പ്രണയ വിചാരങ്ങള്‍

(രണ്ടു നക്ഷത്രങ്ങള്‍ ഒന്നായി ഉള്‍ച്ചേര്‍ന്നത്‌ പോലെ
നാമിന്ന് ഒറ്റ പ്രകാശമായി ജ്വലിക്കുന്നു.) 
.....................................................
ഭൂമിയുടെ ദാഹമറിയുന്നത്
മേഘങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ്?
അതുകൊണ്ടാണല്ലോ അവര്‍
മഴനൂലുകള്‍ പോലുള്ള കൈകളാല്‍
ഭൂമിയെ പുണര്‍ന്നത്‌.
അതുകൊണ്ടാണല്ലോ മണ്ണ്
സുഗന്ധിയായി നിശ്വാസങ്ങള്‍ ഉതിര്‍ത്തത്.


പിറ്റേന്ന്
വെള്ളപ്പൂക്കള്‍ തുന്നിയ പാവാടയണിഞ്ഞു
നാണിച്ചു കുയില്‍പ്പാട്ട്  മൂളി
അവള്‍ ഇതുവഴി ഓടിപ്പോകുമ്പോള്‍
വസന്തം എന്നു നിങ്ങള്‍ വിളിച്ചുവോ?

മേഘങ്ങള്‍ മണ്ണില്‍ ചെയ്തതാണ്
ഞാന്‍ നിന്നോട് ചെയ്തത്.

ആദ്യ മഴയ്ക്ക് ശേഷം
മണ്ണില്‍ വിത്തെറിയുന്ന കര്‍ഷകന്‍
ഭൂമിയുടെ പ്രണയ ഗീതം കേള്‍ക്കുന്നില്ല.


പ്രണയിക്കാത്തവര്‍ക്ക്
വിതയ്ക്കലും കൊയ്യലും
വിളവെടുപ്പുകാലത്തെ
സന്തോഷങ്ങള്‍ മാത്രം.

Comments

 1. ഈ പ്രണയത്തിന്റെ ഓരോ മുഖവും സുന്ദരം...
  മേഖം, ഭൂമി, മഴ, കര്‍ഷകന്‍..
  എല്ലാം ഓരോ മുഖങ്ങള്‍ .. പ്രണയത്തിന്റെ..

  നന്നായി അവതരിപ്പിച്ചു..
  അഭിനന്ദനങ്ങള്‍

  ReplyDelete
 2. കവിത ഇഷ്ടമായി, അതിലേറെ ഇഷ്ടപ്പെട്ടു ആദ്യത്തെ ആ ചെറുകുറിപ്പ്.

  ReplyDelete
 3. "പ്രണയിക്കാത്തവര്‍ക്ക് വിതയ്ക്കലും കൊയ്യലും
  വിളവെടുപ്പുകാലത്തെ സന്തോഷങ്ങള്‍ മാത്രം."
  - പക്ഷെ അതില്‍ നിറയെ പതിരായിരിക്കില്ലേ ?

  "മേഘങ്ങള്‍ മണ്ണില്‍ ചെയ്തതാണ്
  ഞാന്‍ നിന്നോട് ചെയ്തത്." - നല്ല ഫീലുള്ള വരികള്‍, എനിക്കിഷ്ടായീ. 'വസന്തം ചെറിമരത്തോട്..' എന്ന പ്രശസ്തമായ വരികളെ ഓര്‍മ്മിപ്പിക്കുന്നു.

  ReplyDelete
 4. പ്രണയ ഗായകാ, മഴനൂലുകൾ പോലെ കുളിരുന്ന പ്രണയനൂലുകൾ ഈ വരികളിലുണ്ട്. പുരാതനമായ കൃഷിയും പ്രണയവും മണ്ണും പെണ്ണും ചേർന്നൊരു പൂച്ചെണ്ട്, ഒരു ചെറു വസന്തം.

  ReplyDelete
 5. ഭാനു മാഷിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി.വളരെ ആസ്വാദ്യമായി.ആശംസകള്‍.

