Posts

Showing posts from July, 2013

രാമായണം വായിക്കുമ്പോൾ...

Image
ദശരഥനായ പിതാവരുൾച്ചെയ്തു -  പതിനാലു സംവത്സരം വനവാസം. മറുത്തൊന്നും പറയാതെ, ദുർമുഖം കാണിക്കാതെ കാനനം പൂകിനാൻ കരുണാനിധി ഞാനും. കാട്ടുചോലയിൽ കുളിക്കയും കാട്ടിറച്ചി ഭക്ഷിക്കയും കാടത്തികളൊത്തു രമിക്കയും കാട്ടുതേൻ കുടിക്കയും വേട്ടക്കൊരുമകൻ തമ്പുരാനുമാവാമല്ലോ...
കാനനഭംഗിയിൽ ലയിച്ചിരിക്കേ കനകമയ മൃഗത്തെ വേണമെന്നായീസീതാലക്ഷ്മീ... മറുത്തൊന്നും പറയാതെ ശരമേറ്റിയ വില്ലുമായ്‌ മാരീചനായ മാനിനു പിന്നാലെ പാഞ്ഞുപോയ്‌, ദശമുഖൻ കുലദ്രോഹി പ്രാണപ്രേയസിയെ അപഹരിച്ചും പോയ്‌...
അണ്ണനെ തച്ചുകൊല്ലുകിൽ  ലങ്കാപുരി പിടിക്കുവാനും ലങ്കാധിപതിയെ വീഴ്ത്തുവാനും സീതാദേവിയെ വീണ്ടെടുക്കുവാനും പലകൈ സഹായമേറ്റു ദുര്‍ഗ്രീവൻ. മറുത്തൊന്നും പറയാതെ ഒളിയമ്പെയ്തു വീഴ്ത്തി മർക്കടൻ ബാലിയെ. വേട്ടമൃഗത്തെ കൊന്നു കൊലവിളിക്കേണ്ടത്‌ നേർക്കു നേരല്ലെന്നു ഇതിഹാസകാരൻ...
ജാനകിയുമൊത്ത്‌ അയോദ്ധ്യാപുരിയിൽ  ഭരതകാരുണ്യത്തിലിരിക്കേ ഒരു ലവൻ പറഞ്ഞൂ... രാവണന്‍റെ ലാവണത്തിലിരുന്നവളോ നിൻ പട്ടമഹിഷി, പിഴച്ചവള്‍??? മറുത്തൊന്നും പറയാതെ കാട്ടിലെറിഞ്ഞൂ കുലടയെ ആർക്കറിയാം വയറ്റില്‍ വളരുന്നത്‌ ലങ്കേശ്വരനോ?
നരകയറിയ നരനായ്‌ പാപഭയവും നരകഭയവും ഉള്ളുടലിൽ  ഉഷ്ണമായപ്പോള്‍ സരയൂ…

ഏകാകിനിയായിപ്പോയ മരം

Image
മണൽസമുദ്രത്തിൽ ഏകാകിനിയായിപ്പോയ മരം 
പലതും പറയുന്നുണ്ട് -
നിസംഗയായ ആകാശത്തോടും
നിസ്സഹായയായ ഭൂമിയോടും
കുളിരു തേടിപ്പോയ വേരുകളോടും
അന്നം തേടിവന്ന ഒട്ടകങ്ങളോടും
കൂട് തേടിവന്ന കുരുവികളോടും.

ചങ്കിൽ അണയാത്തൊരു ആശയുടെ
തളിരിലകൾ
ശാഖകളിൽ വിടരുന്നുണ്ട് -
ഓരോ പുലരിയിലും.

മണൽ സമുദ്രത്തിൽ
ഏകാകിനിയായിപ്പോയ മരം
കീറിപ്പറിഞ്ഞിട്ടും താഴ്ത്തികെട്ടാത്ത കൊടിക്കൂറ പോലെ
ഏകാന്ത പഥികരെ ആവേശം കൊള്ളിക്കുന്നു.
അള്ളിപ്പിടിച്ച ഭൂമിക്ക്
ഒരു കുമ്പിൾ തണലും
ആകാശത്തിന്റെ നേർക്കൊരു
സ്വപ്നവും തൊടുക്കുന്നു.

മണൽ സമുദ്രത്തിൽ
ഏകാകിനിയായിപ്പോയ മരം
പച്ചകൊണ്ട്‌ ജീവിതം എഴുതുന്നു.
വിലാപവും വിരഹവുമില്ലാതെ
പച്ചച്ച പ്രതിരോധം സൃഷ്ട്ടിക്കുന്നു.
ആർദ്രതകൊണ്ട് ആര്ദ്രമാക്കുന്നു -
സ്നേഹ മുദ്രകൾ

ഒരു സമുദ്രവും
പുഴകളിലേക്ക് തിരിച്ചൊഴുകുന്നില്ലല്ലോ?
എന്റെ സ്നേഹവുമതുപോലെ -
നിന്നിൽ അലയടിച്ചലിയുന്നു.
തീരത്തെ തൊടുന്ന തിരയെപ്പോൽ
ആവേശത്തോടെ പുല്കുന്നു -
എന്റെ സ്വപ്നവുമതുപോലെ.
മരം പൂക്കളെ കാത്തുവെച്ചതുപോലെ 
ഞാൻ എന്നെ നിനക്കായി കാത്തുവെച്ചു.
ഭൂമിയെ ദൈവം സൃഷ്ടിക്കുമ്പോൾ
അതിന്റെ ഹൃദയത്തിൽ
ജീവന്റെ പൂമ്പൊടികൾ നിറച്ചിരുന്നു.
അതിന്റെ സിരകളിൽ
ദാഹനീരും മധുരക്കനികളും നിറച്ചിരുന്നു -
എന്റെ ഉൾച്ചൂടുമതുപോലെ.
പറവകൾക്ക് ചിറകുകൾ നല്കിയതുപോലെ -
എന്റെ ഹൃദയാകാശവുമതുപോലെ.  നെൽക്കതിരുകളിൽ പാൽ നിറച്ചതുപോലെ
നമ്മളിൽ പ്രണയം കതിരിട്ടതുമതുപോലെ
നിശകൾക്ക് നിലാവിനെ നല്കിയത് കാണൂ
പർവ്വതങ്ങളെ മേഘങ്ങൾ സ്നേഹിക്കുന്നത് കാണൂ
എന്റെ ദുഃഖങ്ങളെ നീ ഉമ്മവെക്കുവതുമതുപോലെ.