Posts

Showing posts from April, 2011

ഒരു മരം നടുമ്പോള്‍...

എനിക്കും ഒരു മരം നടണം
എവിടെ നട്ടുവളര്‍ത്തും എന്‍റെ മരത്തെ?

ജനലരികില്‍ മുറ്റത്തു നട്ടാലോ...
അപ്പോള്‍ ഉറക്കമുണര്‍ന്നപാടേ
മരത്തെ കണികാണാം
ഓരോദിവസവും
അതിലെത്ര തളിരിലകള്‍ നാമ്പിട്ടു
എന്ന്‌ എണ്ണി തിട്ടപ്പെടുത്താം
ജാരനെപ്പോലെ പതുങ്ങിവന്ന്‌
മരത്തെ കെട്ടിപിടിക്കും
മകരമഞ്ഞിനെ വഴക്കുപറയാം
മരവുമായി കൂട്ടുകൂടാം
അവളെ പാട്ടും കവിതയും കേള്‍പ്പിക്കാം
അപ്പോള്‍ അവളുടെ ചില്ലകള്‍
എന്‍റെ മുറിയിലേക്കു ചാഞ്ഞു വരും
അതില്‍ സുഗന്ധ സൂനങ്ങള്‍ ഉണര്‍ന്നു വരും
ഉറക്കത്തില്‍
പേകിനാവുകള്‍ കാണാതിരിക്കാന്‍
മരമെന്നെ ദയാപൂര്‍വ്വം ആലിംഗനം ചെയ്യും

എന്‍റെ സ്വപ്നങ്ങള്‍
അങ്ങനെ ചിറകുവിരിക്കേ അമ്മ പറഞ്ഞു,
ഉണ്ണീ ഇലകള്‍ കൊഴിച്ച്‌ മരം
മുറ്റമാകെ ചപ്പു ചവറാക്കും
കാറ്റിലും മഴയിലും മരം വീണ്‌
നമ്മുടെ പുര തകര്‍ന്നു പോകും.

പിന്നെ,
എവിടെ കൊണ്ടു നടും എന്‍റെ മരത്തെ
പറമ്പില്‍ നട്ടാലോ.. അതുമതി,

അപ്പോള്‍ വരാന്തയിലിരുന്ന്‌
ഉച്ചക്കാറ്റേറ്റ്‌
എനിക്കു മരത്തിന്‍റെ നൃത്തം കാണാം
അതിന്‍റെ ചില്ലയില്‍ വന്നിരിക്കുന്ന
പൂങ്കുരുവിയുടെ പാട്ടുകേള്‍ക്കാം
മഞ്ഞക്കിളിയോട്‌ കഥ പറയാം
പണിക്കാരിപെണ്ണുങ്ങള്‍ക്ക്‌
അവരുടെ ഓമനകളെ
ആ തണലില്‍ കൊഞ്ചിക്കാം
താരാട്ടു പാടിയുറക്കാം

ചില പ്രണയങ്ങള്‍...

ചില പ്രണയങ്ങള്‍
കൂട്ടിലിട്ട സിംഹത്തെപ്പോലെ
അലറിവിളിക്കും.
ആരും അത് ഗൌനിക്കയില്ല.
അതിന്റെ വിശപ്പ്‌
ആരും അറിയുകയുമില്ല.  ഒരിക്കല്‍ കമ്പിക്കൂട് പൊട്ടിച്ചു
നീ വരുമോ എന്നു ഒരു മാന്‍പേട
ചോദിച്ചു പോയാല്‍
പൂച്ചക്കുട്ടിയെപ്പോലെ
നീ വളഞ്ഞു നില്‍ക്കും.
പ്രണയം കാടുകളെ
കുനിഞ്ഞു നില്‍ക്കാന്‍ പഠിപ്പിക്കും.
ചിറകുകളില്ലാത്തവര്‍ക്ക്
ശിഖരങ്ങള്‍
മധുരങ്ങളുമായി ചാഞ്ഞു നില്‍ക്കും.
അപ്പോള്‍ കിണറുകള്‍ക്ക്
ഇത്ര ആഴം കാണില്ല.
പ്രണയിക്കുന്നവര്‍
കാത്തിരിക്കും പോലെ
ഒരു പര്‍വ്വതവും
ആരെയും കാത്തു നില്‍ക്കയുമില്ല.

സ്വയം ശിക്ഷ

എന്നെ ജീവനോടെ കുഴിച്ചിടണം;
കുഴിച്ചിടും മുന്‍പ്‌
കാഞ്ഞിരക്കുരു കലക്കി വെള്ളം തരണം
നേരില്ലാ ജീവനെ
പച്ചയീര്‍ക്കലികൊണ്ടു പിളര്‍ക്കണം
കല്‍ത്തുറുങ്കില്‍ ഏകാന്തതടവില്‍
പട്ടിണിക്കിടണം
പാപത്തിന്‍റെ നീചരാശിയെ
ഗണിച്ചെടുക്കണം
ഇരുട്ടുമുറിയില്‍
ഫോസിലുകള്‍ കത്രിച്ചുകളയണം
വൈദ്യുതലായനിയില്‍
തിളപ്പിച്ചെടുക്കണം
കാരമുള്ളാല്‍ മേനി മുറിക്കണം
മുറിവില്‍ ക്ഷാരം പൊതിയണം
പച്ചോലയില്‍ കെട്ടിവലിക്കണം
നെറുകയില്‍ തുപ്പണം
കൂടോത്രം കൊണ്ട്‌
പരലോകം വിലക്കണം
വിശുദ്ധന്‍റെ അവിശുദ്ധചരിത്രം
ലോകജനതക്ക്‌ എറിഞ്ഞു കൊടുക്കണം
ശവക്കുഴിക്കുമീതെ കാഞ്ഞിരം നടണം

