Posts

Showing posts from 2013

പ്രണയിക്കുന്നവരുടെ പുതപ്പിനുള്ളിൽ...

പ്രണയിക്കുന്നവരുടെ പുതപ്പ്
പ്രണയിക്കുന്നവരുടെ ആകാശംപോലെ
ചെറുതും സ്വകാര്യവുമാണ്.
അവരുടെ പുതപ്പിനുള്ളിലും
സൂര്യചന്ദ്രന്മാർ ഉദിക്കുകയും
അസ്തമിക്കുകയും ചെയ്‌യുന്നുണ്ട്.
മഴയും വെയിലും മാറി മാറി വരികയും
പച്ചപുൽമേടുകളും വൻമരക്കാടുകളും
ഉണ്ടായിവരികയും ചെയ്‌യുന്നു.
അവരുടെ പുതപ്പിനുള്ളിൽ
അവരുടെ ഭൂമി തളിർക്കുകയും പൂക്കുകയും
കൊഴിയുകയും ചെയ്‌യുന്നു.
അവരുടെ നദികളിൽ നിലാവ് നിറയുന്നത് 
അവർ നോക്കിയിരിക്കുന്നു.
മുക്കൂറ്റിച്ചെടികളിലൂടെ
പുൽച്ചാടികൾ ചാടിനടക്കുന്നതും
ഉറുമ്ബുകൾ ധാന്യപ്പൊടി ശേഖരിക്കുന്നതും
അവർ നോക്കിയിരിക്കുന്നു.
പ്രണയിക്കാത്തവരുടെ ലോകത്ത് നിന്നും പുറപ്പെട്ട
ഒരു വൈമാനികനും
പ്രണയിക്കുന്നവരുടെ ആകാശം
കണ്ടെത്തുന്നില്ല.
പ്രണയിക്കാത്തവരുടെ ലോകത്ത് നിന്നും പുറപ്പെട്ട
ഒരു നാവികനും
അവരുടെ സമുദ്രത്തിൽ എത്തിച്ചേരുന്നുമില്ല.
ആയിരമായിരം കാതങ്ങൾ പിന്നിട്ടാലും
പ്രണയിക്കാത്തവരുടെ കുതിരകൾ
പ്രണയിക്കുന്നവരുടെ അതിർത്തിയിൽ എത്തിപ്പെടുകയില്ല.


തിരിച്ചറിവുകൾ

Image
മന്ദഹാസ വാൾമുന കൊണ്ടെന്റെ
നെഞ്ചുകീറി രസിക്കുന്ന സൗഹൃദം.
ഫണം വിരിച്ചാടി ലാസ്യങ്ങളി-
ഴഞ്ഞെത്തി കൊത്തുന്നു കാമം.
ഉറ്റവരെന്നോതി അടുത്തെത്തി
ഉച്ചിയിൽ തന്നെ പ്രഹരമായ്‌ വാത്സല്യം.
ബലിമൃഗമായ്‌ പിറന്ന
ഞാനിതാ പായുന്നൂ-
പ്രകാശമേ വന്നു വഴിമുടക്കുവിൻ.
ജ്ഞാനസ്നാനം കൈക്കൊള്ളട്ടെ ഞാനിനി..

ഒരിക്കൽ ഞാനും ഒരു മത്സ്യമായിരുന്നു

Image
മത്സ്യാവതാരം എന്നത് ഐതിഹ്യമല്ല.
ഒരിക്കൽ ഞാനും ഒരു മത്സ്യമായിരുന്നു
അല്ല - ആദ്യം ഞാനൊരു പുഴയായ് ഒഴുകുകയായിരുന്നു
പിന്നെ ഞാൻ പുഴയിലെ മത്സ്യമായി.
പുരാവസ്തു ഗവേഷകർക്ക്‌
ചുരണ്ടി നോക്കുവാൻ പാകത്തിനു
എന്റെ കാതിനു പുറകിൽ
ഇപ്പോഴും ചെകിളപ്പൂക്കളുടെ നിഴലുകൾ
ഓർമ്മയായി പതിഞ്ഞു കിടപ്പുണ്ട്.
എന്റെ കൈകളിൽ
ഇപ്പോഴുമൊരു മീൻ ചിറക് ഒളിച്ചിരിക്കുന്നു.
വെള്ളത്തിന്റെ ചില്ലു പാളികളെ
തുഴഞ്ഞു തുഴഞ്ഞ് ഞാനുമൊരു ജലകണമായി...

കരയിൽ പിടിച്ചിട്ട മത്സ്യമായി
ആദ്യമായി പിടഞ്ഞത് ഈ ഞാൻ തന്നെ.
പിന്നെ പിന്നെ ഞാനൊരു തോണിയായി 
പുഴയാഴങ്ങളിൽ ഖേദത്തോടെ നോക്കിക്കൊണ്ട്‌
ഓളങ്ങളെ മുറിച്ചു നീന്തിക്കൊണ്ടേയിരുന്നു.
കാറ്റിലും മഴയിലും ആടിയുലഞ്ഞ്
നങ്കൂരം തകർന്ന്
പുഴക്കരയിലെ പൊന്തയിൽ
എന്നേക്കുമായി ഉപേക്ഷിക്കപ്പെട്ടു.
തോണിയുടെ ശവം കൈതയായി വളർന്നു.
പുഴക്കരയിൽ കൈതക്കാടായി ഞാൻ നിറഞ്ഞു നിന്നു.
അവയിൽ പൊന്മാനുകളായി ഞാൻ ചിറകു വിരിച്ചു.
കൈതപ്പൂവായി നിറഞ്ഞു ചിരിച്ചു.
കൈതപ്പൂ ചൂടിയ പെണ്ണായും
അവളെ വേട്ടോരു ചെറുക്കനായും
അവതാരങ്ങളെടുത്തു...

