര്‍ന്നു പാല്‍ക്കടലുകള്‍. പാല്‍ക്കടലുകള്‍ ചേര്‍ന്നു ചേര്‍ന്ന്‍... പാലാഴികള്‍.
പാലാഴിയില്‍ അനന്തനുമുകളില്‍ ‍അനന്തശയനനായി നാരായണന്‍ വസിച്ചു.
അമ്മയുടെ മുലപ്പാലില്‍ പ്രപഞ്ചം അമ്മിഞ്ഞയുണ്ടു.

ശ്രീ കുരുംബഭഗവതി

ഒളിച്ചുകളിക്കാന്‍ ഇഷ്ടമുള്ള
എന്റെ പെണ്ണിനെ
പതിവുപോലെ കട്ടില്‍ ചുവട്ടിലും കതകിനു പുറകിലും
മച്ചിന്‍ പുറത്തും
കുടത്തിലും
ഉറിയിലും
ഒക്കെ പരതി.
പരതി
പരതി
കൈ കറുത്ത്
മാറാല പിടിച്ച മുഖവുമായി ഇരിക്കുമ്പോള്‍
അവളുടെ കിന്നാരം വന്നു പറഞ്ഞു -
ചെക്കാ ഞാന്‍ ഇവിടുണ്ട്.
നോക്കുമ്പോഴുണ്ട്
എന്റെ നെഞ്ചില്‍
അവളുടെ വാര്‍‌മുടി.

അമ്പടി കേമീ!!
ഞാനറിയാതെ
എന്റെ നെഞ്ചറിയാതെ
എപ്പോള്‍ കേറി ഒളിച്ചു?

കൈകള്‍ക്കൊണ്ട് ഒതുക്കിപ്പിടിച്ചു
കുറുമ്പത്തി പെണ്ണിന്റെ
കുഞ്ഞിക്കുറുമ്പിലൊരുമ്മ കൊടുത്തു.

അപ്പോള്‍
അവളൊരു
ശ്രീ കുരുംബഭഗവതിയായി.

മഴയില്‍ കുതിര്‍ന്നു കുതിര്‍ന്ന് ...

അങ്ങനെ ഇരിക്കുമ്പോള്‍ ആകാശത്ത്
മഴക്കാറ് നിറയണം
അപ്പോള്‍ കല്ല്യാണിയുടെ പശു
കയറു പൊട്ടും പോലെ
കരയണം
തള്ളക്കോഴി എന്റെ സ്വൈരത്തിലേയ്ക്ക്
കുഞ്ഞുങ്ങളേയും കൊണ്ടു
കൊക്കി കൊക്കി വന്നിരിക്കണം.
കാറ്റ് പുരുഷേട്ടന്റെ വാഴത്തല ഒടിച്ച്
എന്റെ അരികില്‍ വന്നു നുള്ളണം
മഴ അപ്പോള്‍ തോരാതെ തോരാതെ പെയ്യും
പൊത്തുകളില്‍ വെള്ളം നിറയുമ്പോള്‍
തവളയും പിന്നാലെ ചേരയും ഇഴഞ്ഞുവരും
ഭരണകൂടവും വിപ്ലവവും
ഈശലില്‍ നനയുമ്പോള്‍
ലെനിനെ ഞാന്‍ അടച്ചുവെയ്ക്കും.
ഇലക്കുട ചൂടി ബീഡി പുകച്ചു കൂനിക്കൂടി പോകുന്ന
അയ്യപ്പേട്ടന്റെ കയ്യീന്ന്
ഒരു പുക വാങ്ങും.
കടുപ്പത്തില്‍ ചൂടുള്ള ചായയുമായി
അമ്മ വന്നെങ്കില്‍ എന്നു
ഞാന്‍ വെറുതെ കൊതിച്ചു പോകും.
മഴ അപ്പോഴും പെയ്തുകൊണ്ടിരിക്കണം
പറമ്പും മുറ്റവും മഴയില്‍ നിറയണം
മഴത്തുള്ളികള്‍ ഉമ്മവെക്കുന്ന
സംഗീതം മാത്രം
കേട്ടു
കേട്ട്
ഞാനൊന്ന് മയങ്ങും.
അപ്പോള്‍ മണ്‍ചുമര്‍ കുതിര്‍ന്നു
എന്റെ വീട് മണ്ണിലേക്ക് മടങ്ങണം എന്നു പറയും
പതുക്കെ
വളരെ പതുക്കെ
ഞാന്‍ മഴയുടെ
അവസാന ചുംബനം ഏറ്റുവാങ്ങും.

ഗദ്ദര്‍

Image
നഗരത്തിന്റെ സായാഹ്ന കൂടിച്ചേരലില്‍
പെറ്റിബൂര്‍ഷ്വാ വായാടികള്‍ക്ക് വിപ്ലവകവിത പകര്‍ന്ന്
ചിരിച്ചുന്മത്തനായി
മറ്റൊരു സായാഹ്നത്തിലേയ്ക്ക്
തിരിച്ചു പോകാന്‍
വന്നവനല്ല അവന്‍.

നെഞ്ചിലേറ്റ വെണ്ടിയുണ്ടകളുമായി,
കാട്ടുചെണ്ടയുടെ ക്രൗര്യവുമായി
തെലുഗുപാടങ്ങളില്‍ നിന്ന്‌ നരച്ച താടിയുമായി വന്നത്
ഞാന്‍ ഇവിടെയുണ്ട് എന്ന് അലറുവാന്‍...

എന്റെ കവിത
മാമ്പൂവുകളുടെ നഷ്ടത്തെ കുറിച്ചും
കെട്ടുപോയ പ്രണയങ്ങളെ കുറിച്ചും
വിലപിക്കില്ലെന്നു പ്രഖ്യാപിക്കുവാന്‍...

അവന്റെ കവിത
പാല്‍ നിറമെന്തന്നറിയാത്ത
ഇടയബാലനെ കുറിച്ചും
കൊയ്‌ത്തു കഴിഞ്ഞ ഗോതമ്പു പാടത്ത്‌
വിശന്നു മരിച്ച കര്‍ഷകനെ കുറിച്ചും പാടും.

അവന്റെ കവിത
കാടുകള്‍ നഷ്ടപ്പെട്ട ആദിവാസിയുടെ
ദുരിതങ്ങള്‍ പങ്കുവെയ്ക്കും.
പോരാട്ടത്തില്‍ കൊല്ലപ്പെട്ട
വിപ്ലവ ധീരന്റെ
ചുവന്ന രക്തസാക്ഷിത്വത്തെ കുറിച്ചു പാടും.

