Posts

Showing posts from 2012

ആകാശമേ...

പാല്‍ മുലകള്‍ വറ്റിപ്പോയ  ആകാശമേ  നീ നിസംഗയാകുമ്പോള്‍  ഞാനിങ്ങനെ  മരുഭൂമിയാവുകയല്ലാതെ മറ്റെന്ത് ? എന്നിലേക്ക്‌ ചൊരിയാന്‍  നിന്നില്‍ കണ്ണീര്‍ക്കണം പോലുമില്ലെന്നാല്‍  മൃതിയാവുക തന്നെ. ആകാശമേ  എന്നാണ് നീ നിന്റെ  കാരുണ്യമില്ലാത്ത തുറുകണ്ണുകള്‍ അടക്കുക, എന്നാണ് നീ ഒന്ന് വിയര്‍ത്ത് തണുക്കുക,  നിന്നില്‍ നിന്നും എന്നിലേക്ക്‌  നിന്റെ സ്വേദങ്ങള്‍ ഒഴുക്കുക? എന്റെ മണല്‍ തിരകളില്‍  ഒളിച്ച ഉദ്യാനങ്ങളെ  മുത്തം വെച്ച്  നീ എന്നാണ് ഉണര്‍ത്തുക.

ഗ്രാമത്തെ നഗരങ്ങളിലേ​ക്ക് പരിഭാഷപ്പെ​ടുത്തുമ്പോ​ള്‍

പുലരുന്നതിനു മുന്‍പ്
അമ്മയുണരുന്നു. ഇരുട്ടില്‍ വിളക്ക് കത്തിച്ചു വെക്കുന്നു. വിളക്കില്‍ നിന്നും അടുപ്പിലേക്കൊരു ദീപം കൊരുക്കുന്നു ഞങ്ങള്‍ക്കായി ഒരു ദിനം വേവിച്ചെടുക്കുന്നു. പുലരുന്നതിനു മുന്‍പ് അച്ഛനുണരുന്നു. പുഴയെ വയലിലേക്ക് വെട്ടിയൊഴുക്കുന്നു. ഞങ്ങള്‍ ഉണരുമ്പോള്‍ പാടം വിളഞ്ഞു നില്‍ക്കുന്നു. ഗ്രാമമുപേക്ഷിച്ചു ഞങ്ങള്‍ നഗരത്തില്‍ ചെന്ന് രാപാര്‍ക്കുന്നു. അവിടെ ഇരുളുകയോ വെളുക്കുകയോ ചെയ്യുന്നില്ല. ഉണരുകയോ ഉറങ്ങുകയോ ചെയ്യുന്നില്ല. പുഴ പൈപ്പില്‍ നിന്നും ചോരയായി ഇറ്റുന്നുണ്ട്. വെന്തു ചീഞ്ഞ ഓര്‍മ്മകള്‍ അടക്കം ചെയ്യാന്‍ വയ്യാത്തതിന്റെ അവസാനിക്കാത്ത ചര്‍ച്ചകളാണ് എങ്ങും.

നീ അരികിലുള്ളപ്പോള്‍...

നീ അരികിലുള്ളപ്പോള്‍
ഞാന്‍ സ്വപ്‌നങ്ങള്‍ ഒന്നും കാണുകയില്ല.
എന്റെ എല്ലാ സ്വപ്നങ്ങളും
നീ ആയിരുന്നു.
സ്വപ്നത്തെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നവന്‍,
സ്വപ്നത്തെ തന്റെ ചുണ്ടുകള്‍കൊണ്ട്‌
ഉമ്മവെക്കുന്നവന്‍
ഉറക്കത്തിനിടയില്‍,
സ്പര്‍ശവും ഗന്ധവും സ്വരവുമില്ലാത്ത
പാഴ് കിനാവുകള്‍ എന്തിനു കാണണം.

നീ അരികിലുള്ളപ്പോള്‍
ഞാന്‍ ജീവിതത്തെ ഭയക്കുകയില്ല.
നിന്റെ കരവലയങ്ങളില്‍ എന്റെ ജീവിതം
ശാശ്വതമായിരിക്കുന്നു.

നീ അരികിലുള്ളപ്പോള്‍
ഞാന്‍ കവിതകള്‍ എഴുതുകയില്ല.
അപൂര്‍ണ്ണനായ ഒരു മനുഷ്യന്റെ
ഗതികെട്ട ജല്പനങ്ങള്‍ ആയിരുന്നു
എന്റെ കവിതകള്‍.
നിത്യ ശാന്തിയുടെ
കൊടുമുടിയില്‍ ഇരിക്കുന്നവന്
പൂജാപുഷ്പ്പങ്ങളും മന്ത്രങ്ങളും എന്തിന്?

കൊടുങ്കാറ്റ് ഉണ്ടായത് എങ്ങനെ ?

ഒരില  മറ്റൊരിലയോട്മറ്റൊരില  അടുത്തൊരിലയോട്  അടുത്തൊരില  വേറൊരിലയോട്  വേറൊരില പിന്നൊരിലയോട്  പിന്നൊരില  ശേഷമൊരിലയോട്  ശേഷമൊരില ഒരുപച്ചയിലയോട്  പച്ചയില  മഞ്ഞയിലയോട്  മഞ്ഞയില  ഒരു കുഞ്ഞിലയോട്  കുഞ്ഞില തളിരിലയോട്  ചോദ്യങ്ങള്‍  ചോദിച്ചു  ചോദിച്ച്  മരമൊന്നാകെ  ആടിയുലഞ്ഞ്   അ മരം  ഇ മരത്തോട്  ഇ മരം  ഉ മരത്തോട്  ഉ മരം  എ മരത്തോട്  എ മരം  ഒ മരത്തോട്  ചോദ്യങ്ങള്‍  ചോദിച്ചു  ചോദിച്ച്  മരങ്ങളാകെ  ആടിയുലഞ്ഞ്  ചെറു കാറ്റായി  ചെറുകാറ്റുകള്‍ കൈകോര്‍ത്തൊരു  കൊടുങ്കാറ്റുണ്ടായി.

മുലകള്‍ക്ക് ചരിത്രത്തിലുള്ള പങ്ക്

Image
പ്രണയാഭ്യര്‍ത്ഥന നടത്തിയവളുടെ
മൂക്കും മുലയും മുറിച്ച്
ആര്യവംശത്തിന്റെ ഭ്രാതൃസ്നേഹം
വിളംബരം ചെയ്തിട്ടുണ്ട്.

മുല പറിച്ചെറിഞ്ഞു നഗരമെരിയിച്ചിട്ടുണ്ട്,
എന്നെ കൊന്നുകൊള്ളുവിന്‍
എന്‍ മുല 
കുഞ്ഞുങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നു
കേണപേക്ഷിച്ചിട്ടുണ്ടൊരുവള്‍.
മുലക്കരം ചോദിച്ചതിന്
മുലയരിഞ്ഞു കൊടുത്തിട്ടുമുണ്ടൊരുവള്‍.
മാറ് മറക്കുവാന്‍ പോരടിച്ചിട്ടുണ്ട്.

അമ്മതന്‍ മുലപ്പാല്‍  കുടിച്ച ധീരരുണ്ടായിട്ടുണ്ട്,
അമ്മക്കായി ജീവന്‍ ബലിയായിട്ടുണ്ട്.

