അടുക്കളയില്‍ വേവാത്തവ

ചോറുവെയ്ക്കുവാന്‍ അരിയെടുത്തപ്പോള്‍
അരിയില്‍ പുരണ്ടുകിടക്കുന്ന പച്ചച്ചോര.
ആരാണ്‌ അരിക്കൊപ്പം
ചുടുചോരയും കയറ്റി അയച്ചത്‌?

കറിവെക്കാന്‍ ഇളവനരിഞ്ഞപ്പോള്‍
ഒരു കുടം കണ്ണുനീര്‍.
കുമ്പളം നട്ടുവളര്‍ത്തുന്നത്‌
കണ്ണീരു നനച്ചാണോ?

കഴുകാന്‍ പരിപ്പെടുത്തപ്പോള്‍
പരിപ്പിന്‌ ഗദ്ഗദം.
ആരെ ഓര്‍ത്താണ്‌
നീ ഇങ്ങനെ വിങ്ങിപ്പൊട്ടുന്നത്‌?

ഏതു പാടത്താണ്‌ വേദനകള്‍ കുഴച്ച്‌
നിങ്ങളെയെല്ലാം നട്ടുവളര്‍ത്തിയത്‌?
ഏതു വിരലുകളെയാണ്‌
കയങ്ങളിലുപേക്ഷിച്ച്‌
നിങ്ങള്‍ യാത്രതിരിച്ചത്‌?

എന്‍റെ കലത്തില്‍ വേവാത്ത
നോവുകളെ കയറ്റി അയച്ച്‌
സ്വയംഹത്യ ചെയ്തവരേ...
എന്‍റെ അടുക്കളയിപ്പോള്‍
‍മരണവീടിനേക്കാള്‍ ശോചനീയം.

Comments

 1. നല്ല കവിത
  നൊമ്പരത്തിന്റെ അടിവേര് തിരയുക

  ReplyDelete
 2. Dear Bhaanu,

  ഇതൊന്നും കവിതയുടെ ലിസ്റ്റിൽ ഞാൻ
  പെടുത്തില്ല......
  പിണങ്ങേണ്ട.....
  ഞാനെഴുതുന്നതൊന്നും
  കവിതയാണെന്നു
  പറയണമെന്നുമില്ല....
  എങ്കിലും....
  കവിത ഉണ്ടാകുന്ന ഒരു രീതി
  ഇതാ......

  പൂക്കുന്നിതാ മുല്ല
  പൂക്കുന്നിലഞ്ഞി
  പൂക്കുന്നു തേന്മാവ്
  പൂക്കുന്നശോകം......

  വായ്ക്കുന്നു വേലിക്കു
  വർണങ്ങൾ പൂവാൽ
  ചോക്കുന്നു കാ,ടന്തി-
  മേഘങ്ങൾ പോലേ....

  കേവലം നാലു പ്രസ്താവനകൾ
  അടുത്ത നാലു വരിയിൽ
  കവിതയായി പോട്ടി വിടരുന്നതു
  കാണുക...........

  With friendly concept

  ReplyDelete
 3. വിയർപ്പുമണമുള്ള അരി വേവിച്ച്‌, കണ്ണീരിൽ കുഴച്ചു കഴിക്കുന്നവരുമുണ്ട്‌..ഉണ്ടാവും

  ReplyDelete
 4. മുല്ലയും ഇലഞ്ഞിയും തേന്മാവും പൂക്കുമ്പോൾ അതുകാണാനാകാതെ ഈ നിത്യഹരിതയെ വിട്ടുപോകേണ്ടി വന്ന, കടം കൊണ്ട് പണ്ടാരമടങ്ങിയ കർഷകരെ കവി ഓർത്തുമ്പോൾ കവിതയിൽ ചോര പുരളുകയാണ് അശോക്, ക്ഷമിക്കുക. ആരാണ് എഴുതിയത്, ‘ഉണ്ണുമ്പോൾ ഉരുളയിൽ ചോര’ എന്ന്?

  ReplyDelete
 5. ശ്രീനാഥന്റെ കമന്റിനു താഴെ എന്റെ കയ്യൊപ്പ്. കവിയുടെ കാരുണ്യവും സ്നേഹവും നിറഞ്ഞ മനസ്സിനു മുന്‍പില്‍ ഞാന്‍ തലകുനിക്കുന്നു.

