ചെകുത്താന്‍

ഫെബ്രുവരി - 3ബൂലോകത്തെ വന്മരങ്ങള്‍ക്കിടയില്‍ കവിതകളുടെ ഒരു ചെറുമരം നട്ടതിന്റെ വാര്‍ഷികമാണ് ഇന്ന്.

കുട്ടിക്കാലത്ത് എന്റെ കൂടെ കവിതയും കഥയും എല്ലാം ഉണ്ടായിരുന്നു. രാഷ്ട്രീയ മാടമ്പികള്‍ ഗ്രാമത്തിലെ ജീവിതം ദുസ്സഹമാക്കിയപ്പോള്‍ പ്രവാസിയാകേണ്ടി വന്നു. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് പലായനം ചെയ്തു. അപ്പോള്‍ കഥയും കവിതയും എന്നെ കൈവിട്ടു പോയി. ഇപ്പോള്‍ ബ്ലോഗില്‍ കവിത എന്റെ കൂടെ വന്നിരിക്കുന്നു. ബ്ലോഗിലെ കവിതകളുടെ ഈ വര്‍ഷം അമൂല്യമായ അനുഭവം തന്നെ.

കുറേ നല്ല സുഹൃത്തുക്കള്‍, നല്ല വായന. ഒരുവേള ബ്ലോഗും കവിത എഴുത്തും നിറുത്തണമെന്ന് പോലും ആലോചിച്ചു. അപ്പോഴെല്ലാം എനിക്ക് പ്രചോദനമായി എന്റെ സഖി എന്റെ അരികില്‍ എത്തി. എന്നെ പ്രണയത്താല്‍ നിറച്ചു. അങ്ങനെ കവിതകളുടെ ഒരു വര്‍ഷം കടന്നു പോയിരിക്കുന്നു. ബ്ലോഗിലെ എന്റെ സുഹൃത്തുക്കള്‍ എന്നും എന്റെ എഴുത്തിന്റെ പ്രചോദനമായിരുന്നു. പേരെടുത്തു പറയേണ്ടതില്ലെന്ന് തോന്നുന്നു. വലിയ ഒരു സൌഹൃദവലയം ബ്ലോഗിന് പുറത്തും എനിക്കില്ല. ബ്ലോഗിന് പുറത്തെ ചില സുഹൃത്തുക്കള്‍ എന്റെ കവിതയെ ആസ്വദിക്കുമ്പോള്‍ തന്നെ ചുരുക്കം ചിലര്‍ പുച്ഛത്തോടെ കാണുകയും ചെയ്തു. ഇനിയും എത്രകാലം എഴുതും എന്നറിയില്ല. എങ്കിലും എന്റെ സുഹൃത്തുക്കള്‍ക്കായി ഈ വാര്‍ഷികം ഞാനിവിടെ കുറിക്കുന്നു. എന്റെ ആത്മാംശമുള്ള ചെകുത്താന്‍ എന്ന കവിത വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു.
ഒരുപാട് സ്നേഹത്തോടെ എന്റെ സ്നേഹിതര്‍ക്കായി സമര്‍പ്പിക്കുന്നു.

