Posts

Showing posts from October, 2011

അവശേഷിക്കുവാന്‍ ചിലത്...

ചില നക്ഷത്രങ്ങള്‍
ആകാശങ്ങളില്‍ നിന്നും അടര്‍ന്ന്
ഇരുട്ടില്‍ അദൃശ്യമാകുന്നു.

നിലച്ചു പോകുന്ന സ്നേഹങ്ങള്‍
കെട്ടുപോയ വിളക്കുപോലെ
അന്ധത സമ്മാനിക്കുന്നു.

മനസ്സുകള്‍ മനസ്സുകളിലേക്ക്
ചാരിവെച്ച ഏണികള്‍ എടുത്തു മാറ്റുമ്പോഴാണ്
ആഴിപ്പരപ്പുകളില്‍ ദ്വീപുകള്‍ ഉണ്ടാകുന്നത്.

വിലങ്ങു വീണ മനസ്സുകളേക്കാള്‍
ഭീകരമാണ്
അടച്ചുവെച്ച വാക്കുകള്‍.

മുറിയാന്‍ ശരീരമില്ലെങ്കില്‍
വേദനക്കുള്ള ഗുളികകള്‍ എന്തിനാണ്?

പൊള്ളി പൊള്ളി കത്തിപ്പടരാന്‍
ഒന്നും ബാക്കിയില്ല.
മരണത്തിനു മുന്‍പേ
എല്ലാം ദഹിച്ചു പോയിരിക്കുന്നു.

ചാരമായ എന്നെ മുള്‍ച്ചെടികള്‍ക്ക്
ചോറായി വിളമ്പണം.
പനിനീര്‍ പുഷ്പങ്ങളുടെ
ചുവപ്പായി പുനര്‍ജ്ജനിക്കുവാന്‍.

ചരിത്രത്തില്‍ പറവകളുടെ പങ്ക്

പ്രളയക്കടലില്‍  മുങ്ങിത്താഴുന്ന ദൈവത്തിന്
ദേശാടനം നടത്തുന്ന ഒരു പറവ ആകാശത്തില്‍ നിന്നും ഒരാലില താഴേക്കു കൊത്തിയിട്ടു കൊടുത്തു. ആലിലയില്‍ കയറിയ ദൈവം പുതിയ യുഗത്തിന്റെ കരയില്‍ പ്രളയം കൊണ്ടു പോകാത്ത  വിത്തുകള്‍ വിതച്ചു. ദൈവം പറഞ്ഞു അവന്‍ എനിക്ക് തന്നതിനെ  ഞാന്‍ നിനക്ക് തന്നു.

ഉസ്താദ് ബിസ്മില്ലാഖാന്‍

Image
ഗംഗയുടെ തീരങ്ങളോട് ചോദിക്കൂ,
പറയും.
ഈ വൃദ്ധഗായകനെപറ്റി.

നിങ്ങള്‍
ജന്മഭൂമിയെയും സംസ്ക്കാരങ്ങളെയും പറ്റി
സായുധ സംവാദങ്ങള്‍ നടത്തുമ്പോള്‍,
അയല്‍ക്കാരന്റെ മതബോധത്തിലേക്ക്
വാളിറക്കുമ്പോള്‍,
ചാച്ചാജി എന്ന് ഇന്നലെവരെ വിളിച്ചവളുടെ
നഗ്നതയില്‍ പല്ലിറുക്കി
ആര്‍‌ഷഭാരതമെന്നു പുലമ്പുമ്പോള്‍
കുട്ടികളുടെ നിഷ്ക്കളങ്കതയോടെ
ഷെഹനായ് ഊതിക്കൊണ്ട്
പുണ്യനദിയുടെ തീരത്തില്‍
വിശ്വനാഥ ക്ഷേത്രത്തിന്റെ ഒതുക്കു കല്ലുകളൊന്നില്‍
കബീറിന്റെ ധ്യാനവുമായി ഇരുന്നവന്‍ -
ബിസ്മില്ലാഖാന്‍.