  ReplyDelete
 6. കാര്‍ഷികവൃത്തി ഉപജീവനമാക്കിയവന്‍റെ ജീവിതം ഒരു കടങ്കഥയായി മാറുമ്പോള്‍ കണ്ണുള്ളവനിങ്ങനെ കണ്ണീരുകൊണ്ട് കവിതയെഴുതി വായനക്കാരന്റെ മനസ്സലിയിക്കും.

  ReplyDelete
 7. കൃഷി ചെയ്തിയ്ട്ടു രണ്ടറ്റവും കൂട്ടിമുട്ടുക്കാന്‍ പ്രയാസപ്പെടുന്ന കര്‍ഷകന്റെ വേദനയാണ് ഭാനൂ വരച്ചു കാട്ടിയത്...അവന്റെ കണ്ണീരിന്റെ ഉപ്പും ചവര്‍പ്പും ഈ കവിത അനുഭവവേദ്യം ആക്കി...ഇഷ്ടപ്പെട്ടു..ആശംസകള്‍..

  ReplyDelete
 8. വേവാത്ത നൊമ്പരങ്ങളുടെനല്ല കവിതയ്ക്ക് അഭിനന്ദനങ്ങള്‍ !

  ReplyDelete
 9. ഇതും ഒരു ജീവിത ഗാനമായി കണ്ടുകൊണ്ട് അഭിനന്ദനങ്ങള്‍ നേരുന്നു.............

  ReplyDelete
 10. നല്ല മൂര്‍ച്ചയുള്ള ആശയം ആശംസകള്‍

  ReplyDelete
 11. നൊമ്പരങ്ങള്‍ അറിഞ്ഞു ഒരു കവിത അടുക്കളയില്‍ നിന്നും ...
  കൃഷി നാശം സംഭവിച്ച പാവം കൃഷിക്കാരുടെ കണ്ണുനീരും ചോരയും ..ആണത് ..
  ആശംസകള്‍ ..ഭാനു മാഷെ ..

  ReplyDelete
 12. തിന്നുന്നവര്‍ കാണാത്ത നൊമ്പരങ്ങള്‍.

  ReplyDelete
 13. ഭാനുവിന്‍റ എല്ലാ കവിതകളേയും പോലെ ഇതും മനോഹരം. നല്ല തലക്കെട്ടും

  ReplyDelete
 14. അടുക്കളയിൽ ഒന്നും വേവുകയില്ല.....ഒന്നും വേവിയ്ക്കാനില്ലാഞ്ഞിട്ട്...എന്നിട്ടും വേവാൻ ബാക്കിയായി അമ്മയേം മക്കളേം നിറുത്തീട്ട് അച്ഛൻ പോകുമ്പോൾ....

  നമുക്ക് വിജയ് മല്യയുടെ കടഭാരം കുറയ്ക്കേണ്ടേ? അരിയും പരിപ്പും കുമ്പളവും ഉണ്ടാക്കുന്നവനെ വടിയെടുത്തടിച്ച് പുറത്താക്കുകയും.... പിന്നെ ചോരയും കണ്ണീരും പുരളാത്ത അരിയും പരിപ്പും കുമ്പളവും എവിടന്നു കിട്ടും?

  ReplyDelete
 15. കര്‍ഷകന്‍ സ്വന്തം അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുന്ന വിളകള്‍ മറിച്ചു വിറ്റ ഇടനിലക്കാര്‍ വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കി.. കര്‍ഷകന്‍ എല്ലായിടത്തും നിരന്തരം വഞ്ചിക്കപ്പെട്ടു.