ഡമരുവിന്റെ താളത്തില്‍
അര്‍ദ്ധനഗ്നന്റെ നൃത്തച്ചുവടുകള്‍
നഗരത്തെ
കവിതയുടെ ഉന്മാദത്തിലേയ്ക്ക് ഉണര്‍ത്തും.

വെടിയുണ്ടകളെ കീഴ്പ്പെടുത്തി
അവന്‍ വന്നത്
നിങ്ങളുടെ ബൌദ്ധീക വാചാലതകളില്‍ ഉത്തരാധുനികതയുടെ ശ്രേഷ്ഠത പുലമ്പുവാനല്ല.

ഗോദാവരിയുടെ തീരങ്ങളില്‍,
തെലുങ്കാനയില്‍
രക്തം ചൊരിഞ്ഞ ധീരരു…

പ്രണയത്തടവുകാരന്‍

തടവില്‍
കൈവിലങ്ങുകളെ ഞാന്‍ ഉമ്മ വെച്ചു.
പ്രണയമേ..,  നിന്റെ കാരാഗൃഹത്തിനെന്റെ അഭിവാദനം
പര്‍വ്വതങ്ങള്‍ താണ്ടി  നഗ്നപാദനായി ഞാന്‍ വന്നത്
നിന്റെ തടവറയില്‍,
ഇരുളില്‍,  ഏകാന്തതയില്‍
ചാട്ടയടിയേറ്റ് അവശനായി
നിന്റെ പേര്‍ മാത്രം ഉച്ചരിച്ചു
നിന്റെ കാരുണ്യത്തിനു
കൈക്കുമ്പിള്‍ നീട്ടുവാന്‍.
മൃത്യുവിന്റെ ചെങ്കടലിനു മീതെ
ഒറ്റക്കാലില്‍ കെട്ടിത്തൂക്കി
പ്രണയമേ  നീ എന്നെ ശിക്ഷിച്ചുകൊള്‍ക... കയ്പുനീരും മുള്‍ക്കിരീടവും തന്ന്‌  നീ ആനന്ദിക്കുവിന്‍
നിന്റെ വിഷസര്‍പ്പങ്ങള്‍
എന്റെ മൂര്‍ദ്ധാവില്‍ തന്നെ ദംശിച്ചിടട്ടെ...
മുള്‍മെത്തയില്‍ ചോരയിറ്റുന്ന ദേഹവുമായി
ഞാനുറങ്ങുമ്പോള്‍ നിന്റെ കരങ്ങളുടെ
ഊഷ്മളത ഞാനറിയും അപ്പോള്‍
എന്റെ നഗ്നതയില്‍
ഓരോ ചോരത്തുള്ളിയും
ഓരോ ചെമ്പനീര്‍ പുഷ്പങ്ങളായി
പൊട്ടിവിടരും. ഞാന്‍ ചുവന്ന പൂക്കളുടെ ഒരു വന്മരമാകും.
വരും കാലങ്ങളില്‍ എല്ലാ പ്രണയങ്ങള്‍ക്കും
നെറുകയില്‍ ചൂടാന്‍...

ഹാജി അലി

കരയെ കുടഞ്ഞു കളഞ്ഞു
സമുദ്രത്തില്‍ കാല്‍ കഴുകി
ഹാജി അലി നില്‍‌ക്കുന്നു.
ഈശ്വരനെ തേടി വന്നവന്റെ കയ്യില്‍ 
മനുഷ്യനെ തിരിച്ചേ ല്പിക്കുവാന്‍ 
അടക്കാത്ത ഒരു കമാനം.
തിരക്കിലെങ്ങോ കളഞ്ഞുപോയ
കാഴ്ച തിരഞ്ഞോ 
ജനാവലിയുടെ ഈ ഒഴുക്ക്?
മതാന്ധത വന്നവന്റെ കണ്ണില്‍
തൈലം പുരട്ടുമോ ഹാജി അലി ?

കാറ്റ് പോലും 
ഇവിടെ ആശ്വസിച്ചു നില്‍‌ക്കുന്നുവല്ലോ...
മന്ത്രങ്ങളോ ഈശ്വര സ്തുതിയോ ഇല്ലാതെ
നീ നല്‍കുന്ന സമാധാനം
ശിരസ്സില്‍ അണിഞ്ഞു 
പ്രിയ ഹാജി അലി
ഞാന്‍ നിന്റെ പടി കടക്കുന്നു.

എന്നെ പലതായി മുറിച്ചു തള്ളുന്ന
ഈ നഗരത്തിലേക്ക്...
ഇനിയും വരും ഞാന്‍ നിന്റെ അരികിലേക്ക്
എന്നെ ഞാനായി കാണാന്‍.മുറിവുകള്‍

ആകാശത്തെ
കൈലേസില്‍ ഒപ്പിയെടുക്കാം
നക്ഷത്രങ്ങളെ
ഊതിക്കെടുത്താം
നിന്‍റെ നോവുകളെ
ഒപ്പിയെടുക്കാനോ
ഊതിക്കെടുത്താനോ
ഞാന്‍ അശക്തന്‍

നിന്‍റെ പാദങ്ങള്‍
എന്‍റെ കൈത്തലത്തില്‍ വെച്ചോളൂ
എന്‍റെ നെഞ്ചിന്‍ കൂടുകൊണ്ടു പുതച്ചോളൂ
അത്രയും കരുതല്‍ എനിക്കാവാം

ഉടഞ്ഞ മഴവില്‍
പെറുക്കിയെടുത്ത്‌ ചേര്‍ത്തുവെയ്ക്കാം
ഉടഞ്ഞുപോയ നിന്‍റെ സ്വപ്നങ്ങള്‍
എന്‍റെ വിരലുകളില്‍ ഒതുങ്ങുകില്ല.
നിലാവിനെ ചുരുട്ടിയെടുത്ത്‌
നിന്‍റെ നേത്രങ്ങളില്‍ വിരിക്കാം
കെട്ടുപോയ സൂര്യനെ കത്തിച്ചുവെയ്ക്കാം
വെന്ത ഭൂമിയില്‍
കുളിര്‍മഴയായി പെയ്തിറങ്ങാം
നിന്‍റെ നെറ്റിയിലെ ചോര തുടയ്ക്കാം
ഹൃദയത്തിലേറ്റ മുറിവുകള്‍
ഉണക്കാനാവില്ല.