----------------------------------------------------------------------------------------------------
വീരഭദ്രനേയും ശ്രീ പോതിയേയും
പുറത്താക്കിയ ഞാന്‍
‍ചെകുത്താനുമായി പ്രണയത്തിലായി.
എന്‍റെ തീക്ഷ്ണ കൌമാരത്തില്‍ തന്നെ
ഞാനവനെ എന്നിലേക്കാവാഹിച്ചു.
വരൂ...
എന്‍റെ രക്തവും മജ്ജയും
മാംസവും അസ്ഥിയും
നിന്‍റെ ആവാസത്തിനായി ദാഹിക്കുന്നു
എന്നു ഞാന്‍ അവനോടു പറഞ്ഞു.
അവന്‍റെ ഹവിസ്സില്‍ ഞാന്‍ ബലിയര്‍പ്പിച്ചു.
എന്നില്‍ ചാര്‍ത്തപ്പെട്ട
എല്ലാ ദിവ്യ മുദ്രകളേയും
അവനായിക്കൊണ്ട്‌ ഉച്ചാടനം ചെയ്തു.
ഗുരു കാരണവന്‍മാര്‍
എന്‍റെ രക്ഷക്കായ്‌ പ്രതിഷ്ഠിച്ച
രക്ഷസ്സുകളോടും രക്തചാമുണ്ടിയോടും
കടന്നുപോ
എന്നു ഞാന്‍ ആജ്ഞാപിച്ചു.
ചാണകം മുക്കിയ ചൂലുകൊണ്ട്‌
തെക്കു ദിക്കിലേക്കടിച്ചോടിച്ചു.
ചെകുത്താന്‍ അവന്‍റെ ദംഷ്ട്രകള്‍ക്ക്‌ മൂര്‍ച്ചകൂട്ടി
കണ്‍കോണില്‍ രക്തക്കടലുകള്‍ തിരയിളക്കി
പറന്നു വന്നെന്‍റെ മുതുകിലിരുന്നു
നഖങ്ങള്‍ക്കുള്ളിലൂടെ എന്നിലേക്ക്‌ അരിച്ചു കയറി
അവന്‍റെ രൂപം
എന്‍റെ തൊലിക്കടിയില്‍മറക്കപ്പെട്ടു
എന്‍റെ ഇമകള്‍ക്കിടയില്‍
ഒരു മൂന്നാം കണ്ണായി അവന്‍ പതിയിരുന്നു.
എന്‍റെ ദംഷ്ട്രകള്‍ക്കുള്ളില്‍
‍അവന്‍റെ മൂര്‍ച്ച തക്കം പാര്‍ത്തിരുന്നു.

തീക്കനലില്‍ ചവിട്ടി
ചെകുത്താനൊത്ത്‌ സവാരിചെയ്തു.
അവന്‍റെ മന്ത്രിക ചൂലില്‍ ‍ദേശാടനം നടത്തി...
നിക്കരാഗ്വയില്‍, ചിലിയില്‍, എത്യോപ്പ്യയില്‍,
കംബോഡിയായില്‍, ഇറാഖില്‍
അതിര്‍ത്തികളില്ലാത്ത ദേശങ്ങളില്‍
നിഷ്ഠൂരമായ ജീവിതാവസ്ഥകളില്‍
പലായനം ചെയ്തവരുടെ കാലടികളില്‍
വിശന്നവന്‍റെ ചങ്കില്‍
ബലാത്സഗം ചെയ്യപ്പെട്ട ഗ്രാമങ്ങളില്‍
വലിച്ചെറിയപ്പെട്ട നഗരങ്ങളില്‍
നന്ദീഗ്രാമില്‍,സിംഗൂരില്‍
തെലുഗു പാടങ്ങളില്‍
കഴുത്തറ്റ പക്ഷിയുടെ ചിറകടിയില്‍
ജീര്‍ണ്ണിച്ച മനുഷ്യന്‍റെ
ദുര്‍ഗന്ധങ്ങള്‍ മാന്തിയ നഖങ്ങളായി
എന്നിലവന്‍ വളര്‍ന്നു വന്നു.
പെറ്റമ്മക്ക്‌ തിരിച്ചറിയാനവാത്ത വിധം
ഒരു ചെകുത്താനായി.

*(ചെകുത്താന്‍ ) യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. കമ്മ്യൂണിസം എന്ന ഭൂതം - കമ്മ്യൂണിസ്റ്റ് മാനിഫെസ്ടോ

Comments

 1. ഇനിയും ഒരുപാട് കാലം കവിതകള്‍ എഴുതി ഇവിടെ തുടരാന്‍ കഴിയട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു.

  ReplyDelete
 2. പ്രിയ ഭാനു,

  ഒന്നാം ബ്ലോഗ്‌ പിറന്നാളിന്റെ ഈ സുദിനത്തില്‍ എല്ലാവിധ ആശംസകളും നന്മകളും നേരുന്നു..
  കവിതയുടെ മായിക ലോകത്തില്‍ ഇനിയും ഒരുപാട് വര്‍ണ്ണങ്ങള്‍ തീര്‍ത്തു പാറിപ്പറക്കുവാന്‍ സാധിക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.. എത്രയും പെട്ടന്ന് വിട പറഞ്ഞ കഥയെ കൂടി തിരികെ വിളിക്കുക...

  നൂറു നൂറു ആശംസകള്‍..