ഉസ്താദ് ബിസ്മില്ലാഖാന്‍
ഷെഹനായ് ഊതുമ്പോള്‍
പ്രപഞ്ചനാഥന്‍ ശിലയില്‍ നിന്നുമുണര്‍ന്ന്
അവനരികില്‍ ചെന്നിരിക്കും.
അപ്പോള്‍ ഗംഗ
താന്‍ വീണ്ടും വീണ്ടും
പവിത്രയാകുന്നതറിയും.
ആകാശം സമാധാനവുമായി ഭൂമിയില്‍ വന്നിരിക്കും.
ഗംഗയുടെ തീരങ്ങളില്‍ നിന്നും ആത്മാവുകള്‍
ശാന്തിയുടെ നിറവില്‍ ഉണര്‍ന്നുവരും.

ഉസ്താദ് ...
അവിടുന്ന് ഷെഹനായ് ഊതുമ്പോള്‍
അതൊരു സുഷിരവാദ്യത്തിന്റെ സ്വരമാധുര്യമല്ല,
സംഗീതം കൊണ്ടുള്ള രാഷ്ട്രീയ ഇടപെടലാണ്.
അതിര്‍ത്തികളില്ലാത്ത
വര്‍ണ്ണഭേദങ്ങളില്ലാത്ത
മതഭേദങ്ങളില്ലാത്ത
മാനവീകതയുടെ പ്രഖ്യാപനമാണ്.

ആരാണ് രക്തസാക്ഷി?

ബലിമൃഗമായി
പോരില്‍ പിടഞ്ഞു വീണവനോ? ഹാ! എന്റെ വിധിയെന്നു കരഞ്ഞ്
ശത്രുവിന്റെ കൈപിഴയില്‍
കുഴഞ്ഞു വീണവനോ?

അതോ നക്ഷത്രങ്ങളെ ചവുട്ടി
ഉഷ്ണ പ്രപഞ്ചങ്ങളെ ഉണര്‍ത്താന്‍
പട നയിച്ചവനോ?
ഹൃദയത്തില്‍ ഊതിപൊലിപ്പിച്ച തീക്കനല്‍
അന്ധകാരത്തിന്റെ മുഖത്ത്
അലറി തുപ്പിയവനോ?

ആരാണ് രക്തസാക്ഷി?

രക്തസാക്ഷിയെ പ്രതി
ഒരമ്മയും കരയുകയില്ല.
രക്തസാക്ഷി നഷ്ടപ്പെട്ടവനല്ല.

ഉള്ളില്‍ ഉറപ്പിച്ച കഠാര
ശത്രുവില്‍ ഇറക്കും വരെ
ഇമ പൂട്ടാത്തവന്‍
ചതിയില്‍ പിന്‍‌കഴുത്ത് തകരുമ്പോഴും
ആകാശനീലിമയെ ഉമ്മവെയ്ക്കുന്നൊരു
കൊടിക്കൂറയായി തലയുയര്‍‌ത്തിയവന്‍.

രക്തസാക്ഷി ഒരു പ്രതീക്ഷയാണ്.
പ്രളയങ്ങളില്‍ ഒലിച്ചുപോകാത്ത
ധീരന്മാരുടെ ഹൃദയദലങ്ങളില്‍
വിരിഞ്ഞു തുടുത്ത വടാമലര്‍

എങ്കില്‍

ആയുസ്സിലെല്ലാര്‍ക്കുമൊരടയാളം കാണുമോ? അന്ത്യനാളെത്തും വരെ
ഓര്‍ത്തു വെക്കാന്‍
എങ്കില്‍ നിന്‍ മിഴികളാണടയാളം.

ഒരു കയ്യൊപ്പ് ചാര്‍ത്തി
പുസ്തകത്താള്‍ അടച്ചുവെച്ചുവോ
എങ്കില്‍ നിന്‍ ചുംബനമാണതില്‍

ഒരു കിലുക്കം മാത്രം
മുഴങ്ങുമീ വീണ
എന്നില്‍ തന്നെ മീട്ടുന്നുവോ?
എങ്കില്‍ നിന്‍ സ്വരമാണതില്‍

നിലാവിന്റെ മുട്ടയ്ക്കടയിരുന്നത് വിരിയവേ
ചുരക്കും വെളിച്ചം
നീ തന്നെയോ ?

