Posts

Showing posts from March, 2011

ശ്വാനവര്‍ഷങ്ങള്‍

മുതുകില്‍ ചവിട്ടിയാലും
മോങ്ങരുത്‌,
തലയുയര്‍ത്തി നോക്കരുത്‌,

നക്കിയ എല്ലിന്‍ കഷണംതന്നെ
വീറോടെ നക്കി രുചിക്കൂ,
ഭാഷയുടെ സൌന്ദര്യം
കുമിഞ്ഞു പൊങ്ങുന്നത്‌ കാണാം.

കണ്ണുകള്‍
നിന്നിലേക്ക്‌ താഴ്ത്തിവെയ്ക്കൂ...
ഇനിയും എഴുതപ്പെടാത്ത
അപൂര്‍വ്വതയാണ്‌ നീ.

കുരയ്ക്കുമ്പോള്‍
പഴയ വീരസ്യങ്ങള്‍ കുരയ്ക്കുക,
വേലിപ്പുറം ചാടാത്ത കുര.
വിധേയന്‍റെ ദാര്‍ശനികപ്രശ്നം കുരയ്ക്കാം,
കുരകളില്ലാത്ത
ശ്വാനവര്‍ഷങ്ങള്‍ കുരയ്ക്കാം,
പുതിയവിപണിയുടെ മോടികള്‍ കുരയ്ക്കാം.

വാലിന്‍റെ മഹത്വം മണത്തറിഞ്ഞ്‌
ചുരുണ്ടുകൂടിയ വാലാവുക,
പഴയ സ്മാരകങ്ങളിലേക്കു മൂത്രിക്കുക.

അവയിലെല്ലാം നിന്‍റെ മണം നിറയട്ടെ.
ഒരു ചരിത്രവും
പുതിയഗന്ധങ്ങളാല്‍ ഉണരരുത്‌.

നീ അരികിലില്ലെങ്കില്‍...

നിശ്ശബ്ദമായ ഇടിമുഴക്കം തണുത്ത ഇടിമിന്നല്‍  വായ്‌ മൂടിയ ആകാശം കണ്ണീരു വറ്റിയ മഴ ഗന്ധമില്ലാത്ത പൂക്കള്‍ നിശ്വസിക്കാത്ത കാറ്റ്
ഇരുട്ടിലേക്ക് -- എന്റെ കണ്ണുകള്‍ കുഴിഞ്ഞു പോകുന്നുവല്ലോ വയ്യ...  വയ്യ... ഈ വാളെടുത്തു മാറ്റുക
എന്നെ തനിച്ചാക്കി നീ പോകാതിരിക്കുക എന്റെ രക്തവുമായാണ് നീ പോയത് എന്റെ അസ്ഥികള്‍ പൊടിഞ്ഞുപോകും മുന്‍പ് എന്നെ കടലെടുക്കും മുന്‍പ് നിന്റെ വിരല്‍ എനിക്ക് നേരെ നീട്ടൂ... 

ചിത്രകാരന്റെ മരണം

പരാജിതന്റെ പാട്ട്, ചങ്കുപിളര്‍ന്ന പൂങ്കുയില്‍,
ഓടിപ്പോയവന്റെ കാലടികള്‍,
മത്സ്യങ്ങള്‍ ചത്തു പൊന്തിയ പുഴ,
തുരന്നെടുത്ത കണ്ണുകള്‍ കൊണ്ട്
മെനെഞ്ഞെടുത്ത ശില്‍പം,
ഉപേക്ഷിക്കപ്പെട്ട 
പിഞ്ചുകുഞ്ഞിന്റെ കാതില്‍ 
മറന്നു വെച്ച താരാട്ട്,
പുലരുന്നതിനു മുന്‍പ് 
നഗരമദ്ധ്യത്തില്‍
വലിച്ചെറിയപ്പെട്ട കന്യകയുടെ
ശുക്ലമിറ്റുന്ന ശവം,
ഉടഞ്ഞുപോയ വീടുകള്‍ക്ക് നടുവില്‍
വളപ്പൊട്ടുകള്‍ തേടുന്ന ബാലിക,
ചിരി മറന്ന ഭ്രാന്തന്‍,
നിറഞ്ഞൊഴുകുന്ന മനുഷ്യച്ചോര
നിറം പൂശിയ ഗ്രാമ വീഥികള്‍,ചുട്ടുപൊള്ളുന്ന പാടത്ത്
ഗോതമ്പ് ചെടികളുടെ ആത്മാവ് തേടിപ്പോയ
ചിത്രകാരാ...
നിറങ്ങള്‍ കൊണ്ട് അലറാന്‍ പഠിച്ചവനെ,
മുറിഞ്ഞ കാതുകൊണ്ട് പ്രേമിച്ചവനെ,
എന്റെ ക്യാന്‍വാസിലേക്ക്
അല്‍പ്പം കടും ചായമൊഴിക്കുവിന്‍ -

എന്റെ പകലുകള്‍ ഇരുണ്ടു പോയ്ക്കൊള്ളട്ടെ...
വരക്കാത്ത ചിത്രങ്ങളുടെ
കറുത്ത രേഖകളില്‍ കുടുങ്ങി
ഞാന്‍  ചത്തു പോയ്ക്കൊള്ളട്ടെ.

