സഖാവ് ജോണി

അമാവാസി ഒടുങ്ങും മുന്‍പ് 
സഖാവ് ജോണി
നീ അസ്തമിച്ചിരിക്കുന്നു.
ഒറ്റജാഥയില്‍ 
ഒറ്റപ്പന്തമായി നിന്നു കത്തിയവന്‍.
ഇനി നീ 
പാതിരാത്രികളില്‍ സഖാക്കളെ തട്ടിയുണര്‍ത്തി
വസന്തഗീതങ്ങള്‍ ആലപിക്കയില്ല.
മുഖം നിറഞ്ഞ ചിരിയും
നഗ്ന പാദങ്ങളുമായി
കൊടും വേനലില്‍ നടന്നു പോകുന്ന  
ഉത്തുംഗ ശിരസ്ക്കനെ
ഞങ്ങള്‍ കാണുകയില്ല.
ഒരു കിണ്ണം ചോറുമായി
നിന്നെ കാത്തിരുന്ന അമ്മമാര്‍ക്ക്
ഇനി വിളക്കണച്ചു കിടന്നുറങ്ങാം.
അകന്നു പോയ സ്നേഹിതര്‍ക്കും
ഉടഞ്ഞുപോയ പ്രതീക്ഷകള്‍ക്കും
നടുവില്‍ നിന്നും
ഇരുളിലേക്ക് 
നൂലേണിയില്‍ അപ്രത്യക്ഷമായവനേ...
കുറുനരികള്‍ക്കിടയില്‍ 
അനാഥരായി
ഞങ്ങള്‍ നിലവിട്ടു കരയുമ്പോള്‍
കയറിപ്പോയതുപോലെ
നൂലേണിയിലൂടെ നീ ഇറങ്ങിവരുമോ?
അതുമല്ലെങ്കില്‍
തിമിരം ബാധിച്ച ഞങ്ങളുടെ കണ്ണുകള്‍ക്ക്‌
ഒരു കുടം നിലാവ്
ഒഴിച്ചു തരുമോ?
മഴ നനഞ്ഞു കത്താത്ത 
ചൂട്ടുകളായി വഴിയരികില്‍
ഞങ്ങള്‍ പുകഞ്ഞു തീരും മുമ്പ്.

Comments

 1. എന്റെ സുഹൃത്തും സഖാവുമായിരുന്ന ജോണി പൊടുന്നനെ ഞങ്ങളെ തനിച്ചാക്കി പോയിരിക്കുന്നു. ഇന്നത്തെ രാഷ്ട്രീയ നേതാക്കളുടെ നിര്‍വ്വചനങ്ങള്‍ക്കുള്ളില്‍ ഒതുങ്ങാത്ത വേറിട്ട വ്യക്തിത്വമായിരുന്നു ജോണി. തന്റെ യുവത്വം മുഴുവനും വിപ്ലവ പ്രസ്ഥാനത്തിനു സമര്‍പ്പിച്ചു, സ്വന്തമെന്നു പറയാന്‍ ഒഴിഞ്ഞ കൈ അല്ലാതെ ഒന്നും അവശേഷിപ്പിക്കാതെ ജോണി ഞങ്ങളെ വിട്ടുപോയി. ആ സ്മരണയില്‍ ഈ കവിത സമര്‍പ്പിക്കുന്നു. അഭിവാദ്യങ്ങള്‍ സഖാവേ...

  ReplyDelete
 2. ആ ഓര്‍മ്മകള്‍ വഴി വിളക്കാവട്ടെ നിങ്ങള്ക്ക്..പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ സ്വപ്നങ്ങളെ നിങ്ങളുടെ കയ്യില്‍ എല്പ്പിച്ചല്ലേ പോയത്.അത് നിങ്ങള്ക്ക് കരുത്താവട്ടെ. കൂടുതല്‍ എഴുതാന്‍ കഴിയുന്നില്ല..ഓരോ നഷ്ടവും നഷ്ടമല്ലെന്നു വിശ്വസിക്കാനും വിശ്വസിപ്പിക്കാനും ശ്രമിക്കുമ്പോളും കഴിയുന്നില്ല ചില നേരങ്ങളില്‍ ...

  ReplyDelete
 3. ജോണിയുടെ മരണവാര്‍ത്ത അറിഞ്ഞിരുന്നു.

  ജോണിയെ കുറിച്ചുള്ള ചില ഓര്‍മ്മകള്‍ വീണ്ടെടുക്കുന്നതിനു പ്രേരണയായി ഭാനുവിന്റെ കവിത.