അവതാര കഥയിൽ നദീതട നഗരങ്ങൾ വന്നു
പരിഷ്കൃതരായ ജനതതികൾ വന്നു
പടയോട്ടങ്ങൾ ഉണ്ടായി വന്നു
പുഴയെമൂടും സാമ്രാജ്യങ്ങൾ വ…

ടെറാക്കോട്ട

Image
കളിമണ്ണിൽ കുഴച്ചെടുത്ത്
ചുടുതീയിൽ ചുട്ടെടുത്ത്
പെരുവഴിയിൽ വിറ്റു തീർക്കുന്നു -
ടെറാക്കോട്ട ജീവിതങ്ങൾ...


ചിത്രം ഗൂഗിളിൽ നിന്നും

ബുൾഡോസറുകൾ

Image
ബുൾഡോസറുകൾ പോലെ മനുഷ്യരുമുണ്ട് -
കുന്നുകളും കുടിലുകളും
അവർ ഇടിച്ചു നിരപ്പാക്കുന്നുണ്ട് .
വിലാപയാത്രകളോ
പ്രതിഷേധ റാലികളോ
അവർ കാണുകയില്ല.
കണ്ണീരുപോലെ പുഴകൾ വറ്റിപ്പോകുന്നതും
ദേശം തീപ്പെട്ടുപോകുന്നതും
കുഞ്ഞിക്കിളികളുടെ കരച്ചിലുകളും
അവർ കേൾക്കുകയില്ല .
പച്ചച്ച കാടുകൾ കത്തിപ്പോവുകയും
പാതിവെന്ത ഹൃദയങ്ങൾ
വാവിട്ടു നിലവിളിക്കുകയും ചെയ്യും.
ചോരവഴുതുന്ന നാൽക്കവലകളിൽ
ബുൾഡോസറുകൾ 
സ്വേച്ഛാധിപതിയുടെ അഹങ്കാരത്തോടെ
പല്ലിറുമ്മും,
തിന്നു തീരാത്തവന്റെ ആർത്തിയോടെ
വാതുറക്കും.
ബുൾഡോസറുകൾ പോലെ മനുഷ്യരുമുണ്ട് -
മനസ്സിലും ശരീരത്തിലും
ഉരുക്കു ചക്രങ്ങൾ മാത്രമുള്ള മനുഷ്യർ.


ചിത്രം ഗൂഗിളിൽ നിന്നും

വരും കാലം

മഴ പെയ്തു പെയ്ത്
ചുമരുകളിൽ പച്ച പൂപ്പലുകൾ പെരുകുന്ന കാലം വരും.
തീവണ്ടി ബോഗികൾ ഓടിപ്പോകുന്നതു
അലസമായി നോക്കി നില്ക്കുന്നൊരു കാലം.
കണ്ണാടി കാണാത്ത മുഖം
വെള്ളി നൂലുകൾ അണിയുന്ന കാലം.
നടക്കുവാനായി പാതകൾ ഒന്നുമില്ലാതാവുന്നൊരു കാലം.
ഓർമ്മകളിൽ നിന്നും മുഖങ്ങൾ പൊഴിഞ്ഞുപോകുന്നൊരു കാലം.

ഞാനന്ന്
ഒരു വീണക്കമ്പി മറ്റൊന്നിനോടെന്നപോലെ
വലിഞ്ഞുമുറുകിയ നാദംകൊണ്ട് സംസാരിക്കും -
മഴപെയ്തു നനഞ്ഞ പച്ചകളോടും -
സൂര്യനസ്തമിച്ച ആകാശത്തോടും...

പൊടി പിടിച്ച ജനൽ ചില്ലിനുപുറകിൽ
ഞാനൊരു ഓർമ്മപോലും അല്ലാതാകും.
കൂറകൾ പെറ്റുപെരുകും
അവർ തൊടിയിലൂടെ പ്രധാന വീഥിയിൽ ചെന്നുകയറും.
ഞാൻ ഒന്നും കാണുകയില്ല -
ഒന്നും ...

രാമായണം വായിക്കുമ്പോൾ...