  ReplyDelete
 6. "രണ്ടു നക്ഷത്രങ്ങള്‍ ഒന്നായി ഉള്‍ച്ചേര്‍ന്നത്‌ പോലെ
  നാമിന്ന് ഒറ്റ പ്രകാശമായി ജ്വലിക്കുന്നു"

  പ്രണയത്തെ ഉപാസിക്കുന്ന കവി, ഈ വരികള്‍ മനോഹരം. എത്ര മനോഹരമായിട്ടാണ്‌ ഇതിൽ പ്രണയത്തേയും പ്രകൃതിയേയും കൂട്ടി യോജിപ്പിച്ചിരിക്കുന്നത്‌! വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന സംഗീതം പോലെ, ഏകാന്തയില്‍ ഒഴുകി വരുന്ന കുളിര്‍ത്തെന്നല്‍ പോലെ ഭാനുവിന്റെ കവിതകളെ ആസ്വദിക്കാന്‍ കഴിയുന്നു.

  ReplyDelete
 7. ഹാ... മനോഹരമായിരിക്കുന്നു ഭാനു. ഹൃദയം നിറഞ്ഞ സന്തോഷം. ബിംബങ്ങളെല്ലാം സ്വർണ്ണനൂലുകളാൽ ബന്ധിതം! പ്രണയത്തിന്റെ ആഴവും തരളിതയും പ്രണയമില്ലാത്തവരുടെ വെറും വിളവെടുപ്പും.... സുന്ദരമീ കവിത. അഭിനന്ദനങ്ങൾ.

  ReplyDelete
 8. നല്ല കവിത. ഇഷ്ടായി.

  അഭിനന്ദനങ്ങാള്‍ പ്രണയത്തിന്റെ പാട്ടുകാരാ

  ReplyDelete
 9. പ്രിയപ്പെട്ടവരേ,
  നിങ്ങളുടെ നല്ല വാക്കുകള്‍ എന്നില്‍ പ്രണയത്തിന്റെ മധു നിറച്ച എന്റെ പ്രിയ സഖിക്ക് സമര്‍പ്പിക്കുന്നു. എന്നില്‍ പ്രണയ മഴയായി പെയ്തിറങ്ങിയ അവളെയല്ലാതെ ആരെയും ഈ വാക്കുകള്‍ സന്തോഷിപ്പിക്കില്ല.

  ReplyDelete
 10. പ്രണയിക്കാത്തവര്‍ക്ക്
  വിതയ്ക്കലും കൊയ്യലും
  വിളവെടുപ്പുകാലത്തെ
  സന്തോഷങ്ങള്‍ മാത്രം.


  പ്രണയം ദിവ്യമായൊരു അനുഭൂതിയത്രേ

  ReplyDelete
 11. ''മേഘങ്ങള്‍ മണ്ണില്‍ ചെയ്തതാണ്
  ഞാന്‍ നിന്നോട് ചെയ്തത്'' അത്രേ ചെയ്തുള്ളൂ അല്ലെ?
  അല്ലാതെ വസന്തം ചെറിമരങ്ങളോട് ചെയ്തതൊന്നും ചെയ്തില്ലല്ലോ?

  ReplyDelete
 12. "രണ്ടു നക്ഷത്രങ്ങള്‍ ഒന്നായി ഉള്‍ച്ചേര്‍ന്നത്‌ പോലെ
  നാമിന്ന് ഒറ്റ പ്രകാശമായി ജ്വലിക്കുന്നു.."

  ReplyDelete
 13. Anonymous said...
  ''മേഘങ്ങള്‍ മണ്ണില്‍ ചെയ്തതാണ്
  ഞാന്‍ നിന്നോട് ചെയ്തത്'' അത്രേ ചെയ്തുള്ളൂ അല്ലെ?
  അല്ലാതെ വസന്തം ചെറിമരങ്ങളോട് ചെയ്തതൊന്നും ചെയ്തില്ലല്ലോ?

  പ്രിയ അനോണിമസ് , താങ്കള്‍ എഴുതിയത് നെരൂദയുടെ വളരെ പ്രശസ്തമായ വരികള്‍ ആണെന്നുള്ളത്‌ എല്ലാ കവിത ആസ്വാദകര്‍ക്കും അറിയാം. മാത്രവുമല്ല എന്റെ കവിതകള്‍ക്ക് നെരൂദയുടെ കവിതകളുടെ സ്വാധീനവും ഉണ്ട്. ഞാന്‍ അത് ഒരു കുറവായി കാണുന്നില്ല. തീര്‍ച്ചയായും ഗുരുതുല്യമായ ആദരവോടെ ആ സ്വാധീനത്തെ ആ കാലടികളെ ഞാന്‍ പിന്തുടരാന്‍ പരിശ്രമിക്കുന്നു. അസാദ്ധ്യമെങ്കിലും...

