Posts

Showing posts from October, 2012

ദൈവം അവനെ അനുസരിച്ചു

ദൈവത്തിന്റെ തലയ്ക്കു കിഴുക്കി
ഭ്രാന്തന്‍ ചിരിക്കുന്നു.
ഭ്രാന്തന്‍ മണ്ണുരുളകൊണ്ട് ഭൂമിയെ സൃഷ്ടിക്കുന്നു.
ദൈവത്തിന്റെ കാതില്‍ പിടിക്കുന്നു.
അവന്‍ ആജ്ഞാപിക്കുന്നു.
സകലതിന്റെയും സ്രഷ്ട്ടാവേ
നീ എന്നെ അനുസരിക്കുക.
ഇക്കാലമത്രയും
നീ പാപികളെ സൃഷ്ട്ടിച്ചു.
നീ അവരോട് നിന്നെ ആരാധിക്കാന്‍
ആജ്ഞാപിച്ചു.
അവര്‍ നിന്റെ പേരില്‍ പരസ്പരം കൊന്നു.
ഇനി നീ വിശുദ്ധരെ സൃഷ്ട്ടിക്കുക.
അവര്‍ എന്നെ ആരാധിച്ചുകൊള്ളും,
നിന്റെ ഇരിപ്പിടം കൈക്കലാക്കും.
ഭൂമിയില്‍
ദൈവത്തിന്റെ ചെകുത്താന്‍ കളി
അവസാനിപ്പിക്കാന്‍ സമയമായി.
ഞാന്‍ സ്വര്‍ഗ്ഗത്തെ ഭൂമിയിലും
ഭൂമിയെ സ്വര്‍ഗ്ഗത്തിലും വെച്ചു മാറുന്നു.
നിന്റെ അടിമകളെ
നീ തന്നെ എടുത്തു കൊള്‍ക.
ഭ്രാന്തന്‍ മണ്ണുരുളകള്‍ പ്രപഞ്ചത്തില്‍ നിരത്തി വെച്ചു.
ദൈവം അവനെ അനുസരിച്ചു.സദ്ഗതി

കൊഴിഞ്ഞു വീണ പൂക്കള്‍
പരിമളം പരത്തിക്കൊണ്ടിരിക്കും.
കൊഴിഞ്ഞുപോയ ഇലകള്‍
കരിയിലകളായി തീ നാമ്പുകളെ തേടും.
പുകഞ്ഞു പോയവ
എങ്ങും ആരേയും കാത്തു നില്‍ക്കയില്ല.
അറിവുകള്‍ വിതക്കപ്പെടില്ല.
കൊയ്തുപോകാന്‍ വന്ന കര്‍ഷകന്‍
കളകള്‍ക്ക് നടുവില്‍ അവയെ കണ്ടെത്തുന്നു.
മഴ ദാഹിക്കുന്നവര്‍ക്ക് വേണ്ടിയല്ല പെയ്തിറങ്ങുന്നത്
ദാഹിച്ചവര്‍ ഭൂമിതുരന്നു പോയിരിക്കും.
വേഴാമ്പലുകളുടെ വംശം ഒടുങ്ങിപ്പോകും.
തോടുകള്‍ വെട്ടി
പുഴയെ സമതലങ്ങളിലേക്ക് കൊണ്ട് പോയവര്‍
സദ്ഗതി വന്നു മരിച്ചു പോകുന്നു.
മനുഷ്യര്‍ എറുമ്പിന്‍ കൂടുകളാണ്.
ബൂട്ടുകള്‍
അടിയില്‍ ചതഞ്ഞുപോയവയെപറ്റി
ഖേദിക്കാറില്ല.
അറിവ് എന്ന് കരഞ്ഞവള്‍ക്ക്
ഇന്നലെ വെടിയുണ്ട നല്‍കി.
അപ്പം എന്ന് കൊതിച്ചവര്‍ക്ക്
ആണവനിലയങ്ങളും.