എന്നെ നീ എന്തുവേണമെങ്കിലും വിളിച്ചോളൂ
ശത്രുപക്ഷത്തോടൊപ്പം
ശാപത്തീയില്‍ എറിയരുത്‌.

ഇരകള്‍ മൊഴിഞ്ഞത്

സഹതപിക്കുവാനും കണ്ണീരൊഴുക്കുവാനും ഹതഭാഗ്യരായി ജനിച്ചു വീണവരല്ല ഞങ്ങള്‍. മുന്‍പോട്ടു നടക്കും മുന്‍പ്
നോക്കുക...  ഞങ്ങളുടെ കണ്ണില്‍ മുട്ടിലിഴയുന്ന ഒരു ഭൂമി ഒച്ചവക്കാത്ത ഒരാള്‍ക്കൂട്ടം വൈകൃതം വന്ന ഒരു മനുഷ്യവംശം ഉറങ്ങികിടക്കുന്നത് കാണാം. സഹതപിക്കുക നിങ്ങള്‍ നിങ്ങളെ പ്രതി. അറ്റമില്ലാത്ത നിങ്ങളുടെ ആര്‍ത്തിയെ പ്രതി. ലജ്ജിക്കുക സ്വയം നിന്റെ അഹന്തയെ പ്രതി.

പ്രണയിക്കാത്തവരോട്

പ്രണയിക്കാത്തവര്‍ക്ക്  ഞാനൊരു തീക്കനല്‍ തരാം
ഊതി ഊതി ആളിപ്പടരുമ്പോള്‍  അഗ്നിപ്പടര്‍പ്പില്‍  ചുട്ടുപഴുത്തൊരു സൌഗന്ധികം വിരിഞ്ഞുവരും. ഹൃദയനൈര്‍മല്യമുള്ളവരേ നിങ്ങളത് വാടാമലരായി സൂക്ഷിച്ചു വെക്കുക.
പ്രണയിക്കാത്തവര്‍ക്ക്  ഞാനൊരു ഒറ്റക്കമ്പിയുള്ള വീണതരാം ഒറ്റവിരല്‍ കൊണ്ടു മീട്ടിയതില്‍ സ്വപ്ന സ്വരങ്ങള്‍ സൃഷ്ടിക്കുക വിരല്‍ മുറിഞ്ഞു ചോരയിറ്റും വരെ ദ്രുതതാളം മീട്ടുക വീണമേല്‍ ഒലിച്ചിറങ്ങിയ ചോരയില്‍ പിടയുന്ന രാഗം കേള്‍ക്കുക.
പ്രണയമേ നിന്നെ അറിയാത്തവര്‍ക്ക്  ഞാന്‍ ഏഴു വര്‍ണ്ണങ്ങള്‍ കൊടുക്കാം. ചാലിച്ചു ചാലിച്ച്‌ നൂറു നൂറു പൂക്കളില്‍ നൂറു നൂറു നിറം പൂശി പുലരിയെ കൊതിപ്പിച്ചുകൊള്ളട്ടെ.
ഇരുളാര്‍ന്ന ലോകമേ കുതിച്ചുയര്‍ന്ന ചിറകുകള്‍  വരച്ചുവച്ച ആകാശ ചുവപ്പിലേക്ക്  മിഴി തുറക്കുവിന്‍. പ്രണയത്തിന്റെ ആകാശക്കുടയില്‍  വിപത്ക്കാലങ്ങള്‍ക്ക് മേല്‍ പറന്നിറങ്ങുവിന്‍...

ഒരു മരം നടുമ്പോള്‍...

എനിക്കും ഒരു മരം നടണം
എവിടെ നട്ടുവളര്‍ത്തും എന്‍റെ മരത്തെ?

ജനലരികില്‍ മുറ്റത്തു നട്ടാലോ...
അപ്പോള്‍ ഉറക്കമുണര്‍ന്നപാടേ
മരത്തെ കണികാണാം
ഓരോദിവസവും
അതിലെത്ര തളിരിലകള്‍ നാമ്പിട്ടു
എന്ന്‌ എണ്ണി തിട്ടപ്പെടുത്താം
ജാരനെപ്പോലെ പതുങ്ങിവന്ന്‌
മരത്തെ കെട്ടിപിടിക്കും
മകരമഞ്ഞിനെ വഴക്കുപറയാം
മരവുമായി കൂട്ടുകൂടാം
അവളെ പാട്ടും കവിതയും കേള്‍പ്പിക്കാം
അപ്പോള്‍ അവളുടെ ചില്ലകള്‍
എന്‍റെ മുറിയിലേക്കു ചാഞ്ഞു വരും
അതില്‍ സുഗന്ധ സൂനങ്ങള്‍ ഉണര്‍ന്നു വരും
ഉറക്കത്തില്‍
പേകിനാവുകള്‍ കാണാതിരിക്കാന്‍
മരമെന്നെ ദയാപൂര്‍വ്വം ആലിംഗനം ചെയ്യും

എന്‍റെ സ്വപ്നങ്ങള്‍
അങ്ങനെ ചിറകുവിരിക്കേ അമ്മ പറഞ്ഞു,
ഉണ്ണീ ഇലകള്‍ കൊഴിച്ച്‌ മരം
മുറ്റമാകെ ചപ്പു ചവറാക്കും
കാറ്റിലും മഴയിലും മരം വീണ്‌
നമ്മുടെ പുര തകര്‍ന്നു പോകും.

പിന്നെ,
എവിടെ കൊണ്ടു നടും എന്‍റെ മരത്തെ
പറമ്പില്‍ നട്ടാലോ.. അതുമതി,

അപ്പോള്‍ വരാന്തയിലിരുന്ന്‌
ഉച്ചക്കാറ്റേറ്റ്‌
എനിക്കു മരത്തിന്‍റെ നൃത്തം കാണാം
അതിന്‍റെ ചില്ലയില്‍ വന്നിരിക്കുന്ന
പൂങ്കുരുവിയുടെ പാട്ടുകേള്‍ക്കാം
മഞ്ഞക്കിളിയോട്‌ കഥ പറയാം
പണിക്കാരിപെണ്ണുങ്ങള്‍ക്ക്‌
അവരുടെ ഓമനകളെ
ആ തണലില്‍ കൊഞ്ചിക്കാം
താരാട്ടു പാടിയുറക്കാം

ചില പ്രണയങ്ങള്‍...

