Posts

Showing posts from February, 2011

ലിംഗ രാഷ്ട്രത്തിലെ യുക്തികള്‍

മസ്തിഷ്ക്കത്തില്‍ ലിംഗങ്ങളുള്ളവരുടെ രാഷ്ട്രത്തില്‍
കീഴ്പെടുത്തലിന്റെ  ധനതത്വശാസ്ത്രമാണ്.
അതിക്രമങ്ങള്‍ അന്യായമല്ല.
പിടിച്ചെടുക്കുക, അടിച്ചുടക്കുക, ഇടിച്ചു കയറ്റുക ഇതൊക്കെ ന്യായമായ ശീലങ്ങളാണ്.
ബുള്‍ഡോസര്‍ ആണ് കൊടിയടയാളം.
അതുകൊണ്ട് ഞെരിച്ചുടച്ച വീടുകള്‍ക്കൊപ്പം
കിനിഞ്ഞിറങ്ങിയ തേങ്ങല്‍
ഞങ്ങള്‍ കേള്‍ക്കുകയില്ല.
അപായ ചങ്ങലകള്‍ അലറുന്നവര്‍ക്കായല്ല
അട്ടഹസിക്കുന്നവര്‍ക്കായാണ്.
ഞങ്ങള്‍ക്ക് പേരുകള്‍ പലതുണ്ടെങ്കിലും
മുഖം ഒന്ന് തന്നെ.
ഉദ്ധരിച്ച ലിംഗം കുരക്കുന്നത് ഒന്ന് മാത്റം.
ഏട്ടന്‍, ചാച്ചന്‍, മാമന്‍, അച്ഛന്‍
എന്നൊക്കെയുള്ള പദവികള്‍
അപ്രസക്തമാകുന്ന നിമിഷങ്ങളില്‍
സ്വരൂപം ദര്‍ശിച്ചു പരലോകം പൂകാം.
നട്ടു പിടിപ്പിക്കുവാനോ
തൊണ്ടയില്‍ ദാഹ നീരിറ്റിക്കുവാനോ
വലംകൈ കൊടുത്തു മന്ദഹസിക്കുവാനോ
മറന്നു പോകും.
ഊഷ്മളമായ ചുംബനം കൊണ്ടല്ല
ഉന്മാദത്തോടെ കടിച്ചെടുത്ത ചുണ്ടുകളുടെ
വാര്‍ന്നൊലിക്കുന്ന നിണധാരകള്‍ കൊണ്ടു
ഉന്മത്തരായവരുടെ രാഷ്ട്രം
മിസൈലുകള്‍ വര്ഷിക്കും.  
സ്ഖലനത്തിന് ശേഷമുള്ള
ആലസ്യത്തിലെന്നപോലെ
സമാധാനത്തെകുറിച്ച് ഞങ്ങള്‍
മൃദുലമായി പുലമ്പും.

പ്രണയ സൂര്യന്‍

പ്രണയമേ,
ഞാന്‍ നിന്റെ ഉദയ സൂര്യന്‍
നിന്റെ കുങ്കുമം കൊണ്ടാണ്
എന്റെ കവിളുകള്‍ ഇങ്ങനെ ചുവന്നു പോയത്
നിന്റെ പ്രണയത്താല്‍
ഞാന്‍ ജ്വലിച്ചു പോയി
ആകാശത്തിലേക്ക്
നിന്റെ അനുരാഗ തേജസ്സുമായി
ഞാന്‍ ഉയര്‍ന്നു പൊങ്ങി
എന്റെ പ്രഭാപൂരം
ലോകത്തെ വെളിച്ചം കൊണ്ടു നിറച്ചു.
പ്രണയമേ,
ഇത് നിന്റെ കാരുണ്യം മാത്രം
വീണ്ടും നീയുമൊത്ത് രമിക്കാന്‍ മോഹിച്ച്
ലജ്ജിച്ചു ചുവന്ന മുഖവുമായി
വിളക്കുകള്‍ കെടുത്തി
നിന്റെ പാല്‍‌ക്കടലിലേക്ക്
ഞാന്‍ തിരിച്ചു വരികയാണ്.
പ്രണയത്തിന്റെ നിലാവ് തെളിയിച്ച്
രാത്രിയുടെ തണുപ്പില്‍
നമുക്ക് രതിയുടെ ചടുല നൃത്തമാടാം
വരൂ എന്‍ പ്രാണസഖീ ...
എന്നില്‍ ചൈതന്യമായി, രാഗ പരാഗമായി
രേണുവായി പടര്‍ന്നു നിറയൂ...

അശ്വത്ഥാമാ

കൂടെ  കിടന്നവള്‍ 
ആണത്തം മുറിച്ചെടുത്തു.
കൂടെ നടന്നവര്‍ 
ചിരിച്ചുകൊണ്ട് കഴുത്തറുത്തു.
മുറിപ്പെട്ട അംഗങ്ങളുമായി 
വികൃത രൂപിയായി
യുഗങ്ങള്‍ പിന്നിട്ട്‌ 
പ്രകാശവേഗത്തില്‍
അലറി വിളിച്ച് 
ഞാന്‍ പായുക തന്നെയാണ്
വെളിച്ചത്തിന്റെ സമുദ്രം
പുനര്‍ജ്ജനിയായി 
കാല്‍ക്കീഴില്‍ തടയും വരെ...

