Posts

Showing posts from May, 2011

മഴയില്‍ കുതിര്‍ന്നു കുതിര്‍ന്ന് ...

അങ്ങനെ ഇരിക്കുമ്പോള്‍ ആകാശത്ത്
മഴക്കാറ് നിറയണം
അപ്പോള്‍ കല്ല്യാണിയുടെ പശു
കയറു പൊട്ടും പോലെ
കരയണം
തള്ളക്കോഴി എന്റെ സ്വൈരത്തിലേയ്ക്ക്
കുഞ്ഞുങ്ങളേയും കൊണ്ടു
കൊക്കി കൊക്കി വന്നിരിക്കണം.
കാറ്റ് പുരുഷേട്ടന്റെ വാഴത്തല ഒടിച്ച്
എന്റെ അരികില്‍ വന്നു നുള്ളണം
മഴ അപ്പോള്‍ തോരാതെ തോരാതെ പെയ്യും
പൊത്തുകളില്‍ വെള്ളം നിറയുമ്പോള്‍
തവളയും പിന്നാലെ ചേരയും ഇഴഞ്ഞുവരും
ഭരണകൂടവും വിപ്ലവവും
ഈശലില്‍ നനയുമ്പോള്‍
ലെനിനെ ഞാന്‍ അടച്ചുവെയ്ക്കും.
ഇലക്കുട ചൂടി ബീഡി പുകച്ചു കൂനിക്കൂടി പോകുന്ന
അയ്യപ്പേട്ടന്റെ കയ്യീന്ന്
ഒരു പുക വാങ്ങും.
കടുപ്പത്തില്‍ ചൂടുള്ള ചായയുമായി
അമ്മ വന്നെങ്കില്‍ എന്നു
ഞാന്‍ വെറുതെ കൊതിച്ചു പോകും.
മഴ അപ്പോഴും പെയ്തുകൊണ്ടിരിക്കണം
പറമ്പും മുറ്റവും മഴയില്‍ നിറയണം
മഴത്തുള്ളികള്‍ ഉമ്മവെക്കുന്ന
സംഗീതം മാത്രം
കേട്ടു
കേട്ട്
ഞാനൊന്ന് മയങ്ങും.
അപ്പോള്‍ മണ്‍ചുമര്‍ കുതിര്‍ന്നു
എന്റെ വീട് മണ്ണിലേക്ക് മടങ്ങണം എന്നു പറയും
പതുക്കെ
വളരെ പതുക്കെ
ഞാന്‍ മഴയുടെ
അവസാന ചുംബനം ഏറ്റുവാങ്ങും.

ഗദ്ദര്‍

Image
നഗരത്തിന്റെ സായാഹ്ന കൂടിച്ചേരലില്‍
പെറ്റിബൂര്‍ഷ്വാ വായാടികള്‍ക്ക് വിപ്ലവകവിത പകര്‍ന്ന്
ചിരിച്ചുന്മത്തനായി
മറ്റൊരു സായാഹ്നത്തിലേയ്ക്ക്
തിരിച്ചു പോകാന്‍
വന്നവനല്ല അവന്‍.

നെഞ്ചിലേറ്റ വെണ്ടിയുണ്ടകളുമായി,
കാട്ടുചെണ്ടയുടെ ക്രൗര്യവുമായി
തെലുഗുപാടങ്ങളില്‍ നിന്ന്‌ നരച്ച താടിയുമായി വന്നത്
ഞാന്‍ ഇവിടെയുണ്ട് എന്ന് അലറുവാന്‍...

എന്റെ കവിത
മാമ്പൂവുകളുടെ നഷ്ടത്തെ കുറിച്ചും
കെട്ടുപോയ പ്രണയങ്ങളെ കുറിച്ചും
വിലപിക്കില്ലെന്നു പ്രഖ്യാപിക്കുവാന്‍...

അവന്റെ കവിത
പാല്‍ നിറമെന്തന്നറിയാത്ത
ഇടയബാലനെ കുറിച്ചും
കൊയ്‌ത്തു കഴിഞ്ഞ ഗോതമ്പു പാടത്ത്‌
വിശന്നു മരിച്ച കര്‍ഷകനെ കുറിച്ചും പാടും.

അവന്റെ കവിത
കാടുകള്‍ നഷ്ടപ്പെട്ട ആദിവാസിയുടെ
ദുരിതങ്ങള്‍ പങ്കുവെയ്ക്കും.
പോരാട്ടത്തില്‍ കൊല്ലപ്പെട്ട
വിപ്ലവ ധീരന്റെ
ചുവന്ന രക്തസാക്ഷിത്വത്തെ കുറിച്ചു പാടും.

ഡമരുവിന്റെ താളത്തില്‍
അര്‍ദ്ധനഗ്നന്റെ നൃത്തച്ചുവടുകള്‍
നഗരത്തെ
കവിതയുടെ ഉന്മാദത്തിലേയ്ക്ക് ഉണര്‍ത്തും.