എന്റെ കവിത

എന്റെ കവിത 
കെട്ട് പൊട്ടിച്ച ആട്ടിന്‍ കിടാവിനെപ്പോലെ  തുള്ളിച്ചാടി നടക്കുകയും  തൈമാവിന്നിലയും മുളകിന്‍ ചെടിയും  തിന്നു തീര്‍ക്കുകയും ചെയ്യുന്നു. തൊട്ടാവാടിയുടെ മുള്ളു  കുരുങ്ങി അലറിക്കരയുന്നു.
എന്റെ കവിത  രാത്രി വിരിഞ്ഞ പാരിജാതം പോലെ  പുലരിയുടെ  മുറ്റത്ത്  കൊഴിഞ്ഞുകിടക്കുന്നു.
പുഴവെള്ളം പോലെ  കാല്‍ നനച്ചു മൌനമായി ഒഴുകിപ്പോകുന്നു. വറ്റിവരണ്ട മണല്‍ക്കാടായി ദാഹിക്കുന്നു.
ചിലനേരങ്ങളില്‍  തലകുമ്പിട്ട് മത്സരത്തില്‍ തോറ്റവനെപ്പോലെ എന്റെ കൂടെപ്പോരുന്നു.
വഴിയില്‍ മുയലായി വന്ന്  കിണറ്റിലെ സിംഹത്തെ കാട്ടി തരുന്നു.
ഹൃദയം പൊതിഞ്ഞുവെച്ച അത്തിമരം ചൂണ്ടിക്കാട്ടി  പോഴനായ എന്നെ കളിയാക്കി  വാനരനായി  മരമുകളിലേക്ക് കയറിപ്പോകുന്നു. 


***നരകസുഖം.

നൂറു കണക്കിന് നൂലുകള്‍ വലിച്ചു കെട്ടിയ ദ്രുത വീണപോലെ ഞാന്‍. (എപ്പോഴും  എന്റെ വിഷയം ഞാന്‍ തന്നെ) ശിരസ്സിനും കാല്‍ വിരലുകള്‍ക്കും ഇടയിലൂടെ വൈദ്യുത നൂലുകളായി ...
എവിടെയോ  ദാഹവും വിശപ്പുമായി ശ്വാസം നിലച്ച നിലവിളിയുമായി എന്റെ ആത്മാവ് എരിയുന്നു. (ആത്മാവ് - ശുദ്ധ അസംബന്ധം.) ജീവന്റെ നൂലുകള്‍  വരിഞ്ഞുകെട്ടിയ മാംസപിണ്ഡം.
(ഞാന്‍ തന്നെയാണ്  എന്റെ ആദ്യത്തെയും അവസാനത്തെയും പ്രബന്ധം.)
ഓരോ നൂലിലും ഓരോരോ വിഷസര്‍പ്പങ്ങള്‍, കാര്‍ന്നു തിന്നും എലികള്‍, പാറ്റകളും എട്ടു കാലികളും. പരാന്ന ഭോജികളുടെ ഒരു കാഴ്ചശാല. വേദനകള്‍ വലിച്ചുകെട്ടിയ  നരക ശരീരം.
പിടഞ്ഞുപോകുന്ന വേദനയുടെ സുഷുമ്നയില്‍ സുഖത്തിന്റെ ഒരു ചെത്തിപ്പൂ വിരിയുന്നുണ്ട്. വേദനയുടെ സുഖത്തില്‍ നരകം എനിക്ക് സുഖിക്കുന്നു.
*** എം ആര്‍ അനിലന്റെ നരകപൂര്‍ണ്ണത എന്ന കവിത വായിച്ചപ്പോള്‍ മനസ്സില്‍ വന്നത്.

അമ്മയുടെ കത്ത്.