  ReplyDelete
 3. ഓഹോ ബാനു നീ ചെകുത്താനായത്തിന്റെ ഒന്നാം വാര്‍ഷികം .....ഹി ഹി
  ഇതില്‍ ഒന്നും കാര്യമില്ല എന്ന് എനിക്ക് തോനുന്നു എനാലും ആശംസകള്‍ .
  ജനനംവും മരണവും പോലെ എന്തും ആഘോഷിക്കുന്ന ഇടത്ത് ഇതില്‍ അത്ഭുതം ഒന്നും ഇല്ല
  പക്ഷേ ഇന്നിയും ഒരുപാട് മുനോട്ടു പൂവാണ്ട് എന്ന് തോനുനത് കൊണ്ട് ഒന്നാം വാര്‍ഷികം ഒന്നും ഒരു വാര്ഷിക്കാംയി ഞാന്‍ ആഘോഷിക്കാരും ഇല്ല ആരോടും പറയാറും ഇല്ല

  ഇന്നിയും ഒരുപാടു നല്ല കവിതകള്‍ എഴുതാന്‍ കഴിയട്ടെ ....

  ReplyDelete
 4. ആശംസകള്‍ നൂറു നൂറു ആശംസകള്‍..

  ReplyDelete
 5. മൂന്നാംകണ്ണിലെ തീ കെടാതിരിക്കട്ടെ.
  തണുവിനു, പ്രിയസഖി കാവലായിരിക്കട്ടെ.
  എന്നാലും ജീവിതം സുന്ദരമല്ലേ എവിടെയൊക്കെയോ എന്നും ഓർക്കുന്നു…. ക്രിമിനൽ കുറ്റമാണ്. ചുടലനൃത്തമാണു ചുറ്റിലും. എങ്കിലും..
  കവിതകൾ എഴുത്തു തുടരൂ. ഞങ്ങളൊക്കെ കാത്തിരിക്കുന്നില്ലേ വായിക്കാൻ?
  സസ്നേഹം.

  ReplyDelete
 6. ഭാനു ചെകുത്താനുമായി ആണോ വാര്‍ഷികം ആഘോഷിയ്ക്കുന്നത്..ഇനിയും ബോണ്‍സായ് പോലുള്ള നല്ല രചനകള്‍ ഞങ്ങള്‍ക്കായി രചിക്കാന്‍ ഭാനുവിന്‍റ തൂലികകള്‍ ചലിക്കട്ടെ.ആശംസകള്‍

  ReplyDelete
 7. മൂന്നാം‌കണ്ണ്‌ കത്തി നില്‍ക്കട്ടെ, മനസ്സ്‌ ചുവന്നുതന്നെയിരിയ്ക്കട്ടെ, കവിത എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ.
  ആശംസകള്‍.

  ReplyDelete
 8. ആശംസകൾ നേരുന്നു ഈ ഒന്നാം വാർഷികത്തിന്.
  ചെകുത്താൻ കവിത ഇഷ്ടമായി.

  ReplyDelete
 9. പൊരുതുന്ന പ്രത്യയശാസ്ത്രത്തിനും,സംസ്കാരത്തിനും വേണ്ടി,എഴുതൂ..ആശംസകൾ...
  നാലാമിടത്തില്‍ വന്ന കവിത ഏറെ നന്നായിരുന്നു..

  ReplyDelete
 10. ബ്ലോഗിലൂടെ ലഭിച്ച സൌഭാഗ്യം, സൌഹൃദങ്ങള്‍ എന്നും നിലനില്‍ക്കാന്‍ ഇടയാവട്ടെ എന്ന പ്രാര്‍ത്ഥനയോടൊപ്പം ഒരുപാട് കവിതകള്‍ എഴുതാനായി മനസ്സിലെ തീ അണയാതെ സൂക്ഷിക്കാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു.

  ReplyDelete
 11. നല്ല കവിത.
  എല്ലാ ഭാവുകങ്ങളും!

  ReplyDelete
 12. അക്ഷരങ്ങള്‍ എന്നും കൂട്ടായിരിക്കട്ടെ ..മനോഹരമായ കവിതകള്‍ നിറയട്ടെ വരും വര്‍ഷങ്ങളിലും..എന്നും കൂട്ടായിരിക്കട്ടെ സ്നേഹമായി പ്രചോദനമായി പ്രിയപ്പെട്ടതൊക്കെയും.അണയാതിരിക്കട്ടെ മനസ്സിലെ കൈത്തിരി.