വെടിയുണ്ടകളെ കീഴ്പ്പെടുത്തി
അവന്‍ വന്നത്
നിങ്ങളുടെ ബൌദ്ധീക വാചാലതകളില്‍ ഉത്തരാധുനികതയുടെ ശ്രേഷ്ഠത പുലമ്പുവാനല്ല.

ഗോദാവരിയുടെ തീരങ്ങളില്‍,
തെലുങ്കാനയില്‍
രക്തം ചൊരിഞ്ഞ ധീരരു…

പ്രണയത്തടവുകാരന്‍

തടവില്‍
കൈവിലങ്ങുകളെ ഞാന്‍ ഉമ്മ വെച്ചു.
പ്രണയമേ..,  നിന്റെ കാരാഗൃഹത്തിനെന്റെ അഭിവാദനം
പര്‍വ്വതങ്ങള്‍ താണ്ടി  നഗ്നപാദനായി ഞാന്‍ വന്നത്
നിന്റെ തടവറയില്‍,
ഇരുളില്‍,  ഏകാന്തതയില്‍
ചാട്ടയടിയേറ്റ് അവശനായി
നിന്റെ പേര്‍ മാത്രം ഉച്ചരിച്ചു
നിന്റെ കാരുണ്യത്തിനു
കൈക്കുമ്പിള്‍ നീട്ടുവാന്‍.
മൃത്യുവിന്റെ ചെങ്കടലിനു മീതെ
ഒറ്റക്കാലില്‍ കെട്ടിത്തൂക്കി
പ്രണയമേ  നീ എന്നെ ശിക്ഷിച്ചുകൊള്‍ക... കയ്പുനീരും മുള്‍ക്കിരീടവും തന്ന്‌  നീ ആനന്ദിക്കുവിന്‍
നിന്റെ വിഷസര്‍പ്പങ്ങള്‍
എന്റെ മൂര്‍ദ്ധാവില്‍ തന്നെ ദംശിച്ചിടട്ടെ...
മുള്‍മെത്തയില്‍ ചോരയിറ്റുന്ന ദേഹവുമായി
ഞാനുറങ്ങുമ്പോള്‍ നിന്റെ കരങ്ങളുടെ
ഊഷ്മളത ഞാനറിയും അപ്പോള്‍
എന്റെ നഗ്നതയില്‍
ഓരോ ചോരത്തുള്ളിയും
ഓരോ ചെമ്പനീര്‍ പുഷ്പങ്ങളായി
പൊട്ടിവിടരും. ഞാന്‍ ചുവന്ന പൂക്കളുടെ ഒരു വന്മരമാകും.
വരും കാലങ്ങളില്‍ എല്ലാ പ്രണയങ്ങള്‍ക്കും
നെറുകയില്‍ ചൂടാന്‍...

ഹാജി അലി

കരയെ കുടഞ്ഞു കളഞ്ഞു
സമുദ്രത്തില്‍ കാല്‍ കഴുകി
ഹാജി അലി നില്‍‌ക്കുന്നു.
ഈശ്വരനെ തേടി വന്നവന്റെ കയ്യില്‍ 
മനുഷ്യനെ തിരിച്ചേ ല്പിക്കുവാന്‍ 
അടക്കാത്ത ഒരു കമാനം.
തിരക്കിലെങ്ങോ കളഞ്ഞുപോയ
കാഴ്ച തിരഞ്ഞോ 
ജനാവലിയുടെ ഈ ഒഴുക്ക്?
മതാന്ധത വന്നവന്റെ കണ്ണില്‍
തൈലം പുരട്ടുമോ ഹാജി അലി ?

കാറ്റ് പോലും 
ഇവിടെ ആശ്വസിച്ചു നില്‍‌ക്കുന്നുവല്ലോ...
മന്ത്രങ്ങളോ ഈശ്വര സ്തുതിയോ ഇല്ലാതെ
നീ നല്‍കുന്ന സമാധാനം
ശിരസ്സില്‍ അണിഞ്ഞു 
പ്രിയ ഹാജി അലി
ഞാന്‍ നിന്റെ പടി കടക്കുന്നു.