  ReplyDelete
 4. സഖാക്കന്മാര്‍ വംശനാശം നേരിടുമ്പോള്‍ കണ്ണീര്‍ വാര്‍ക്കുക

  ReplyDelete
 5. താന്‍ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനു വേണ്ടി ഒരു ജീവിതം മുഴുവന്‍ ഒഴിഞ്ഞു വെച്ച മനുഷ്യസ്നേഹി. സഖാവ് ജോണിക്കു മരണമില്ല അദ്ദേഹം എന്നും എല്ലാവരുടേയും മനസ്സില്‍ ജീവിക്കും.

  അഭിവാദ്യങ്ങള്‍ നേര്‍ന്നുകൊണ്ട്..

  ReplyDelete
 6. അഭിവാദ്യങ്ങൾ സഖാവേ, വിട. തിമിരം ബാധിച്ച ഞങ്ങളുടെ കണ്ണുകള്‍ക്ക്‌
  ഒരു കുടം നിലാവ്
  ഒഴിച്ചു തരുമോ?

  ReplyDelete
 7. " ഇരുട്ടു പെയ്തു വീണ് ഭൂതലം നിറയുമ്പോള്‍
  വിളക്കു വെളിച്ചം തരും
  വിളക്ക് കെടുമ്പോള്‍ നക്ഷത്രങ്ങള്‍
  നക്ഷത്രങ്ങള്‍ കെടുമ്പോള്‍ സൂര്യന്‍
  സൂര്യന്‍ കെടുമ്പോള്‍ ചന്ദ്രന്‍
  വിളക്കും നക്ഷത്രങ്ങളും സൂര്യനും
  ചന്ദ്രനും കെടുമ്പോള്‍,
  എനിക്കു നീയും
  നിനക്കു ഞാനും വിളക്ക്.
  എണ്ണതേടി നാം നാടിറങ്ങുമ്പോള്‍
  കെടാവിളക്കുകളുടെ നിറമാല. "

  --- രാവുണ്ണി ---

  ReplyDelete
 8. ശ്രീദേവിയുടെ കമന്റിനുതാഴെ എന്റെ ഒരു കയ്യൊപ്പ്‌. ഓരോ സൗഹൃദവും, വരാനിരിക്കുന്ന ഓരോ നഷ്ടമാണ്, വേര്‍പാടിന്റെ അല്ലെങ്കില്‍ മരണത്തിന്റെ രൂപത്തില്‍. വ്യക്തികള്‍ മാത്രം മാറുന്നു, അനുഭവം മാറുന്നില്ല, ആവര്‍ത്തിക്കപെടുന്നു. ഇന്നത്തെ സുഹൃത്തുക്കള്‍ നാളത്തെ നഷ്ടങ്ങള്‍, അവര്‍ക്ക് നാമും....

  ReplyDelete
 9. സഖാവ് ജോണി
  ഒരു തീപ്പന്തമാവുന്നു
  ഒറ്റജാഥയില്‍
  കുറുനരികള്‍ക്കിടയില്‍
  അനാഥരായി
  ഞങ്ങള്‍ നിലവിട്ടു കരയുമ്പോള്‍
  കയറിപ്പോയതുപോലെ
  നൂലേണിയില്‍ നീ ഇറങ്ങി വരില്ലയോ ?


  ബാനുവിന്റെ കവിതകള്‍ വല്ലാതെ മോഹിപ്പിക്കുന്നു
  Red salute

  ReplyDelete
 10. “തിമിരം ബാധിച്ച ഞങ്ങളുടെ കണ്ണുകള്‍ക്ക്‌
  ഒരു കുടം നിലാവ്
  ഒഴിച്ചു തരുമോ?
  മഴ നനഞ്ഞു കത്താത്ത
  ചൂട്ടുകളായി വഴിയരികില്‍
  ഞങ്ങള്‍ പുകഞ്ഞു തീരും മുമ്പ്.“
  ആത്മാര്‍ത്ഥതയുള്ള വരികള്‍.
  (അഭിവാദ്യങ്ങള്‍ നല്ല സഖാവിന്)

