Posts

Showing posts from July, 2011

മുറിയുന്നത്‌ നല്ലതാണ്...

ചില മുറിവുകള്‍ക്ക്‌
ആഴക്കടലിന്റെ ആഴമായിരിക്കും.
തിരകളും ചുഴികളുമില്ലാതെ
സ്വസ്ഥവും ശാന്തവുമായ മേല്‍‌പ്പരപ്പ്‌
മോഹിപ്പിച്ചുകൊണ്ടേയിരിക്കും.

അസ്ഥികളെ തുരക്കുന്ന
മുറിവുകള്‍ ഉണ്ട്.
അസ്ഥിവാരം ഇളകിയ ചില്ലുഗോപുരം പോലെ
നിനച്ചിരിക്കാതെ വീണുടയും.

കനലുപോലെ നീറുന്ന മുറിവുകള്‍
മറവികളുടെ മഴയില്‍ കെട്ടുപോയേക്കാം
ഉള്ളിലെ നീറ്റലൊടുങ്ങാതെ  
ഒരിക്കല്‍ ലാവയായി ഒഴുകുംവരെ.

പകര്‍ച്ച വ്യാധിപോലെ
ചില മുറിവുകള്‍
ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക്
പടര്‍ന്നു കയറും.
മുറിവേറ്റവരുടെ സംഘഗാനമായി
തെരുവുകളില്‍ ചോര നിറയ്ക്കും.

ജനിതകങ്ങളിലൂടെ സംക്രമിക്കുന്ന മുറിവുകള്‍
അംഗവൈകല്യം
വന്ന സന്തതി പരമ്പരകളെ പെറ്റുകൂട്ടും.

സുഷുപ്തിയിലാര്‍ന്ന ചില മുറിവുകള്‍
ക്വാണ്ടം കുതിച്ചു ചാട്ടം കൊണ്ട്
വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കും.

മുറിയുന്നത്‌ നല്ലതാണ്.
നീറുന്ന മറുമരുന്നുകൊണ്ട്
സുഖപ്പെടുമെങ്കില്‍...

മഴപ്രേമം

ഉച്ച ഉറക്കത്തീന്ന് തട്ടിയുണര്‍ത്തി ദേ മഴ പെയ്യുണൂന്നു അവള്‍ പറഞ്ഞപ്പോള്‍ ന്നാ നീ പോയി മഴയെ കെട്ടൂന്നു ഞാന്‍.
പറഞ്ഞു തീര്‍ന്നില്ല  വാശിക്കാരി ദാ പോണു  മഴയുടെ കയ്യില്‍ തൂങ്ങി.
മഴയുണ്ടോ പിന്നെ പെയ്തു നിര്‍ത്തുന്നു. മഴയും ഓളും കോരി ചൊരിഞ്ഞു കുടം കൊണ്ട് പറകൊണ്ട്.
ഇപ്പോഴിതാ തുമ്മലും ചീറ്റലുമായി കമ്പിളിക്കടിയില്‍ മഴയുടെ പുതുപ്പെണ്ണ്.
ചുക്ക് കാപ്പി തിളപ്പിക്കുകയാണ് മടിയന്‍ കുഞ്ചു.

സഖാവ് ജോണി

അമാവാസി ഒടുങ്ങും മുന്‍പ്  സഖാവ് ജോണി നീ അസ്തമിച്ചിരിക്കുന്നു. ഒറ്റജാഥയില്‍  ഒറ്റപ്പന്തമായി നിന്നു കത്തിയവന്‍. ഇനി നീ  പാതിരാത്രികളില്‍ സഖാക്കളെ തട്ടിയുണര്‍ത്തി വസന്തഗീതങ്ങള്‍ ആലപിക്കയില്ല. മുഖം നിറഞ്ഞ ചിരിയും നഗ്ന പാദങ്ങളുമായി കൊടും വേനലില്‍ നടന്നു പോകുന്ന   ഉത്തുംഗ ശിരസ്ക്കനെ ഞങ്ങള്‍ കാണുകയില്ല. ഒരു കിണ്ണം ചോറുമായി നിന്നെ കാത്തിരുന്ന അമ്മമാര്‍ക്ക് ഇനി വിളക്കണച്ചു കിടന്നുറങ്ങാം. അകന്നു പോയ സ്നേഹിതര്‍ക്കും ഉടഞ്ഞുപോയ പ്രതീക്ഷകള്‍ക്കും നടുവില്‍ നിന്നും ഇരുളിലേക്ക്  നൂലേണിയില്‍ അപ്രത്യക്ഷമായവനേ... കുറുനരികള്‍ക്കിടയില്‍  അനാഥരായി ഞങ്ങള്‍ നിലവിട്ടു കരയുമ്പോള്‍ കയറിപ്പോയതുപോലെ നൂലേണിയിലൂടെ നീ ഇറങ്ങിവരുമോ? അതുമല്ലെങ്കില്‍ തിമിരം ബാധിച്ച ഞങ്ങളുടെ കണ്ണുകള്‍ക്ക്‌ ഒരു കുടം നിലാവ് ഒഴിച്ചു തരുമോ? മഴ നനഞ്ഞു കത്താത്ത  ചൂട്ടുകളായി വഴിയരികില്‍ ഞങ്ങള്‍ പുകഞ്ഞു തീരും മുമ്പ്.

പത്രോസ് പ്രാര്‍‌ത്ഥിക്കുന്നത് എന്തെന്നാല്‍ ..

പത്രോസേ
നീ പാറയാകുന്നു.
നിന്റെ പുറത്ത്
ഞാന്‍ പള്ളി പണിയും. - എന്ന്
കര്‍ത്താവായ ഈശോ മിശിഹാ
അരുള്‍ ചെയ്തതിന്‍ പ്രകാരം

കപ്പേളകള്‍, പള്ളികള്‍, മിനാരങ്ങള്‍,
അച്ചന്‍, മെത്രാനച്ചന്‍, ചെറിയ തിരുമേനി,
വലിയ തിരുമേനി, പോപ്പ്,
രൂപത, അതിരൂപത ഒക്കെ ഉണ്ടായി വന്നു.

ഇപ്പോള്‍
പത്രോസ് പ്രാര്‍‌ത്ഥിക്കുന്നത് എന്തെന്നാല്‍ ...

"കര്‍ത്താവേ...
ഈ പാന പാത്രം എന്നില്‍ നിന്നും
നീക്കേണമേ..."

തോണി

നീ ഇങ്ങനെ ഒഴുകുന്നതുകൊണ്ടാണ്
ഞാന്‍ ഇത്ര അഹങ്കാരിയായിരിക്കുന്നത്.
നിന്നെ മുറിച്ചു നീന്തുമ്പോള്‍
എന്നില്‍ കീഴടക്കലിന്റെ പൌരുഷം.

നീ എത്രമേല്‍ കരുത്തേറുമോ
ഞാന്‍ അത്രയും വീരനാകുന്നു.
വെണ്‍കൊറ്റക്കുടയും തോരണങ്ങളുമായി
നിന്നില്‍ ഞാന്‍ വിജയപതാക പാറിക്കുന്നു

തോണിക്ക് പുഴപോലെയാണ്
എനിക്ക് നീ.
വലിച്ചു കരയ്ക്കിട്ടാല്‍
ഞാനും ഉള്ളു പൊള്ളയായ
ഉണങ്ങിയ മരം.