പുരാതനമായ തുറമുഖം

പുരാതനമായ തുറമുഖം
ഏകാകിയായ മനുഷ്യനെപ്പോലെ
ഭൂമിയിലേക്ക്‌ കുനിഞ്ഞിരിക്കുന്നു.
രേഖപ്പെടുത്താതെ പോയ നോവുകൾ
കടലെടുക്കാതെ നില്ക്കുന്നു.
വസന്തത്തിന്റെ ആര്പ്പുവിളികളെ
മുഷിഞ്ഞ കരിമ്പടം വലിച്ചിട്ട് മൂടിയിരിക്കുന്നു.
തേങ്ങലുകൾ അല്ല
നിശബ്ദതകൾ കൂട്ടിനിരിക്കുന്നു.
ഉറങ്ങികിടക്കുമ്പോൾ
നടന്നു മറഞ്ഞുപോയ കാലടിശബ്ദങ്ങൾ
തബലയിലെ മൃദുവാദ്യമായി കാതിൽ തിരിച്ചെത്തുന്നു.

കപ്പലുകൾ വന്നുപോകുന്നുണ്ട്‌.
നിങ്ങൾ കാണുന്നില്ലെന്നുമാത്രം.
കാഴ്ചകൾക്ക് പിടികിട്ടാത്തതായി
പലതും ഉണ്ടെന്ന്
നിങ്ങൾ വെറുതേ സങ്കൽപ്പിക്കണം.
വേര്പിരിഞ്ഞവരുടെ ചങ്ക് പിടഞ്ഞുപോകുന്നതും
ഒത്തു ചേർന്നവർ
പൂക്കാവടികൾ ചേര്ത്ത് പിടിച്ചതും
എന്റെ തീരങ്ങൾ മറന്നുപോകുന്നില്ല.
പൊടിക്കാറ്റുകൾക്ക്
എന്റെ സ്മാരക മനസ്സിനെ മൂടാനാവില്ല.

പുരാവസ്തു ഗവേഷകർ
ഒരിക്കൽ ഖനനം ചെയ്ത് എന്നെ കണ്ടെടുത്തേക്കാം.
ഞാൻ പറയുന്നത്
എന്റെ ഫോസിലുകൾ
അവരോട് പറയുകയില്ല.
എന്റെ ആമാശയങ്ങളിലെ കെട്ടടങ്ങാത്ത തീ
അവർ കണ്ടെടുക്കുമോ?
എന്റെ ഞെരമ്പുകളിലെ സംഗീതം
അവർ കേള്ക്കുമോ?
എന്റെ സത്യത്തിന്റെ കരി
ഭൂമിയിൽ ആഴ്‌ന്നു പോകും;
സമർത്ഥനായ ഭിഷഗ്വരനെ പറ്റിക്കുന്ന
അജ്ഞാതമായ രോഗം പോലെ.

Comments

 1. ഈ പുരാതന തുറമുഖം ഞാൻ തന്നെയോ???

  ReplyDelete
 2. ഒരിക്കലും ഒരു കപ്പലും വരില്ലെന്ന് നന്നായി അറിയാവുന്ന അഴിമുഖത്ത് ഞാൻ കാത്തിരിക്കാറുണ്ട്
  ഒരിക്കലും ആ അഴിമുഖത്ത് അടുപ്പിക്കരുതേയടുപ്പിക്കരുതേ എന്നഗ്രഹിക്കുന്ന ഒരു കടത്തു വഞ്ചി യെങ്കിലും ദൂരെ കാണു ന്നുണ്ടോ?
  വെറുതേ സങ്കൽപ്പിക്കുന്നു

  ReplyDelete
 3. പൊടിക്കാറ്റുകൾക്ക്
  എന്റെ സ്മാരക മനസ്സിനെ മൂടാനാവില്ല.
  ............
  എന്റെ സത്യത്തിന്റെ കരി
  ഭൂമിയിൽ ആഴ്‌ന്നു പോകും;
  സമർത്ഥനായ ഭിഷഗ്വരനെ പറ്റിക്കുന്ന
  അജ്ഞാതമായ രോഗം പോലെ-മുഴുവനും പകരാതെ മാറ്റി വച്ച മധു പോലെ എന്തോ ഒന്ന് കവിതയില്‍ ബാക്കിയാവുന്നു.ഭാനുവിനറിയാനാകുമോ അത്?

