കാക്ക

മുറ്റത്തൊരു കാക്ക വന്നിരിക്കുമ്പോള്‍
വിസ്മൃതിയില്‍ നിന്നും
സ്മൃതിയിലേക്കുണരുകയാണ് ഞാന്‍

കാക്കയുടെ കണ്ണില്‍
പരേതന്റെ വ്യസനമോ
മരണത്തിന്റെ ഇരുട്ടോ ഇല്ല.

മൂടിക്കിടക്കുന്ന ഓര്‍മ്മകള്‍
ചിറകടിച്ചുയരുംപോലെ
കാക്ക പറന്നു പൊങ്ങുന്നു.

കാക്കകള്‍ കൊത്തിവലിക്കുന്നത്
ഇന്നലെ ഞാന്‍ നെഞ്ചോട്‌ ചേര്‍ത്ത
ഇഷ്ടത്തെ,
കൊതിയോടെ ചുണ്ടില്‍ ചേര്‍ത്ത
രുചിയെ,
ഞാന്‍ വലിച്ചെറിഞ്ഞ
എന്റെ ശേഷങ്ങളെ...

മറവിയില്‍ ആണ്ടുപോയതിനെ
കൊത്തിപ്പറക്കുമ്പോള്‍
എന്റെ ചോരയില്‍ പൂക്കള്‍ വിരിഞ്ഞതോ
പൂക്കളില്‍ തേന്‍ കിനിഞ്ഞതോ
കാക്ക കാണാതെ പോകുന്നു.

ഒരു വേള
ഞാനും ഉപേക്ഷിക്കപ്പെടുമ്പോള്‍
അവനെന്റെ മേല്‍ പറന്നിരിക്കാതിരിക്കില്ല
എന്നെ അനുതാപത്തോടെ
ഉമ്മവെക്കാതിരിക്കില്ല.

Comments

 1. ഭീകരമായ ഒരു പ്രതീക്ഷയുടെ ഉള്‍ക്കാഴ്ച.ഉപയോഗിച്ച വരികള്‍ മനോഹരം

  ReplyDelete
 2. മറവിയില്‍ ആണ്ടുപോയതിനെ
  കൊത്തിപ്പറക്കുമ്പോള്‍
  എന്റെ ചോരയില്‍ പൂക്കള്‍ വിരിഞ്ഞതോ
  പൂക്കളില്‍ തേന്‍ കിനിഞ്ഞതോ
  കാക്ക കാണാതെ പോകുന്നു.

  ഒരു വേള
  ഞാനും ഉപേക്ഷിക്കപ്പെടുമ്പോള്‍
  അവനെന്റെ മേല്‍ പറന്നിരിക്കാതിരിക്കില്ല
  എന്നെ അനുതാപത്തോടെ
  ഉമ്മവെക്കാതിരിക്കില്ല.
  മനോഹരം

  ReplyDelete
 3. കാക്ക എന്നും ആത്മാവിന്റെ പ്രതീകമാണ്. മുന്‍പ് ഞാനൊരു കഥ പോസ്റ്റ് ചെയ്തിരുന്നു. ജീവിതത്തിന്റെ ബാന്‍‌ഡ് വിഡ്തില്‍ ഒരു കാക്ക എന്ന പേരില്‍..

  കവിത നന്നായി ഭാനു.. ഭാനുവിന്റെ പതിവ് രീതികളില്‍ നിന്നും വ്യത്യസ്തം.

  ReplyDelete
 4. കാക്ക ആത്മാവുകളുടെ സാന്നിധ്യം തന്നെയാണോ..?
  ഒരിക്കൽ മാധവിക്കുട്ടിയുടെ അനുജത്തി സുലോചന നാലാപ്പാട്ട് എഴുതിയിരുന്നു, കാക്കയെ കാണാനേ ഇല്ലാത്ത മൂന്നാറിൽ വച്ച് അഛന്റെ ശ്രാദ്ധം നടത്തിയപ്പോൾ എങ്ങു നിന്നോ ഒരു കാക്ക പറന്നു വന്നുവെന്നുംഅപ്പോൾ ബാലാമണിയമ്മ 'ഇതാണോ സുലൂന്റെ അഛൻ..?' എന്നു ചോദിച്ചുവെന്നും...
  നല്ല കവിതയാണ് ഭാനു.

  ReplyDelete
 5. ശേഷിച്ചതിനേയും, ഉപേക്ഷിച്ചതിനേയും സ്വീകരിക്കാന്‍ ഈ ഭൂമിയില്‍ കാക്കയെങ്കിലും ഉണ്ടല്ലോ എന്നത് ആശ്വാസമാണ്‌. എനിക്ക് ഇഷ്ടമുള്ള ഒരു പക്ഷിയാണ്‌ കാക്ക. പലയിടത്തും ആളുകള്‍ കാക്കയെ മരണത്തിന്റെ പ്രതീകമായിട്ടാണ്‌ എഴുതാറ്. പക്ഷേ ഈ കവിതയില്‍ കാക്ക നന്മയുടെ, സ്നേഹത്തിന്റെ പ്രതീകമാണ്‌. കവിത വളരെ ഇഷ്ടമായി.