ചില പ്രണയങ്ങള്‍
കൂട്ടിലിട്ട സിംഹത്തെപ്പോലെ
അലറിവിളിക്കും.
ആരും അത് ഗൌനിക്കയില്ല.
അതിന്റെ വിശപ്പ്‌
ആരും അറിയുകയുമില്ല.  ഒരിക്കല്‍ കമ്പിക്കൂട് പൊട്ടിച്ചു
നീ വരുമോ എന്നു ഒരു മാന്‍പേട
ചോദിച്ചു പോയാല്‍
പൂച്ചക്കുട്ടിയെപ്പോലെ
നീ വളഞ്ഞു നില്‍ക്കും.
പ്രണയം കാടുകളെ
കുനിഞ്ഞു നില്‍ക്കാന്‍ പഠിപ്പിക്കും.
ചിറകുകളില്ലാത്തവര്‍ക്ക്
ശിഖരങ്ങള്‍
മധുരങ്ങളുമായി ചാഞ്ഞു നില്‍ക്കും.
അപ്പോള്‍ കിണറുകള്‍ക്ക്
ഇത്ര ആഴം കാണില്ല.
പ്രണയിക്കുന്നവര്‍
കാത്തിരിക്കും പോലെ
ഒരു പര്‍വ്വതവും
ആരെയും കാത്തു നില്‍ക്കയുമില്ല.

സ്വയം ശിക്ഷ

എന്നെ ജീവനോടെ കുഴിച്ചിടണം;
കുഴിച്ചിടും മുന്‍പ്‌
കാഞ്ഞിരക്കുരു കലക്കി വെള്ളം തരണം
നേരില്ലാ ജീവനെ
പച്ചയീര്‍ക്കലികൊണ്ടു പിളര്‍ക്കണം
കല്‍ത്തുറുങ്കില്‍ ഏകാന്തതടവില്‍
പട്ടിണിക്കിടണം
പാപത്തിന്‍റെ നീചരാശിയെ
ഗണിച്ചെടുക്കണം
ഇരുട്ടുമുറിയില്‍
ഫോസിലുകള്‍ കത്രിച്ചുകളയണം
വൈദ്യുതലായനിയില്‍
തിളപ്പിച്ചെടുക്കണം
കാരമുള്ളാല്‍ മേനി മുറിക്കണം
മുറിവില്‍ ക്ഷാരം പൊതിയണം
പച്ചോലയില്‍ കെട്ടിവലിക്കണം
നെറുകയില്‍ തുപ്പണം
കൂടോത്രം കൊണ്ട്‌
പരലോകം വിലക്കണം
വിശുദ്ധന്‍റെ അവിശുദ്ധചരിത്രം
ലോകജനതക്ക്‌ എറിഞ്ഞു കൊടുക്കണം
ശവക്കുഴിക്കുമീതെ കാഞ്ഞിരം നടണം

പ്രണയ വിചാരങ്ങള്‍

(രണ്ടു നക്ഷത്രങ്ങള്‍ ഒന്നായി ഉള്‍ച്ചേര്‍ന്നത്‌ പോലെ
നാമിന്ന് ഒറ്റ പ്രകാശമായി ജ്വലിക്കുന്നു.) 
.....................................................
ഭൂമിയുടെ ദാഹമറിയുന്നത്
മേഘങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ്?
അതുകൊണ്ടാണല്ലോ അവര്‍
മഴനൂലുകള്‍ പോലുള്ള കൈകളാല്‍
ഭൂമിയെ പുണര്‍ന്നത്‌.
അതുകൊണ്ടാണല്ലോ മണ്ണ്
സുഗന്ധിയായി നിശ്വാസങ്ങള്‍ ഉതിര്‍ത്തത്.


പിറ്റേന്ന്
വെള്ളപ്പൂക്കള്‍ തുന്നിയ പാവാടയണിഞ്ഞു
നാണിച്ചു കുയില്‍പ്പാട്ട്  മൂളി
അവള്‍ ഇതുവഴി ഓടിപ്പോകുമ്പോള്‍
വസന്തം എന്നു നിങ്ങള്‍ വിളിച്ചുവോ?

മേഘങ്ങള്‍ മണ്ണില്‍ ചെയ്തതാണ്
ഞാന്‍ നിന്നോട് ചെയ്തത്.

ആദ്യ മഴയ്ക്ക് ശേഷം
മണ്ണില്‍ വിത്തെറിയുന്ന കര്‍ഷകന്‍
ഭൂമിയുടെ പ്രണയ ഗീതം കേള്‍ക്കുന്നില്ല.


പ്രണയിക്കാത്തവര്‍ക്ക്
വിതയ്ക്കലും കൊയ്യലും
വിളവെടുപ്പുകാലത്തെ
സന്തോഷങ്ങള്‍ മാത്രം.

കുളം

നിന്നെ കഴുകാന്‍
എന്നും നിറഞ്ഞു കവിഞ്ഞ്
രാവിലെ കുളിര്‍‌ന്നും
സന്ധ്യയ്ക്ക്‌ ഇളംചൂടാര്‍ന്നും
ഓളങ്ങളുടെ കലമ്പല്‍ ഇല്ലാതെ
ഞാന്‍.

നീ കുടഞ്ഞുകളഞ്ഞ
അഴുക്കടിഞ്ഞ്
എന്റെ അടിത്തട്ടുകള്‍
ഖനീഭവിച്ച്
ഉദാസീനയായി
അര്‍ദ്ധരാത്രികളില്‍
ചുണ്ട് കടിച്ചു പൊട്ടിച്ച്
നൊമ്പരപ്പെടുമ്പോഴും
എന്റെ ഗര്‍ഭത്തില്‍
കിളിര്‍ത്ത ഒരു താമര
നാളെ നിനക്ക് വേണ്ടി
എന്റെ ചുണ്ട് വിടര്‍ത്തും.

e-കൂട്ടുകാരി

ഭൂമിയുടെ മറുപുറമിരുന്ന് വാചാലയാകുന്ന എന്റെ കൂട്ടുകാരി,
എത്ര വിചിത്രമാണീ സൗഹൃദം.
നമുക്കു തമ്മിൽ ദൂരങ്ങളാണു കൂടുതൽ
പക്ഷെ ഇത്രയടുത്ത്‌
എന്റെ അരികിൽ ആരുമില്ല.
എന്റെ മൊഴികളെ
കൈക്കുമ്പിളിൽ കോരിയെടുത്ത്‌
ഇതാ കവിത എന്നു നീ പറയുമ്പോൾ
നീ തന്നെ യാണ്‌ കവിത എന്നു ഞാനറിയുന്നു.
ഉണങ്ങിയ എന്റെ ചില്ലയിലിരുന്ന്
നീ കൊക്കുരുമ്മി ചിലക്കുമ്പോൾ
എന്നിൽ ജീവചൈതന്യം
പടർന്നുയരുന്നു.
എന്റെ ശാഖകളിൽ
പുതു വസന്തവുമായി
സപ്തവർണ്ണങ്ങളുടെ പൂക്കൾ വിരിയുന്നു.
ഞാനിപ്പോൾ വൈദ്യുത സംഖ്യകളായി
വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു.
പ്രഭാത വന്ദനവുമായി
ഒരു കോപ്പ ചുടുചായ
നീ എന്റെ കീ ബോർഡിൽ വച്ചിരിക്കുന്നു.
നിന്റെ ചിരിയും പരിഭവങ്ങളും
എന്റെ ഹൃദയത്തിനകത്ത്‌
പൊട്ടിവിടരുന്നു.