  ReplyDelete
 4. വാക്കുകള്‍ക്ക്,അര്‍ഥങ്ങളുടെ ,വ്യാഖ്യാനങ്ങളുടെ തെളിഞ്ഞ തിരമുഖങ്ങള്‍ .കടല്‍ക്കരയിലെ കാഴ്ച്ചകള്‍

  ReplyDelete
 5. എത്ര കപ്പലുകള്‍ വന്നുപോയി......

  ReplyDelete
 6. എന്റെ സത്യത്തിന്റെ കരി
  ഭൂമിയിൽ ആഴ്‌ന്നു പോകും;


  അതു കണ്ടാലും ഗവേഷകർ മിണ്ടില്ല.കാരണം, അവർക്കു ഫോസിലിന്റെ ഭാഷയല്ലേയറിയൂ..? മനസ്സ്..സത്യം...അത് വായിക്കാനറിയില്ലല്ലോ..!!

  നല്ല അവതരണം.

  ശുഭാശംസകൾ...

  ReplyDelete
 7. ഞാൻ പറയുന്നത്
  എന്റെ ഫോസിലുകൾ
  അവരോട് പറയുകയില്ല....

  ReplyDelete
 8. കപ്പലുകൾ വന്നുപോകുന്നുണ്ട്‌.

  ReplyDelete
 9. ഞാന്‍ പറയുന്നത്
  എന്‍റെ ഫോസിലുകള്‍
  അവരോട് പറയുകയില്ല....

  ഇല്ല, ഇതുവരെ അങ്ങനെയുണ്ടായിട്ടില്ല
  അതുകൊണ്ടിനിയുണ്ടാവുമെന്ന് വിചാരിക്കാനും വയ്യ.
  കാരണം കാഴ്ചകള്‍ക്ക് പിടി കിട്ടാത്തതായി പലതും ഉണ്ടല്ലോ...

  വരികള്‍ ഇഷ്ടമായി ഭാനു,

  ReplyDelete
 10. പുരാവസ്തു ഗവേഷകര്ക്ക് സ്വന്തം ഭാവന പ്രവര്ത്തിപ്പിക്കുകയേ വഴിയുളളൂ...

  ReplyDelete
 11. കടലെത്ര കഥകൾ കണ്ടിരിക്കുന്നു! ജീവിതങ്ങളും. കവിത നന്നായിട്ടുണ്ട്.ഭാവുകങ്ങൾ

  ReplyDelete
 12. ഒരു 'കടല്‍ക്കാഴ്ച'....ആശംസകള്‍ !

  ReplyDelete
 13. ആദ്യമാണിത് വഴി ... ഇരിപ്പിടമാണ് വഴികാട്ടി ..
  വന്നപ്പോള്‍ കവിതയുടെ സാഗരം കണ്ടു ...
  കാഴ്ചകള്‍ക്ക് പിടി കിട്ടാത്ത കവിതയുടെ ഉല്‍ വഴികളിലെ
  കാല്‍പ്പെരുമാറ്റം കേട്ടു... തുടരുക..... എല്ലാ ആശംസകളും

  ReplyDelete
 14. കൂട്ടിനിരിയ്ക്കുന്ന നിശബ്ദതയാകുന്നു ഈ കവിതയും.
  നന്ന്.

  ReplyDelete
 15. എന്റെ ആമാശയങ്ങളിലെ കെട്ടടങ്ങാത്ത തീ
  അവർ കണ്ടെടുക്കുമോ?
  എന്റെ ഞെരമ്പുകളിലെ സംഗീതം
  അവർ കേള്ക്കുമോ?

  Kelkkum,, urappayum kandethum... Athennanenkilum

  ReplyDelete
 16. പുരാവസ്തു ഗവേഷകർ
  ഒരിക്കൽ ഖനനം ചെയ്ത് എന്നെ കണ്ടെടുത്തേക്കാം.
  ഞാൻ പറയുന്നത്
  എന്റെ ഫോസിലുകൾ
  അവരോട് പറയുകയില്ല.
  എന്റെ ആമാശയങ്ങളിലെ കെട്ടടങ്ങാത്ത തീ
  അവർ കണ്ടെടുക്കുമോ?

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?