മോനെ, അപ്പൂട്ടാ 
ഇന്നലെ മ്മടെ ജാനകി പെറ്റൂട്ടാ. നാല് കുറുമ്പന്‍ കുട്ട്യോള്. ഇനി ഇപ്പൊ ആട്ടിന്‍ പാലിന് എനിക്കെങ്ങട്ടും പോണ്ടല്ലോ. ന്നാലും എഴുത്തശ്ശന്ടവിടെ പാല് കൊടുക്കാതെ വയ്യ. മീനാക്ഷി ഉണ്ടായിരുന്നെങ്കില്‍  അമ്മക്ക് ഒരു കഷ്ട്ടപ്പാടും ഇല്ലായിരുന്നു. അവള്‍ക്കു ഞാന്‍ നീ അയച്ചു തന്ന സാരി കൊടുത്തു. എന്തൊരു ശേലാണ് സാരിയില്‍ ന്റെ കുട്ടിയെ കാണാന്‍.. സജിനിയും ഇമ്മിണി ബല്യ  കുട്ടി ആയോടാ അപ്പു. എനിക്കെന്റെ കുട്ട്യോളെ കാണാതെ കണ്ണു കഴക്കുന്നു. ശാരദടെ കാലിന്റെ വേദന കുറവുണ്ടോടാ. എന്താ ഇപ്പോഴത്തെ പെണ്കിടാങ്ങള്‍ക്ക്? ഒന്ന് രണ്ട് പ്രസവിക്കുമ്പോഴേക്കും വയ്യാതായി. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ന്റെ കുട്ടി കഷ്ട്ടപ്പെടണ്ടി വരില്ല്യായിരുന്നു. ശാരദടെ പ്രായത്തില്‍ നിന്റെ അമ്മയുണ്ടല്ലോ അപ്പു ദേ നിന്നേം എടുത്തോണ്ട്  മാമേടെ വീട്ടീന്ന്  പത്ത് ഇരുപത്തിനാല് കിലോമീറ്റെര്‍  ഒറ്റ നടത്താ. ഓര്‍ക്കണ് ണ്ടോ എന്റെ കുട്ടി. ന്റെ അപ്പു ,  മ്മടെ വീടൊക്കെ ചോര്‍ന്നൊലിക്ക്യാ. ഇനിം എന്നെക്കൊണ്ട് കെട്ടിമേയാന്‍ വയ്യ. മനുഷ്യന് കിടക്കാവുന്ന വീട് കെട്ടണം. ന്റെ അപ്പൂ, നിന്റെ വിശേഷം ഒന്നും ചോദിച്ചില്ല്യ അമ്മ. തണുപ്പത്തുള്ള നടത്തം വേണ്ടാട്…

രാത്രി

നിലാവസ്തമിച്ച രാത്രിക്കൊപ്പം
നക്ഷത്രങ്ങളും മാഞ്ഞുപോകും.
പകലുകള്‍
കടലുകള്‍ പോലെ വന്നു നിറയും.
രാത്രി ഓര്‍മ്മ മാത്രമാകും.
മിന്നാ മിന്നികളെ സുന്ദരികളാക്കുന്ന,
ആകാശത്തെ ദീപച്ചാർത്തില്‍ കുളിപ്പിക്കുന്ന,
ശവമാടങ്ങളെ ജീവന്‍ വെയ്പ്പിക്കുന്ന,
നിശ്ശബ്ദതക്കു സൌന്ദര്യം നല്‍കുന്ന
ഏകാന്ത രാവുകളേ,
ഇരുട്ടിന്റെ മഹിമ എത്ര മഹനീയമാണ്.
ഇരുട്ടിലേക്ക് നിലാവ് കത്രിച്ചു വീഴുമ്പോള്‍
കാന്‍വാസില്‍
മഞ്ഞ ചാലിച്ച ഒരു ചിത്രം
വാര്‍ന്നു വീഴും പോലെ
മണല്‍ വിരിച്ച മുറ്റം സജീവമാകുന്നു.
ഇരുളിനെ ഉലയ്ക്കുന്നൊരു കാറ്റും
കാറ്റില്‍ മിന്നുന്നൊരു നിലാവും
ഭൂമി തന്നെയൊരു ചിത്രതലമായി മാറുന്നു.
വിഷത്തെ പ്രണയിക്കുന്നൊരുവനെപ്പോലെ
ഇരുട്ട് കുടിച്ചു തനിച്ചിരിക്കുമ്പോള്‍
പരേതാത്മാക്കള്‍ എന്നെ വന്നു വിളിക്കുന്നു.
അവരെനിക്കൊരു കവിത ചൊല്ലിത്തരുന്നു.
വെളുത്ത പൂക്കളുടെ
ഒരു പൂച്ചെണ്ട് സമ്മാനിക്കുന്നു.
ഞാനവര്‍ക്ക് പുളിച്ച കള്ളും
പച്ചച്ചോരയും നല്‍കുന്നു.
ഇലഞ്ഞിമരം പനിച്ചു തുള്ളുന്നു.
ഈ രാത്രി എത്ര സുന്ദരമാണ്.
എത്ര രഹസ്യം നിറഞ്ഞതും
ജുഗുപ്സാവഹവുമാണ്.
ഉറങ്ങിപ്പോയ മനുഷ്യരുടെ
ഈ രാത്രിയില്‍
ഒരു നക്ഷത്രം ഭൂമിയില്‍ ഊര്‍ന്നിറങ്ങി.
അതൊരു മഞ്ഞിന്‍ കണത്തെ ഉമ…