  സ്നേഹത്തോടെ,പ്രാര്‍ത്ഥനയോടെ എന്നും.

  ReplyDelete
 13. ഒട്ടേറെ കവിതകള്‍ ഇനിയും ഭാനുവില്‍ നിന്നും ഉണ്ടാവട്ടെ. ഒട്ടേറെ ബ്ലോഗ് വര്‍ഷങ്ങളും. ബ്ലോഗിന് പുറത്തേക്ക് വളരട്ടെ ഈ കവിതായനം.

  ReplyDelete
 14. കവിതകളുടെ ഉറവ് തേടി കാടും മലയും സമുദ്രവും സമതലങ്ങളും താണ്ടാന്‍ കഴിയട്ടെ..

  ReplyDelete
 15. അനുഭവങ്ങളുടെ അഗ്നിയില്‍ സ്ഫുടം ചെയ്ത കവിതയുടെ അമൃത
  കുംഭങ്ങള്‍വീണ്ടും ഉയര്‍ന്നു വരട്ടെ ...

  ReplyDelete
 16. കഥകളും,കവിതകളും കൂട്ടുണ്ടായിട്ട് ഈ കവിതാസഖിയെ മാത്രമെ എന്നും ഒപ്പം കാണാറുള്ളല്ലോ...
  ഇനി കൂ‍ട്ടുമായിരിക്കും അല്ലേ ഭായ്
  ഒന്നാം വാർഷികം പൂർത്തിയാക്കിയതിന് എല്ലാവിധ അഭിവാദ്യങ്ങളും കേട്ടൊ ഭായ്.
  ഒപ്പം എല്ലാവിധ ഭാവി ഭാവുകങ്ങളൂം നേർന്നുകൊള്ളുന്നൂ

  ReplyDelete
 17. കൂടെ ഉണ്ട്. തുടരുക

  (കവിത പിടി ഇല്ലാത്തതിനാല്‍....... )

  ReplyDelete
 18. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തെ ബ്ലോഗെഴുത്തില്‍ തന്റേതായ ഒരിടം ഉണ്ടാക്കിയ പ്രിയ സുഹൃത്തിന് ആശംസകള്‍ .

  ഇനി ഇനി ഇവിടെ എഴുതിയ കവിതയെ കുറിച്ചു .

  അറിവില്ലായിക കുറ്റമല്ല എന്നാല്‍ . കടലിന്റെ നിഗൂഡത പഠിക്കാതെ കടലിനെ കുറിച്ചു പറയരുത് .അങ്ങനെ പറയുന്നത് നിര്‍ബന്ധപരമായ വിവരകേടാണ്.
  ലോകം കണ്ടത്തില്‍ വെച്ച് ഏറ്റവും മഹത്തായ ധനതത്വശാസ്ത്രമാണ് "മാനിഫാസ്റ്റോ " എല്ലാ ഇസ്സങ്ങളും ചിലയിടങ്ങളില്‍ തെറ്റ്ധരിക്കപെടുന്നതുപോലെ കമ്യുണിസവും അത്തരത്തില്‍ പ്രചരിച്ചത് തിരിച്ചറിയണം . കമ്യുണിസ്റ്റ്കാരന്നു പറഞ്ഞു ചില മനുഷ്യര്‍ ചെയ്ത ചെയ്തികളെ കണക്കാക്കി കമ്യുണിസ്സത്തെ വികലമായി പറയുന്നത് മുസ്ലിങ്ങള്‍ എല്ലാം ഭീകരവാദികള്‍ എന്ന് പറയുന്നത് പോലാണ്‌.
  സ്വകാര്യം : വായിച്ചതിനെ കുറിച്ചു തുറന്ന അഭിപ്രായമേ ഞാന്‍ പറയു .അനിയന് അതിഷ്ടമല്ലങ്കില്‍ ബ്ലോഗു ലിങ്ക് എനിക്കയക്കാതിരിക്കാം .

  ReplyDelete
 19. ഭാനു ഏട്ടാ..
  ഇവിടുന്നു ഒരുപാട് നല്ല കവിതകള്‍ വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
  ഇനിയും തുടരുക.
  ആശംസകള്‍.