ഉമ്മ

ഓര്‍ക്കുന്നുവോ? നമ്മുടെ ചുണ്ടുകള്‍ക്ക് തീ പിടിച്ചത്.
കെട്ടിപ്പുണര്‍ന്ന തടാകങ്ങള്‍
നീര് പങ്കുവെച്ചത്.


ഉരസിപ്പോകുന്ന രണ്ടു നക്ഷത്രങ്ങള്‍ ആയിരുന്നു
നമ്മളപ്പോള്‍.
ഒരുതോണി താമരപ്പൂക്കളുണ്ടായിരുന്നു
അന്നെന്റെ നെഞ്ചില്‍.
പരല്‍ മത്സ്യങ്ങളുടെ
കുതിപ്പായിരുന്നു നിന്റെ കണ്ണില്‍.


അടര്‍ന്നു മാറി നീ തനിച്ചു പോകുമ്പോള്‍
എന്റെ ഭൂമിയെ പിളര്‍ത്തിയതെന്തിന്‌?


എന്റെ ഉടല്‍ നിന്റെ പ്രണയമാണ്
ഉമ്മകളുടെ പെരുമഴയില്‍
ഈറനായി  നില്‍ക്കുവാന്‍
നെടുവീര്‍പ്പുകള്‍ കൊണ്ടു
നമുക്കീ ആകാശം മേഘാവൃതമാക്കാം


ഉത്തര ദിക്കില്‍ നിന്നും
പറന്നുപോകുന്ന പറവകളെ കാണുക.
തൂവലുകളേ...
നിങ്ങള്‍ പൊതിഞ്ഞു വെച്ചത്
എന്റെ പ്രണയിനിയുടെ അനുരാഗം.

നിന്നിലെ ഞാന്‍

നിന്റെ ഇതളുകളിലെ
സുഗന്ധം ഞാനാണ്.
നിന്നെ നുള്ളിയെടുത്താലും മാലയില്‍ കൊരുത്താലും അനാഥമായി വലിച്ചെറിഞ്ഞാലും നിന്നിലെ നീ ആയി  ഞാനിരിക്കും നെയ്ത്തിരിയായി  നീ നിന്നു കത്തുമ്പോള്‍ പ്രകാശമായി ചിന്നി ചിതറുന്നത്‌  ഞാനാണല്ലോ... നീ എരിഞ്ഞുതീരെ വേദനിച്ചു  പുകഞ്ഞു ഒടുങ്ങുന്നതും ഞാന്‍ തന്നെ...

ആണിപ്പഴുതുകള്‍

തിരസ്കൃത പ്രണയം പോലെ
കയ്പേറിയതെന്തുണ്ട്‌ ?

ബലിയാടുകളോട്‌
കത്തിയുടെ മൂര്‍ച്ച ചോദിക്കുംപോലെ
ആത്മഹത്യ ചെയ്തവനോട്‌
കുരുക്ക്‌ പറഞ്ഞ സ്വകാര്യംപോലെ
വേദന അനുഭവസാക്ഷ്യം പറയും

ഖനിത്തൊഴിലാളികളോടു ചോദിക്കൂ
കല്‍ക്കരിയുടെ പൊള്ളല്‍
സ്വര്‍ണ്ണത്തിലെ കണ്ണുനീര്‍
ഇരുമ്പിന്‍റെ മരണക്കുഴികള്‍

പലായനം ചെയ്യുന്നവരോട്‌
അസ്തമനഭംഗി പറയുംപോലെ
ചിറകൊടിഞ്ഞ പക്ഷിയോട്‌
ആകാശചാരുത വിവരിക്കുംപോലെ
കൈത്തലങ്ങളിലെ ആണിപ്പഴുതുകള്‍ പറയും,
ഈശോ നിന്‍റെ നോവ്‌

വെടിയുണ്ടകള്‍ക്ക്‌
കരച്ചിലിന്‍റെ ആഴമറിയാത്തതുപോലെ
ബുള്‍ഡോസറുകള്‍ക്ക്‌
പ്രതിഷേധത്തെ അമര്‍ച്ചചെയ്യാനാവുമോ?

തകര്‍ന്ന വീടുകള്‍ക്കൊപ്പം
മനുഷ്യപ്രജ്ഞയും തകരുമോ?