ഫ്രഞ്ച് വിപ്ളവസ്വാതന്ത്ര്യത്തിന്‍ അമ്മ
നിറമാറ്‌ രണധീരര്‍ക്കായി തുറന്നുകൊടുത്ത്‌
പുതിയ ലോകത്തിന്റെ  പതാക പറത്തിയിട്ടുണ്ട്.

എന്നിട്ടും മുലയെന്നു
പറയുമ്പോള്‍
തെറിയെന്നു ആക്രോശിക്കുന്നുണ്ട്
സദാചാര തമ്പുരാക്കന്മാര്‍.

പൂജ്യന്‍

കണക്കില്‍ ഞാന്‍ മിടുക്കനായിരുന്നു.
അതുകൊണ്ട്
 കണക്കുകള്‍ ഞാന്‍ കൂട്ടിനോക്കിയില്ല.
എത്ര കൂട്ടിയാലും
 കണക്ക് പിഴക്കുന്ന കൂട്ടുകാരെ
 ഞാന്‍ കൌതുകത്തോടെ നോക്കി.
കണക്കു കൂട്ടി
അവര്‍ വിയര്ത്തുകൊണ്ടിരുന്നപ്പോള്‍
ഞാന്‍ മൈദാനത്ത് ഗോട്ടി കളിച്ചുകൊണ്ടിരുന്നു.
ഗോട്ടികളിയിലും ഞാന്‍ ഒന്നാമനായിരുന്നു.
കളിച്ചു കിട്ടിയ ഗോട്ടികള്‍
എണ്ണി നോക്കിയില്ല.
കണക്ക് പിഴച്ച കൂട്ടുകാര്‍
പടവുകള്‍


റി
മണിമാളികകളിലെ ശീതീകരിച്ച മുറികളില്‍
ഇരുന്നു വിയര്‍ത്തു.
അവര്‍ മാളികകളുടെ ചില്ലുവാതിലുകളിലൂടെ
ഭയപ്പാടോടെ
താഴെയുള്ള എന്നെ നോക്കി.
അപ്പോഴും
എന്റെ കണക്കു പുസ്തകത്തില്‍
കൂട്ടുകയും
കിഴിക്കുകയും
ഹരിക്കുകയും 
ചെയ്യാതെ
കണക്കുകള്‍ അനാഥരായി കിടന്നു.
കണക്കില്‍ ഞാന്‍ മിടുക്കനായിരുന്നു.


പതാകയുടെ ദുഃഖം

Image
ബാല്‍ഠാക്കറെ മരിച്ച്
അവന്റെ ശവമടക്ക് കഴിഞ്ഞപ്പോള്‍
പതാക ദുഖിതയായി.
കഴുകിയാലും
കഴുകിയാലും
തീരാത്ത പാപക്കറയില്‍
മനം നൊന്ത് പതാക
കുന്തിച്ചിരുന്നു.
അവനേയും പുതപ്പിക്കാന്‍
"ഞാന്‍"
പതാക സ്വയം ശപിച്ചു.

അപരം

ഒരാള്‍
മറ്റൊരാളെ കാണുമ്പോള്‍
ഗോപുര വാതിലില്‍നിന്നു പോകരുത്
വാതില്‍ തുറന്ന് അകത്തു കയറണം
ഓരോ മുറിയും തുറന്നു നോക്കണം
ഓരോ ഇട നാഴികളിലൂടെയും നടന്നു പോകണം
പിരിയന്‍ ഗോവണികളിലൂടെ കയറിപ്പോകണം
പൊടി പിടിച്ചതും അടിച്ചു വാരിയതുമായ
മുറികള്‍ ഉണ്ടാകും
അതിപുരാതനമായ പലതും നിങ്ങള്‍ കാണും
പവിഴങ്ങളുടെ ശേഖരമുണ്ടാകും
മലിന ജലവും ദുര്‍ഗന്ധവും ഉണ്ടാകും
കൊതിപ്പിക്കുന്ന തീന്‍ മേശയുണ്ടാകും
ഓരോ മനുഷ്യനും
ഓരോ ഗോപുരങ്ങളാണ്
കയറി കയറിപ്പോകുമ്പോള്‍
തിരിച്ചു നടക്കാന്‍ കഴിയാതെ
നിങ്ങള്‍ മുന്‍പോട്ടു മാത്രം പോയ്ക്കൊണ്ടിരിക്കും
അപ്പോള്‍ നിങ്ങളുടെ വാതില്‍ തുറന്ന്
ആരോ
നിങ്ങളിലേക്ക്
നടന്നു വരുന്നുണ്ടാകും.
ഞാന്‍ നിനക്ക് തന്ന ഒരു വാക്ക്

പെരുമഴ ധാര ധാരയായി
പെയ്തിറങ്ങുന്ന
മഴയ്ക്കു ചുവട്ടില്‍
നഗ്നമായി കിടന്നുകൊണ്ടായിരിക്കും
എന്റെ മരണം.

മണ്ണും ജലവും
ഇണ ചേരുന്ന ആ ധന്യതയില്‍
എന്റെ രക്തവും മാംസവും അസ്ഥിയും
ആലിപ്പഴങ്ങള്‍ അലിയുംപോലെ
അലിഞ്ഞുപോകും.

എങ്കിലും
ഞാന്‍ നിനക്ക് തന്ന ഒരു വാക്ക്
മഴയില്‍ കുതിരാതെ
കാത്തു നില്‍ക്കും.

എത്ര മഴക്കാലം വന്നുപോയാലും
എത്ര വേനല്‍ കത്തി തീര്‍ന്നാലും
എന്റെ വാക്ക്
നിന്നെയും കാത്ത്
കനല്‍ക്കട്ടയായി കിടക്കും.

മരുന്നും മുറിവും.

ഞാന്‍
നിങ്ങള്‍ക്കെല്ലാം വേദന തരുന്നു.
ഇപ്പോള്‍ വേദനയാണ് ഞാന്‍ -
അല്ലെങ്കില്‍ ആഴത്തില്‍ പറ്റിപ്പോയ
ഒരു മുറിവ്.
തോരാത്ത മഴയില്‍
ചോര്‍ന്നൊലിക്കുന്ന ചോര.
കാരണം
ഞാനെന്നെ എന്നില്‍ കണ്ടെത്തിയിരിക്കുന്നു

ഇന്നലെ വരെ
ഞാന്‍
മുറിവില്‍ പുരളുന്ന
മരുന്നായിരുന്നു.
അരകല്ലില്‍
അരഞ്ഞ്
അരഞ്ഞ്
ദ്രവരൂപമായ ലേപനം.