Image
ദശരഥനായ പിതാവരുൾച്ചെയ്തു -  പതിനാലു സംവത്സരം വനവാസം. മറുത്തൊന്നും പറയാതെ, ദുർമുഖം കാണിക്കാതെ കാനനം പൂകിനാൻ കരുണാനിധി ഞാനും. കാട്ടുചോലയിൽ കുളിക്കയും കാട്ടിറച്ചി ഭക്ഷിക്കയും കാടത്തികളൊത്തു രമിക്കയും കാട്ടുതേൻ കുടിക്കയും വേട്ടക്കൊരുമകൻ തമ്പുരാനുമാവാമല്ലോ...
കാനനഭംഗിയിൽ ലയിച്ചിരിക്കേ കനകമയ മൃഗത്തെ വേണമെന്നായീസീതാലക്ഷ്മീ... മറുത്തൊന്നും പറയാതെ ശരമേറ്റിയ വില്ലുമായ്‌ മാരീചനായ മാനിനു പിന്നാലെ പാഞ്ഞുപോയ്‌, ദശമുഖൻ കുലദ്രോഹി പ്രാണപ്രേയസിയെ അപഹരിച്ചും പോയ്‌...
അണ്ണനെ തച്ചുകൊല്ലുകിൽ  ലങ്കാപുരി പിടിക്കുവാനും ലങ്കാധിപതിയെ വീഴ്ത്തുവാനും സീതാദേവിയെ വീണ്ടെടുക്കുവാനും പലകൈ സഹായമേറ്റു ദുര്‍ഗ്രീവൻ. മറുത്തൊന്നും പറയാതെ ഒളിയമ്പെയ്തു വീഴ്ത്തി മർക്കടൻ ബാലിയെ. വേട്ടമൃഗത്തെ കൊന്നു കൊലവിളിക്കേണ്ടത്‌ നേർക്കു നേരല്ലെന്നു ഇതിഹാസകാരൻ...
ജാനകിയുമൊത്ത്‌ അയോദ്ധ്യാപുരിയിൽ  ഭരതകാരുണ്യത്തിലിരിക്കേ ഒരു ലവൻ പറഞ്ഞൂ... രാവണന്‍റെ ലാവണത്തിലിരുന്നവളോ നിൻ പട്ടമഹിഷി, പിഴച്ചവള്‍??? മറുത്തൊന്നും പറയാതെ കാട്ടിലെറിഞ്ഞൂ കുലടയെ ആർക്കറിയാം വയറ്റില്‍ വളരുന്നത്‌ ലങ്കേശ്വരനോ?
നരകയറിയ നരനായ്‌ പാപഭയവും നരകഭയവും ഉള്ളുടലിൽ  ഉഷ്ണമായപ്പോള്‍ സരയൂ…

ഏകാകിനിയായിപ്പോയ മരം

Image
മണൽസമുദ്രത്തിൽ ഏകാകിനിയായിപ്പോയ മരം 
പലതും പറയുന്നുണ്ട് -
നിസംഗയായ ആകാശത്തോടും
നിസ്സഹായയായ ഭൂമിയോടും
കുളിരു തേടിപ്പോയ വേരുകളോടും
അന്നം തേടിവന്ന ഒട്ടകങ്ങളോടും
കൂട് തേടിവന്ന കുരുവികളോടും.

ചങ്കിൽ അണയാത്തൊരു ആശയുടെ
തളിരിലകൾ
ശാഖകളിൽ വിടരുന്നുണ്ട് -
ഓരോ പുലരിയിലും.

മണൽ സമുദ്രത്തിൽ
ഏകാകിനിയായിപ്പോയ മരം
കീറിപ്പറിഞ്ഞിട്ടും താഴ്ത്തികെട്ടാത്ത കൊടിക്കൂറ പോലെ
ഏകാന്ത പഥികരെ ആവേശം കൊള്ളിക്കുന്നു.
അള്ളിപ്പിടിച്ച ഭൂമിക്ക്
ഒരു കുമ്പിൾ തണലും
ആകാശത്തിന്റെ നേർക്കൊരു
സ്വപ്നവും തൊടുക്കുന്നു.

മണൽ സമുദ്രത്തിൽ
ഏകാകിനിയായിപ്പോയ മരം
പച്ചകൊണ്ട്‌ ജീവിതം എഴുതുന്നു.
വിലാപവും വിരഹവുമില്ലാതെ
പച്ചച്ച പ്രതിരോധം സൃഷ്ട്ടിക്കുന്നു.
ആർദ്രതകൊണ്ട് ആര്ദ്രമാക്കുന്നു -
സ്നേഹ മുദ്രകൾ

ഒരു സമുദ്രവും
പുഴകളിലേക്ക് തിരിച്ചൊഴുകുന്നില്ലല്ലോ?
എന്റെ സ്നേഹവുമതുപോലെ -
നിന്നിൽ അലയടിച്ചലിയുന്നു.
തീരത്തെ തൊടുന്ന തിരയെപ്പോൽ
ആവേശത്തോടെ പുല്കുന്നു -
എന്റെ സ്വപ്നവുമതുപോലെ.
മരം പൂക്കളെ കാത്തുവെച്ചതുപോലെ 
ഞാൻ എന്നെ നിനക്കായി കാത്തുവെച്ചു.
ഭൂമിയെ ദൈവം സൃഷ്ടിക്കുമ്പോൾ
അതിന്റെ ഹൃദയത്തിൽ
ജീവന്റെ പൂമ്പൊടികൾ നിറച്ചിരുന്നു.
അതിന്റെ സിരകളിൽ
ദാഹനീരും മധുരക്കനികളും നിറച്ചിരുന്നു -
എന്റെ ഉൾച്ചൂടുമതുപോലെ.
പറവകൾക്ക് ചിറകുകൾ നല്കിയതുപോലെ -
എന്റെ ഹൃദയാകാശവുമതുപോലെ.  നെൽക്കതിരുകളിൽ പാൽ നിറച്ചതുപോലെ
നമ്മളിൽ പ്രണയം കതിരിട്ടതുമതുപോലെ
നിശകൾക്ക് നിലാവിനെ നല്കിയത് കാണൂ
പർവ്വതങ്ങളെ മേഘങ്ങൾ സ്നേഹിക്കുന്നത് കാണൂ
എന്റെ ദുഃഖങ്ങളെ നീ ഉമ്മവെക്കുവതുമതുപോലെ.

