Posts

Showing posts from December, 2011

സ്നേഹം

മുറിവുകള്‍ ഉണക്കുന്ന
തൈലമാണ് സ്നേഹം
തളികയില്‍ ഇരിക്കുമ്പോള്‍
അതിനെ സ്നേഹം എന്നു വിളിക്കയില്ല.
മുറിവില്‍ പുരളുമ്പോള്‍,
നിന്റെ രക്തത്തിലേക്ക് നീറിപ്പടരുമ്പോള്‍,
നിന്റെ ഹൃദയത്തെ ആര്‍ദ്രമാക്കുമ്പോള്‍..,
നിന്നിലത് ലഹരിയായി നിറയുമ്പോള്‍ ...
അപ്പോള്‍ മാത്രം
അത് സ്നേഹമെന്ന് വിളിക്കപ്പെടും.
നീ അതിനെ
ആവേശത്തോടെ വാരിപ്പുണരുമ്പോള്‍
പ്രണയത്തിന്റെ വെള്ളിനക്ഷത്രങ്ങള്‍
നിന്നിലൂടെ കടന്നു പോകും

നിലാവ്‌

ഗ്രാമത്തിലെ ഇരുണ്ട പാതയില്‍
എന്നെകൈപിടിച്ചു നടത്തിയ പൂര്‍ണ്ണചന്ദ്രന്‍
ഇവിടെ ധാരാവിക്കും മലബാര്‍ഹില്ലിനും മുകളില്‍.

നിങ്ങള്‍ക്കെന്‍റെ ചന്ദ്രനെ പകുത്തെടുത്ത്‌
കിടപ്പറയിലോ ലോക്കറിലോ സൂക്ഷിക്കുവാനാവില്ല.

ഭൂമിക്കു മീതെ വളരെപതുക്കെ
വീശിയെറിഞ്ഞ കസവുകമ്പളം ഈ നിലാവ്‌,

പാല്‍നിറമെന്തെന്നറിയാത്ത ഇടയബാലന്‌
പാല്‍ക്കിണ്ണം പോലെയീ പൂനിലാവ്‌,

ചേരിയിലെ അഴുക്കുചാലില്‍
പുലയന്‍റെ ഉണ്ണിക്ക്‌ പൊന്‍കിണ്ണമായി
പുഞ്ചിരിപൊഴിക്കുന്നു പൂര്‍ണ്ണചന്ദ്രന്‍,

തെരുവുകുട്ടികളുടെ മുഷിഞ്ഞ കൈകള്‍ക്ക്‌
പാതെച്ചി കൈകൊടുത്ത്‌
കുശലവും കുസൃതിയും പറഞ്ഞ്‌
നഗര രാത്രിയില്‍ നടക്കുന്ന മുത്തശ്ശന്‍ നിലാവ്‌,

നക്ഷത്രം ചതിച്ച പെണ്‍കുട്ടി
മൃഗകാമനകള്‍ കടിച്ചുപറിച്ച ശരീരവുമായി
തെരുവോരത്ത്‌ പനിച്ചുവിറച്ചു നില്‍ക്കുമ്പോള്‍
ഒരുകിണ്ണം കനവുമായി നിലാവെത്തുന്നു...

ഇരുട്ടില്‍ ചാരന്‍മാരുടെ ഗൂഢാലോചനകള്‍ക്കുമേല്‍
‍അസ്വസ്ഥത പടര്‍തുന്ന കണിശക്കാരന്‍ മേല്‍നിലാവ്‌,

ചതിയില്‍ വധിക്കപ്പെട്ട ധീരന്‍റെ തലയോട്‌ കയ്യിലേന്തി
പൂര്‍ണചന്ദ്രന്‍റെ മന്ദഹാസം...

പ്രണയ പരവശയുടെ മണിയറയില്‍ മാത്രമല്ലീ
നിലാവിന്‍ വെട്ടം.
ലോക്കപ്പില്‍ ഭേദ്യം ചെയ്യപ്പെടുന്നവന്‍റെ
ശിരസ്സില്‍ തേജസ്സായി …

പേടി

നിശ്ശബ്ദതകൊണ്ട് 
ആയിരം നാവുകളെ അരിഞ്ഞു കളഞ്ഞിരിക്കുന്നു
നിസംഗതകൊണ്ട്  നീ എന്നെ ഭയപ്പെടുത്തുന്നു. എന്റെ പേടി  പടര്‍ന്നു പന്തലിച്ചു പുരവിഴുങ്ങുമ്പോഴും നിന്റെ ചുണ്ടില്‍  ചായക്കോപ്പയുടെ പുഞ്ചിരി.
നിന്റെ ദാഹം തീര്‍ക്കാന്‍ പ്രളയത്തില്‍ ഞാന്‍? മൊത്തി കുടിച്ചുകൊണ്ട്  നിന്റെ സംവാദം നീളുമ്പോള്‍ എന്റെ ഉടല്‍ നീറിപ്പിടിക്കുന്നു പനിച്ചു തുള്ളിയ ദേഹങ്ങളുമായി ഞങ്ങളുടെ ദേശം  ഒരിറ്റു കനിവിനായി കേഴുന്നു.

----------------------------------
പുര നിറച്ചു പന്നികളാണ്.
മുക്റയിട്ടും മൂക്കറ്റം തിന്നും തൂറിയും
മലത്തില്‍ തന്നെ ശയിച്ചും.

അടുക്കളയില്‍ വേവാത്തവ

ചോറുവെയ്ക്കുവാന്‍ അരിയെടുത്തപ്പോള്‍
അരിയില്‍ പുരണ്ടുകിടക്കുന്ന പച്ചച്ചോര.
ആരാണ്‌ അരിക്കൊപ്പം
ചുടുചോരയും കയറ്റി അയച്ചത്‌?

കറിവെക്കാന്‍ ഇളവനരിഞ്ഞപ്പോള്‍
ഒരു കുടം കണ്ണുനീര്‍.
കുമ്പളം നട്ടുവളര്‍ത്തുന്നത്‌
കണ്ണീരു നനച്ചാണോ?

കഴുകാന്‍ പരിപ്പെടുത്തപ്പോള്‍
പരിപ്പിന്‌ ഗദ്ഗദം.
ആരെ ഓര്‍ത്താണ്‌
നീ ഇങ്ങനെ വിങ്ങിപ്പൊട്ടുന്നത്‌?

ഏതു പാടത്താണ്‌ വേദനകള്‍ കുഴച്ച്‌
നിങ്ങളെയെല്ലാം നട്ടുവളര്‍ത്തിയത്‌?
ഏതു വിരലുകളെയാണ്‌
കയങ്ങളിലുപേക്ഷിച്ച്‌
നിങ്ങള്‍ യാത്രതിരിച്ചത്‌?

എന്‍റെ കലത്തില്‍ വേവാത്ത
നോവുകളെ കയറ്റി അയച്ച്‌
സ്വയംഹത്യ ചെയ്തവരേ...
എന്‍റെ അടുക്കളയിപ്പോള്‍
‍മരണവീടിനേക്കാള്‍ ശോചനീയം.