Posts

Showing posts from September, 2011

ഒരു കൂണ്‍ ചെടി പറയുന്നു

കടലുപോല്‍ ഇരമ്പുന്ന മനസ്സെങ്കില്‍ എത്റ നല്ലത്?
കടലില്‍ തിരകളും,  ആഴങ്ങളില്‍ വിശപ്പും, കുതിപ്പുമുണ്ടാകും. മരുഭൂമിപോല്‍ വരണ്ട  മനസ്സെങ്കില്‍ എത്റ നല്ലത്? മരുഭൂമിയില്‍ മുള്‍ച്ചെടികളും,  ദാഹവും, പ്രതീക്ഷകളുടെ നിശ്വാസവുമുണ്ടാകും.

ആകാശം പോലെ ഞാനൊന്ന് വിയര്ത്തിരുന്നുവെങ്കില്‍-
എനിക്കൊന്നു അലറിക്കരയാമായിരുന്നു...

എന്റെ തൊലി  ഉണങ്ങിയ മരം പോലെ. കീറുകയോ കത്തിക്കുകയോ എന്തുമാകാം. നിന്റെ മഴു എന്നെ വേദനിപ്പിക്കയില്ല. നിന്റെ തീ എന്നെ ദഹിപ്പിക്കയില്ല.

എന്റെ ചോര ഞാന്‍ പിന്നിട്ട വഴികളില്‍  വീണുണങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ അവിടമാകെ ചുവന്ന കൂണുകള്‍ പൊന്തിയിരിക്കുന്നു. ഓരോ കൂണിനും ഓരോ മുഖമാണ്. എന്നെ പിച്ചിയെറിഞ്ഞവരുടെ മുഖം.
ഞാനും നിനക്ക് രുചിക്കാന്‍ മാത്രം പാകം വന്ന ഒരു കൂണ്‍. വിഷക്കൂണ്‍ ആകും മുമ്പേ പറിച്ചെടുത്ത് കൊള്‍ക.

പരിണാമ മുക്തി

അങ്ങനെയിരിക്കെ
എല്ലാ പരിണാമങ്ങളുടെയും അധിപതിയും
അധീശനും ആയ
ചാൾസ് ഡാർവിൻ തിരുമേനി
കല്‍‌പ്പിച്ചനുഗ്രഹിച്ചതിന്‍ പ്രകാരം
എന്റെ കൈകാലുകള്‍
ശരീരത്തിനകത്തേക്ക് കയറിപ്പോയി.
ശരീരം നീണ്ടു കുറുകി
ഇഴജന്തുവിനെപ്പോലെ
പുളഞ്ഞു നടന്നു.
അപ്പോഴാകട്ടെ
കൊടിയ വിശപ്പുതുടങ്ങി.
തിന്നുകയും ഉറങ്ങുകയുമായി
എന്റെ ഇഷ്ട വിനോദം.
പാചകം ചെയ്തതും അല്ലാത്തതും തിന്നു തീര്‍ത്തു.
പിന്നെ പുസ്തകങ്ങള്‍,
പാത്രങ്ങള്‍,
കിടക്ക, കട്ടില്‍, മേശ, കസേര...
എന്റെ വിശപ്പ്‌ മാറിയില്ല.
വീട് ഒരു വശം മുതല്‍ അനായാസമായി തിന്നു തീര്‍ത്തു.
എന്റെ വിശപ്പ്‌ മാറിയില്ല.
തെങ്ങും കവുങ്ങും തിന്നു.
വീട്ടുകാരെയും നാട്ടുകാരെയും തിന്നു.
തളിരില കരണ്ടുതിന്നുന്ന പുഴുവിനെപ്പോലെ
ഗ്രാമം ഞാന്‍ ആവേശത്തോടെ തിന്നു തീര്‍ത്തു.
പുഴയില്‍ ചുണ്ട് ചേര്‍ത്തു ഒന്ന് ആഞ്ഞു വലിച്ചു.
എന്റെ ദാഹം തീര്‍ക്കാന്‍ മതിയാകാത്ത പുഴ
വയറ്റില്‍ കിടന്നു വറ്റിയുണങ്ങി.
ഗ്രാമങ്ങളെ തിന്നു തിന്ന്
ഞാന്‍ നഗരങ്ങള്‍ക്ക് നേരെ വായ്‌ തുറന്നു.
മുഴുത്ത മുട്ടനാടിനെ തിന്നും പോലെ
നഗരം എന്റെ അണപ്പല്ലില്‍ കിടന്നു ഞെരിഞ്ഞു പൊടിഞ്ഞു.
എനിക്കിനി ഒന്ന് ഉറങ്ങണം
നാളെ അയല്‍ രാജ്യങ്ങള്‍ തിന്ന് തീര്‍ക്കാനുള്ളതാണ്.
ഉപ്പുചേ…

ഉള്ക്കിണര്‍

(എന്റെയും   നിന്റെയും ഉള്ളില്‍ ഓരോ കിണറുണ്ട്.)
എന്റെ കിണറ്റില്‍ ...
ഉള്പ്രവാഹങ്ങളില്‍ കുളിരുന്ന
തെളിനീരുമാത്രമല്ല;
ആരൊക്കെയോ വലിച്ചെറിഞ്ഞ
ചപ്പു ചവറുകള്‍
പൊട്ടിയ സ്ലേറ്റു പെന്‍സില്‍
കീറിപ്പറിഞ്ഞ സ്ക്കൂള്‍സഞ്ചി
ഏട്ടന്റെ ചോറ്റുപാത്രം
അമ്മൂമ്മയുടെ ചൂരല്‍
പഴങ്കഥകള്‍
വന്നവരും പോയവരും എറിഞ്ഞു കളിച്ച
വെള്ളാരം കല്ലുകള്‍
എന്റെ ആഴമളന്നവര്‍
പടവുകളില്‍ പിടിച്ച് എന്നിലേക്ക്‌ ഇറങ്ങിവന്നവര്‍
കൈതെറ്റി ഇടറി വീണവര്‍
ഭ്രാന്തുവന്നു ചാടി ചത്ത നേര്‍പെങ്ങള്‍
കാര്‍ക്കിച്ചു തുപ്പിയവര്‍
കോരി കുടിച്ചവര്‍
(ഞാനും നീയും ഒരേ കിണറാണ്.)
പാതാള കരണ്ടികൊണ്ടു കടഞ്ഞെടുത്താല്‍
പൊങ്ങിവരും ഇനിയും പലതും.
ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍
കിണറ്റിലെ തവളയുണ്ട്
വേദാന്തമുണ്ട്
സിംഹത്തിന്റെ അഹങ്കാരമുണ്ട്
ആരെയും കാണിക്കാതെ ഒളിച്ചു വെച്ചൊരു
ചെന്താമരയുണ്ട്
അമ്പിളിമാമന്റെ നിലാ പുഞ്ചിരിയുണ്ട്.
കിണറ്റിലെ ഭൂതമുണ്ട്.
ദേവതയുണ്ട്
നിധി കുംഭമുണ്ട്‌.
ഇറങ്ങി വന്നോളൂ
മടിക്കാതെ
മടിക്കാതെ എന്നു പറയുന്ന മനമുണ്ട്