ഗൃഹാതുരതയുടെ ഭരണിയിൽ

വിശപ്പ്‌ തിന്ന വയറുമായി പൊടിപിടിച്ച  ഇടവഴികളിലൂടെ  ഓടിപ്പോകുന്നു - ബാല്യം  ഒറ്റയണപോലുമില്ലാത്ത കൈകളിൽ തരാതെ  മഞ്ഞു മിഠായികളുമായി  മണിയൊച്ചകൾ അകന്നുപോകുന്നു. കോരിച്ചൊരിയുന്ന മഴയിൽ  ചോർന്നൊലിക്കാത്ത ഇടങ്ങൾ താണ്ടി  തണു തണുത്ത കുഞ്ഞുസ്വപ്നങ്ങൾ  തവളച്ചാട്ടം ചാടുകയാണ്. കുടയില്ലാതെ  സ്ലേറ്റില്ലാതെ  പഠിപ്പില്ലാതെ  ഇറവെള്ളം നോക്കി നില്ക്കുന്നു  അക്ഷരങ്ങൾ.  മഴവില്ലിൻ കൊമ്പുകൊണ്ട്  ഗൃഹാതുരതയുടെ ഭരണി തോണ്ടുമ്പോൾ  പുകഞ്ഞുപൊന്തും സ്മരണകളിൽ  വള്ളിപൊട്ടിയ നിക്കറുമായൊരു ബാലൻ. മധുചഷകമേ  മധുരിക്കാത്തൊരു വീഞ്ഞാണെന്റെ ബാല്യം.


അത്രയും ശാന്തമായ ഒരു രാത്രി

Image
ഒരു കടൽ തീരത്ത്
നിന്റെ കൈ പിടിച്ച്
സ്വസ്ഥമനസ്സുമായി എനിക്കു നടക്കണം.
അപ്പോൾ കടലിൽ നിറയെ
തിരകൾ ഉണ്ടായിരിക്കണം 
കാറ്റിൽ തണുപ്പുണ്ടാകണം
മനസ്സിൽ തിരകൾ ഒഴിഞ്ഞിരിക്കണം
നക്ഷത്രങ്ങളുടെ പിച്ചകവെളിച്ചം മാത്രം പോരും
തിരക്കുകൾ ഒഴിഞ്ഞുപോയിരിക്കണം
ചിന്തിക്കാൻ ഒന്നുമുണ്ടാവരുത്
നിശ്ശബ്ദതയുടെ നരച്ച ഇരുട്ടുമാത്രം...
അപ്പോൾ ഞാൻ നിന്റെ വിരലുകളിൽ തൊടും
നിന്റെ വിരലിന്റെ ചൂടുമാത്രം മതി
അത്രയും ശാന്തമായ ഒരു രാത്രി...
നമ്മുടെ മനസ്സുകൾ തൊട്ടിരിക്കുന്ന രാത്രി
സെൽഫോണുകൾ സ്വിച്ച് ഓഫ്‌ ചെയ്തുകൊള്ളൂ
ഇമകൾ പൂട്ടി ഇരുന്നുകൊള്ളൂ...
ഭൂമി ശ്വസിക്കുന്നത് നമുക്ക് കേൾക്കാം

ചിത്രം : കടപ്പാട് ഗൂഗിളിനോട് .
Vincent van Gogh (1853–1890)
Starry night over the Rhôneസ്നേഹം {ന്യൂ ജെനറേഷൻ റീ ലോഡെഡ്‌ }

Image
പാത്തുമ്മോ... ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നു പറയുമ്പോഴേക്കും നീ എന്തിനിത്ര പതഞ്ഞുപൊങ്ങുന്നു?
വട്ടമാവിന്‍ ചുവട്ടിലെ നിന്‍റെ ആട്ടിന്‍ കുട്ടിയോടും എനിക്കു പെരുത്തിഷ്ടം തന്നെ.
പിന്‍കഴുത്തില്‍ മൂര്‍ച്ചയേറിയ കത്തിവച്ച്‌ കണ്ണീരോ കരച്ചിലോ ഉതിരാതെ കഴുത്തറത്ത്‌ സ്വന്തമാക്കും.
പിന്നെ മേല്‍വസ്ത്രമുരിയും പോലെ തോലുരിഞ്ഞു നഗ്നയാക്കും. കുടല്‍ മാലകള്‍ അറുത്തുമാറ്റി ശുദ്ധമാക്കും.
ചെറുതായരിഞ്ഞ്‌ മുളകും മല്ലിയും ഉള്ളിയും അളവുപോലെ ചേര്‍ത്ത്‌ ഉരുളിയില്‍ വഴറ്റിയെടുക്കുമ്പോള്‍ കുമുകുമാ പൊങ്ങുന്ന മണത്തിനോടൊപ്പം തന്നെ എന്‍റെ സ്നേഹവും നുരഞ്ഞുപൊന്തും.
പാത്തുമ്മോ... നിന്‍റെ ആടിനേക്കാളും എനിക്കിഷ്ടം എന്‍റെ ആട്ടിടയത്തിയെ.
ഉടയാടകളുരിഞ്ഞ്‌ നിന്നെ പച്ചക്കു കടിച്ചു തിന്നാന്‍ മോഹം. ആത്മാവിനെ ഊരിയെടുത്ത നല്ല മാംസളത മാത്രമാവുന്ന നിന്നില്‍ പല്ലുകളും നാവുമിറക്കി കടിച്ചും നക്കിയും പച്ചമാംസം രുചിക്കാന്‍ മോഹം.
നിന്‍റെ ചുണ്ടുകളിലെ പ്രണയക്കൊഞ്ചലല്ല തുളുമ്പും ചുടുചോരയാണെനിക്കിഷ്ടം.