ശ്വാനവര്‍ഷങ്ങള്‍

മുതുകില്‍ ചവിട്ടിയാലും
മോങ്ങരുത്‌,
തലയുയര്‍ത്തി നോക്കരുത്‌,

നക്കിയ എല്ലിന്‍ കഷണംതന്നെ
വീറോടെ നക്കി രുചിക്കൂ,
ഭാഷയുടെ സൌന്ദര്യം
കുമിഞ്ഞു പൊങ്ങുന്നത്‌ കാണാം.

കണ്ണുകള്‍
നിന്നിലേക്ക്‌ താഴ്ത്തിവെയ്ക്കൂ...
ഇനിയും എഴുതപ്പെടാത്ത
അപൂര്‍വ്വതയാണ്‌ നീ.

കുരയ്ക്കുമ്പോള്‍
പഴയ വീരസ്യങ്ങള്‍ കുരയ്ക്കുക,
വേലിപ്പുറം ചാടാത്ത കുര.
വിധേയന്‍റെ ദാര്‍ശനികപ്രശ്നം കുരയ്ക്കാം,
കുരകളില്ലാത്ത
ശ്വാനവര്‍ഷങ്ങള്‍ കുരയ്ക്കാം,
പുതിയവിപണിയുടെ മോടികള്‍ കുരയ്ക്കാം.

വാലിന്‍റെ മഹത്വം മണത്തറിഞ്ഞ്‌
ചുരുണ്ടുകൂടിയ വാലാവുക,
പഴയ സ്മാരകങ്ങളിലേക്കു മൂത്രിക്കുക.

അവയിലെല്ലാം നിന്‍റെ മണം നിറയട്ടെ.
ഒരു ചരിത്രവും
പുതിയഗന്ധങ്ങളാല്‍ ഉണരരുത്‌.

നീ അരികിലില്ലെങ്കില്‍...

നിശ്ശബ്ദമായ ഇടിമുഴക്കം തണുത്ത ഇടിമിന്നല്‍  വായ്‌ മൂടിയ ആകാശം കണ്ണീരു വറ്റിയ മഴ ഗന്ധമില്ലാത്ത പൂക്കള്‍ നിശ്വസിക്കാത്ത കാറ്റ്
ഇരുട്ടിലേക്ക് -- എന്റെ കണ്ണുകള്‍ കുഴിഞ്ഞു പോകുന്നുവല്ലോ വയ്യ...  വയ്യ... ഈ വാളെടുത്തു മാറ്റുക
എന്നെ തനിച്ചാക്കി നീ പോകാതിരിക്കുക എന്റെ രക്തവുമായാണ് നീ പോയത് എന്റെ അസ്ഥികള്‍ പൊടിഞ്ഞുപോകും മുന്‍പ് എന്നെ കടലെടുക്കും മുന്‍പ് നിന്റെ വിരല്‍ എനിക്ക് നേരെ നീട്ടൂ... 

ചിത്രകാരന്റെ മരണം

പരാജിതന്റെ പാട്ട്, ചങ്കുപിളര്‍ന്ന പൂങ്കുയില്‍,
ഓടിപ്പോയവന്റെ കാലടികള്‍,
മത്സ്യങ്ങള്‍ ചത്തു പൊന്തിയ പുഴ,
തുരന്നെടുത്ത കണ്ണുകള്‍ കൊണ്ട്
മെനെഞ്ഞെടുത്ത ശില്‍പം,
ഉപേക്ഷിക്കപ്പെട്ട 
പിഞ്ചുകുഞ്ഞിന്റെ കാതില്‍ 
മറന്നു വെച്ച താരാട്ട്,
പുലരുന്നതിനു മുന്‍പ് 
നഗരമദ്ധ്യത്തില്‍
വലിച്ചെറിയപ്പെട്ട കന്യകയുടെ
ശുക്ലമിറ്റുന്ന ശവം,
ഉടഞ്ഞുപോയ വീടുകള്‍ക്ക് നടുവില്‍
വളപ്പൊട്ടുകള്‍ തേടുന്ന ബാലിക,
ചിരി മറന്ന ഭ്രാന്തന്‍,
നിറഞ്ഞൊഴുകുന്ന മനുഷ്യച്ചോര
നിറം പൂശിയ ഗ്രാമ വീഥികള്‍,ചുട്ടുപൊള്ളുന്ന പാടത്ത്
ഗോതമ്പ് ചെടികളുടെ ആത്മാവ് തേടിപ്പോയ
ചിത്രകാരാ...
നിറങ്ങള്‍ കൊണ്ട് അലറാന്‍ പഠിച്ചവനെ,
മുറിഞ്ഞ കാതുകൊണ്ട് പ്രേമിച്ചവനെ,
എന്റെ ക്യാന്‍വാസിലേക്ക്
അല്‍പ്പം കടും ചായമൊഴിക്കുവിന്‍ -

എന്റെ പകലുകള്‍ ഇരുണ്ടു പോയ്ക്കൊള്ളട്ടെ...
വരക്കാത്ത ചിത്രങ്ങളുടെ
കറുത്ത രേഖകളില്‍ കുടുങ്ങി
ഞാന്‍  ചത്തു പോയ്ക്കൊള്ളട്ടെ.

ഉമ്മ

ഓര്‍ക്കുന്നുവോ? നമ്മുടെ ചുണ്ടുകള്‍ക്ക് തീ പിടിച്ചത്.
കെട്ടിപ്പുണര്‍ന്ന തടാകങ്ങള്‍
നീര് പങ്കുവെച്ചത്.


