Posts

Showing posts from April, 2013

ദുഃഖവെള്ളി

ഇന്നലെ അത്താഴത്തിനു ദൈവവും ഉണ്ടായിരുന്നു. അവന്റെ പോക്കറ്റുകൾക്ക് ഒറ്റുകാശിന്റെ ഭാരം. ഇന്ന് ദുഃഖവെള്ളി. എന്റെ ശവമഞ്ചം ഞാൻ തന്നെ ചുമക്കുന്നു ആണിപ്പഴുതുകൾ കൃത്യം. മുൾകിരീടവും പഴയതുപോലെ. ക്രൂശിതമരണം തന്നെ എന്ന് എഫ് ഐ ആർ എഴുതാൻ
മറ്റെന്ത് തെളിവു വേണം
ഓഫ് -
മരണം ഒന്നും അവസാനിപ്പിച്ചു കളയുന്നില്ല. നിങ്ങൾ ഒരു ഹിന്ദുവാണെങ്കിൽ
അൽപ്പം വിറക് കൂടെ എരിഞ്ഞു പോയെന്നിരിക്കും . അന്തരീക്ഷത്തിൽ കുറച്ചുകൂടെ കാർബണ്‍ഡൈഓക്സൈഡ്.
മറ്റൊന്നും സംഭവിക്കുകയില്ല.


ഒരു പെണ്‍കുട്ടി മാനഭംഗപ്പെടുമ്പോൾ...

മാനഭംഗം ചെയ്യപ്പെട്ട
പെണ്‍കുട്ടിയുടെ മുടികൾ
പാലപ്പൂക്കൾകൊണ്ട് മൂടിയിരിക്കുന്നു.
അമ്ള മണമുള്ള അവളുടെ ചുണ്ടുകൾക്ക് 
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ചിറകു നഷ്ട്ടമായ
ഒരു കൂട്ടം കിളികൾ
ആകാശം നോക്കി കരഞ്ഞുകൊണ്ട്‌
അവളുടെ തൊണ്ടയിൽ ഇരിക്കുന്നു.
പിറന്നു വീഴുന്ന ഓരോ പെണ്‍കുട്ടിക്കും
അവളുടെ മുഖമാണ്.
പുഴകളെല്ലാം
അവളുടെ ഉടലിൽ നിന്നും പുറപ്പെട്ടു വരുന്നു.
കടലെടുത്തുപോയ വീട് പോലെ
അജ്ഞാതയായ അവള്‍
എല്ലാ തീരങ്ങളിലും പ്രതിച്ഛായ മാത്രമാകുന്നു.
അവളുടെ നിലവിളി
വഴിവിളക്കുകൾ കെട്ടുപോയ
നഗരത്തിന്റെ വഴികളിൽ
ഭ്രാന്തിയെപ്പോലെ ഓടിനടക്കുന്നു.
എന്റേയും നിന്റേയും
അടച്ചിട്ട വാതിലിൽ വന്ന് തലതല്ലുന്നു.
മാനഭംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി
ഭദ്രകാളിത്തറയിൽ
ചതഞ്ഞരഞ്ഞ തെച്ചിപ്പൂങ്കുലപോലെ കിടക്കുന്നു.
ബലിമൃഗത്തിന്റെ പച്ചച്ചോര പോലെ
അവളിൽ നിന്നും നിശ്വാസങ്ങള്‍ ഒഴുകി ഇറങ്ങുന്നു.
പഴകിയ ശല്‍ക്കങ്ങൾ പോലെ
കാലം അവൾക്ക്
മറവിയുടെ ഉടുപുടവ അണിയിക്കുന്നു.
നരകത്തിലേക്ക് അവൾ പൂനുള്ളാന്‍ പോകുന്നു.
അവളുടെ വിരൽ സ്പർശ്ശമേല്ക്കെ
നരകത്തിലെ പൂക്കൾ വാവിട്ട് നിലവിളിക്കുന്നു.
അവളുടെ കണ്ണുനീർ വീണ്
സ്വര്‍ഗ്ഗത്തിനു ചുട്ടുപൊള്ളുന്നു.
ദൈവങ്ങൾ
ഉടുപുടവയില്ലാത…