ചിത്രം : ഗൂഗിളിനോട് കടപ്പാട്

ദുഃഖവെള്ളി

ഇന്നലെ അത്താഴത്തിനു ദൈവവും ഉണ്ടായിരുന്നു. അവന്റെ പോക്കറ്റുകൾക്ക് ഒറ്റുകാശിന്റെ ഭാരം. ഇന്ന് ദുഃഖവെള്ളി. എന്റെ ശവമഞ്ചം ഞാൻ തന്നെ ചുമക്കുന്നു ആണിപ്പഴുതുകൾ കൃത്യം. മുൾകിരീടവും പഴയതുപോലെ. ക്രൂശിതമരണം തന്നെ എന്ന് എഫ് ഐ ആർ എഴുതാൻ
മറ്റെന്ത് തെളിവു വേണം
ഓഫ് -
മരണം ഒന്നും അവസാനിപ്പിച്ചു കളയുന്നില്ല. നിങ്ങൾ ഒരു ഹിന്ദുവാണെങ്കിൽ
അൽപ്പം വിറക് കൂടെ എരിഞ്ഞു പോയെന്നിരിക്കും . അന്തരീക്ഷത്തിൽ കുറച്ചുകൂടെ കാർബണ്‍ഡൈഓക്സൈഡ്.
മറ്റൊന്നും സംഭവിക്കുകയില്ല.


ഒരു പെണ്‍കുട്ടി മാനഭംഗപ്പെടുമ്പോൾ...

മാനഭംഗം ചെയ്യപ്പെട്ട
പെണ്‍കുട്ടിയുടെ മുടികൾ
പാലപ്പൂക്കൾകൊണ്ട് മൂടിയിരിക്കുന്നു.
അമ്ള മണമുള്ള അവളുടെ ചുണ്ടുകൾക്ക് 
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ചിറകു നഷ്ട്ടമായ
ഒരു കൂട്ടം കിളികൾ
ആകാശം നോക്കി കരഞ്ഞുകൊണ്ട്‌
അവളുടെ തൊണ്ടയിൽ ഇരിക്കുന്നു.
പിറന്നു വീഴുന്ന ഓരോ പെണ്‍കുട്ടിക്കും
അവളുടെ മുഖമാണ്.
പുഴകളെല്ലാം
അവളുടെ ഉടലിൽ നിന്നും പുറപ്പെട്ടു വരുന്നു.
കടലെടുത്തുപോയ വീട് പോലെ
അജ്ഞാതയായ അവള്‍
എല്ലാ തീരങ്ങളിലും പ്രതിച്ഛായ മാത്രമാകുന്നു.
അവളുടെ നിലവിളി
വഴിവിളക്കുകൾ കെട്ടുപോയ
നഗരത്തിന്റെ വഴികളിൽ
ഭ്രാന്തിയെപ്പോലെ ഓടിനടക്കുന്നു.
എന്റേയും നിന്റേയും
അടച്ചിട്ട വാതിലിൽ വന്ന് തലതല്ലുന്നു.
മാനഭംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി
ഭദ്രകാളിത്തറയിൽ
ചതഞ്ഞരഞ്ഞ തെച്ചിപ്പൂങ്കുലപോലെ കിടക്കുന്നു.
ബലിമൃഗത്തിന്റെ പച്ചച്ചോര പോലെ
അവളിൽ നിന്നും നിശ്വാസങ്ങള്‍ ഒഴുകി ഇറങ്ങുന്നു.
പഴകിയ ശല്‍ക്കങ്ങൾ പോലെ
കാലം അവൾക്ക്
മറവിയുടെ ഉടുപുടവ അണിയിക്കുന്നു.
നരകത്തിലേക്ക് അവൾ പൂനുള്ളാന്‍ പോകുന്നു.
അവളുടെ വിരൽ സ്പർശ്ശമേല്ക്കെ
നരകത്തിലെ പൂക്കൾ വാവിട്ട് നിലവിളിക്കുന്നു.
അവളുടെ കണ്ണുനീർ വീണ്
സ്വര്‍ഗ്ഗത്തിനു ചുട്ടുപൊള്ളുന്നു.
ദൈവങ്ങൾ
ഉടുപുടവയില്ലാത…