  ReplyDelete
 20. @പാവപ്പെട്ടവന്‍:
  കമ്മ്യൂണിസത്തെ ആരാണ് കുറ്റം പറഞ്ഞത്. ഒരു തീവ്ര കമ്മ്യൂണിസ്റ്റ് ആയ ഞാന്‍ കമ്മ്യൂണിസത്തെ ഈ കവിതയില്‍ വിമര്‍ശിച്ചതായി താങ്കള്‍ എങ്ങനെ വായിച്ചെടുത്തു എന്നറിഞ്ഞുകൂടാ. ചേട്ടാ വിമര്‍ശനം എനിക്ക് ഇഷ്ടമാണ് കേട്ടോ...അപ്പോള്‍ താങ്കള്‍ക്ക് സ്വാഗതം. പിന്നെ കവിത ഒന്ന് കൂടെ വായിച്ചു നോക്കു. മനസ്സിലായില്ലെങ്കില്‍ അത് പറയു. മാനിഫാസ്റ്റോ ധനതത്വ ശാസ്ത്രം ആണെന്ന വിധത്തിലുള്ള വിവരക്കേട് ഇങ്ങനെ പരസ്യമായി പറയല്ലേ.
  സസ്നേഹം
  ഭാനു.

  ReplyDelete
 21. അനിയ ... ഭാനു ..... രാഷ്ട്രീയ മാടമ്പികള്‍ ഗ്രാമത്തിലെ ജീവിതം ദുസ്സഹമാക്കിയപ്പോള്‍ പ്രവാസിയാകേണ്ടി വന്നു. എന്നാണു തുടങ്ങിയത് അല്ലേ എന്നിട്ട് എന്നേ കുറ്റം പറയുകയാണോ..?

  താത്വികവും പ്രായോഗികവുമായ പ്രത്യശാസ്ത്രം എന്നാണോ ഭാനു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ കുറിച്ചു പറയുന്നത് .അങ്ങനെയായിരിക്കാം അല്ലെ ..? എന്നാല്‍ അതുമാത്രം ആണോ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ..?
  1847 ഡിസംബറില്‍ ആരംഭിച്ച് 1848 ഫെബ്രുവരി 21 -ന് മാര്‍ക്സും-എംഗത്സും ചേര്‍ന്ന് ജര്‍മ്മന്‍ ഭാഷയില്‍ എഴുതി കൃതിയാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ.
  യൂറോപ്പിനെ ഒരു ദുര്‍ ഭൂതം പിടികൂടിയിരിക്കുന്നു, കമ്മൂണിസം എന്ന ഭൂതം (ഭാനു " ദുര്‍ "ചേര്‍ത്തില്ല ) എന്ന വാക്യത്തില്‍ തുടങ്ങി, സര്‍വ്വരാജ്യതൊഴിലാളികളേ സംഘടിക്കുവിന്‍
  എന്ന മുദ്രാവാക്യത്തോടെ അവസാനിക്കുന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ , വര്‍ഗ്ഗസമരത്തിന്റെ ചരിത്രപരവും സമകാലികവുമായ സാഹചര്യങ്ങളിലേക്ക് പ്രാവര്‍ത്തികമാക്കണ്ട തത്വങ്ങളും ,സമാനമായ ആഖ്യാനനങ്ങളും വിവരിക്കുന്നു .ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ രാഷ്ട്രീയരചനകളിലൊന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ .ലോകത്ത് നിലനില്‍ക്കുന്ന ഉള്ളവനും ഇല്ലാത്തവനുമായ അകലം അതിന്റെ രാഷ്ട്ര്യയം , അകലം അതില്ലാതാവണ്ടതിന്റെ വിപ്ലവം അതിനു ഒരു കമ്മ്യൂണിസ്റ്റ്ക്കാരന് താത്വികവും പ്രായോഗികവുമായ പാഠം നല്‍കുന്ന പ്രത്യശാസ്ത്രമാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ . എപ്പോള്‍ ആ അര്‍ത്ഥത്തില്‍ മനുഷ്യന്റെ നിലനില്‍പ്പിന്റെ ഭൂമികയെ കുറിച്ചു പറയുന്നത്കൊണ്ട് അതിനെ ലോകം കണ്ടത്തില്‍ വെച്ചേറ്റവും വലിയ ധനതത്വ ശാസ്ത്രമായി വ്യാഖ്യാനിക്കുന്നു .