എന്നെ പലതായി മുറിച്ചു തള്ളുന്ന
ഈ നഗരത്തിലേക്ക്...
ഇനിയും വരും ഞാന്‍ നിന്റെ അരികിലേക്ക്
എന്നെ ഞാനായി കാണാന്‍.മുറിവുകള്‍

ആകാശത്തെ
കൈലേസില്‍ ഒപ്പിയെടുക്കാം
നക്ഷത്രങ്ങളെ
ഊതിക്കെടുത്താം
നിന്‍റെ നോവുകളെ
ഒപ്പിയെടുക്കാനോ
ഊതിക്കെടുത്താനോ
ഞാന്‍ അശക്തന്‍

നിന്‍റെ പാദങ്ങള്‍
എന്‍റെ കൈത്തലത്തില്‍ വെച്ചോളൂ
എന്‍റെ നെഞ്ചിന്‍ കൂടുകൊണ്ടു പുതച്ചോളൂ
അത്രയും കരുതല്‍ എനിക്കാവാം

ഉടഞ്ഞ മഴവില്‍
പെറുക്കിയെടുത്ത്‌ ചേര്‍ത്തുവെയ്ക്കാം
ഉടഞ്ഞുപോയ നിന്‍റെ സ്വപ്നങ്ങള്‍
എന്‍റെ വിരലുകളില്‍ ഒതുങ്ങുകില്ല.
നിലാവിനെ ചുരുട്ടിയെടുത്ത്‌
നിന്‍റെ നേത്രങ്ങളില്‍ വിരിക്കാം
കെട്ടുപോയ സൂര്യനെ കത്തിച്ചുവെയ്ക്കാം
വെന്ത ഭൂമിയില്‍
കുളിര്‍മഴയായി പെയ്തിറങ്ങാം
നിന്‍റെ നെറ്റിയിലെ ചോര തുടയ്ക്കാം
ഹൃദയത്തിലേറ്റ മുറിവുകള്‍
ഉണക്കാനാവില്ല.

എന്നെ നീ എന്തുവേണമെങ്കിലും വിളിച്ചോളൂ
ശത്രുപക്ഷത്തോടൊപ്പം
ശാപത്തീയില്‍ എറിയരുത്‌.

ഇരകള്‍ മൊഴിഞ്ഞത്

സഹതപിക്കുവാനും കണ്ണീരൊഴുക്കുവാനും ഹതഭാഗ്യരായി ജനിച്ചു വീണവരല്ല ഞങ്ങള്‍. മുന്‍പോട്ടു നടക്കും മുന്‍പ്
നോക്കുക...  ഞങ്ങളുടെ കണ്ണില്‍ മുട്ടിലിഴയുന്ന ഒരു ഭൂമി ഒച്ചവക്കാത്ത ഒരാള്‍ക്കൂട്ടം വൈകൃതം വന്ന ഒരു മനുഷ്യവംശം ഉറങ്ങികിടക്കുന്നത് കാണാം. സഹതപിക്കുക നിങ്ങള്‍ നിങ്ങളെ പ്രതി. അറ്റമില്ലാത്ത നിങ്ങളുടെ ആര്‍ത്തിയെ പ്രതി. ലജ്ജിക്കുക സ്വയം നിന്റെ അഹന്തയെ പ്രതി.

പ്രണയിക്കാത്തവരോട്

പ്രണയിക്കാത്തവര്‍ക്ക്  ഞാനൊരു തീക്കനല്‍ തരാം
ഊതി ഊതി ആളിപ്പടരുമ്പോള്‍  അഗ്നിപ്പടര്‍പ്പില്‍  ചുട്ടുപഴുത്തൊരു സൌഗന്ധികം വിരിഞ്ഞുവരും. ഹൃദയനൈര്‍മല്യമുള്ളവരേ നിങ്ങളത് വാടാമലരായി സൂക്ഷിച്ചു വെക്കുക.
പ്രണയിക്കാത്തവര്‍ക്ക്  ഞാനൊരു ഒറ്റക്കമ്പിയുള്ള വീണതരാം ഒറ്റവിരല്‍ കൊണ്ടു മീട്ടിയതില്‍ സ്വപ്ന സ്വരങ്ങള്‍ സൃഷ്ടിക്കുക വിരല്‍ മുറിഞ്ഞു ചോരയിറ്റും വരെ ദ്രുതതാളം മീട്ടുക വീണമേല്‍ ഒലിച്ചിറങ്ങിയ ചോരയില്‍ പിടയുന്ന രാഗം കേള്‍ക്കുക.
പ്രണയമേ നിന്നെ അറിയാത്തവര്‍ക്ക്  ഞാന്‍ ഏഴു വര്‍ണ്ണങ്ങള്‍ കൊടുക്കാം. ചാലിച്ചു ചാലിച്ച്‌ നൂറു നൂറു പൂക്കളില്‍ നൂറു നൂറു നിറം പൂശി പുലരിയെ കൊതിപ്പിച്ചുകൊള്ളട്ടെ.
ഇരുളാര്‍ന്ന ലോകമേ കുതിച്ചുയര്‍ന്ന ചിറകുകള്‍  വരച്ചുവച്ച ആകാശ ചുവപ്പിലേക്ക്  മിഴി തുറക്കുവിന്‍. പ്രണയത്തിന്റെ ആകാശക്കുടയില്‍  വിപത്ക്കാലങ്ങള്‍ക്ക് മേല്‍ പറന്നിറങ്ങുവിന്‍...