  അല്ലയോ കവി, ഒരു സംശയം ചോദിക്കട്ടെ? ഇതിനു മുന്‍പും ഈ ബ്ലോഗില്‍ കാക്കയെ കുറിച്ചൊരു കവിത വായിച്ചിരുന്നു. പ്രൈഫലില്‍ കൊടുത്തിരിക്കുന്ന ചിത്രവും കാക്കകളുടേതാണ്‌. കാക്കകളൊട് വല്ലാത്ത പ്രിയമുണ്ടല്ലേ?

  ReplyDelete
 6. @ ചാന്ദ്നി. :) അതേ, കാക്ക എന്റെ ഇഷ്ടപെട്ട പക്ഷിയാണ്.
  നല്ല വായനക്ക് എന്റെ കൂട്ടുകാര്‍ക്ക് നന്ദി.

  ReplyDelete
 7. അതെ മുന്‍പൊരിക്കലും വായിച്ചിരുന്നു കാക്ക കവിത. ഇതും നന്നായി.

  ReplyDelete
 8. നല്ല കവിത. ഇഷ്ടമായി കാക്കയോടുള്ള ഇഷ്ടവും.

  ReplyDelete
 9. ഭാനു മാഷേ, പതിവ് പോലെ വളരെ നല്ല ഒരു കാക്കക്കവിത..എനിക്കിഷ്ട്ടായി..ആശംസകള്‍..

  ReplyDelete
 10. മനോഹരം എന്ന് കുറിക്കട്ടെ.അഭിനന്ദനങ്ങള്‍!

  ReplyDelete
 11. വരികൾ ഇഷ്ടമായി, ഭാനു.

  ReplyDelete
 12. കാക്കയ്ക്ക് ജാതിഭേദമില്ല, നല്ലവനെന്നോ കേട്ടവനെന്നോ ഇല്ല..എല്ലാവരുടെ ആത്മാക്കള്‍ ആയും..കാക്ക വരും ഒരു പിടി ബലി ചോറ് തിന്നാന്‍...കാക്കകറിയില്ലല്ലോ....തന്നെ കൈകൊട്ടിവിളിക്കുന്നത് ഒരു ജന്മത്തിന്റെ പാപഭാരം തീര്‍ക്കാന്‍ ആണെന്ന്....പാവം കാക്കയെ കുറിചോര്‍ക്കുന്ന കവിത നന്നായിരിക്കുന്നു....

  ReplyDelete
 13. കാക്ക നഷ്ടപ്പെടലിന്റെ നഷ്ടബോധത്തിന്റെ പ്രതീകം അല്ലെ?

  ReplyDelete
 14. കാക്കയും ഓർമ്മയും തമ്മിൽ നാം ബന്ധിപ്പിക്കുന്നതിനെ നന്നായി ഉപയോഗിച്ച ഈ കാക്കക്കവിത ഇഷ്ടമായി. ‘ചീത്തകൾ കൊത്തിവലിയ്ക്കുകിലും ഏറ്റവും വൃത്തി, വെടിപ്പെഴുന്നോൾ’ കവിക്ക് ഇഷ്ട പക്ഷിയായിരിക്കുന്നത് സ്നേഹത്തോടെ കാണുന്നു.

  ReplyDelete
 15. മനുഷ്യ കുലത്തിന്റെ ആദ്യത്തെ ഗുരു 'കാക്ക'യാണ്.

  ReplyDelete
 16. പ്രതീകാത്മകമായ കാക്ക നന്നായിരിക്കുന്നു...നോവുന്നൊരാത്മാവിന്റെ പ്രതിഫലനം..

  ReplyDelete
 17. യുക്തിക്ക് മുകളില്‍ ചുറ്റിപ്പിടിച്ചിരിക്കുന്ന കാല്പനികത.നല്ല വരികള്‍.ഭാവുകങ്ങള്‍ !

  ReplyDelete
 18. ഇഷ്ടായി.. ഉള്‍കാഴ്ചയുടെ വരികള്‍..

  ReplyDelete
 19. കുയിലിനെപ്പോലെ പാടണം എന്ന് ആശിക്കുമ്പോഴും കാക്ക തന്നെ കവിയുടെ പക്ഷി, കവിതയുടെ പക്ഷി.

  ReplyDelete
 20. ഒരു വേള
  ഞാനും ഉപേക്ഷിക്കപ്പെടുമ്പോള്‍
  അവനെന്റെ മേല്‍ പറന്നിരിക്കാതിരിക്കില്ല

  എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വരികള്‍ . ......

  ReplyDelete
 21. കാക്ക സ്നേഹത്തിന്റെ മൂര്‍ത്തി ഭാവം ആണ് .....

  കാക്ക തന്ന്റെ കുഞ്ഞിനെ സ്നേഹിക്കുന്നത് പോലെ വേറെ ആരും തന്റെ സ്നേഹിക്കില്ല എന്ന് തോനുന്നു

  ഭാനു കാക്ക കവിത നന്നായി ...
  ഭാനുവിന്റെ വേറെ ഒരു മുഖം

  ReplyDelete
 22. മറവിയില്‍ ആണ്ടുപോയതിനെ
  കൊത്തിപ്പറക്കുമ്പോള്‍
  എന്റെ ചോരയില്‍ പൂക്കള്‍ വിരിഞ്ഞതോ
  പൂക്കളില്‍ തേന്‍ കിനിഞ്ഞതോ
  കാക്ക കാണാതെ പോകുന്നു.

  കാണാതെ പോയാലും കക്കയായതുകൊണ്ട് കണ്ടറിഞ്ഞിട്ടുണ്ടാകണം അല്ലേ ഭായ്

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?