നിലാവ്‌

ഗ്രാമത്തിലെ ഇരുണ്ട പാതയില്‍
എന്നെകൈപിടിച്ചു നടത്തിയ പൂര്‍ണ്ണചന്ദ്രന്‍
ഇവിടെ ധാരാവിക്കും മലബാര്‍ഹില്ലിനും മുകളില്‍.

നിങ്ങള്‍ക്കെന്‍റെ ചന്ദ്രനെ പകുത്തെടുത്ത്‌
കിടപ്പറയിലോ ലോക്കറിലോ സൂക്ഷിക്കുവാനാവില്ല.

ഭൂമിക്കു മീതെ വളരെപതുക്കെ
വീശിയെറിഞ്ഞ കസവുകമ്പളം ഈ നിലാവ്‌,

പാല്‍നിറമെന്തെന്നറിയാത്ത ഇടയബാലന്‌
പാല്‍ക്കിണ്ണം പോലെയീ പൂനിലാവ്‌,

ചേരിയിലെ അഴുക്കുചാലില്‍
പുലയന്‍റെ ഉണ്ണിക്ക്‌ പൊന്‍കിണ്ണമായി
പുഞ്ചിരിപൊഴിക്കുന്നു പൂര്‍ണ്ണചന്ദ്രന്‍,

തെരുവുകുട്ടികളുടെ മുഷിഞ്ഞ കൈകള്‍ക്ക്‌
പാതെച്ചി കൈകൊടുത്ത്‌
കുശലവും കുസൃതിയും പറഞ്ഞ്‌
നഗര രാത്രിയില്‍ നടക്കുന്ന മുത്തശ്ശന്‍ നിലാവ്‌,

നക്ഷത്രം ചതിച്ച പെണ്‍കുട്ടി
മൃഗകാമനകള്‍ കടിച്ചുപറിച്ച ശരീരവുമായി
തെരുവോരത്ത്‌ പനിച്ചുവിറച്ചു നില്‍ക്കുമ്പോള്‍
ഒരുകിണ്ണം കനവുമായി നിലാവെത്തുന്നു...

ഇരുട്ടില്‍ ചാരന്‍മാരുടെ ഗൂഢാലോചനകള്‍ക്കുമേല്‍
‍അസ്വസ്ഥത പടര്‍തുന്ന കണിശക്കാരന്‍ മേല്‍നിലാവ്‌,

ചതിയില്‍ വധിക്കപ്പെട്ട ധീരന്‍റെ തലയോട്‌ കയ്യിലേന്തി
പൂര്‍ണചന്ദ്രന്‍റെ മന്ദഹാസം...

പ്രണയ പരവശയുടെ മണിയറയില്‍ മാത്രമല്ലീ
നിലാവിന്‍ വെട്ടം.
ലോക്കപ്പില്‍ ഭേദ്യം ചെയ്യപ്പെടുന്നവന്‍റെ
ശിരസ്സില്‍ തേജസ്സായി കണ്‍നിലാവ്‌,

കാരാഗൃഹത്തില്‍ കണ്ണ്‌ ചൂഴ്ന്നെടുക്കപ്പെട്ടവന്‌
ജീവതൈലമായി നിലാവുപരക്കുന്നു...

അവന്‍റെ അമരത്വത്തെ പ്രകീര്‍ത്തിച്ച്‌
നാളെ കൂടുതല്‍ തിളക്കവുമായി ഉദിച്ചുപൊന്താന്‍
മേഘശകലങ്ങളില്‍ മുഖം മറച്ച്‌
നിലാവ്‌ പൊലിഞ്ഞു പോകുന്നു...

Comments

 1. ഈ നിലാവങ്ങനെ പരന്നൊഴുകിടട്ടെ.....

  ReplyDelete
 2. നന്നായിട്ടുണ്ട് മാഷെ ...

  ReplyDelete
 3. എല്ലാം കാണുന്ന നിലാവ്.

  ReplyDelete
 4. നക്ഷത്രങ്ങള്‍ ഹാജര്‍ വെക്കുമ്പോള്‍ ചന്ദ്രന്‍ മാഷ്‌ ചുമ്മാ ചുറ്റി കറങ്ങുകയാ...
  കുട്ടികളുടെ മേലുടുപ്പ് പൊങ്ങുന്നതും കാത്ത് ഏഭ്യന്‍ പ്യൂണും..!