ദൈവം അവനെ അനുസരിച്ചു

ദൈവത്തിന്റെ തലയ്ക്കു കിഴുക്കി
ഭ്രാന്തന്‍ ചിരിക്കുന്നു.
ഭ്രാന്തന്‍ മണ്ണുരുളകൊണ്ട് ഭൂമിയെ സൃഷ്ടിക്കുന്നു.
ദൈവത്തിന്റെ കാതില്‍ പിടിക്കുന്നു.
അവന്‍ ആജ്ഞാപിക്കുന്നു.
സകലതിന്റെയും സ്രഷ്ട്ടാവേ
നീ എന്നെ അനുസരിക്കുക.
ഇക്കാലമത്രയും
നീ പാപികളെ സൃഷ്ട്ടിച്ചു.
നീ അവരോട് നിന്നെ ആരാധിക്കാന്‍
ആജ്ഞാപിച്ചു.
അവര്‍ നിന്റെ പേരില്‍ പരസ്പരം കൊന്നു.
ഇനി നീ വിശുദ്ധരെ സൃഷ്ട്ടിക്കുക.
അവര്‍ എന്നെ ആരാധിച്ചുകൊള്ളും,
നിന്റെ ഇരിപ്പിടം കൈക്കലാക്കും.
ഭൂമിയില്‍
ദൈവത്തിന്റെ ചെകുത്താന്‍ കളി
അവസാനിപ്പിക്കാന്‍ സമയമായി.
ഞാന്‍ സ്വര്‍ഗ്ഗത്തെ ഭൂമിയിലും
ഭൂമിയെ സ്വര്‍ഗ്ഗത്തിലും വെച്ചു മാറുന്നു.
നിന്റെ അടിമകളെ
നീ തന്നെ എടുത്തു കൊള്‍ക.
ഭ്രാന്തന്‍ മണ്ണുരുളകള്‍ പ്രപഞ്ചത്തില്‍ നിരത്തി വെച്ചു.
ദൈവം അവനെ അനുസരിച്ചു.സദ്ഗതി

കൊഴിഞ്ഞു വീണ പൂക്കള്‍
പരിമളം പരത്തിക്കൊണ്ടിരിക്കും.
കൊഴിഞ്ഞുപോയ ഇലകള്‍
കരിയിലകളായി തീ നാമ്പുകളെ തേടും.
പുകഞ്ഞു പോയവ
എങ്ങും ആരേയും കാത്തു നില്‍ക്കയില്ല.
അറിവുകള്‍ വിതക്കപ്പെടില്ല.
കൊയ്തുപോകാന്‍ വന്ന കര്‍ഷകന്‍
കളകള്‍ക്ക് നടുവില്‍ അവയെ കണ്ടെത്തുന്നു.
മഴ ദാഹിക്കുന്നവര്‍ക്ക് വേണ്ടിയല്ല പെയ്തിറങ്ങുന്നത്
ദാഹിച്ചവര്‍ ഭൂമിതുരന്നു പോയിരിക്കും.
വേഴാമ്പലുകളുടെ വംശം ഒടുങ്ങിപ്പോകും.
തോടുകള്‍ വെട്ടി
പുഴയെ സമതലങ്ങളിലേക്ക് കൊണ്ട് പോയവര്‍
സദ്ഗതി വന്നു മരിച്ചു പോകുന്നു.
മനുഷ്യര്‍ എറുമ്പിന്‍ കൂടുകളാണ്.
ബൂട്ടുകള്‍
അടിയില്‍ ചതഞ്ഞുപോയവയെപറ്റി
ഖേദിക്കാറില്ല.
അറിവ് എന്ന് കരഞ്ഞവള്‍ക്ക്
ഇന്നലെ വെടിയുണ്ട നല്‍കി.
അപ്പം എന്ന് കൊതിച്ചവര്‍ക്ക്
ആണവനിലയങ്ങളും.

എന്റെ കവിത

എന്റെ കവിത 
കെട്ട് പൊട്ടിച്ച ആട്ടിന്‍ കിടാവിനെപ്പോലെ  തുള്ളിച്ചാടി നടക്കുകയും  തൈമാവിന്നിലയും മുളകിന്‍ ചെടിയും  തിന്നു തീര്‍ക്കുകയും ചെയ്യുന്നു. തൊട്ടാവാടിയുടെ മുള്ളു  കുരുങ്ങി അലറിക്കരയുന്നു.
എന്റെ കവിത  രാത്രി വിരിഞ്ഞ പാരിജാതം പോലെ  പുലരിയുടെ  മുറ്റത്ത്  കൊഴിഞ്ഞുകിടക്കുന്നു.
പുഴവെള്ളം പോലെ  കാല്‍ നനച്ചു മൌനമായി ഒഴുകിപ്പോകുന്നു. വറ്റിവരണ്ട മണല്‍ക്കാടായി ദാഹിക്കുന്നു.
ചിലനേരങ്ങളില്‍  തലകുമ്പിട്ട് മത്സരത്തില്‍ തോറ്റവനെപ്പോലെ എന്റെ കൂടെപ്പോരുന്നു.
വഴിയില്‍ മുയലായി വന്ന്  കിണറ്റിലെ സിംഹത്തെ കാട്ടി തരുന്നു.
ഹൃദയം പൊതിഞ്ഞുവെച്ച അത്തിമരം ചൂണ്ടിക്കാട്ടി  പോഴനായ എന്നെ കളിയാക്കി  വാനരനായി  മരമുകളിലേക്ക് കയറിപ്പോകുന്നു. 


***നരകസുഖം.

നൂറു കണക്കിന് നൂലുകള്‍ വലിച്ചു കെട്ടിയ ദ്രുത വീണപോലെ ഞാന്‍. (എപ്പോഴും  എന്റെ വിഷയം ഞാന്‍ തന്നെ) ശിരസ്സിനും കാല്‍ വിരലുകള്‍ക്കും ഇടയിലൂടെ വൈദ്യുത നൂലുകളായി ...
എവിടെയോ  ദാഹവും വിശപ്പുമായി ശ്വാസം നിലച്ച നിലവിളിയുമായി എന്റെ ആത്മാവ് എരിയുന്നു. (ആത്മാവ് - ശുദ്ധ അസംബന്ധം.) ജീവന്റെ നൂലുകള്‍  വരിഞ്ഞുകെട്ടിയ മാംസപിണ്ഡം.
(ഞാന്‍ തന്നെയാണ്  എന്റെ ആദ്യത്തെയും അവസാനത്തെയും പ്രബന്ധം.)
ഓരോ നൂലിലും ഓരോരോ വിഷസര്‍പ്പങ്ങള്‍, കാര്‍ന്നു തിന്നും എലികള്‍, പാറ്റകളും എട്ടു കാലികളും. പരാന്ന ഭോജികളുടെ ഒരു കാഴ്ചശാല. വേദനകള്‍ വലിച്ചുകെട്ടിയ  നരക ശരീരം.
പിടഞ്ഞുപോകുന്ന വേദനയുടെ സുഷുമ്നയില്‍ സുഖത്തിന്റെ ഒരു ചെത്തിപ്പൂ വിരിയുന്നുണ്ട്. വേദനയുടെ സുഖത്തില്‍ നരകം എനിക്ക് സുഖിക്കുന്നു.
*** എം ആര്‍ അനിലന്റെ നരകപൂര്‍ണ്ണത എന്ന കവിത വായിച്ചപ്പോള്‍ മനസ്സില്‍ വന്നത്.

അമ്മയുടെ കത്ത്.