ധൂമപുഷ്പങ്ങൾ

ഓര്മ്മകളുടെ നാരകം
കടപുഴകി വീണു.
തണുപ്പും മധുരവുമില്ലാതെ
കയ്പിന്റെ വേനലിലൂടെ
പെങ്ങൾ യാത്രയായത് ഇന്നലെയാണ്.
ഇന്നലേയും അത് തന്നെ സംഭവിച്ചു -
കറുത്ത സൂര്യൻ പിടഞ്ഞു പിടഞ്ഞു മരിച്ചു,
നിലാവിന്റെ നീലച്ച തുട മാന്തിപ്പൊളിച്ച്
ഇന്നലേയും ഒരു പെണ്‍കുട്ടി മാനഭംഗപ്പെട്ടു.
കുഞ്ഞിലേ ചിറകുകൾ നഷ്ട്ടപ്പെട്ട കിളിക്കുഞ്ഞുങ്ങൾ
ആകാശം നോക്കി നെടുവീര്പ്പിടുന്നു.
ജാതകത്തിൽ എന്റെ മരം കാഞ്ഞിരമാണ്
അതുകൊണ്ടാകും
നെല്ലിപ്പടികൾ ഇറങ്ങിച്ചെല്ലുമ്പോൾ
ഒരു തുടം കലക്കവെള്ളം.
അവസാനിക്കാത്ത നിലകളിലേക്ക്
എലിവേറ്റർ കുതിച്ചു പൊങ്ങുമ്പോൾ
ഇറങ്ങേണ്ട നിലയേതെന്നറിയാതെ
ഞാൻ കുന്തിച്ചിരിക്കുന്നു.
നിശ്ശബ്ദതയുടെ ആകാശം
തണുത്തുറഞ്ഞ് എന്നിലേക്ക്‌ നിറഞ്ഞു കവിയുന്നു.
ഞാൻ പൂക്കുന്നു -
വിഷവായു വമിക്കുന്നൊരു ഫാക്ടറി പുകക്കുഴൽപോലെ
എന്റെ മരം നിറയെ ധൂമപുഷ്പങ്ങൾ.നിറങ്ങൾക്കും ജീവിതത്തിനും ഇടയിലൊരു ഭ്രാന്തൻ

Image
ഭ്രാന്തന്റെ ചുവരിൽ
പൊള്ളോക്കിന്റെ നിറങ്ങൾ അലമുറയിടുന്നു.   ആകാശങ്ങളിൽ തൂങ്ങിയാടുന്ന മേഘങ്ങള്ക്ക്  അഹങ്കാരം കനക്കുന്നു.  ഇരുമ്പ് ഗോവണികൾ
ആകാശം തേടി പറന്നു പോകുന്നു.   ഭ്രാന്തൻ വെയിൽ നോക്കിയിരിക്കുന്നു.   സൂര്യദേവന്റെ കുതിരകളുടെ  കുളമ്പുകൾ അവൻ കാണുന്നു.  തെരുവിലൂടെ  പെണ്‍കുട്ടികളുടെ കരച്ചിൽ ഓടിപ്പോകുന്നു.   അമ്മയുടെ കണ്ണുനീര്  പുഴപോലെ വറ്റിപ്പോകുന്നു.
ജീവിതംപോലെ  പടക്കങ്ങൾ പൊട്ടിച്ചിതറുന്നു.  ഭ്രാന്തൻ ഏദൻ തോട്ടത്തിലൂടെ ഏകനായി നടക്കുന്നു.
അവന്റെ വാരിയെല്ല്
തളിർത്ത്‌ പൂവിടുന്നില്ല.
ജ്ഞാനത്തിൻ മധുനുകരാതെ
അവൻ ദൈവത്തിന്റെ ഒപ്പമിരിക്കുന്നു.
നഗ്നനായ യോഗിയായി
അവൻ പുഞ്ചിരി പൊഴിക്കുന്നു. 
കാറും കോളും കൊണ്ടൊരു കടലിനെ
അവൻ തന്റെ വാരിയെല്ലിൽ പൊതിഞ്ഞു വെക്കുന്നു. 
കാളകൂടം കുടിച്ചു കുടിച്ചവൻ ഉന്മത്തനാവുന്നു.
ആകാശവും നക്ഷത്രങ്ങളും
അവന്റെ ജഡയിൽ ഒളിച്ചിരിക്കുന്നു.
ഭൂമിക്കു നോവാതെ
ഭ്രാന്തൻ നടക്കുന്നു.
അമ്മയുടെ ഹൃദയം പോലെ
അവന്റെ ഹൃദയത്തിൽ വാത്സല്യം നിറയുന്നു.
വെളുത്ത ക്യാൻവാസിൽ
ജാക്സണ്‍ പൊള്ളോക്ക് നിറങ്ങൾ കോരിയൊഴിക്കുന്നു.
വികൃതമായ ജീവിതം പോലെ
അവ്യക്തമായ ഭ്രാന്തന്റെ മനസ്സുപോലെ
നിറങ്ങൾ പരസ്പ്…

പുരാതനമായ തുറമുഖം

പുരാതനമായ തുറമുഖം
ഏകാകിയായ മനുഷ്യനെപ്പോലെ
ഭൂമിയിലേക്ക്‌ കുനിഞ്ഞിരിക്കുന്നു.
രേഖപ്പെടുത്താതെ പോയ നോവുകൾ
കടലെടുക്കാതെ നില്ക്കുന്നു.
വസന്തത്തിന്റെ ആര്പ്പുവിളികളെ
മുഷിഞ്ഞ കരിമ്പടം വലിച്ചിട്ട് മൂടിയിരിക്കുന്നു.
തേങ്ങലുകൾ അല്ല
നിശബ്ദതകൾ കൂട്ടിനിരിക്കുന്നു.
ഉറങ്ങികിടക്കുമ്പോൾ
നടന്നു മറഞ്ഞുപോയ കാലടിശബ്ദങ്ങൾ
തബലയിലെ മൃദുവാദ്യമായി കാതിൽ തിരിച്ചെത്തുന്നു.