  ReplyDelete
 11. മൈ ഡ്രീംസ് ഈ കവിത അദ്ദേഹത്തിന്റെ ശൈലിയില്‍ മാറ്റി എഴുതി അയച്ചു തന്നിരിക്കുന്നു.
  കവിതയ്ക്ക് മറ്റൊരു മാനസീക അവസ്ഥയുണ്ട് ഇപ്പോള്‍.
  സന്തോഷമുണ്ട് ഇത് കൂടെ വായനക്ക് സമര്‍പ്പിക്കാന്‍.
  സ്നേഹത്തോടെ - ഭാനു. മൈ ഡ്രീംസിന് വളരെ നന്ദി.
  ---------------------------------------------------------
  സഖാവ് ജോണി
  ഒരു തീപ്പന്തമാവുന്നു
  ഒറ്റജാഥയില്‍
  ഒറ്റപ്പന്തമായി നിന്നു കത്തുന്നു ‍.
  ഇനിയും നീ
  പാതിരാത്രികളില്‍ സഖാക്കളെ തട്ടിയുണര്‍ത്തി
  വസന്തഗീതങ്ങള്‍ ആലപിക്കും
  മുഖം നിറയെ ചിരിയും
  നഗ്ന പാദങ്ങളുമായി
  കൊടും വേനലില്‍ നടന്നു പോകുന്ന
  ഉത്തുംഗ ശിരസ്ക്കന്റെ കൂടെ
  ഞങ്ങളും കാണും
  ഒരു കിണ്ണം ചോറുമായി
  നിന്നെ കാത്തിരുന്ന അമ്മമാരുടെ
  കൈ വിളക്കില്‍ നീ അഗ്നിയായി ജ്വലിക്കും.
  അകന്നു പോകുന്ന സ്നേഹിതര്‍ക്കും
  ഉടഞ്ഞു പോയേക്കാവുന്ന പ്രതീക്ഷകള്‍ക്കും
  നടുവില്‍ നിന്നും
  ഇരുളില്‍ നിന്ന്
  നൂലേണിയില്‍ നീ പ്രത്യക്ഷമാവും ..
  കുറുനരികള്‍ക്കിടയില്‍
  അനാഥരായി
  ഞങ്ങള്‍ നിലവിട്ടു കരയുമ്പോള്‍
  കയറിപ്പോയതുപോലെ
  നൂലേണിയില്‍ നീ ഇറങ്ങി വരില്ലയോ ?
  അതുമല്ലെങ്കില്‍
  തിമിരം ബാധിച്ച ഞങ്ങളുടെ കണ്ണുകള്‍ക്ക്‌
  ഒരു കുടം നിലാവ്
  ഒഴിച്ചു തരുമോ?
  മഴ നനഞ്ഞു കത്താത്ത
  ചൂട്ടുകളായി വഴിയരികില്‍
  ഞങ്ങള്‍ പുകഞ്ഞു തീരും മുമ്പ്.

  ReplyDelete
 12. മഴ നനഞ്ഞു കത്താത്ത
  ചൂട്ടുകളായി വഴിയരികില്‍
  ഞങ്ങള്‍ പുകഞ്ഞു തീരും മുമ്പ്.

  ReplyDelete
 13. പ്രിയ സഖാവെ, സഖാവ് ജോണിയെ കുറിച്ചുള്ള ഓര്‍മകളും വേദനയും എല്ലാം പങ്കുവെക്കുന്നു ഈ കവിത. വീണ്ടും വീണ്ടും സഖാവിനെ ഓര്‍ക്കാന്‍ പ്രേരിപ്പിച്ച കവിതക്കും ഭാനുവിനും നന്ദി - കബീര്‍

  ReplyDelete
 14. പരിചയപ്പെട്ടിട്ടില്ലാത്ത ആ സഖാവിന്റെ ഓർമ്മക്കുമുന്നിൽ അഭിവാദ്യങ്ങളോടെ

  ReplyDelete
 15. അന്യം നിന്ന് പോകുന്ന ഒരു വര്‍ഗ്ഗത്തിന്റെ അവസാനത്തെ കണ്ണികളില്‍ ഒന്ന് ആണ് ജോണി കൂടി പോയതോടെ നമുക്ക് നഷ്ട്ടം ആവുന്നത്..അതിന്റെ ദുഃഖം ഭാനു നമ്മുടെ മനസ്സിലേക്കും കോരിയിട്ടു..സങ്കടം ഉണര്‍ത്തുന്ന വരികള്‍... സഖാവിന് ലാല്‍സലാം..

