കവിതക്കൊടി

തുഷാര ധൂമങ്ങളില്‍
പ്രകാശം പൊലിഞ്ഞുപോയ
തണുത്തു പനിച്ചൊരു രാത്രിയില്‍
ആകാശം പൊളിഞ്ഞു വീണുവെന്നു സ്വപ്നം കണ്ട
ആദിമ മനുഷ്യന്റെ
ആദ്യ വായ്മൊഴിയാണ്‌
ആദ്യ കവിത.

ഉറക്കം നടിക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍
ഒരാള്‍ ഉറങ്ങുന്നുവെങ്കില്‍
അയാള്‍ കവിയാണ്‌.
ഒറ്റ ഉറക്കം കൊണ്ടു ലോകമവസാനിക്കുമെന്ന്
സ്വപ്നം കാണുന്ന ഭ്രാന്തന്‍.

മരുഭൂമിയുടെ മണലടരുകള്‍ എടുത്തു മാറ്റുന്നവര്‍ക്ക്
ഭൂമി തുരന്നു ഖനി തേടി പോകുന്നവര്‍ക്ക്
നീരുറവ പോലെ കവിത പ്രത്യക്ഷയാകും.

ബലിമൃഗങ്ങളുടെ നിശ്ശബ്ദമായ ചോര
ഒഴുകി ഒഴുകി പോകുന്നത്
കവിതയുടെ ഗുഹാമുഖത്തേയ്ക്കാണ്.

വിവസ്ത്രമായ ശരീരവും
ഇലപൊഴിഞ്ഞ ശിഖരങ്ങളുമായി
ഗ്രീഷ്മം മറികടക്കുന്ന മരങ്ങളുടെ
ഏകാന്ത ദുഖമായി
കവിത ഘനീഭവിച്ചു കിടക്കുന്നു.

ഭ്രാന്തു പിടിച്ചൊരു കിളി
ലംബ രേഖയില്‍
ദൈവത്തിന്റെ വീടുതേടി പറക്കുമ്പോള്‍
കവിതയ്ക്ക് ചിറകു മുളക്കുന്നു.

ഉപേക്ഷിച്ചുപോയ വാക്കുകള്‍ തുന്നിച്ചേര്‍ത്ത,
ഉന്മാദിയുടെ സ്വപ്‌നങ്ങള്‍ അലങ്കരിച്ച,
ധീരന്റെ ശവക്കച്ച
വിശന്നു മരിച്ച പരേതാത്മാക്കളുടെ കണ്ണീരില്‍ മുക്കി,
മുറിവേറ്റവരുടെ ഹൃദയരക്തംകൊണ്ട്
മേഘങ്ങളില്‍ ഉമ്മവെക്കുന്നു –
"കവിതക്കൊടി."


Comments

 1. ഭ്രാന്തു പിടിച്ചൊരു കിളി
  ലംബ രേഖയില്‍
  ദൈവത്തിന്റെ വീടുതേടി പറക്കുമ്പോള്‍
  കവിതയ്ക്ക് ചിറകു മുളക്കുന്നു..
  -വാക്കുകളില്‍ കിളിര്‍ത്ത് പൂവും കായുമാകുന്ന വരികള്‍ ..

  ReplyDelete
 2. കവിതയുടെ ജനനം മരണതുല്യമായ വിമിഷ്ടത്തിൽ നന്നാവാം...
  ആശംസകൾ..

  ReplyDelete
 3. കവിതയ്ക്ക് നല്ല വായനാനുഭവം തരാനായി. കുറച്ചു കൂടി മനസ്സിരുത്തി വായിക്കട്ടെ.

  ReplyDelete
 4. ആവര്‍ത്തിച്ച് വായിക്കുംന്തോറും വരികളുടെ മൂര്‍ച്ചയേറുന്നു...!!

  ReplyDelete
 5. കവിതയുടെ ഉറവിടങ്ങളും, കവിതയിലേക്ക് ഒഴുകിയെത്തുന്ന ചോരയും കവിതയുടെ ഹൃദ്രക്തത്താൽ ചുവന്ന കൊടിയും കവിത കോടിപുതപ്പിച്ച രക്തസാക്ഷികളുമൊക്കെ മനസ്സിലൂടെ ഇരമ്പിപ്പാഞ്ഞുപോയി, ഈ കവിത വായിച്ചപ്പോൾ!

  ReplyDelete
 6. വിവസ്ത്രമായ ശരീരവും
  ഇലപൊഴിഞ്ഞ ശിഖരങ്ങളുമായി
  ഗ്രീഷ്മം മറികടക്കുന്ന മരങ്ങളുടെ
  ഏകാന്ത ദുഖമായി
  കവിത ഘനീഭവിച്ചു കിടക്കുന്നു.