അന്ത്യം

കൈത്തലം മുറിച്ചുകളഞ്ഞു  അന്ത്യ കവിത രചിക്കുന്നു. ഉരിയാടാന്‍ ഒന്നുമില്ലാതെ നാവരിഞ്ഞു കളയുന്നു. മടക്കയാത്ര ഇല്ലാത്തതിനാല്‍ വന്നവഴികള്‍  മാച്ചു കളഞ്ഞു. വിട ചൊല്ലുവാന്‍ ആരുമില്ല ശൂന്യതയുടെ കുരുക്കിന് കഴുത്ത് നീട്ടി നിശബ്ദനായ് ഞാനിരിക്കുന്നു.

ചോറ്

പഞ്ഞത്തില്‍ തപ്പിയപ്പോള്‍  കിട്ടിയ വറ്റ് പുഴുവും കല്ലും മാറ്റി വേവിച്ചെടുത്ത അമൃത് വാരി തിന്നുമ്പോള്‍  മിഴി നിറഞ്ഞത്‌ വാത്സല്യം കുഴച്ച്   അമ്മയൂട്ടിയ മധുരം അച്ഛന്‍ വിയര്‍ത്തു കിടന്ന പാടവരമ്പിന്റെ ഗന്ധം.
ചോറിന്റെ വില കൊണ്ടു  രാഷ്ട്രം മെനഞ്ഞവര്‍ - അറയില്‍  പൂഴ്ത്തി വെച്ചത്  കടലില്‍ കെട്ടി താഴ്ത്തിയത് 
(വിശക്കുന്നവന്റെ ആര്ത്തികൊണ്ട് വേണമത്രേ  അധികാരത്തിന്റെ സിംഹാസനമുറക്കാന്‍ !!!)

ആമസ്യ

എന്റെ അലസനടത്തയില്‍ മുതുമുത്തശ്ശന്റെ വീരഗാഥ
ആത്മരസം മുറ്റി തുളുമ്പുന്നുണ്ട്.
നിന്റെ ആയുധങ്ങള്‍ക്ക്
എന്നെ  മുറിപ്പെടുത്താന്‍ ആവില്ലയെന്ന
ആത്മരതിയുടെ ആനന്ദം
പോര്‍‌ച്ചട്ടയായി  അണിഞ്ഞിട്ടുമുണ്ട്
ആമയെ ചുടുമ്പോള്‍ മലര്‍ത്തി ചുടണമെന്ന
അടുക്കളയിലെ അടക്കങ്ങള്‍
കേള്‍ക്കാതെ പോകുന്നുമുണ്ട്.

ചെകുത്താന്‍

ഫെബ്രുവരി - 3ബൂലോകത്തെ വന്മരങ്ങള്‍ക്കിടയില്‍ കവിതകളുടെ ഒരു ചെറുമരം നട്ടതിന്റെ വാര്‍ഷികമാണ് ഇന്ന്.
കുട്ടിക്കാലത്ത് എന്റെ കൂടെ കവിതയും കഥയും എല്ലാം ഉണ്ടായിരുന്നു. രാഷ്ട്രീയ മാടമ്പികള്‍ ഗ്രാമത്തിലെ ജീവിതം ദുസ്സഹമാക്കിയപ്പോള്‍ പ്രവാസിയാകേണ്ടി വന്നു. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് പലായനം ചെയ്തു. അപ്പോള്‍ കഥയും കവിതയും എന്നെ കൈവിട്ടു പോയി. ഇപ്പോള്‍ ബ്ലോഗില്‍ കവിത എന്റെ കൂടെ വന്നിരിക്കുന്നു. ബ്ലോഗിലെ കവിതകളുടെ ഈ വര്‍ഷം അമൂല്യമായ അനുഭവം തന്നെ.
കുറേ നല്ല സുഹൃത്തുക്കള്‍, നല്ല വായന. ഒരുവേള ബ്ലോഗും കവിത എഴുത്തും നിറുത്തണമെന്ന് പോലും ആലോചിച്ചു. അപ്പോഴെല്ലാം എനിക്ക് പ്രചോദനമായി എന്റെ സഖി എന്റെ അരികില്‍ എത്തി. എന്നെ പ്രണയത്താല്‍ നിറച്ചു. അങ്ങനെ കവിതകളുടെ ഒരു വര്‍ഷം കടന്നു പോയിരിക്കുന്നു. ബ്ലോഗിലെ എന്റെ സുഹൃത്തുക്കള്‍ എന്നും എന്റെ എഴുത്തിന്റെ പ്രചോദനമായിരുന്നു. പേരെടുത്തു പറയേണ്ടതില്ലെന്ന് തോന്നുന്നു. വലിയ ഒരു സൌഹൃദവലയം ബ്ലോഗിന് പുറത്തും എനിക്കില്ല. ബ്ലോഗിന് പുറത്തെ ചില സുഹൃത്തുക്കള്‍ എന്റെ കവിതയെ ആസ്വദിക്കുമ്പോള്‍ തന്നെ ചുരുക്കം ചിലര്‍ പുച്ഛത്തോടെ കാണുകയും ചെയ്തു. ഇനിയും എത്രകാലം എഴുതും എന്നറിയില്ല…