ധൂമപുഷ്പങ്ങൾ

ഓര്മ്മകളുടെ നാരകം
കടപുഴകി വീണു.
തണുപ്പും മധുരവുമില്ലാതെ
കയ്പിന്റെ വേനലിലൂടെ
പെങ്ങൾ യാത്രയായത് ഇന്നലെയാണ്.
ഇന്നലേയും അത് തന്നെ സംഭവിച്ചു -
കറുത്ത സൂര്യൻ പിടഞ്ഞു പിടഞ്ഞു മരിച്ചു,
നിലാവിന്റെ നീലച്ച തുട മാന്തിപ്പൊളിച്ച്
ഇന്നലേയും ഒരു പെണ്‍കുട്ടി മാനഭംഗപ്പെട്ടു.
കുഞ്ഞിലേ ചിറകുകൾ നഷ്ട്ടപ്പെട്ട കിളിക്കുഞ്ഞുങ്ങൾ
ആകാശം നോക്കി നെടുവീര്പ്പിടുന്നു.
ജാതകത്തിൽ എന്റെ മരം കാഞ്ഞിരമാണ്
അതുകൊണ്ടാകും
നെല്ലിപ്പടികൾ ഇറങ്ങിച്ചെല്ലുമ്പോൾ
ഒരു തുടം കലക്കവെള്ളം.
അവസാനിക്കാത്ത നിലകളിലേക്ക്
എലിവേറ്റർ കുതിച്ചു പൊങ്ങുമ്പോൾ
ഇറങ്ങേണ്ട നിലയേതെന്നറിയാതെ
ഞാൻ കുന്തിച്ചിരിക്കുന്നു.
നിശ്ശബ്ദതയുടെ ആകാശം
തണുത്തുറഞ്ഞ് എന്നിലേക്ക്‌ നിറഞ്ഞു കവിയുന്നു.
ഞാൻ പൂക്കുന്നു -
വിഷവായു വമിക്കുന്നൊരു ഫാക്ടറി പുകക്കുഴൽപോലെ
എന്റെ മരം നിറയെ ധൂമപുഷ്പങ്ങൾ.നിറങ്ങൾക്കും ജീവിതത്തിനും ഇടയിലൊരു ഭ്രാന്തൻ

Image
ഭ്രാന്തന്റെ ചുവരിൽ
പൊള്ളോക്കിന്റെ നിറങ്ങൾ അലമുറയിടുന്നു.   ആകാശങ്ങളിൽ തൂങ്ങിയാടുന്ന മേഘങ്ങള്ക്ക്  അഹങ്കാരം കനക്കുന്നു.  ഇരുമ്പ് ഗോവണികൾ
ആകാശം തേടി പറന്നു പോകുന്നു.   ഭ്രാന്തൻ വെയിൽ നോക്കിയിരിക്കുന്നു.   സൂര്യദേവന്റെ കുതിരകളുടെ  കുളമ്പുകൾ അവൻ കാണുന്നു.  തെരുവിലൂടെ  പെണ്‍കുട്ടികളുടെ കരച്ചിൽ ഓടിപ്പോകുന്നു.   അമ്മയുടെ കണ്ണുനീര്  പുഴപോലെ വറ്റിപ്പോകുന്നു.
ജീവിതംപോലെ  പടക്കങ്ങൾ പൊട്ടിച്ചിതറുന്നു.  ഭ്രാന്തൻ ഏദൻ തോട്ടത്തിലൂടെ ഏകനായി നടക്കുന്നു.
അവന്റെ വാരിയെല്ല്
തളിർത്ത്‌ പൂവിടുന്നില്ല.
ജ്ഞാനത്തിൻ മധുനുകരാതെ
അവൻ ദൈവത്തിന്റെ ഒപ്പമിരിക്കുന്നു.
നഗ്നനായ യോഗിയായി
അവൻ പുഞ്ചിരി പൊഴിക്കുന്നു. 
കാറും കോളും കൊണ്ടൊരു കടലിനെ
അവൻ തന്റെ വാരിയെല്ലിൽ പൊതിഞ്ഞു വെക്കുന്നു. 
കാളകൂടം കുടിച്ചു കുടിച്ചവൻ ഉന്മത്തനാവുന്നു.
ആകാശവും നക്ഷത്രങ്ങളും
അവന്റെ ജഡയിൽ ഒളിച്ചിരിക്കുന്നു.
ഭൂമിക്കു നോവാതെ
ഭ്രാന്തൻ നടക്കുന്നു.
അമ്മയുടെ ഹൃദയം പോലെ
അവന്റെ ഹൃദയത്തിൽ വാത്സല്യം നിറയുന്നു.
വെളുത്ത ക്യാൻവാസിൽ
ജാക്സണ്‍ പൊള്ളോക്ക് നിറങ്ങൾ കോരിയൊഴിക്കുന്നു.
വികൃതമായ ജീവിതം പോലെ
അവ്യക്തമായ ഭ്രാന്തന്റെ മനസ്സുപോലെ
നിറങ്ങൾ പരസ്പ്…