  ReplyDelete
 5. എന്തൊരു ചേതോഹരമായ ആകാശക്കാഴ്ച്ച..വാക്കില്‍ ,വരിയില്‍ അതിത്ര ഹൃദ്യമാകുന്നത് അതിലൊളിഞ്ഞിരിക്കുന്ന അലിവിന്റെ പൊരുള്‍ക്കൊണ്ട് തന്നെയാവണം..
  കാണാന്‍ കഴിയുന്നുണ്ട്,
  ....ചതിയില്‍ വധിക്കപ്പെട്ട ധീരന്‍റെ തലയോട്‌ കയ്യിലേന്തി
  പൂര്‍ണചന്ദ്രന്‍റെ മന്ദഹാസം...

  ReplyDelete
 6. നിലാവ് പൊഴിഞ്ഞു പോകാതിരിക്കട്ടെ....

  ReplyDelete
 7. നിലാവിന്റെ ശക്തിയുള്ള പെയ്ത്തു കണ്ട് വളരെ സന്തോഷം. എത്ര തരം കരുതലുകള്‍..

  ReplyDelete
 8. നിലാവിനെ എത്രയോ സങ്കല്‍പ്പങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്നു.
  നല്ല ബിംബങ്ങള്‍.

  ReplyDelete
 9. ഭാനുവിനെപ്പോലെ ഏറെപ്പേരെ നാട്ടിടവഴികളിൽ നഗരവീഥികളിൽ കൈപിടിച്ചു നടത്തിയ ചന്ദ്രൻ... നിലാവ് വീണ ഇടങ്ങളൊക്കെ ചേതോഹരമായി കവിതയിൽ ആവിഷ്ക്കരിക്കപ്പെട്ടു. ലവ് ലി. അതെ, അമാവാസിയല്ല, ഇടയ്ക്കൊന്നു മറഞ്ഞതാണ് അത്. ലാറ്റിൻ അമേരിക്കൻ, ആഫ്രിക്കൻ ചക്രവാളങ്ങളിലൊക്കെ ചന്ദ്രിക പരക്കുന്നുണ്ട്!

  ReplyDelete
 10. ഹാ! എത്ര നല്ല കവിത. നിലാവിന്റെ വ്യത്യസ്ഥമായ മുഖങ്ങള്‍ കവിതയിലൂടെ ഭംഗിയായി വരച്ചു കാണിച്ചിരിക്കുന്നു. വേദനിക്കുന്നവര്‍ക്കുവേണ്ടിയുള്ള നിലാവ്‌. വേദനിക്കുന്നു.

  ReplyDelete
 11. ഭാനുവേട്ടാ..ജീവിതഗാനത്തിന്റെ പുതിയ ഹെഡര്‍ നന്നായിട്ടുണ്ട് കെട്ടോ.

  ReplyDelete
 12. നല്ല നറു നിലാവ്!!

  ReplyDelete
 13. ഈ നിലാവ് എന്നും കൊള്ളുന്നു...
  നല്ല വരികൾ ഭാനു.

  ReplyDelete
 14. നിലാവു പരന്നൊഴുകട്ടെ, സകല ജീവജാലങ്ങള്‍ക്കും മേല്‍

  ReplyDelete
 15. കവിത കൊള്ളാം പക്ഷെ വളരെ ആഴയത്തില്‍ പരന്നൊഴുക്കാന്‍ മാത്രം തീക്ഷ്ണത വരികളില്‍ കാണുന്നില്ല

  ReplyDelete
 16. വ്യത്യസ്താന്തരീക്ഷങ്ങളിലെ നിലാവിന്റെ സാന്നിധ്യം പറഞ്ഞ് ആഴമുള്ള ചിന്തകളിലേക്ക് അനുവാചകനെ കൂട്ടിക്കൊണ്ടു പോയി...ആശംസകൾ

  ReplyDelete
 17. നിലാവിന് പലപ്പോഴും പല ഭാവങ്ങളാ നല്ല വരികള്‍

  ReplyDelete
 18. ധാരാവിക്ക് മുകളിലും നിലാവെത്തിയല്ലോ..ആശ്വസിക്കാം.

  ReplyDelete
 19. നല്ല കാല്‍പ്നിക ചിന്തകള്‍. ഇത്തിരി കൂടി ഒന്ന് ചെത്തിമിനുക്കാമായിരുന്നു, എന്ന് തോന്നല്‍.

  ReplyDelete
 20. വിഷമവൃത്തങ്ങളിലെ ഇരുട്ടിനുമീതെ പരക്കുന്ന നിലാവ്!!!
  ഇരുട്ടിന്റെ ആത്മാവാണോ നിലാവ്???
  ഇഷ്ടപെട്ടു....

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?