കപ്പലുകൾ വന്നുപോകുന്നുണ്ട്‌.
നിങ്ങൾ കാണുന്നില്ലെന്നുമാത്രം.
കാഴ്ചകൾക്ക് പിടികിട്ടാത്തതായി
പലതും ഉണ്ടെന്ന്
നിങ്ങൾ വെറുതേ സങ്കൽപ്പിക്കണം.
വേര്പിരിഞ്ഞവരുടെ ചങ്ക് പിടഞ്ഞുപോകുന്നതും
ഒത്തു ചേർന്നവർ
പൂക്കാവടികൾ ചേര്ത്ത് പിടിച്ചതും
എന്റെ തീരങ്ങൾ മറന്നുപോകുന്നില്ല.
പൊടിക്കാറ്റുകൾക്ക്
എന്റെ സ്മാരക മനസ്സിനെ മൂടാനാവില്ല.

പുരാവസ്തു ഗവേഷകർ
ഒരിക്കൽ ഖനനം ചെയ്ത് എന്നെ കണ്ടെടുത്തേക്കാം.
ഞാൻ പറയുന്നത്
എന്റെ ഫോസിലുകൾ
അവരോട് പറയുകയില്ല.
എന്റെ ആമാശയങ്ങളിലെ കെട്ടടങ്ങാത്ത തീ
അവർ കണ്ടെടുക്കുമോ?
എന്റെ ഞെരമ്പുകളിലെ സംഗീതം
അവർ കേള്ക്കുമോ?
എന്റെ സത്യത്തിന്റെ കരി
ഭൂമിയിൽ ആഴ്‌ന്നു പോകും;
സമർത്ഥനായ ഭിഷഗ്വരനെ പറ്റിക്കുന്ന
അജ്ഞാതമായ രോഗം പോലെ.

കറുമുറാ

കുറുക്കാ കുറുക്കാ
നിനക്കെന്തു വേണം
വെളുക്കുമ്പൊ കുളിക്കണം
വെളുത്ത മുണ്ടുടുക്കണം
വെളുവെളെ ചിരിക്കണം
വേലിമേല്‍ പതുങ്ങണം
കോഴിയെ പിടിക്കണം
കറുമുറാ തിന്നണം
കറുമുറാ
കറുമുറാ
കറുമുറാ

റു
മു
റാ
.
.
.

ഭൂമിയില്‍ മഹത്തരമായത്

ഭൂമിയില്‍ ഉള്ളതെല്ലാം ഉണ്ടായെന്നാലും
ഒരുവന്റെ ദാഹം തീരില്ല.

മനുഷ്യര്‍ തേടിയത് മനുഷ്യരുടെ സ്നേഹം.
അതില്‍ ഏറ്റവും മഹത്തരം
പ്രിയയുടെ സ്നേഹം.

പ്രിയപ്പെട്ടവളുടെ ഉടല്‍ പുല്കുന്നതില്‍
മഹത്തരമായതെന്തുണ്ട് ഈ ഭൂമിയില്‍ ?


ചെറുതും വലുതുമായ വീടുകള്‍

ചെറിയ വീടുകളില്‍ ചെല്ലുമ്പോള്‍
വരൂ ഇരിക്കൂ എന്ന് കുശലം.
ഞങ്ങളുടെ ഈ കൂര
നിങ്ങളുടെ വരവില്‍
സന്തോഷം കൊണ്ട് വലുതായെന്നും 
ഞങ്ങളുടെ ഹൃദയം നിറഞ്ഞുകവിഞ്ഞെന്നും
തുള്ളിച്ചാടുന്നു.

വലിയ വീടുകള്‍
കണ്മിഴിക്കാന്‍ ഭാവമുള്ള
പ്രഭുകുമാരിയെപ്പോലെ 
നമസ്തേ പോലും പറയാന്‍
മറന്നു പോകുന്നു.
എന്റെ പരവതാനികള്‍
നിന്റെ പാദസ്പര്‍ശത്താല്‍
നിറം കെട്ടുപോയെന്നു പരിഭവപ്പെടുന്നു.

ചെറിയ വീടുകള്‍ക്ക്
അമ്മിഞ്ഞയുടെ ചൂടാണ്.
ചേമ്പിലക്കുടയുടെ തണുപ്പാണ്.
ചൂടുള്ള ചക്കരകാപ്പിയുടെ സ്നേഹമാണ്.
പുല്‍പ്പായ വിരിച്ചിട്ട സാന്ത്വനമാണ്.

വലിയ വീടുകളില്‍
മനസ്സുകള്‍ അടഞ്ഞുകിടക്കുന്നു.
ചിരിക്കാന്‍ മറന്നുപോയ ചുണ്ടുകള്‍
ചുമരുകളില്‍ കൊളുത്തിയിട്ട ചിത്രം പോലെ
പൊടി പിടിക്കുന്നു.
മനസ്സിലാകാത്ത ഭാഷകളില്‍ ഉരിയാടി
വിട പറയുന്നു.


