ഒരു പെണ്‍കുട്ടി മാനഭംഗപ്പെടുമ്പോൾ...

മാനഭംഗം ചെയ്യപ്പെട്ട
പെണ്‍കുട്ടിയുടെ മുടികൾ
പാലപ്പൂക്കൾകൊണ്ട് മൂടിയിരിക്കുന്നു.
അമ്ള മണമുള്ള അവളുടെ ചുണ്ടുകൾക്ക് 
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ചിറകു നഷ്ട്ടമായ
ഒരു കൂട്ടം കിളികൾ
ആകാശം നോക്കി കരഞ്ഞുകൊണ്ട്‌
അവളുടെ തൊണ്ടയിൽ ഇരിക്കുന്നു.
പിറന്നു വീഴുന്ന ഓരോ പെണ്‍കുട്ടിക്കും
അവളുടെ മുഖമാണ്.
പുഴകളെല്ലാം
അവളുടെ ഉടലിൽ നിന്നും പുറപ്പെട്ടു വരുന്നു.
കടലെടുത്തുപോയ വീട് പോലെ
അജ്ഞാതയായ അവള്‍
എല്ലാ തീരങ്ങളിലും പ്രതിച്ഛായ മാത്രമാകുന്നു.
അവളുടെ നിലവിളി
വഴിവിളക്കുകൾ കെട്ടുപോയ
നഗരത്തിന്റെ വഴികളിൽ
ഭ്രാന്തിയെപ്പോലെ ഓടിനടക്കുന്നു.
എന്റേയും നിന്റേയും
അടച്ചിട്ട വാതിലിൽ വന്ന് തലതല്ലുന്നു.
മാനഭംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി
ഭദ്രകാളിത്തറയിൽ
ചതഞ്ഞരഞ്ഞ തെച്ചിപ്പൂങ്കുലപോലെ കിടക്കുന്നു.
ബലിമൃഗത്തിന്റെ പച്ചച്ചോര പോലെ
അവളിൽ നിന്നും നിശ്വാസങ്ങള്‍ ഒഴുകി ഇറങ്ങുന്നു.
പഴകിയ ശല്‍ക്കങ്ങൾ പോലെ
കാലം അവൾക്ക്
മറവിയുടെ ഉടുപുടവ അണിയിക്കുന്നു.
നരകത്തിലേക്ക് അവൾ പൂനുള്ളാന്‍ പോകുന്നു.
അവളുടെ വിരൽ സ്പർശ്ശമേല്ക്കെ
നരകത്തിലെ പൂക്കൾ വാവിട്ട് നിലവിളിക്കുന്നു.
അവളുടെ കണ്ണുനീർ വീണ്
സ്വര്‍ഗ്ഗത്തിനു ചുട്ടുപൊള്ളുന്നു.
ദൈവങ്ങൾ
ഉടുപുടവയില്ലാതെ
മഞ്ഞിലൂടെ ഇറങ്ങി ഓടുന്നു.
ഒരു പെണ്‍കുട്ടി മാനഭംഗപ്പെടുമ്പോൾ 
ചോരയുടെ ഒരു കടൽ ഉണ്ടാവുന്നു.
ജീവന്റെ നദിയിൽ വിഷം കലരുന്നു.
പൊയ്ക്കാലില്‌ ജനം നടന്നു പോകുന്നു.
കരിമ്പനകൾ പൂത്ത ഭൂമി
അതിന്റെ അച്ചുതണ്ടിൽ നിന്നും
നിരങ്ങിപ്പോകുന്നു.

 * മഴവിൽ വെബ് മാഗസിനിൽ പ്രസിദ്ധീകരിച്ചത്


Comments

 1. മാനഭംഗം ചെയ്യപ്പെട്ട പെണ്കുട്ടിയുടെ അവസ്ഥ...അതൊരു വല്ലാത്ത അവസ്ഥ തന്നെ.....ഭദ്രകാളിത്തറയില്
  ചതഞ്ഞരഞ്ഞ തെച്ചിപ്പൂങ്കുലപോലെ കിടക്കുന്നു....തുടങ്ങിയ ബിംബങ്ങള് മനോഹരം തന്നെ

  ReplyDelete
 2. കവിത നന്നായിട്ടുണ്ട് എന്ന് പറയാന്നതിൽ അര്തമില്ല ,നല്ല ഭാവന എന്നും പറയാൻ വയ്യ ,ഒരു റിയാലിറ്റിയെ പകര്ത്തി വെച്ചിരിക്കുന്നു ,

  ഒരു പെണ്‍കുട്ടി മാനഭംഗപ്പെടാ തിരിക്കട്ടെ ,നമ്മുക്ക് ആശിക്കാം .പ്രവർത്തിക്കാം

  ReplyDelete
 3. കാലം അവൾക്ക്
  മറവിയുടെ ഉടുപുടവ അണിയിക്കുന്നു

  ചോരയുടെ കടല്‍ ഉണ്ടാകാതിരിക്കാന്‍ നമുക്കാഗ്രഹിക്കാം.

  ReplyDelete
 4. പൊയ്ക്കാലില്‍ ജനം നടന്നുപോകുന്നു

  ReplyDelete
 5. ഭാവനയാണെങ്കിലും ദാരുണമായ,ഭീകരമായ രംഗങ്ങള്‍

  ReplyDelete
 6. കാലം അവളെ മറവിയുടെ ഉടുപുടവ അണിയിക്കുന്നു.കാലാകാലങ്ങളിൽ,കൃത്യമായി,മാധ്യമങ്ങൾ ആ ആശ്വാസപ്പുടവകൾ
  വലിച്ചുകീറുന്നു.ഓർമ്മകളിൽ അവൾ വീണ്ടും മാനഭംഗപ്പെടുന്നു.!! നല്ല കവിത.

  ശുഭാശംസകൾ...

  ReplyDelete
 7. അവളുടെ നിലവിളി
  വഴിവിളക്കുകൾ കെട്ടുപോയ
  നഗരത്തിന്റെ വഴികളിൽ
  ഭ്രാന്തിയെപ്പോലെ ഓടിനടക്കുന്നു.
  :( :( :(

  ReplyDelete
 8. കവിത വല്ലാതെ നോവിക്കുന്നുണ്ട്.

  ReplyDelete
 9. നേരത്തെ വായിച്ചു ... ഒന്നും പറയാന്‍ കഴിയാത്തതുകൊണ്ട് മൌനമായിരുന്നു... ഇപ്പോഴും ഒന്നും പറയാന്‍ വയ്യ...

  വരികള്‍ സങ്കടപ്പെടുത്തുന്നു...

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?