ഉരസിപ്പോകുന്ന രണ്ടു നക്ഷത്രങ്ങള്‍ ആയിരുന്നു
നമ്മളപ്പോള്‍.
ഒരുതോണി താമരപ്പൂക്കളുണ്ടായിരുന്നു
അന്നെന്റെ നെഞ്ചില്‍.
പരല്‍ മത്സ്യങ്ങളുടെ
കുതിപ്പായിരുന്നു നിന്റെ കണ്ണില്‍.


അടര്‍ന്നു മാറി നീ തനിച്ചു പോകുമ്പോള്‍
എന്റെ ഭൂമിയെ പിളര്‍ത്തിയതെന്തിന്‌?


എന്റെ ഉടല്‍ നിന്റെ പ്രണയമാണ്
ഉമ്മകളുടെ പെരുമഴയില്‍
ഈറനായി  നില്‍ക്കുവാന്‍
നെടുവീര്‍പ്പുകള്‍ കൊണ്ടു
നമുക്കീ ആകാശം മേഘാവൃതമാക്കാം


ഉത്തര ദിക്കില്‍ നിന്നും
പറന്നുപോകുന്ന പറവകളെ കാണുക.
തൂവലുകളേ...
നിങ്ങള്‍ പൊതിഞ്ഞു വെച്ചത്
എന്റെ പ്രണയിനിയുടെ അനുരാഗം.

നിന്നിലെ ഞാന്‍

നിന്റെ ഇതളുകളിലെ
സുഗന്ധം ഞാനാണ്.
നിന്നെ നുള്ളിയെടുത്താലും മാലയില്‍ കൊരുത്താലും അനാഥമായി വലിച്ചെറിഞ്ഞാലും നിന്നിലെ നീ ആയി  ഞാനിരിക്കും നെയ്ത്തിരിയായി  നീ നിന്നു കത്തുമ്പോള്‍ പ്രകാശമായി ചിന്നി ചിതറുന്നത്‌  ഞാനാണല്ലോ... നീ എരിഞ്ഞുതീരെ വേദനിച്ചു  പുകഞ്ഞു ഒടുങ്ങുന്നതും ഞാന്‍ തന്നെ...

ആണിപ്പഴുതുകള്‍

തിരസ്കൃത പ്രണയം പോലെ
കയ്പേറിയതെന്തുണ്ട്‌ ?

ബലിയാടുകളോട്‌
കത്തിയുടെ മൂര്‍ച്ച ചോദിക്കുംപോലെ
ആത്മഹത്യ ചെയ്തവനോട്‌
കുരുക്ക്‌ പറഞ്ഞ സ്വകാര്യംപോലെ
വേദന അനുഭവസാക്ഷ്യം പറയും

ഖനിത്തൊഴിലാളികളോടു ചോദിക്കൂ
കല്‍ക്കരിയുടെ പൊള്ളല്‍
സ്വര്‍ണ്ണത്തിലെ കണ്ണുനീര്‍
ഇരുമ്പിന്‍റെ മരണക്കുഴികള്‍

പലായനം ചെയ്യുന്നവരോട്‌
അസ്തമനഭംഗി പറയുംപോലെ
ചിറകൊടിഞ്ഞ പക്ഷിയോട്‌
ആകാശചാരുത വിവരിക്കുംപോലെ
കൈത്തലങ്ങളിലെ ആണിപ്പഴുതുകള്‍ പറയും,
ഈശോ നിന്‍റെ നോവ്‌

വെടിയുണ്ടകള്‍ക്ക്‌
കരച്ചിലിന്‍റെ ആഴമറിയാത്തതുപോലെ
ബുള്‍ഡോസറുകള്‍ക്ക്‌
പ്രതിഷേധത്തെ അമര്‍ച്ചചെയ്യാനാവുമോ?

തകര്‍ന്ന വീടുകള്‍ക്കൊപ്പം
മനുഷ്യപ്രജ്ഞയും തകരുമോ?

ലിംഗ രാഷ്ട്രത്തിലെ യുക്തികള്‍

മസ്തിഷ്ക്കത്തില്‍ ലിംഗങ്ങളുള്ളവരുടെ രാഷ്ട്രത്തില്‍
കീഴ്പെടുത്തലിന്റെ  ധനതത്വശാസ്ത്രമാണ്.
അതിക്രമങ്ങള്‍ അന്യായമല്ല.
പിടിച്ചെടുക്കുക, അടിച്ചുടക്കുക, ഇടിച്ചു കയറ്റുക ഇതൊക്കെ ന്യായമായ ശീലങ്ങളാണ്.
ബുള്‍ഡോസര്‍ ആണ് കൊടിയടയാളം.
അതുകൊണ്ട് ഞെരിച്ചുടച്ച വീടുകള്‍ക്കൊപ്പം
കിനിഞ്ഞിറങ്ങിയ തേങ്ങല്‍
ഞങ്ങള്‍ കേള്‍ക്കുകയില്ല.
അപായ ചങ്ങലകള്‍ അലറുന്നവര്‍ക്കായല്ല
അട്ടഹസിക്കുന്നവര്‍ക്കായാണ്.
ഞങ്ങള്‍ക്ക് പേരുകള്‍ പലതുണ്ടെങ്കിലും
മുഖം ഒന്ന് തന്നെ.
ഉദ്ധരിച്ച ലിംഗം കുരക്കുന്നത് ഒന്ന് മാത്റം.
ഏട്ടന്‍, ചാച്ചന്‍, മാമന്‍, അച്ഛന്‍
എന്നൊക്കെയുള്ള പദവികള്‍
അപ്രസക്തമാകുന്ന നിമിഷങ്ങളില്‍
സ്വരൂപം ദര്‍ശിച്ചു പരലോകം പൂകാം.
നട്ടു പിടിപ്പിക്കുവാനോ
തൊണ്ടയില്‍ ദാഹ നീരിറ്റിക്കുവാനോ
വലംകൈ കൊടുത്തു മന്ദഹസിക്കുവാനോ
മറന്നു പോകും.
ഊഷ്മളമായ ചുംബനം കൊണ്ടല്ല
ഉന്മാദത്തോടെ കടിച്ചെടുത്ത ചുണ്ടുകളുടെ
വാര്‍ന്നൊലിക്കുന്ന നിണധാരകള്‍ കൊണ്ടു
ഉന്മത്തരായവരുടെ രാഷ്ട്രം
മിസൈലുകള്‍ വര്ഷിക്കും.  
സ്ഖലനത്തിന് ശേഷമുള്ള
ആലസ്യത്തിലെന്നപോലെ
സമാധാനത്തെകുറിച്ച് ഞങ്ങള്‍
മൃദുലമായി പുലമ്പും.