കെട്ടുപോകും വിളക്കുകള്‍
എന്നില്‍ മാത്രമെരിയുന്നുവെങ്കിലാ വെട്ടം
നീയല്ലാതെ മറ്റാര്‍?

എത്ര കാതങ്ങള്‍ എത്ര കാലങ്ങള്‍
പിന്നിട്ട്‌ പോന്നിട്ടും നിന്നോര്‍മയല്ല
നീ തന്നെയൊപ്പം
എന്‍ നീറ്റലായ് എന്നുണര്‍വ്വായ്
ജ്വലിപ്പതെന്തിങ്ങനെ?

മഴയായ് പെയ്ക നീ വിശുദ്ധ പ്രണയമേ
തോരാതെ തേങ്ങാതെ
ഒഴുകി പരന്നു പടര്‍ന്നു
പിരിയട്ടെ കൈവഴികള്‍
പുഴകളായ്‌ എന്‍ രക്തം
മാമരങ്ങളില്‍ പൂക്കളായ്
സ്നേഹ സുഗന്ധ സംഗീതമായ്

എങ്കില്‍
നിന്നെയും എന്നെയും
വിസ്മൃതമാക്കുമൊരു
വിശുദ്ധ നിമിഷം
മതിയെന്‍ ചിത കത്തുവാന്‍

സ്നേഹം എന്നാല്‍ എന്താണ്?

എന്റെ സുഹൃത്തും ബ്ലോഗറുമായ ശ്രീജ എന്‍. എസ്. അവരുടെ ഏറ്റവും പുതിയ കഥയായ സ്വപ്നാടനത്തില്‍ എഴുതുന്നു-

"സ്നേഹം എന്നാല്‍ എന്താണ്? പല തവണ പല ആവര്‍ത്തി സ്വയം ചോദിച്ചു പല തരം ഉത്തരങ്ങളില്‍ എത്തിചേര്‍ന്നിട്ടുണ്ട്. ഒരുപാട് അടുപ്പം തോന്നിയവരോട് പലപ്പോഴായി ചോദിച്ചിട്ടുണ്ട് സ്നേഹമെന്നാല്‍ നിങ്ങള്ക്ക് എന്താണെന്നും, ആരോടാണ് ഏറ്റം സ്നേഹമെന്നും. മനസ്സ് നിറയുന്ന ഒരു ഉത്തരം, ഇനിയോരാവര്‍ത്തി ഇതേ ചോദ്യം ആവര്‍ത്തിക്കാതെ ഇരിക്കുവാന്‍ മാത്രം സംതൃപ്തി നല്‍കിയ ഒന്നും ഉണ്ടായില്ല എന്നതാണ് നേര്. നമ്മള്‍ കണ്ടിട്ടുള്ള സ്നേഹം ഏറിയ കൂറും ഒരു ഉടമ്പടി പോലെ ആണ്..നോക്ക് എനിക്കിതൊക്കെ വേണം, അതൊക്കെ നീ നല്‍കുന്നതിനാല്‍ എനിക്ക് സ്നേഹമാണ്. തിരിച്ചും ഏകദേശം കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ തന്നെ..ആ പറഞ്ഞതൊക്കെ എനിക്ക് സമ്മതം, എന്റെ ചില ആവശ്യങ്ങള്‍ ഉണ്ട് അത് കൂടെ സാധിച്ചു തരു .അപ്പോള്‍ സ്നേഹം പൂര്‍ണ്ണമായി..ഇത്തരം വ്യവസ്ഥകള്‍ ഇല്ലാത്ത സ്നേഹത്തെ തേടിയല്ലേ നമ്മള്‍ എല്ലാവരും അലയുന്നത്. ജീവന്റെ ഒറ്റ കോശം ആയിരുന്നപ്പോള്‍ തുടങ്ങുന്ന ഒരു തിരച്ചില്‍ ആണത്..മരണത്തിനു അപ്പുറത്തെയ്ക്കും നീളുന്നു എന്ന് ഞാന്‍ കരുതുന്ന ഒന്ന്. അവസാനിക്കാത്ത ദാഹവു…