  ReplyDelete
 7. കവിയേയും കവിതയേയും കവിതക്കൊടിയേയും നിർവ്വചിക്കാനുള്ള ശ്രമം നന്നായി...പുതിയ ചട്ടക്കൂട്ടിൽ കവിതയെ കാണാൻ നല്ല ഭംഗി..

  ReplyDelete
 8. ഉറക്കം നടിക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍
  ഒരാള്‍ ഉറങ്ങുന്നുവെങ്കില്‍
  അയാള്‍ കവിയാണ്‌.
  ഒറ്റ ഉറക്കം കൊണ്ടു ലോകമവസാനിക്കുമെന്ന്
  സ്വപ്നം കാണുന്ന ഭ്രാന്തന്‍.

  എനിക്ക് ഏറ്റവും ഇഷ്ടമായ വരികള്‍....
  മനസ്സില്‍ വിചാരിച്ചിട്ട് ഗായികയല്ലതതിനാല്‍ പുറത്തു വരാതിരുന്ന ഒരു ഗാനം പോലെ...വരാളെ അടുപ്പം തോന്നുന്ന വരികള്‍...സ്വന്തമെന്നു തോന്നുന്നു...

  ReplyDelete
 9. നല്ല വായന ...ഇഷ്ടായി ..ആശംസകള്‍

  ReplyDelete
 10. ഹൃദയരക്തത്തില്‍ ചാലിക്കുന്ന നിസര്‍ഗ സത്യം...നല്ല രചന.

  ReplyDelete
 11. സ്വപ്നം കാണുന്ന ഭ്രാന്തന്‍

  ReplyDelete
 12. ഭ്രാന്തമായ സ്വപ്നങ്ങള്‍ കാണുന്നവന്‍ ആണ്‌ കവിയെന്നും, അസംതൃപ്തമായ മനസ്സുകളില്‍ നിന്നാണ്‌ കവിതകള്‍ ഉണ്ടാകുന്നതെന്നും വളരെ മനോഹരമായി എഴുതിയിരിക്കുന്നു. തീവ്രമായ കാവ്യ ബിംബങ്ങളാല്‍ സുന്ദരമാണീ കവിതക്കൊടി! അഭിനന്ദനങ്ങള്‍ ഭാനുവേട്ടാ.

  ReplyDelete
 13. വായിച്ചറിയുകയാണ്.
  കവിയേയും കവിതകളേയും.

  ReplyDelete
 14. മരുഭൂമിയുടെ മണലടരുകള്‍ എടുത്തു മാറ്റുന്നവര്‍ക്ക്
  ഭൂമി തുരന്നു ഖനി തേടി പോകുന്നവര്‍ക്ക്
  നീരുറവ പോലെ കവിത പ്രത്യക്ഷയാകും..

  nalla varikal.
  veendumoru nalla kavitha.

  ReplyDelete
 15. ഭാനു ... മനോഹരമായ രചന. ഇത് വരെ ഇങ്ങോട്ട് എത്തി നോക്കാന്‍ കഴിയാതിരുന്നതില്‍ കുറച്ചൊന്നുമല്ല നഷ്ടബോധം! ഭാവുകങ്ങള്‍!

  ReplyDelete
 16. കവിത മനോഹരം ... നല്ല വായന തന്നതിനു നന്ദി.

  ReplyDelete
 17. കളരിക്കന് നന്നായി പനിക്കുന്നുണ്ടല്ലോ

  ReplyDelete
 18. ഉള്ളില്‍ തട്ടുന്ന വായനാനുഭവം .

  ReplyDelete
 19. വായനക്കും അഭിപ്രായങ്ങള്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി.

  ReplyDelete
 20. എല്ലാം ചിന്തകള്‍ ... ചിന്തകളെല്ലാം കവിതയാണോ?

  ReplyDelete
 21. നല്ല നല്ല ഭാവവും ബിംബങ്ങളും ചേര്‍ത്ത് വെച്ച കവിതക്കൊടി

  ReplyDelete
 22. വിവസ്ത്രമായ ശരീരവും
  ഇലപൊഴിഞ്ഞ ശിഖരങ്ങളുമായി
  ഗ്രീഷ്മം മറികടക്കുന്ന മരങ്ങളുടെ
  ഏകാന്ത ദുഖമായി
  കവിത ഘനീഭവിച്ചു കിടക്കുന്നു

  ഈ ഘനീഭാവം തന്നെയാണല്ലോ കവിതകളുടെ മരവിപ്പിനാധാരം..!

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?