മോനെ, അപ്പൂട്ടാ 
ഇന്നലെ മ്മടെ ജാനകി പെറ്റൂട്ടാ. നാല് കുറുമ്പന്‍ കുട്ട്യോള്. ഇനി ഇപ്പൊ ആട്ടിന്‍ പാലിന് എനിക്കെങ്ങട്ടും പോണ്ടല്ലോ. ന്നാലും എഴുത്തശ്ശന്ടവിടെ പാല് കൊടുക്കാതെ വയ്യ. മീനാക്ഷി ഉണ്ടായിരുന്നെങ്കില്‍  അമ്മക്ക് ഒരു കഷ്ട്ടപ്പാടും ഇല്ലായിരുന്നു. അവള്‍ക്കു ഞാന്‍ നീ അയച്ചു തന്ന സാരി കൊടുത്തു. എന്തൊരു ശേലാണ് സാരിയില്‍ ന്റെ കുട്ടിയെ കാണാന്‍.. സജിനിയും ഇമ്മിണി ബല്യ  കുട്ടി ആയോടാ അപ്പു. എനിക്കെന്റെ കുട്ട്യോളെ കാണാതെ കണ്ണു കഴക്കുന്നു. ശാരദടെ കാലിന്റെ വേദന കുറവുണ്ടോടാ. എന്താ ഇപ്പോഴത്തെ പെണ്കിടാങ്ങള്‍ക്ക്? ഒന്ന് രണ്ട് പ്രസവിക്കുമ്പോഴേക്കും വയ്യാതായി. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ന്റെ കുട്ടി കഷ്ട്ടപ്പെടണ്ടി വരില്ല്യായിരുന്നു. ശാരദടെ പ്രായത്തില്‍ നിന്റെ അമ്മയുണ്ടല്ലോ അപ്പു ദേ നിന്നേം എടുത്തോണ്ട്  മാമേടെ വീട്ടീന്ന്  പത്ത് ഇരുപത്തിനാല് കിലോമീറ്റെര്‍  ഒറ്റ നടത്താ. ഓര്‍ക്കണ് ണ്ടോ എന്റെ കുട്ടി. ന്റെ അപ്പു ,  മ്മടെ വീടൊക്കെ ചോര്‍ന്നൊലിക്ക്യാ. ഇനിം എന്നെക്കൊണ്ട് കെട്ടിമേയാന്‍ വയ്യ. മനുഷ്യന് കിടക്കാവുന്ന വീട് കെട്ടണം. ന്റെ അപ്പൂ, നിന്റെ വിശേഷം ഒന്നും ചോദിച്ചില്ല്യ അമ്മ. തണുപ്പത്തുള്ള നടത്തം വേണ്ടാട്…

രാത്രി

നിലാവസ്തമിച്ച രാത്രിക്കൊപ്പം
നക്ഷത്രങ്ങളും മാഞ്ഞുപോകും.
പകലുകള്‍
കടലുകള്‍ പോലെ വന്നു നിറയും.
രാത്രി ഓര്‍മ്മ മാത്രമാകും.
മിന്നാ മിന്നികളെ സുന്ദരികളാക്കുന്ന,
ആകാശത്തെ ദീപച്ചാർത്തില്‍ കുളിപ്പിക്കുന്ന,
ശവമാടങ്ങളെ ജീവന്‍ വെയ്പ്പിക്കുന്ന,
നിശ്ശബ്ദതക്കു സൌന്ദര്യം നല്‍കുന്ന
ഏകാന്ത രാവുകളേ,
ഇരുട്ടിന്റെ മഹിമ എത്ര മഹനീയമാണ്.
ഇരുട്ടിലേക്ക് നിലാവ് കത്രിച്ചു വീഴുമ്പോള്‍
കാന്‍വാസില്‍
മഞ്ഞ ചാലിച്ച ഒരു ചിത്രം
വാര്‍ന്നു വീഴും പോലെ
മണല്‍ വിരിച്ച മുറ്റം സജീവമാകുന്നു.
ഇരുളിനെ ഉലയ്ക്കുന്നൊരു കാറ്റും
കാറ്റില്‍ മിന്നുന്നൊരു നിലാവും
ഭൂമി തന്നെയൊരു ചിത്രതലമായി മാറുന്നു.
വിഷത്തെ പ്രണയിക്കുന്നൊരുവനെപ്പോലെ
ഇരുട്ട് കുടിച്ചു തനിച്ചിരിക്കുമ്പോള്‍
പരേതാത്മാക്കള്‍ എന്നെ വന്നു വിളിക്കുന്നു.
അവരെനിക്കൊരു കവിത ചൊല്ലിത്തരുന്നു.
വെളുത്ത പൂക്കളുടെ
ഒരു പൂച്ചെണ്ട് സമ്മാനിക്കുന്നു.
ഞാനവര്‍ക്ക് പുളിച്ച കള്ളും
പച്ചച്ചോരയും നല്‍കുന്നു.
ഇലഞ്ഞിമരം പനിച്ചു തുള്ളുന്നു.
ഈ രാത്രി എത്ര സുന്ദരമാണ്.
എത്ര രഹസ്യം നിറഞ്ഞതും
ജുഗുപ്സാവഹവുമാണ്.
ഉറങ്ങിപ്പോയ മനുഷ്യരുടെ
ഈ രാത്രിയില്‍
ഒരു നക്ഷത്രം ഭൂമിയില്‍ ഊര്‍ന്നിറങ്ങി.
അതൊരു മഞ്ഞിന്‍ കണത്തെ ഉമ…

മിന്നലിനു പിളർക്കാനാകാത്തത്‌

എന്റെ ആത്മാവിലിരിക്കുന്ന
അവൾക്ക്
മഴ നനയണമായിരുന്നു.

മഴ
അവൾക്കു മാത്രം സ്വന്തമെന്ന്
അവൾ കിനാവുകണ്ടിരുന്നു.
അതുകൊണ്ട്‌
ഞാൻ മഴയിലൂടെ നടന്നു.

എന്റെ നെഞ്ചിലിരുന്ന്
അവൾ ആഹ്ലാദം കൊണ്ട്‌ ചൂളംവിളിച്ചു.
മഴയതു കേട്ടുകാണണം.

എന്നിൽ നിന്നും അവളെ സ്വതന്ത്രയാക്കാൻ
എന്നെ പിളർക്കാൻ
മിന്നലും മുഴക്കവുമായി
ഉളി മൂർച്ചയുള്ള ജലപാളികളായി
എന്റെ ശരീരത്തിൽ
മഴ
നിർദ്ദയം പതിച്ചു കൊണ്ടേയിരുന്നു.

അവസാനം
മിന്നലതു ചെയ്കതന്നെ ചെയ്തു.
എന്നെ നെടുകെ പിളർത്തി.

പക്ഷേ എന്റെ ആത്മാവിൽ അലിഞ്ഞതിനെ
എങ്ങനെ വേർപ്പെടുത്തുമെന്നറിയാതെ
മഴ
കള്ളക്കണ്ണീരായി
പെയ്തുകൊണ്ടേയിരുന്നു.

പ്രളയത്തിനും മൂടാനാകാത്ത
പാപക്കറയായി
എന്റെ ചോര
അലഞ്ഞു നടന്നു.