പ്രണയ വിചാരങ്ങള്‍

(രണ്ടു നക്ഷത്രങ്ങള്‍ ഒന്നായി ഉള്‍ച്ചേര്‍ന്നത്‌ പോലെ
നാമിന്ന് ഒറ്റ പ്രകാശമായി ജ്വലിക്കുന്നു.) 
.....................................................
ഭൂമിയുടെ ദാഹമറിയുന്നത്
മേഘങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ്?
അതുകൊണ്ടാണല്ലോ അവര്‍
മഴനൂലുകള്‍ പോലുള്ള കൈകളാല്‍
ഭൂമിയെ പുണര്‍ന്നത്‌.
അതുകൊണ്ടാണല്ലോ മണ്ണ്
സുഗന്ധിയായി നിശ്വാസങ്ങള്‍ ഉതിര്‍ത്തത്.


പിറ്റേന്ന്
വെള്ളപ്പൂക്കള്‍ തുന്നിയ പാവാടയണിഞ്ഞു
നാണിച്ചു കുയില്‍പ്പാട്ട്  മൂളി
അവള്‍ ഇതുവഴി ഓടിപ്പോകുമ്പോള്‍
വസന്തം എന്നു നിങ്ങള്‍ വിളിച്ചുവോ?

മേഘങ്ങള്‍ മണ്ണില്‍ ചെയ്തതാണ്
ഞാന്‍ നിന്നോട് ചെയ്തത്.

ആദ്യ മഴയ്ക്ക് ശേഷം
മണ്ണില്‍ വിത്തെറിയുന്ന കര്‍ഷകന്‍
ഭൂമിയുടെ പ്രണയ ഗീതം കേള്‍ക്കുന്നില്ല.


പ്രണയിക്കാത്തവര്‍ക്ക്
വിതയ്ക്കലും കൊയ്യലും
വിളവെടുപ്പുകാലത്തെ
സന്തോഷങ്ങള്‍ മാത്രം.

കുളം

നിന്നെ കഴുകാന്‍
എന്നും നിറഞ്ഞു കവിഞ്ഞ്
രാവിലെ കുളിര്‍‌ന്നും
സന്ധ്യയ്ക്ക്‌ ഇളംചൂടാര്‍ന്നും
ഓളങ്ങളുടെ കലമ്പല്‍ ഇല്ലാതെ
ഞാന്‍.

നീ കുടഞ്ഞുകളഞ്ഞ
അഴുക്കടിഞ്ഞ്
എന്റെ അടിത്തട്ടുകള്‍
ഖനീഭവിച്ച്
ഉദാസീനയായി
അര്‍ദ്ധരാത്രികളില്‍
ചുണ്ട് കടിച്ചു പൊട്ടിച്ച്
നൊമ്പരപ്പെടുമ്പോഴും
എന്റെ ഗര്‍ഭത്തില്‍
കിളിര്‍ത്ത ഒരു താമര
നാളെ നിനക്ക് വേണ്ടി
എന്റെ ചുണ്ട് വിടര്‍ത്തും.

e-കൂട്ടുകാരി

ഭൂമിയുടെ മറുപുറമിരുന്ന് വാചാലയാകുന്ന എന്റെ കൂട്ടുകാരി,
എത്ര വിചിത്രമാണീ സൗഹൃദം.
നമുക്കു തമ്മിൽ ദൂരങ്ങളാണു കൂടുതൽ
പക്ഷെ ഇത്രയടുത്ത്‌
എന്റെ അരികിൽ ആരുമില്ല.
എന്റെ മൊഴികളെ
കൈക്കുമ്പിളിൽ കോരിയെടുത്ത്‌
ഇതാ കവിത എന്നു നീ പറയുമ്പോൾ
നീ തന്നെ യാണ്‌ കവിത എന്നു ഞാനറിയുന്നു.
ഉണങ്ങിയ എന്റെ ചില്ലയിലിരുന്ന്
നീ കൊക്കുരുമ്മി ചിലക്കുമ്പോൾ
എന്നിൽ ജീവചൈതന്യം
പടർന്നുയരുന്നു.
എന്റെ ശാഖകളിൽ
പുതു വസന്തവുമായി
സപ്തവർണ്ണങ്ങളുടെ പൂക്കൾ വിരിയുന്നു.
ഞാനിപ്പോൾ വൈദ്യുത സംഖ്യകളായി
വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു.
പ്രഭാത വന്ദനവുമായി
ഒരു കോപ്പ ചുടുചായ
നീ എന്റെ കീ ബോർഡിൽ വച്ചിരിക്കുന്നു.
നിന്റെ ചിരിയും പരിഭവങ്ങളും
എന്റെ ഹൃദയത്തിനകത്ത്‌
പൊട്ടിവിടരുന്നു.