"ചവറു കൂനകളുടെ ഭൂമി"

Image
ലെനിന്‍ - സൂര്യനെ കഴുകിയെടുത്ത്
ആകാശത്ത് നാട്ടിയതിനു ശേഷം ഒരു ചൂലെടുത്ത്  ഭൂമിയാകെ അടിച്ചു വൃത്തിയാക്കുവാന്‍ തുടങ്ങി. 
ലെനിന് മുന്‍പും  ലെനിന് പിന്‍പും  ഉള്ള കാലത്തെ ഇങ്ങനെ വിളിക്കാം. 
"ചവറു കൂനകളുടെ ഭൂമി"

ചില കവികള്‍

ചില കവിതകള്‍ വായിക്കുമ്പോള്‍
എത്ര നിസ്സാരമായതിനെ  എത്ര അര്‍ത്ഥപൂര്‍ണ്ണമാക്കിയിരിക്കുന്നുവെന്ന്  അതിശയം കൊള്ളും.
ചില കവികളുടെ കാലടികളില്‍ നിന്നും
കവിത വിരിഞ്ഞുവരുന്നു.
ചെരുപ്പിനടിയില്‍ ചതഞ്ഞുപോയ
പുല്‍ക്കൊടിയെ പറ്റി
കവിതയെഴുതുന്നവനെ
കവി എന്ന് ഞാന്‍ വിളിക്കും.
മുക്കൂറ്റിപൂവ്വില്‍ നിന്നും
നക്ഷത്രങ്ങളിലേക്ക് കാലെടുത്തു വെച്ച്
മധുരമായി
ഇല്ല ഞാന്‍ ഒന്നും ചെയ്തില്ലെന്ന്
മൊഴിയുന്നവനാണ് അവന്‍.
അവന്‍ നടന്നു പോകുമ്പോള്‍
ഒരു പറ്റം കുയിലുകള്‍
അവന്റെ ഇടം ചുമലില്‍ ഇരുന്നു കൂവുന്നു.
അവന്റെ നിഴല്‍
ഒരു പറ്റം കാക്കകളുടെ കൂട്ടമായി
ഭൂമിയെ കൊത്തിയെടുക്കുന്നു.
പട്ടും വളയും വാങ്ങാതെ
നാവുകൊണ്ട് നാവില്‍ കവിത കോറിയിട്ട്
നശ്വരരായി
സമയത്തില്‍ നഷ്ട്ടമായവര്‌.

പരാശക്തിയെപ്പോല്‍ നീ വരികില്‍

പ്രണയിക്കുന്നവന്റെ ഘടികാരം
പ്രണയിനിയുടെ ഉമ്മകളാല്‍
ചലിച്ചുകൊണ്ടിരിക്കുന്നു. അവന്റെ സമയസൂചിയില്‍  അവളുടെ ചുണ്ടുകളുടെ ചൂടുണ്ട്. അവളുടെ സ്പര്‍ശം അകന്നു പോകെ  ഉടഞ്ഞ ചില്ലുപാത്രത്തിലെ  രക്തം കലര്‍ന്ന ഹിമകണങ്ങളെപ്പോല്‍  അവന്‍ ഘനീഭവിക്കുന്നു. ഉരുകി വീഴുന്ന ശരീരമായി  അവന്‍ നിലം പറ്റിപ്പോകുന്നു. അപ്പോള്‍ പിരമിഡ് ചുമരുപോലെ അവന്റെ വീടിനു ശവഗന്ധം വരുന്നു. അവന്റെ ഉടലില്‍
മമ്മികള്‍ നിറഞ്ഞു കവിയുന്നു. പരാശക്തിയെപ്പോല്‍
നീ വരികില്‍ സഖീ..,
അവന്റെ നെഞ്ചില്‍ നീ നിന്റെ പാദം വെക്കുകില്‍, അവനിലൊരു അസുരവാദ്യമുണരും
അവന്‍ നിമിഷങ്ങളായി പെരുകും
കാല ചക്രത്തിന്‍ ഗതിവേഗമവനാവും .


എല്ലാം അവളില്‍ നിന്നും ആണ് ഉണ്ടായത്.

ആരാണ് പറഞ്ഞത്? എല്ലാം അവനില്‍ നിന്നും ഉണ്ടായെന്ന് ? എല്ലാം അവളില്‍ നിന്നും ആണ് ഉണ്ടായത്. കാരണം തേടി നിങ്ങള്‍ എവിടേയും ഏതു ഇതിഹാസത്തിലും ഏതൊരുവന്‍ എഴുതിയ പുസ്തകത്തിലും തിരയേണ്ടതില്ല. കാരണം അവളുടെ വേദന പോലെ സാക്ഷ്യം പറയാന്‍ എന്ത് തെളിവുണ്ട് നിന്റെ പക്കല്‍.

പാലാഴി മഥനം

നീ സ്നേഹത്തിന്‍റെ പാലാഴിയായിരിക്കെ ഞാന്‍ മഹാമേരുവായിരിക്കുന്നു. നിന്നെ ഞാന്‍ കടയുമ്പോള്‍ സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും ഭൂമിയും മഹാലക്ഷ്മിയും ശ്രീ പാര്‍വ്വതിയും വിഷ്ണുവും ശിവനും കോടി കോടി ദേവതമാരും ദേവന്മാരും ബ്രഹ്മവും പരബ്രഹ്മവും ഉണ്ടായി വരുന്നു. നിന്നില്‍ നിറയെ ചെന്താമരകള്‍ വിരിയുന്ന അപൂര്‍വ്വ നിമിഷത്തില്‍ ഞാന്‍ നിന്നില്‍ മുങ്ങി അപ്രത്യക്ഷനാവുന്നു.