  ഇപ്പോളിതാ അവസാനമായി 'ആസിയാന്‍ കരാറും' ചെറുകിട വ്യാപാര മേഖലകളിലേക്കുള്ള ഭീമന്‍ കുത്തകകളുടെ കടന്നു കയറ്റവും..... ഒരു വലിയ ദുരന്തത്തെ രാജ്യത്തെ ദരിദ്ര നാരായണന്മാര്‍ക്ക് മേല്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. ഏകദേശം നാനൂറില്പരം കാര്‍ഷിക വിളകള്‍ ഇന്ത്യയിലെ വിപണിയിലേക്ക് യഥേഷ്ടം ഇറക്കുമതി ചെയ്യുവാനുള്ള അനുവാദം പുറം രാജ്യങ്ങള്‍ക്ക് [ആസിയാന്‍} നല്‍കപ്പെട്ടിരിക്കുന്നു. അതും, ഒരു നയാ പൈസയുടെ ഇറക്കുമതി തീരുവയില്ലാതെ..!!! അതുകൊണ്ടുള്ള ഗുണമെന്ത്..? മൂഷിക സ്ത്രീ വീണ്ടും വീണ്ടും മൂഷിക സ്ത്രീ തന്നെയാകുന്നു. രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങളും കൊടും ദുരിതത്തിലാകുമ്പോഴും അവര്‍ക്കാശ്വാസമാകുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ രാജ്യത്തെ ഭരണാധികാരികള്‍ക്ക് 'സാങ്കേതിക പ്രശ്നങ്ങള്‍' തടസ്സമാകുന്നു പോലും.!

  ReplyDelete
 16. "ഈയടുത്ത ദിവസം അരി കഴുകുമ്പോള്‍ മുഴുവന്‍ നരച്ച ഒരു നീളന്‍ മുടി കയ്യില്‍ ചുറ്റി. അതെന്തൊക്കെയോ എന്നോടു പറഞ്ഞു.. കൂടുതല്‍ കാതോര്‍ത്തു കവിതയാക്കാന്‍ പറ്റാത്ത സമയമായിരുന്നു.
  എന്തായാലും ഇപ്പോള്‍ കൂടുതല്‍ തെളിമയോടെ ഭാനു വളരെ നന്നായി വരച്ച ചിത്രം കണ്ടപ്പോള്‍ 'നന്ദി' എന്നു പറയാനാണു തോന്നുന്നത്. ഹൃദയം നിറഞ്ഞു.
  സന്തോഷം, പ്രിയ സുഹൃത്തേ."

  ReplyDelete
 17. മൂടില്ലാത്ത കലത്തില്‍, കത്തിച്ചവനെ കരിയാക്കുന്ന തീയില്‍ കിടന്ന് തിള്യ്ക്കുന്ന ഒരിക്കലും വേവാത്ത അരി... കര്‍ഷകന്‍റെ വ്യഥ നന്നായി പറഞ്ഞു..മൂര്‍ച്ചയേറെകൂടിയ ആശയം.

  ReplyDelete
 18. ഭാനു കവിത വായിച്ചു ...നന്നായി തന്നെ പറഞ്ഞു .....പക്ഷെ അടുകളയില്‍വേവാതെ പോയ വിംബങ്ങള്‍ ചേര്‍ത്ത് വെച്ച് ഇതിലും നന്നായി തന്നെ ഭാനുവിന് എഴുതാന്‍ സാധിക്കും എന്നാണു എന്റെ വിശ്വാസം ...
  ഏതു പാടത്താണ്‌ വേദനകള്‍ കുഴച്ച്‌
  നിങ്ങളെയെല്ലാം നട്ടുവളര്‍ത്തിയത്‌?
  ഏതു വിരലുകളെയാണ്‌
  കയങ്ങളിലുപേക്ഷിച്ച്‌
  നിങ്ങള്‍ യാത്രതിരിച്ചത്‌?
  ഈ വരികള്‍ മാറ്റി നിര്‍ത്തിയാല്‍ ബാക്കി ഉള്ളത് ഒക്കെ വളരെ നേരെ ആയി പോയി ...