  ReplyDelete
 22. സുഹൃത്തേ, മാര്‍ക്സ് എഴുതിയ മൂലധനം എന്ന ഗ്രന്ഥത്തെ ധനതത്വശാസ്ത്രം എന്നു വിളിക്കാം. മാര്‍ക്സിസത്തിന്റെ തത്വചിന്ത മാര്‍ക്സും എംഗല്‍സും ചേര്‍ന്നെഴുതിയ ഒട്ടനവധി ലേഖനങ്ങളിലും പുസ്തകങ്ങളിലും ആണ് ചിതറി കിടക്കുന്നത്. കമ്യൂണിസ്റ്റ് മാനിഫെസ്ടോയാകട്ടെ International communist പാര്‍ട്ടിയുടെ മാര്ഗ്ഗരേഖയാണ്, പരിപാടിയാണ്.

  എന്റെ ജീവിതം ദുസ്സഹമാക്കിയത് മാര്‍ക്സിസ്റ്റു പാര്‍ട്ടിക്കാരാണെന്ന് പാവപ്പെട്ടവന്‍ അങ്ങ് മുന്‍വിധിയോടെ തീരുമാനിച്ചുവോ? അത് കൊള്ളാമല്ലോ...?

  ReplyDelete
 23. ഇനിയും കവിതാലോകത്ത് നിറഞ്ഞുനിൽക്കട്ടെ എന്നാശംസിക്കുന്നു

  ReplyDelete
 24. എല്ലാവിധ ഭാവുകങ്ങളും. ഇനിയുമിനിയും വളരട്ടെ.

  ReplyDelete
 25. ആശംസകള്‍............

  ReplyDelete
 26. ഞാൻ വൈകിപ്പോയി. എന്നാലും എല്ലാ ആശംസകളും നേരുന്നു.ഇനിയും എഴുതുക. വായിയ്ക്കാൻ ഞങ്ങളൊക്കെയുണ്ടല്ലോ. സ്നേഹത്തോടെ........

  ReplyDelete
 27. എഴുത്ത് നിർത്തുന്നതിനെപ്പറ്റി ആലോചിക്കണ്ട. എഴുതിയത് ചേർത്ത് ഒരു പുസ്തകമാക്കുന്നതിനെപ്പറ്റി ആലോചിക്കൂ.

  ReplyDelete
 28. എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍! എത്ര പെട്ടെന്നാണ്‌ ഒരു വര്‍‌ഷം കടന്നു പോയത്? ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു! ചിന്തിപ്പിക്കുന്ന കവിതകളാണ്‌ ഭാനുവിന്റേത്. വ്യത്യസ്തമായ വിഷയങ്ങള്‍ കവിതകളില്‍ ഭാനു അനായാസം കൈകാര്യം ചെയ്യുന്നു. ‍അതുപോലെ പ്രണയാര്‍ദ്രമായ കവിതകള്‍ വായിക്കണമെങ്കില്‍ ജീവിതഗാനത്തില്‍ വരണമെന്നയിരിക്കുന്നു. അതിനു ഭാനുവിന്‌ എപ്പോഴും പ്രചോദനം നല്‍കുന്ന പ്രിയ സഖിക്ക് ഒരുപാട് നന്ദി. ഈ കവിതകള്‍ എല്ലാം സമാഹരിച്ച് പുസ്തകമാക്കണം എന്നൊരപേക്ഷയുണ്ട്. ബൂലോകത്തിലെ ഈ ചെറുമരം വളര്‍‌ന്ന് ഒരു വന്മരമായി മാറട്ടെ എന്നും ആശംസിക്കുന്നു.

  ReplyDelete
 29. എന്റെ പ്രിയപ്പെട്ട ബ്ലോഗുകളില്‍ ഒന്നാണ്‌ "ജീവിതഗാനം"
  നൂറ്റിപന്ത്രണ്ട് കവിതകള്‍!! ഇതില്‍ പല കവിതയ്ക്കും അഭിപ്രായമെഴുതാന്‍ എനിക്കെന്തര്‍‌ഹത എന്ന് ചിന്തിച്ചു പോയിട്ടുണ്ട്....
  ഒരായിരം ആശംസകള്‍! ആ മനസ്സിലെ കനല്‍ ഒരിക്കലും കെടാതിരിക്കട്ടെ.
  സ്നേഹത്തോടെ..

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?