പ്രണയ സൂര്യന്‍

പ്രണയമേ,
ഞാന്‍ നിന്റെ ഉദയ സൂര്യന്‍
നിന്റെ കുങ്കുമം കൊണ്ടാണ്
എന്റെ കവിളുകള്‍ ഇങ്ങനെ ചുവന്നു പോയത്
നിന്റെ പ്രണയത്താല്‍
ഞാന്‍ ജ്വലിച്ചു പോയി
ആകാശത്തിലേക്ക്
നിന്റെ അനുരാഗ തേജസ്സുമായി
ഞാന്‍ ഉയര്‍ന്നു പൊങ്ങി
എന്റെ പ്രഭാപൂരം
ലോകത്തെ വെളിച്ചം കൊണ്ടു നിറച്ചു.
പ്രണയമേ,
ഇത് നിന്റെ കാരുണ്യം മാത്രം
വീണ്ടും നീയുമൊത്ത് രമിക്കാന്‍ മോഹിച്ച്
ലജ്ജിച്ചു ചുവന്ന മുഖവുമായി
വിളക്കുകള്‍ കെടുത്തി
നിന്റെ പാല്‍‌ക്കടലിലേക്ക്
ഞാന്‍ തിരിച്ചു വരികയാണ്.
പ്രണയത്തിന്റെ നിലാവ് തെളിയിച്ച്
രാത്രിയുടെ തണുപ്പില്‍
നമുക്ക് രതിയുടെ ചടുല നൃത്തമാടാം
വരൂ എന്‍ പ്രാണസഖീ ...
എന്നില്‍ ചൈതന്യമായി, രാഗ പരാഗമായി
രേണുവായി പടര്‍ന്നു നിറയൂ...

അശ്വത്ഥാമാ

കൂടെ  കിടന്നവള്‍ 
ആണത്തം മുറിച്ചെടുത്തു.
കൂടെ നടന്നവര്‍ 
ചിരിച്ചുകൊണ്ട് കഴുത്തറുത്തു.
മുറിപ്പെട്ട അംഗങ്ങളുമായി 
വികൃത രൂപിയായി
യുഗങ്ങള്‍ പിന്നിട്ട്‌ 
പ്രകാശവേഗത്തില്‍
അലറി വിളിച്ച് 
ഞാന്‍ പായുക തന്നെയാണ്
വെളിച്ചത്തിന്റെ സമുദ്രം
പുനര്‍ജ്ജനിയായി 
കാല്‍ക്കീഴില്‍ തടയും വരെ...

അന്ത്യം

കൈത്തലം മുറിച്ചുകളഞ്ഞു  അന്ത്യ കവിത രചിക്കുന്നു. ഉരിയാടാന്‍ ഒന്നുമില്ലാതെ നാവരിഞ്ഞു കളയുന്നു. മടക്കയാത്ര ഇല്ലാത്തതിനാല്‍ വന്നവഴികള്‍  മാച്ചു കളഞ്ഞു. വിട ചൊല്ലുവാന്‍ ആരുമില്ല ശൂന്യതയുടെ കുരുക്കിന് കഴുത്ത് നീട്ടി നിശബ്ദനായ് ഞാനിരിക്കുന്നു.

ചോറ്

പഞ്ഞത്തില്‍ തപ്പിയപ്പോള്‍  കിട്ടിയ വറ്റ് പുഴുവും കല്ലും മാറ്റി വേവിച്ചെടുത്ത അമൃത് വാരി തിന്നുമ്പോള്‍  മിഴി നിറഞ്ഞത്‌ വാത്സല്യം കുഴച്ച്   അമ്മയൂട്ടിയ മധുരം അച്ഛന്‍ വിയര്‍ത്തു കിടന്ന പാടവരമ്പിന്റെ ഗന്ധം.
ചോറിന്റെ വില കൊണ്ടു  രാഷ്ട്രം മെനഞ്ഞവര്‍ - അറയില്‍  പൂഴ്ത്തി വെച്ചത്  കടലില്‍ കെട്ടി താഴ്ത്തിയത് 
(വിശക്കുന്നവന്റെ ആര്ത്തികൊണ്ട് വേണമത്രേ  അധികാരത്തിന്റെ സിംഹാസനമുറക്കാന്‍ !!!)

ആമസ്യ

എന്റെ അലസനടത്തയില്‍ മുതുമുത്തശ്ശന്റെ വീരഗാഥ
ആത്മരസം മുറ്റി തുളുമ്പുന്നുണ്ട്.
നിന്റെ ആയുധങ്ങള്‍ക്ക്
എന്നെ  മുറിപ്പെടുത്താന്‍ ആവില്ലയെന്ന
ആത്മരതിയുടെ ആനന്ദം
പോര്‍‌ച്ചട്ടയായി  അണിഞ്ഞിട്ടുമുണ്ട്
ആമയെ ചുടുമ്പോള്‍ മലര്‍ത്തി ചുടണമെന്ന
അടുക്കളയിലെ അടക്കങ്ങള്‍
കേള്‍ക്കാതെ പോകുന്നുമുണ്ട്.

ചെകുത്താന്‍

ഫെബ്രുവരി - 3ബൂലോകത്തെ വന്മരങ്ങള്‍ക്കിടയില്‍ കവിതകളുടെ ഒരു ചെറുമരം നട്ടതിന്റെ വാര്‍ഷികമാണ് ഇന്ന്.
കുട്ടിക്കാലത്ത് എന്റെ കൂടെ കവിതയും കഥയും എല്ലാം ഉണ്ടായിരുന്നു. രാഷ്ട്രീയ മാടമ്പികള്‍ ഗ്രാമത്തിലെ ജീവിതം ദുസ്സഹമാക്കിയപ്പോള്‍ പ്രവാസിയാകേണ്ടി വന്നു. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് പലായനം ചെയ്തു. അപ്പോള്‍ കഥയും കവിതയും എന്നെ കൈവിട്ടു പോയി. ഇപ്പോള്‍ ബ്ലോഗില്‍ കവിത എന്റെ കൂടെ വന്നിരിക്കുന്നു. ബ്ലോഗിലെ കവിതകളുടെ ഈ വര്‍ഷം അമൂല്യമായ അനുഭവം തന്നെ.
കുറേ നല്ല സുഹൃത്തുക്കള്‍, നല്ല വായന. ഒരുവേള ബ്ലോഗും കവിത എഴുത്തും നിറുത്തണമെന്ന് പോലും ആലോചിച്ചു. അപ്പോഴെല്ലാം എനിക്ക് പ്രചോദനമായി എന്റെ സഖി എന്റെ അരികില്‍ എത്തി. എന്നെ പ്രണയത്താല്‍ നിറച്ചു. അങ്ങനെ കവിതകളുടെ ഒരു വര്‍ഷം കടന്നു പോയിരിക്കുന്നു. ബ്ലോഗിലെ എന്റെ സുഹൃത്തുക്കള്‍ എന്നും എന്റെ എഴുത്തിന്റെ പ്രചോദനമായിരുന്നു. പേരെടുത്തു പറയേണ്ടതില്ലെന്ന് തോന്നുന്നു. വലിയ ഒരു സൌഹൃദവലയം ബ്ലോഗിന് പുറത്തും എനിക്കില്ല. ബ്ലോഗിന് പുറത്തെ ചില സുഹൃത്തുക്കള്‍ എന്റെ കവിതയെ ആസ്വദിക്കുമ്പോള്‍ തന്നെ ചുരുക്കം ചിലര്‍ പുച്ഛത്തോടെ കാണുകയും ചെയ്തു. ഇനിയും എത്രകാലം എഴുതും എന്നറിയില്ല…