ഞാന്‍ നരകത്തിലേക്ക് പോകുന്നു

ഞാന്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നു.
സ്വര്‍ഗ്ഗത്തില്‍ എന്തിന് പോകുന്നു? സ്വര്‍ഗ്ഗത്തില്‍ പൂ നുള്ളാന്‍ പോകുന്നു.
ഞാന്‍ നരകത്തിലേക്ക് പോകുന്നു നരകത്തില്‍ എന്തിന് പോകുന്നു? നരകത്തില്‍ തീകായാന്‍ പോകുന്നു.
സ്വര്‍ഗ്ഗത്തിലെ പൂക്കള്‍  നരകത്തിലെ തീക്കു നല്‍കും. അഗ്നി പുഷ്പങ്ങളുടെ  ഉദ്യാനമായി നരകം മഞ്ഞച്ചു നില്‍ക്കും.
ഭൂമിയില്‍ മരിച്ചുപോയവരുടെ മണമാണ്  നരകത്തിലെ തീ പൂക്കള്‍ക്ക്.  നരകത്തിന്റെ ചൂട്  സ്വര്‍ഗ്ഗത്തില്‍ വ്യാപിക്കുന്നു.
ഭൂമി ഘനീഭവിച്ചു ഘനീഭവിച്ചു ഒരു തണുത്ത മിഠായി ആയി.

ചോറ്

വെന്തപ്പോള്‍  ഞാന്‍ ചോറ്.വിളമ്പുമ്പോള്‍  വാഴ്ത്തു പാട്ടുകള്‍.ഉണ്ട് കഴിഞ്ഞപ്പോള്‍  എച്ചില്‍. നക്കി തിന്ന  പട്ടികള്‍ മാത്രം കൃതജ്ഞതയോടെ എന്നെ നോക്കുന്നു.

ശിഖരങ്ങള്‍ നഷ്ട്ടപ്പെടുമ്പോള്‍ ...

ഇരുട്ടിലായതുകൊണ്ടാണ്‌ - ഞാന്‍ വെളിച്ചം തേടിപ്പോയത്. തണുത്ത് വിറച്ചിരുന്നതിനാല്‍ ചൂടുള്ള ഒരു കനല്‍ കൊത്തിയെടുത്തു. എന്റെ കരളില്‍ ദാഹമുള്ള സിരകള്‍,  കുടിനീര്‍ തേടിപ്പോയ വേരുകളെപ്പോലെ ചുറ്റിപ്പിടിച്ചു. 
നദി  താഴെ എന്റെ ശൂന്യതയിലേക്ക് ഒഴുകി നിറഞ്ഞു. മരണത്തിലേക്ക്  പിടഞ്ഞു വീണവന്ന് ആല്‍ക്കഹോളില്‍ ദ്രവിച്ചവന്ന്  അമൃതായി  നിശ്വാസങ്ങള്‍ കൂട്ട് വന്നു.
എന്റെ മരം വെട്ടിവീഴ്ത്തുന്നവര്‍   എന്റെ തായ്ത്തടിയിലെ നേരിന്റെ നീര്‍ കാണാതിരിക്കുമോ?

പ്രണയം വിപ്ലവമാണ്

പൂ വിടരും പോലെ
പ്രണയം ഇതള്‍ വിടര്ത്തുകയില്ല,
മഴവില്ലുപോലെ
ഹൃദയാകാശത്തെ അലങ്കരിക്കയുമില്ല. 

ഭൂമിക്കടിയിലെ കുളിരൊഴുക്ക് പോലെ
അത് കുഴിച്ചു കുഴിച്ചു ചെല്ലുന്നവനെ
 കാത്തിരിക്കുന്ന രത്നം.

 പ്രണയം
 തൂവല്‍ സ്പര്‍ശം പോലെ
 നിന്നെ ഉരുമ്മി പോവുകയില്ല.
 ഉറയൂരിയ വാളുപോലെ
ജീവശ്വാസം അരിഞ്ഞു കളയും.

ചങ്കുറപ്പില്ലാത്തവന്‍ പ്രണയിക്കരുത്;
 അര്‍ദ്ധമനസ്ക്കനെ
 പ്രണയമഴ പുല്‍കുകയില്ല.

മറികടക്കാന്‍ ആകാത്ത മരുഭൂമി പോലെ
നിന്നെയത് തളര്‍‌ത്തിക്കളയും.
ആഗ്രഹിക്കുന്നവന്റെ
നിശ്ചയമാണ് പ്രണയം.

ലോകത്തെ കീഴ്മേല്‍ മറിക്കുന്ന
ശ്രമകരമായ ദൌത്യം.
മുഷ്ടിക്കുള്ളിലെ സ്വര്‍ണമത്സ്യത്തെ കൈവിടാത്തവന്‍
ഈ മലനിര കീഴടക്കുകയില്ല.

പ്രണയം വിശുദ്ധമായ യുദ്ധമാണ്.
അത് വിധിയെ മാറ്റിമറിക്കുന്നു,
പഴഞ്ചന്‍ ശീലങ്ങളെ,
ഉച്ചയുറക്കത്തെ
അലോസരപ്പെടുത്തുന്നു.
സ്വാതന്ത്ര്യത്തിന്റെ പതാകയുമായി
പുതിയ ലോകത്തെ വിഭാവനം ചെയ്യുന്നു.

മരണം മുന്നില്‍ കണ്ടവന്റെ
അവസാന ജീവവായുവാണ് പ്രണയം.
വിശക്കുന്നവന്‍ ആര്‍ത്തിയോടെ വാരി വിഴുങ്ങിയ
അഗ്നിനാളങ്ങളാണ് പ്രണയം.

പ്രണയം വിപ്ലവമാണ് -
പുഞ്ചിരികൊണ്ടും നിലാവുകൊണ്ടും
മരണംകൊണ്ടും കണ്ണീരുകൊണ്ടും
അജയ്യമായ വിപ്ലവം..

ചന്ദ്രശേഖരന്‍ (മരണം തോല്‍വിയല്ല)

ഒരുവനെ കൊല്ലാന്‍  അമ്പത്തൊന്നു വെട്ടുകള്‍ - ഓരോ വെട്ടിലും അവന്റെ ജീവന്‍ പിടഞ്ഞെണീറ്റുവോ- ഓരോ വെട്ടിലും നിന്നെ ഭീതിപ്പെടുത്തും വിധം  അവന്‍ പുഞ്ചിരിച്ചുവോ? ഒറ്റിക്കൊടുത്തത് കൂടെ നടന്നവര്‍, കൂടെ ഉണ്ടവര്‍. വെട്ടുമ്പോള്‍ കഴുത്തിലോ  നെഞ്ചിലോ വെട്ടാമായിരുന്നില്ലേ? നെഞ്ചകം പിളര്‍ന്നു  നിന്നെ സ്നേഹിച്ച  ഹൃദയം തുരന്നെടുക്കാമായിരുന്നില്ലേ? അപ്പോഴും  നിന്നെ സ്നേഹത്തോടെ  സഖാവേ എന്നു വിളിക്കുമായിരുന്നല്ലോ. ചതിയിലും ഇല്ലേ ചില നേരുകള്‍- രക്തത്തില്‍ കുളിച്ചൊരു സൂര്യനായി പ്രിയ സഖിക്കുമ്മവെക്കുവാന്‍ പ്രിയ സഖാക്കള്‍ക്ക് വിടചൊല്ലുവാന്‍ മുഖമെങ്കിലും ബാക്കി വെക്കാതെ വെട്ടി നുറുക്കിയതിന്‍ പൊരുളെന്ത്, കണ്ണുകള്‍ തുരന്നെടുത്തെന്നും കഴുത്തറുത്തെന്നും ചുട്ടുകൊന്നെന്നും കേട്ടുകേള്‍വിയുണ്ട്‌. പ്രിയ സഖാവേ... ശത്രുവിന്റെ ചങ്കില്‍ കഠാരയായി ചോരവാര്‍ന്ന നിന്റെ മുഖം. ചാന്ദ്രബിംബം പോലെ രക്തസാക്ഷി സ്തൂപങ്ങള്‍ക്കുമേലെ ചന്ദ്രശേഖരന്‍.
[സഖാവ് ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം സഖാവ് വര്‍ഗ്ഗീസിന്റെയും രാജന്റെയും ഒക്കെതന്നെ രക്തസാക്ഷിത്വങ്ങള്‍ പോലെ കേരള രാഷ്ട്രീയത്തിലെ ഉണങ്ങാത്ത മുറിവായി എന്നും അവശേഷിക്കും. പുതിയ തലമുറ വേട്ടക്കാരുടെ കോട്ടകള്‍ തകര്‍ക്കും വരെ പൊര…