  ReplyDelete
 16. പ്രതികരിക്കാനുള്ള കഴിവ് ആണ് ജീവിച്ചിരിക്കുന്ന മനുഷ്യന്റെ ലക്ഷണം. ചിലര്‍ മരിക്കുന്നില്ല കാരണം ജീവിച്ചിരിക്കുന്നവരില്‍ അവര്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നു.
  ചില വികാരങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല.
  വ്യക്തികള്‍ മാറിയാലും മറഞ്ഞാലും ചിലതൊന്നും
  മാറുന്നില്ല.
  ജീവനെക്കുറിക്കുന്ന ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി

  ReplyDelete
 17. കമന്റായ് പോസ്റ്റിയ കവിതയ്ക്ക് തന്നെ പ്രാധാന്യം.

  ജോണിയെ അറിയില്ലല്ലോ,

  വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് ഉഴിഞ്ഞ് വെച്ച ജീവന് ആയിരം അഭിവാദ്യങ്ങള്‍..

  ReplyDelete
 18. ആ സ്മരണയ്ക്കു മുൻപിൽ ആദരാഞ്ജലികളോടെ..

  ReplyDelete
 19. കൂടൂതല്‍ ഇഷ്ടമായത് കമന്റിലെ കവിത..

  ReplyDelete
 20. ശ്രീദേവി പറഞ്ഞപോലെ ആ ഓര്‍മ്മകള്‍ വഴി വിളക്കാവട്ടെ ... ആദരാഞ്ജലികള്‍ ...

  ReplyDelete
 21. ഭാനുവിനെ ഇന്നലെ ഞാനറിഞ്ഞു...ഇന്നിതാ വീണ്ടും....

  ReplyDelete
 22. കമന്റില്‍ പോസ്റ്റിയ കവിതക്കുള്ള അഭിനന്ദനങ്ങള്‍ മൈഡ്രീംസിലേക്ക് വഴിതിരിച്ചു വിടുന്നു.

  ReplyDelete
 23. വിശ്വാസ പ്രമാണങ്ങള്‍ക്ക് വേണ്ടി ജീവന്‍ ത്യജിച്ച ആ സഖാവിന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ അഭിവാദ്യങ്ങള്‍...കമെന്റ് കവിതയ്ക്ക് ഒരു സലാം

  ReplyDelete
 24. ബാനുവിന്റെയും എന്റെയും സൌകര്യയതയില്‍ ഈ കവിതക്ക് ഒരു പോസ്ടിവ് ഊര്‍ജം കൊടുക്കാനുള്ള ഒരു ശ്രമം ...
  അത് വായനക്കാരുമായി പങ്ക് വെക്കാന്‍ ബാനു കാണിച്ച ഈ സന്മനസിന് നന്ദി പറയുന്നു

  ReplyDelete
 25. വളര്‍ന്നും തകര്‍ന്നും നാഗരികതകളുടെ ചരിത്ര പഥങ്ങള്‍ സാക്ഷിയാണ്. കടന്നു പോയ നിരവധി മനുഷ്യ മഹത്തുകള്‍. അവരിന്നും മരണമില്ലാതെ നമ്മില്‍ ജീവിക്കുന്നു.
  മരിക്കാതെ ജീവിക്കുന്ന അവരത്രയും കലഹിച്ചതൊക്കെ തന്നിലെ വെളിപാടുകളുടെ വെളിച്ചത്തില്‍ കാണപ്പെടുന്ന പൊരുത്തക്കേടുകളോടായിരുന്നു. ഭാനുവിനറിയുന്ന/ഭാനുവിലൂടെ അറിയുന്ന സഖാവും...... നാളെകളിലും സൂര്യ ഗോളം പോലെ നമുക്കൂര്‍ജ്ജമാകും.. തീര്‍ച്ച. മൈ ഡ്രീംസിന്‍റെ 'മറു കവിത' അത് തന്നെയാണ് പറയുന്നത്.

  റെഡ് സല്യൂട്ട്.

  ReplyDelete
 26. ജോണി നമുക്ക് അപരിചിതനല്ല.പല പേരുകളിൽ രൂപങ്ങളിൽ അവൻ ഇവിടെയൊക്കെ ഉണ്ടായിരുന്നു. കൊട്ടിഘോഷിക്കപ്പെടുന്ന സിവിൽ സമൂഹം അവനെ നോക്കാൻ മടിച്ചതിനും അടക്കം പറഞ്ഞ് പരിഹസിച്ചതിനും കാരണം അവനെക്കണ്ടാൽ അവരിൽ നിറയുന്നത് കുറ്റബോധം മാത്രമായതിനാലാണ്. ഇനിയത്തെ സമൂഹം എത്ര ജോണിമാരെ കാണും.. നൂറു പൂക്കൾ വിരിയുന്ന വസന്തത്തെക്കുറിച്ച് ആരു സ്വപ്നം കാണും?

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?