നീ(കവിത)

നിന്റെ പ്രണയത്തിന്റെ ഊഷ്മാവില്‍
എന്റെ കവിതയുടെ മാസ്മരികത തോറ്റുപോയിരിക്കുന്നു.
നിലാവിനെ പിഴിഞ്ഞ എന്റെ വാക്കുകള്‍
നിന്റെ ഉമ്മകളാല്‍ ശോഭയറ്റു പോയി.
പ്രണയമേ...
അവളുടെ ചുണ്ടുകളില്‍
നീ പുരട്ടിയ തൈലമേത്?
എന്റെ ചില്ലകളില്‍
സ്വപ്‌നങ്ങള്‍ പിടഞ്ഞെഴുന്നേല്കുന്നുവല്ലോ,
മൂരിനിവര്‍ന്ന ഗോതമ്പ് പാടം പോലെ
സമുദ്രത്തിരകളുടെ ഉല്‍ക്കര്‍ഷം പോലെ
ആകാശ ചില്ലയില്‍ ഉമ്മവക്കുന്നൊരു
മത്സ്യത്തിന്റെ മനസ്സുപോലെ
എന്നിലിപ്പോള്‍ തേജസ്സിന്റെ വില്ലുകള്‍
ശരം തൊടുത്തു നില്കുന്നു.
പൂത്തുമ്പികള്‍ പറന്ന കൌമാര വര്‍ണ്ണങ്ങളില്‍
പോക്കുവെയില്‍ പൂത്ത പ്രവാസങ്ങളില്‍
നക്ഷത്രങ്ങള്‍ തുന്നിയ കമ്പളം കൊണ്ട്
എന്നെ പുതപ്പിച്ചവളെ
എന്റെ കൈകള്‍ക്ക് പൂക്കൈത മണം പൂശി
ഇലഞ്ഞിപൂക്കളുടെ മെത്ത വിരിച്ചവളെ
നിന്റെ മുടിച്ചുരുളുകളാല്‍ എന്നെ മൂടുക
എന്റെ കവിതയും സ്വപ്നവും ഇനി നീ മാത്രം.
നിന്നില്‍ എന്റെ തുടക്കവും ഒടുക്കവും...

അമ്മയുടെ ഹൃദയം പറഞ്ഞതിങ്ങനെ

അമ്മയുടെ നെഞ്ചു തുരന്നെടുത്ത
ഹൃദയവുമായി പടിക്കെട്ടിറങ്ങവേ
കാലിടറി വീണ മകനോട്‌
അമ്മയുടെ ഹൃദയം പറഞ്ഞതിങ്ങനെ
"പണ്ടാറക്കാലാ നിനക്കിതു തന്നെ വേണം
ദേവീമാഹാത്മ്യം കാണാന്‍
നീ എന്നെ അനുവദിച്ചില്ലല്ലോ "

കണ്ടെത്താത്ത വിലാസം

Image
കവി അയ്യപ്പന്റെ ഓർമ്മയിൽ മലയാള കവിതയുടെ ഒരു ദിവസം

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ

ഫെബ്രുവരി 4, വെള്ളിയാഴ്ച കാലത്ത് 10 മണി മുതൽ രാത്രി 10 മണി വരെ

സാഹിത്യത്തിന്‌ മനുഷ്യജീവിതത്തിൽനിന്ന്‌ വേറിട്ട് സ്വതന്ത്രവും, യാന്ത്രികവുമായ ഒരു അസ്തിത്വവുമില്ലെന്ന തിരിച്ചറിവായിരുന്നു പുരോഗമന സാഹിത്യത്തിന്റെയും അതിന്റെ വക്താക്കളുടെയും കാതൽ. ആഗോളതലത്തിൽ തന്നെ നിശിതമായ വിമർശനങ്ങളായിരുന്നു ആ വാദത്തിന്‌ നേരിടേണ്ടിവന്നത്. ഉത്തരാധുനികതയുടെ ഈ കാലത്തും ജീവത്സാഹിത്യം വിവിധ കോണുകളിൽനിന്ന് നിരന്തരമായ ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നു കാണാം.
സാഹിത്യമടക്കമുള്ള കലകളെ സാമാന്യമനുഷ്യന്റെ ജീവിതാവിഷ്ക്കാരത്തിൽനിന്ന് അകറ്റുക വഴി, ഒരു വരേണ്യവർഗ്ഗത്തിന്റെ കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യമാണ്‌ കല കലയ്ക്കു വേണ്ടി എന്ന വാദത്തിന്റെ അണിയറയിലും അടിത്തറയ്‌ലും പ്രവർത്തിക്കുന്ന ചാലകശക്തി.
ഈയൊരു പശ്ചാത്തലത്തിൽ വേണം ഏറെ കൊട്ടിഘോഷിക്കപ്പെട്ടുകൊണ്ട് മുഖ്യധാരയിൽ നടത്തപ്പെടുന്ന സാഹിത്യ ചർച്ചകളെയും പ്രവർത്തനങ്ങളെയും ഇന്നു നമ്മൾ വിലയിരുത്തേണ്ടത്. പ്രേരണ ഉദ്ദേശിക്കുന്നതും മറ്റൊന്നല്ല.
നിലവിലുള്ള സാഹിത്യചർച്ചകളുടെയും സംവാദങ്ങളുട…