കുര്‍ളയിലെ ശവങ്ങള്‍

ജോലി കഴിഞ്ഞര്‍ദ്ധരാത്രിയില്‍
കുര്‍ള സ്റ്റേഷനില്‍
പാളം മുറിച്ചു കടക്കവേ
എന്നുമോരോ ശവങ്ങള്‍
അംഗങ്ങള്‍ മുറിഞ്ഞവ
ചതഞ്ഞവ ചോരതെറിച്ചവ
ആണാകാം പെണ്ണാകാം
ആരുമായാലെന്താ ശവങ്ങളല്ലേ

വീട്ടിലെത്തി കുളിച്ചുണങ്ങും വരെ
ഓരോ ശവവും എന്‍റെ ചുമലേറി
ഓരോ കഥ പറയും
കഥകളില്‍ കദനങ്ങള്‍ കനവുകള്‍
പ്രേമം, കാമം, കുശുമ്പ്‌, കുന്നായ്മ...

ഗതികെട്ട്‌ ഒരിക്കല്‍ ഞാനൊരു ശവത്തോടാരാഞ്ഞു-
എന്റിഷ്ടാ, നീയ്യെന്താ വേതാളമോ?
ശവം കുടുകുടാ ചിരിച്ചു
പിന്നെ
എന്‍റെ തോളില്‍ നിന്നിറങ്ങി
തലകുമ്പിട്ട്‌ ഇരുട്ടിലേക്കിറങ്ങിപ്പോയി

ഇപ്പോഴും
ആ ശവച്ചിരി എന്‍റെ കാതിലിരിക്കുന്നു
ആ ശവഗന്ധം ശ്വാസത്തിലിരിക്കുന്നു
ആ ശവച്ചോര ചുമലിലൂടൊഴുകുന്നു
ഇപ്പോഴും എപ്പോഴും...

മരുഭൂമിയിലെ തൊഴിലാളികള്‍

മരുഭൂമിയില്‍
ആകാശക്കുടക്കീഴില്‍
രാജപാതകള്‍ ഒരുക്കുന്നവന്റെ ഉള്ളില്‍ കത്തിയുരുകുന്നുണ്ടൊരു രൌദ്രസൂര്യന്‍. വേനലിന്‍
സൂര്യതേജസ്സിനെ ഉരുക്കുമവന്‍.. 
മരുഭൂമിയില്‍  മഹാസൌധങ്ങള്‍  പണിത് കയറുന്നവന്റെ ഉള്ളില്‍ ഉഴറി ഉലയുന്നുണ്ടൊരു ഉഗ്രവാതം. ചിറകുകളില്ലാതെ ഗോപുരങ്ങള്‍ക്ക് മുകളില്‍  ഉളിപായിക്കുന്ന തച്ചനാണവന്‍..
ലേബര്‍ ക്യാമ്പിലെ രാത്രി ഉറക്കത്തില്‍ അവന്റെ നെടുനിശ്വാസം  ചുഴലിക്കാറ്റായ് മണല്‍സമുദ്രത്തെ  അടിച്ചു പറത്തുന്നു.
പ്രഭാതത്തില്‍ പൊടിക്കാറ്റില്‍ മുങ്ങിയ നഗരങ്ങള്‍ വഴിയറിയാതെ തപ്പിത്തടയുന്നു.

ഈ പൂച്ചെണ്ട് എടുത്തുമാറ്റുക.

ഓ... മിശിഹാ...  നിന്നിലേക്ക്‌ മിഴികള് ഉയര്‍ത്തുമ്പോള്‍  ഉയിര്‍ത്തെഴുന്നേല്ക്കുവാന്‍  കൊതിച്ചു പോകുന്നു. പക്ഷേ എന്റെ വിധി –  പല തവണ എന്നെ കൊന്നുകൊണ്ടിരിക്കുന്നു. അറവു യന്ത്രത്തിനകത്ത് പെട്ടുപോയ
ബലി മൃഗം പോലെ ചെറുകഷ്ണങ്ങളായി നുറുങ്ങിപ്പോകുന്നു. പലതവണ മരിച്ചവരുടെ പരേതാത്മാക്കള്‍ എനിക്ക് ചുറ്റും നൃത്തമാടുന്നു. എന്റെ മാംസം രുചിക്കുന്നവന്റെ കാല്‍ക്കല്‍  കൊതിയോടെ വീട്ടു നായയെപ്പോലെ കാവലിരിക്കുന്നു. ചാട്ടവാറടികള്‍ ഏറ്റു തളര്‍ന്നുവീഴുമ്പോഴും കരയാനാവാതെ ഭൂമിയോളം കുനിഞ്ഞു പോകുന്നു. ഭൂമി നിറയെ എന്റെ കല്ലറകള്‍. പുഴുവരിക്കുന്ന എന്റെ വെളുത്ത ചോര. കാല്‍ വഴുതാതെ ഉണ്ണികളേ...
നടന്നു പോവുക... അശുദ്ധമാക്കാതെ
ഈ പൂച്ചെണ്ട്  എടുത്തുമാറ്റുക.

അസംബന്ധം

തീ പിടിച്ച നഗരം
കഴുത്തറ്റ നഗരത്തോട്
കുശലം ചോദിക്കുന്നു.
വാക്ക് മറന്നു പോയ ജനക്കൂട്ടം
അടയാളങ്ങള്‍ക്കായി കാത്തിരിക്കുന്നു.
കരിയില പോലെ വഴിയരികില്‍
കവിതകള്‍ ചിതറിക്കിടക്കുന്നു.
ഓര്‍മ്മകള്‍ നഷ്ടമായ ഗ്രാമങ്ങള്‍ എന്തോ
തിരഞ്ഞുകൊണ്ട്‌ കുന്തിച്ചിരിക്കുന്നു.
മറന്നു വെച്ച വാളെടുക്കാന്‍
ടിപ്പുസുല്‍ത്താന്‍ കുതിരപ്പുറമേറി വരുന്നു.
മലകള്‍ കയറിക്കയറി പോവുകയാണ്
– പടുവൃദ്ധന്‍.
ധ്രുവങ്ങള്‍ക്കും അപ്പുറത്ത്,
പുഞ്ചിരികള്‍ പൂക്കുന്ന പാടങ്ങളുണ്ടെന്ന്
രാപ്പക്ഷികള്‍ ചിലച്ചു പോയത്രേ!

