ചിത്രകാരന്റെ മരണം

പരാജിതന്റെ പാട്ട്,
ചങ്കുപിളര്‍ന്ന പൂങ്കുയില്‍,
ഓടിപ്പോയവന്റെ കാലടികള്‍,
മത്സ്യങ്ങള്‍ ചത്തു പൊന്തിയ പുഴ,
തുരന്നെടുത്ത കണ്ണുകള്‍ കൊണ്ട്
മെനെഞ്ഞെടുത്ത ശില്‍പം,
ഉപേക്ഷിക്കപ്പെട്ട 

പിഞ്ചുകുഞ്ഞിന്റെ കാതില്‍ 
മറന്നു വെച്ച താരാട്ട്,
പുലരുന്നതിനു മുന്‍പ് 

നഗരമദ്ധ്യത്തില്‍
വലിച്ചെറിയപ്പെട്ട കന്യകയുടെ
ശുക്ലമിറ്റുന്ന ശവം,
ഉടഞ്ഞുപോയ വീടുകള്‍ക്ക് നടുവില്‍
വളപ്പൊട്ടുകള്‍ തേടുന്ന ബാലിക,
ചിരി മറന്ന ഭ്രാന്തന്‍,
നിറഞ്ഞൊഴുകുന്ന മനുഷ്യച്ചോര
നിറം പൂശിയ ഗ്രാമ വീഥികള്‍,ചുട്ടുപൊള്ളുന്ന പാടത്ത്
ഗോതമ്പ് ചെടികളുടെ ആത്മാവ് തേടിപ്പോയ
ചിത്രകാരാ...
നിറങ്ങള്‍ കൊണ്ട് അലറാന്‍ പഠിച്ചവനെ,
മുറിഞ്ഞ കാതുകൊണ്ട് പ്രേമിച്ചവനെ,
എന്റെ ക്യാന്‍വാസിലേക്ക്

അല്‍പ്പം കടും ചായമൊഴിക്കുവിന്‍ -

എന്റെ പകലുകള്‍ ഇരുണ്ടു പോയ്ക്കൊള്ളട്ടെ...
വരക്കാത്ത ചിത്രങ്ങളുടെ
കറുത്ത രേഖകളില്‍ കുടുങ്ങി
ഞാന്‍  ചത്തു പോയ്ക്കൊള്ളട്ടെ.

Comments

 1. വരച്ച ചിത്രങ്ങളേക്കാൾ നല്ലത് വരക്കാത്ത ചിത്രങ്ങളാണല്ലോ...

  ReplyDelete
 2. ഭാനുവിന്റെ കവിതകള്‍ക്ക് അഭിപ്രായം പറയാന്‍ എനിക്ക് പറ്റുന്നില്ലെന്ന സങ്കടം മാത്രം.. എന്റെ വാക്കുകള്‍ വറ്റിയിരിക്കുന്നു.
  ആശംസകള്‍.. അഭിനന്ദനങ്ങള്‍..

  ReplyDelete
 3. മനസ്സിനെ വിഹ്വലതകളിലേക്ക്‌ എടുത്തെറിയുന്ന കവിത.ആശംസകള്‍.

  ReplyDelete
 4. ശ്ലഥബിംബങ്ങളാൽ ഭാനു ഗ്രാമത്തിന്റെ ദയനീയ ചിത്രം മിഴിവാർന്ന് കോറിയിട്ടു. എവീടെ കലയും ജീവിതവും ചേർത്തുരുക്കി തിളക്കുന്ന ദ്രാവകം പോലെ കോരിക്കുടിച്ച ആ നാറാണത്തു ഭ്രാന്തൻ, ചിത്രകാരൻ, വാൻഗോഗ്? വളരെ ഇഷ്ടമായി ഭാനൂ!

  ReplyDelete
 5. ഭാനുവില്‍ നല്ലൊരു ചിത്രകാരനുണ്ട്. ഈ കവിതയില്‍ ഒരു ചിത്രകാരന്റെ നീറുന്ന, പുകയുന്ന മനസ്സ് വളരെ മനോഹരമായി വരച്ചിട്ടിരിക്കുന്നു. ഒരുപാടിഷ്ടമായി. അഭിനന്ദനം.

  ReplyDelete
 6. ഭാനുവെ നല്ലൊരു ചിത്രം അനുഭവിച്ചു

  ReplyDelete
 7. വരികള്‍ കൊണ്ടു വരച്ചു തോരാതെ
  ചോര കിനിയും ജീവിതചിത്രമിവിടെ

  ReplyDelete
 8. വാൻഗോഗ് ചെവിയെന്തിനു നഷ്ടപെടുത്തിയെന്ന് ആലോചിക്കാൻ സമയമില്ല...ഇന്നാ പിടിച്ചോ കടുംപച്ച നിറത്തിൽ ഇത്തിരി മഞ്ഞ ചായം..
  ആശംസകൾ.

  ReplyDelete
 9. ദൃശ്യബിം‌ബങ്ങളാല്‍ വാചാലമായ കവിത!! ഹൃദയത്തില്‍ നിന്നും എഴുതിയതു പോലെ. ഒത്തിരി നന്നായിരിക്കുന്നു. അഞ്ജു/5u പറഞ്ഞതു പോലെ ഭാനുവേട്ടന്റെ കവിതകള്‍ക്ക് അഭിപ്രായം പറയാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ലല്ലോ എന്ന സങ്കടമുണ്ട്. ഭാവുകങ്ങള്‍.

  ReplyDelete
 10. വരികള്‍ quote ചെയ്യാന്‍ എങ്കില്‍ കവിത മുഴുവനും കോപ്പി ചെയ്യണം...images നിറഞ്ഞ വരികള്‍.വീണ്ടും വീണ്ടും വായിച്ചു..മനസ്സില്‍ ശക്തമായ ഒരു ചിത്രം തീര്‍ക്കുന്നു ഈ വരികള്‍.

  ReplyDelete
 11. ഭാനു, ആദ്യം എഴുതിയപ്പോള്‍ ഒടുവില്‍ രണ്ടുവരികള്‍ കൂടി എഴുതിയിരുന്നില്ലേ? അതെന്തേ പോസ്റ്റില്‍ വന്നില്ല? അതിന്റെ ഒരു കുറവ് ഫീല്‍ ചെയ്യുന്നുണ്ട്.

  ReplyDelete
 12. ഗംഭീരമായി ഭാനു.
  വാക്കൊന്നും ഇല്ല. അഭിനന്ദനങ്ങൾ.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?