  ReplyDelete
 19. "ഭാനുവിന്റെ കവിത" ലക്ഷ്യം കണ്ടു.
  ആശംസകള്‍

  ReplyDelete
 20. @നാമൂസ് said...
  മുതലാളിത്ത ആശയവാദികള്‍ അമേരിക്കന്‍ മോഡലിനെ വാഴ്ത്താറുണ്ട്. പക്ഷേ അമേരിക്കയില്‍ എന്തു സംഭവിക്കുന്നു എന്നു ഈ കഴുതകള്‍ക്ക് അറിയില്ല. അവിടെ ഒരൊറ്റ പൌരനും നികുതി അടക്കാതെ ഇരിക്കുകയില്ല. രാഷ്ട്രം എന്ന ബോധമുണ്ട് അവര്‍ക്ക്. കാര്‍ഷിക സമ്പദ് ഘടന സോണുകളായി തിരിച്ചിരിക്കുകയാണ്. കൃഷി ചെയ്യാതെ തരിശു ഇടുന്നതിനുപോലും അവിടെ പണം കൊടുക്കുന്നുണ്ട്. ജോലി നഷ്ടപെട്ടവര്‍ക്ക് സഹായധനം കൊടുക്കുന്നുണ്ട്. പൌരന്റെ ജീവന് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു അവര്‍. നമ്മളോ? പാവപ്പെട്ട ദരിദ്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ വന്കുത്തകകളെ രക്ഷിക്കുവാന്‍ തൊഴിലാളികളുടെ വിയര്‍പ്പിന്റെ ഓഹരിപോലും ചര്‍ച്ചകള്‍ ഇല്ലാതെ ചിലവാക്കുന്നു.

  ReplyDelete
 21. "എന്‍റെ കലത്തില്‍ വേവാത്ത
  നോവുകളെ കയറ്റി അയച്ച്‌
  സ്വയംഹത്യ ചെയ്തവരേ...
  എന്‍റെ അടുക്കളയിപ്പോള്‍
  മരണവീടിനേക്കാള്‍ ശോചനീയം." നന്നായി മാഷേ...
  ആ 'നോവുകള്‍' കാണാന്‍ ശ്രമിക്കാത്തവരല്ലേ കൂടുതലും...

  ReplyDelete
 22. സത്യം. പക്ഷെ, ഈ നോവുകൾ കാണാൻ തുടങ്ങിയാൽ പിന്നെ മന സമാധാനമെവിടെ...!!

  ReplyDelete
 23. നാമുണ്ണാൻ നമുക്കുറങ്ങാൻ വിയർപ്പൊഴുക്കുന്നവർ... അവർ ഉണ്ണുന്നോ ഉറങ്ങുന്നോയെന്നാരും അന്വേഷിക്കുന്നില്ല.. കഷ്ടപ്പാടിനൊടുവിൽ മരണത്തെ സ്വയം വരിക്കേണ്ടി വരുന്ന ഹതഭാഗ്യരെ ഓർമ്മപ്പെടുത്തിയത് നന്നായി

  ReplyDelete
 24. കവിത വായിച്ച എന്റെ സ്നേഹിതര്‍ക്ക്‌ സ്നേഹാഭിവാദനങ്ങളോടെ...

  ReplyDelete
 25. വര്‍ത്തമാനകാലത്തിന്റെ പരിച്ഛേദം. കവിത അതിന്റെ ധര്‍മ്മം നിര്‍വഹിച്ചു.

  ReplyDelete
 26. ഏതു പാടത്താണ്‌ വേദനകള്‍ കുഴച്ച്‌
  നിങ്ങളെയെല്ലാം നട്ടുവളര്‍ത്തിയത്‌?
  ഏതു വിരലുകളെയാണ്‌
  കയങ്ങളിലുപേക്ഷിച്ച്‌
  നിങ്ങള്‍ യാത്രതിരിച്ചത്‌?

  കര്‍ഷക ആത്മ ഹത്യകള്‍ നമ്മുടെ നാട്ടില്‍ ഇതാ വീണ്ടും നിത്യ സംഭവമായി തുടങ്ങിയിരിക്കുന്നു.നന്നായി മാഷേ

  ReplyDelete
 27. ശരിയാണ് ഭാനു ,അടുക്കള ഒരര്‍ത്ഥത്തില്‍ മരണവീടാണ് .ഉത്സവകാലതാണ് അത് തോന്നാറുള്ളത്.എങ്കിലും ...പെണ്ണുങ്ങള്‍ അരുമയായി കരുതുന്ന അടുക്കളയെ കവീ ,നീ .....
  പെണ്ണുങ്ങള്‍ നിന്നോട് ഷമിക്കട്ടെ.

  ReplyDelete
 28. ഭാനുവേട്ടാ...വളരെ നല്ല കവിത....ഹൃദയസ്പര്ശിയയിരിക്കുന്നു.............

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?