ദൈവം

നീലാകാശം പോലെയാണ് ദൈവം നിറഞ്ഞു കവിഞ്ഞ് നിര്‍വികാരം. കേള്‍ക്കാത്ത വലിയൊരു കാത് കാണാത്ത വലിയൊരു കണ്ണ് പ്രതിധ്വനിക്കാത്ത ഒരു സ്വരം. ദൈവം എവിടെയും ഉണ്ട്. എന്റേയും നിന്റെയും ഇടയില്‍ അദൃശ്യനായി... നിങ്ങളെക്കാള്‍ ദരിദ്രന്‍ നിങ്ങളെക്കാള്‍ കഴിവുകെട്ടവന്‍.  ചതിക്കപ്പെട്ടു വലിച്ചെറിയപ്പെട്ട തെരുവ് പെണ്ണിനേക്കാള്‍ ദുര്‍ബല.

ചേനക്കാര്യം

കാലുകള്‍ കൊണ്ട്‌ ഭൂമിയില്‍
അടയാളങ്ങള്‍ ചാര്‍ത്തി നടക്കുന്ന
കൊമ്പനെ അറിയില്ലേ
തന്‍റെ ഭാരം കൊണ്ട്‌
ഭൂമിയമ്മക്കു നോവുമോ
എന്നാണതിന്‍റെ തിടുക്കം.
വലുതിന്‍റെ നാട്യങ്ങളില്ലാത്തവന്‍
കുഴിയാനയുടെ കുസൃതിപോലുമില്ലാത്ത
പാവത്താന്‍.
മേനിപോലെ
എന്‍റെ മനസ്സും വലുത്‌

കൊമ്പുകള്‍
വെറും അലങ്കാരം
ചുമരില്‍ തൂക്കിയിട്ട
ഐശ്വര്യത്തിന്‍റെ ഉടവാള്‍.

മസ്തകങ്ങള്‍
സഹ്യന്‍റെ കൊടുമുടികള്‍
‍ക്ഷമയുടെ പര്‍വ്വതങ്ങള്‍.

തുമ്പിക്കൈ
നിന്‍റെ ആജ്ഞകള്‍ക്ക്‌
ഉയര്‍ത്തുവാനും താഴ്ത്തുവാനും
ശ്വാസത്തിന്‍റെ ദീര്‍ഘദൂരം.

ചെവിക്കുടകള്‍
നിനക്ക്‌ വന്‍വിശറി
എനിക്ക്‌ അസഹ്യ കേള്‍വിയെമറക്കാന്‍
വൃഥാവ്യായാമം.

കുന്നുപോലുള്ള ശരീരത്തില്‍
കയറുകയും ഇറങ്ങുകയുമാവാം
അനാവശ്യ സ്പര്‍ശനങ്ങള്‍
എനിക്കു ചൊറിയുമെങ്കിലും

എന്‍റെ കണ്ണിലേക്കു മാത്രംനോക്കരുത്‌.
അവിടെ കാനനഭംഗി കാണാം
പച്ചയുടെ ഇരുട്ട്‌.
എന്‍റെ ഉത്സവക്കാഴ്ച്ച
നിനക്ക്‌ ദുസ്വപ്നം.
അരുവികളുടെ കുത്തൊഴുക്ക്‌
ഈര്‍പ്പമുള്ള കാടിന്‍റെ സ്ത്രൈണത
കരിമ്പിന്‍റെയും ഈറ്റയുടെയും രുചി
പെണ്ണാനയുടെ ഗന്ധം
പുല്‍മേടുകളുടെ ഇറക്കം
കുന്നിന്‍ പുറങ്ങളുടെ കയറ്റം
പിഴുതെറിഞ്ഞ കാനന വന്യത
ഇടിമുഴക്കങ്ങള്‍, പേമാരികള്‍

എന്‍റെ കണ്ണില്‍ നിന്…

നഷ്ട്ടം.

ദേശം വിട്ടു  പറന്നു പോകുന്ന കിളികള്‍ കിതപ്പാറ്റാന്‍ പറന്നിരുന്ന  വന്മരത്തെ യാത്രക്കിടയില്‍  മറന്നു പോകുന്നു. മരം  കിളിയുപേക്ഷിച്ച തൂവലിനേയും മൃദുസ്പര്‍ശത്തെയും  ഓര്ത്തുവെക്കുന്നു. പറന്നുപോകുന്ന പറവകളോട്,  മേഘങ്ങളോട്, അസ്തമിച്ചുപോകുന്ന ദിനങ്ങളോട് മരം  കിളിയെക്കുറിച്ചു ചോദിച്ച് ആകാശം നോക്കി നെടുവീര്‍പ്പിടുന്നു.  ശിഖരങ്ങളും  തായ്ത്തടിയും നഷ്ട്ടപ്പെട്ട കുറ്റിമരമായി  മരണത്തിന്റെ  ചിതല്‍ തീറ്റയായി  സ്വയം നഷ്ട്ടപ്പെടുമ്പോഴും വേരുകള്‍ ഭൂമി തുളച്ച് തുളച്ച്  കിളിയുടെ ഓര്‍മ്മകളെ തേടുകയാണ്. വേദനയുടെ മുറിപ്പാടില്‍ നിന്റെ മുനയുള്ള ചുണ്ടുകള്‍ കൊത്തുമ്പോള്‍ നീറുന്ന ഒരുനിമിഷത്തിന്റെ  നീറ്റലിനായി ജീവിതം നീളുകയാണ്.

ശവം

വഴിയില്‍ ഒരു ശവം
നായ്ക്കള്‍ പോലും തൊടാന്‍ അറയ്ക്കും;
ജീവിച്ചിരുന്നപ്പോള്‍
ഭീരുവായിരുന്നു.

അമ്മ

അടുപ്പില്‍ കത്തിയതും
കലത്തില്‍ വെന്തതും
ഉണ്ണികള്‍ക്ക്
അപ്പമായി വിളമ്പിയതും
കഥയും കവിതയുമായി ഉറങ്ങിയതും
അവളാണ്.
ഉണ്ണികളുടെ കണ്ണുകളില്‍ വിരിഞ്ഞ
സ്വപ്‌നങ്ങള്‍ കൊണ്ടാണവള്‍
മാല കോര്‍ത്തത്.
ഉണ്ണിക്കാലടികളില്‍ നോക്കിയാണവള്‍
കാലഗണന നടത്തിയത്.
പുകയാതെ അവള്‍ നിന്നു കത്തുമ്പോള്‍
പുര നിറയെ വെളിച്ചം.