  ReplyDelete
 14. നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞു.

  ReplyDelete
 15. കവിത ഇഷ്ടപെട്ടു....
  മുൻവിധികളില്ലാതെ....

  ReplyDelete
 16. "രണ്ടു നക്ഷത്രങ്ങള്‍ ഒന്നായി ഉള്‍ച്ചേര്‍ന്നത്‌ പോലെ
  നാമിന്ന് ഒറ്റ പ്രകാശമായി ജ്വലിക്കുന്നു.."

  Superbbb!!


  പ്രണയത്തെപ്പറ്റി എഴുതാന്‍ , എഴുതിക്കൊണ്ടേയിരിക്കാന്‍, സഖിയോടുള്ള ആ കവിതകള്‍ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. പക്ഷേ എനിക്കൊരിക്കലും മാഷിന്റെ അടുത്തു പോലും എത്താന്‍ പറ്റണില്ലല്ലോ..
  ഒരു പക്ഷേ പ്രണയത്തിനു തീവ്രത കുറവായത് കൊണ്ടാകാം അല്ലേ? ഏതായാലും മാഷിന്റെ ആ പ്രണയിനി ഭാഗ്യവതി തന്നെ.

  ReplyDelete
 17. പ്രണയത്തിന്റെ വിവിധ ഭാവങ്ങളോടെയുള്ള ഭാനുവിന്റെ കവിതകള്‍ എന്നും ഏറെ ഹൃദ്യം തന്നെ ...!

  ReplyDelete
 18. സോളമന്റെ ഗീതം പോലെ
  ടാഗോറിന്റെ വരികളിലുടെ
  വഴുതി നില്‍ക്കുമി കവിതയെ കുറിച്ച്
  പറയാന്‍ ഞാന്‍ ആളല്ല ഭാനു
  ഭാവനാ സമ്പുഷ്ടമായ വരികള്‍
  താളമില്ല എങ്കിലും അര്‍ഥം നിറയുന്നു
  ഇഷ്ടമായി

  ReplyDelete
 19. ഇടയ്ക്ക് പ്രണയിനിയെക്കുറിച്ച്, ഇടയ്ക്ക് വിരഹത്തെക്കുറിച്ച്,ഇടയ്ക്ക് വേര്പാടിനെക്കുറിച്ച്,പിന്നെ പലപ്പോഴും പ്രണയനൈരാശ്യത്തെക്കുറിച്ചും, ഒക്കെ കാണുമ്പോള്‍ ആകെയൊരു അങ്കലാപ്പ്... ശരിക്കും ഇതില്‍ എവിടെയാണ് ഇപ്പോള്‍ താങ്കള്‍?

  ReplyDelete
 20. പ്രണയം...അറിയും തോറും മധുരം കൂടുന്ന ഒന്നിത് മാത്രം..കിട്ടും തോറും ആശ കൂടുന്നതും..ഒരിക്കലും കൊടുത്തും കിട്ടിയും മതിയാവാത്തതും.മനോഹരമായ വരികള്‍..Paulo coelho യുടെ The cloud and the sand dune ഓര്‍മ്മിപ്പിച്ചു ഈ വരികള്‍..മനോഹരമായ കല്പന.

  ReplyDelete
 21. രണ്ടു നക്ഷത്രങ്ങള്‍ ഒന്നായി ഉള്‍ച്ചേര്‍ന്നതു പോലെ.....
  .................

  ഈ കവിതയെ കുറിച്ചു പറയാന്‍ ഒരു ആംഗലേയ വാക്കിനെ
  മലയാളത്തിലെഴുതുന്നു ഞാന്‍ സൂപ്പെര്‍ബ്.നെരൂദ ഭൂമിയിലെ
  സൂര്യനാണല്ലോ.

  ReplyDelete
 22. -- അതിസുന്ദരമായ ഭാവന....നല്ല സുഖമുള്ള മഴ നനഞ്ഞ പോലെ....മണ്ണിന്റെ ഉന്മാദഗന്ധം ഊറിവരുന്ന പോലെ.....!!

  ReplyDelete
 23. അതിശയിപ്പിയ്ക്കുകയാണല്ലോ വരികൾ.

  ReplyDelete
 24. നിന്റെ ദാഹം അറിയുന്നവന്‍ ഞാനല്ലാതെ മറ്റ് ആരാണ് ??

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?