Posts

Showing posts from June, 2013

ഗൃഹാതുരതയുടെ ഭരണിയിൽ

വിശപ്പ്‌ തിന്ന വയറുമായി പൊടിപിടിച്ച  ഇടവഴികളിലൂടെ  ഓടിപ്പോകുന്നു - ബാല്യം  ഒറ്റയണപോലുമില്ലാത്ത കൈകളിൽ തരാതെ  മഞ്ഞു മിഠായികളുമായി  മണിയൊച്ചകൾ അകന്നുപോകുന്നു. കോരിച്ചൊരിയുന്ന മഴയിൽ  ചോർന്നൊലിക്കാത്ത ഇടങ്ങൾ താണ്ടി  തണു തണുത്ത കുഞ്ഞുസ്വപ്നങ്ങൾ  തവളച്ചാട്ടം ചാടുകയാണ്. കുടയില്ലാതെ  സ്ലേറ്റില്ലാതെ  പഠിപ്പില്ലാതെ  ഇറവെള്ളം നോക്കി നില്ക്കുന്നു  അക്ഷരങ്ങൾ.  മഴവില്ലിൻ കൊമ്പുകൊണ്ട്  ഗൃഹാതുരതയുടെ ഭരണി തോണ്ടുമ്പോൾ  പുകഞ്ഞുപൊന്തും സ്മരണകളിൽ  വള്ളിപൊട്ടിയ നിക്കറുമായൊരു ബാലൻ. മധുചഷകമേ  മധുരിക്കാത്തൊരു വീഞ്ഞാണെന്റെ ബാല്യം.