ഞാന്‍ രണ്ട് ചുണ്ടുകളുടെ ഉമ്മ

നീ അരികില്‍ വരുമ്പോള്‍  ഞാന്‍ രണ്ട് ചുണ്ടുകളുടെ ഉമ്മകള്‍. ഞാന്‍ നിന്നെ ഉമ്മവെച്ചുകൊണ്ടിരിക്കുന്നു.  നീ ചിരിക്കുമ്പോള്‍,  കവിളിണകളിലെ പവിഴങ്ങളായി എന്റെ ഉമ്മകള്‍.  നീ കരയുമ്പോള്‍,  കൈലേസായി എന്റെ ഉമ്മ ആശ്വസിപ്പിക്കുന്നു. നിന്റെ നിശ്വാസത്തെ,  ഞാന്‍ ഉമ്മകൊണ്ട് തണുപ്പിക്കുന്നു. നിന്റെ നെഞ്ചിടിപ്പിന്റെ വേഗത്തെ,  എന്റെ ഉമ്മകള്‍ നിയന്ത്രിക്കുന്നു. നിന്റെ ആകാംക്ഷകളെ,  എന്റെ ഉമ്മയുടെ അതിരില്‍ ഞാന്‍ തളച്ചിടുന്നു. നിന്റെ ഉടല്‍ വിയര്‍പ്പിനെ,   ഞാന്‍ ഉമ്മകള്‍ കൊണ്ട് തുടച്ചു നീക്കുന്നു. നിന്റെ ഉഷ്ണത്തിനുമേല്‍, ഞാനൊരു ഉമ്മവിശറിയായി വീശുന്നു. മഴയില്‍ നീ നില്‍ക്കുമ്പോള്‍,  ഉമ്മകളുടെ കുടയില്‍ നിന്നെ ഞാന്‍ കരുതി വെക്കുന്നു. നിനക്ക് വിശക്കുമ്പോള്‍, ഉമ്മകള്‍  തിന്നാന്‍ തരുന്നു. നിനക്കണിഞ്ഞൊരുങ്ങുവാന്‍, ഉമ്മകള്‍ കോര്‍ത്ത സുഗന്ധമാല.  നിന്റെ സിന്ധൂരത്തില്‍, ഉമ്മകൊണ്ടൊരു തൊടു കുറി. നിന്റെ പാദങ്ങളില്‍,  ഉമ്മകളുടെ പാദസര കിലുക്കം. നിനക്ക് ഉടുക്കുവാന്‍, ഉമ്മകള്‍ തുന്നി ചേര്‍ത്ത പട്ടുചേല. നീ മുറുക്കിചുവപ്പിച്ചത്  എന്റെ ഉമ്മകള്‍. ഉറക്കം വരാത്ത നിന്റെ രാത്രികള്‍ക്ക്,  എന്റെ ഉമ്മകളുടെ ഉറക്ക് പാട്ട്. നിന്റെ സ്വപ്നങ്ങളില്‍, എന്റെ ഉമ്മകളുടെ നറുതേന്‍. മഞ്ഞ…

"പുത്തന്‍ ഇക്കിളികള്‍ക്ക് കാതോര്‍ക്കുക"

പൊറിഞ്ചുവേട്ടാ
വട്ടിയില്‍ എന്തുണ്ട്‌ മീനുകള്‍?
അയല, ചാള, കണമ്പ്‌, വെളൂരി!
പുതിയതരം മീനൊന്നും പിടിക്കുന്നില്ലേ മുക്കുവര്‍?

കടലിങ്ങനെ ആഴത്തിലും പരപ്പിലും കിടന്നിട്ടും
വലയില്‍ കടലിനെ അരിച്ചെടുത്തിട്ടും
എന്തേ പുതിയതൊന്നും കുടുങ്ങിയില്ല.
എത്റനാളായി ഇതേ മീനുകള്‍
പൊരിച്ചും പൊള്ളിച്ചും
കറിവെച്ചും കഴിക്കുന്നു.
മീന്‍ തിന്നുമ്പോള്‍
പുതിയാതൊന്നു തിന്നണം
അതിന്‍റെ മാംസം ചവച്ച്‌
മുള്ളുവലിച്ചൂരുന്നതിന്‍റെ ത്രില്ല്
നിങ്ങള്‍ക്കറിഞ്ഞുകൂട.

അടുക്കളയില്‍ അമ്മവേവിക്കുന്നത്‌
എന്നും ചോറുതന്നെ
മടുത്തുപോയി
ഈ പഴഞ്ചന്‍ ആഹാര രീതികള്‍
ഒരു ദിവസം ചൈനീസ്‌
മറ്റൊരുദിവസം അമേരിക്കന്‍
അങ്ങനെ ഭൂഖണ്ഡങ്ങള്‍ മറികടക്കുന്ന
തീറ്റശൈലികള്‍ വളര്‍ത്തിയെടുക്കണം
അവിടെയാണ്‌ പുതുമയുള്ളരുചികള്‍
വെന്തു പൊങ്ങുന്നത്‌.

ദരിദ്ര നാരായണാ
നിനക്കെന്നും വിശപ്പോ?
മനുഷ്യര്‍ക്കെന്തെല്ലാം വികാരങ്ങളുണ്ട്‌?
നീ ഇപ്പോഴും അരച്ചാണ്‍ വയറിന്‍റെ അടിമ.
നീ ഒട്ടും അപ്ഡേറ്റ്‌ അല്ല.

ഹേ കഥാകാരാ...
എവിടെ നിന്‍റെ കഥയില്‍ പുതുമ?
അതേ പഴയ വിഷയങ്ങള്‍
പ്റണയം, വിരഹം, ഗൃഹാതുരത,
വഞ്ചന, പക, ഒളിച്ചോട്ടം,
ദാരിദ്ര്യം, നിരാശ, വര്‍ഗ്ഗീയത,
ദേശസ്നേഹം, വിപ്ളവം, കരുണ
വക്രിച്ചും വിസ്തരിച്…

യക്ഷി

കനത്തു പെയ്യും മഴയില്‍,
നനഞ്ഞു പനിച്ചു
വിറച്ചു നില്‍ക്കും
രാത്രി നഗരത്തിന്‍
അനാഥത്തെരുവില്‍,
പീടികത്തിണ്ണയില്‍,
ഉറക്കം വരാത്തവന്റെ
കീറപ്പായയില്‍-
യക്ഷി.

നൂറും വെറ്റിലയും ചോദിക്കാതെ
കണ്‍നിറയെ നിലാവും
കാരുണ്യവുമായി
അവന്റെ പായ് തലയ്ക്കിലിരിക്കുന്നു-
യക്ഷി.

ഉണ്ണീ
ഉറങ്ങൂ...
ഉറങ്ങൂ...
എന്നവള്‍ നെറുകയില്‍ തലോടി.

തേറ്റകളുള്ള പല്ലുകളോ
ചുവന്ന കണ്ണുകളോ
ഇല്ലാത്തവള്‍,
ചന്ദന ഗന്ധവും
മുലപ്പാലിന്‍ ചിരിയുമായി
പാലപ്പൂ പോലൊരു
പാതിരാ യക്ഷി.

ശൈത്യകാലം.

പെയ്തു  പെയ്തു നിറഞ്ഞതെല്ലാം മുതുകില്‍ ഘനീഭവിക്കുന്ന ശൈത്യകാലം. എല്ലാം എന്നിലേക്ക്‌ അടര്‍ത്തി  ഇലകളില്ലാത്ത മരം പോലെ  കാലമേ നീ... ശൈത്യത്തിന്റെ അടരുകള്‍  മൂടി മൂടി ഞാനൊരു ഹിമ ശൈലം. ഉറഞ്ഞുപോയ രക്തത്തില്‍  സ്വപ്നങ്ങളെ കാത്തുവെച്ചൊരു ചിരഞ്ജീവിയാണ്‌ ഞാന്‍.