രാമായണം വായിക്കുമ്പോൾ...
ദശരഥനായ പിതാവരുൾച്ചെയ്തു - 
പതിനാലു സംവത്സരം വനവാസം.
മറുത്തൊന്നും പറയാതെ,
ദുർമുഖം കാണിക്കാതെ
കാനനം പൂകിനാൻ കരുണാനിധി ഞാനും.
കാട്ടുചോലയിൽ കുളിക്കയും
കാട്ടിറച്ചി ഭക്ഷിക്കയും
കാടത്തികളൊത്തു രമിക്കയും
കാട്ടുതേൻ കുടിക്കയും
വേട്ടക്കൊരുമകൻ തമ്പുരാനുമാവാമല്ലോ...

കാനനഭംഗിയിൽ ലയിച്ചിരിക്കേ
കനകമയ മൃഗത്തെ
വേണമെന്നായീസീതാലക്ഷ്മീ...
മറുത്തൊന്നും പറയാതെ
ശരമേറ്റിയ വില്ലുമായ്‌
മാരീചനായ മാനിനു പിന്നാലെ പാഞ്ഞുപോയ്‌,
ദശമുഖൻ കുലദ്രോഹി
പ്രാണപ്രേയസിയെ അപഹരിച്ചും പോയ്‌...

അണ്ണനെ തച്ചുകൊല്ലുകിൽ 
ലങ്കാപുരി പിടിക്കുവാനും
ലങ്കാധിപതിയെ വീഴ്ത്തുവാനും
സീതാദേവിയെ വീണ്ടെടുക്കുവാനും
പലകൈ സഹായമേറ്റു ദുര്‍ഗ്രീവൻ.
മറുത്തൊന്നും പറയാതെ
ഒളിയമ്പെയ്തു വീഴ്ത്തി
മർക്കടൻ ബാലിയെ.
വേട്ടമൃഗത്തെ കൊന്നു കൊലവിളിക്കേണ്ടത്‌
നേർക്കു നേരല്ലെന്നു ഇതിഹാസകാരൻ...

ജാനകിയുമൊത്ത്‌ അയോദ്ധ്യാപുരിയിൽ 
ഭരതകാരുണ്യത്തിലിരിക്കേ
ഒരു ലവൻ പറഞ്ഞൂ...
രാവണന്‍റെ ലാവണത്തിലിരുന്നവളോ
നിൻ പട്ടമഹിഷി, പിഴച്ചവള്‍???
മറുത്തൊന്നും പറയാതെ
കാട്ടിലെറിഞ്ഞൂ കുലടയെ
ആർക്കറിയാം വയറ്റില്‍ വളരുന്നത്‌
ലങ്കേശ്വരനോ?

നരകയറിയ നരനായ്‌
പാപഭയവും നരകഭയവും
ഉള്ളുടലിൽ  ഉഷ്ണമായപ്പോള്‍
സരയൂവില്‍ എടുത്തുചാടി
വീര പരാക്രമ സുധീര മരണം.

ഈ ഞാനല്ലോ ഭാരതാംബക്കു
മാതൃകാ പുരുഷനും ഉത്തമനുമായ
ശ്രീരാമദേവന്‍.
എന്‍റെ ദുഷ്കീർത്തി തുടച്ചതിൽ 
സത്കീർത്തിയും ഭക്തിയും സമർപ്പിക്ക
ഓം ശാന്തി: ശാന്തി: ശാന്തി.

Comments

 1. രാമായണം വായിക്കുമ്പോൾ...

  ReplyDelete
 2. വരികളില്‍ വായിക്കുമ്പോള്‍ എന്തൊരു മഹാഭാരതം..

  ReplyDelete
 3. ഈ ഞാനല്ലോ ഭാരതാംബക്കു മാതൃകാ പുരുഷനും ഉത്തമനുമായ
  ശ്രീരാമദേവന്‍. ? വീണ്ടും വീണ്ടും വായിക്കണം .ഹരേ രാമ ഹരേ രാമ.

  ReplyDelete
 4. 'ചിലതോ'ർക്കുകിൽ നിർഭയമിവ്വണ്ണം വ്യാഖ്യാനസാധിതം മഹാഭാരതത്തിൽ...!!!!!!!!!!!!!!

  ReplyDelete
 5. വിഭക്തിമാത്രമല്ല അപ്പോൾ
  ഭക്തിയും ഉണ്ട് അല്ലേ ഭായ്

  ReplyDelete
 6. പക്ഷേ ജനപക്ഷത്തു നിന്നു നോക്കുമ്പോള്‍ രാമന്‍ ആദര്‍ശ പുരുഷനായിരുന്നല്ലോ...എന്ത് അവമതിയും അവഹേളനവും സഹിച്ച് അധികാരത്തില്‍ കടിച്ച് തൂങ്ങിക്കിടക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നവരുടെ നാട്ടില്‍ രാമന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു

  ReplyDelete
 7. രാമായണം മാത്രമല്ല ഭാനു, മാരാരുടെ രാജാങ്കണവും വായിക്കുന്നു ഞാന്‍...

  നന്നായി, അഭിനന്ദനങ്ങള്‍..

  ReplyDelete
 8. ഇരുപതു വരികളിൽ കവിയാതെ ഒരു സമ്പൂർണ രാമായണം.. നന്നായിരിക്കുന്നു. ഹരേ രാമ..,

  ReplyDelete
 9. ഇത് കാണാതെ ഒരു 'പെണ് വായന -രാമായണം ' എഴുതി! ഇനി അത് തിരുത്തിയാല്‍ ഇത് സ്വാധീനിക്കും ! ഹാവൂ.. രാമ രാമ ഹരേ ഹരേ !

  ReplyDelete
 10. MT yude vadakkan veeragadha orthu pokunnu..
  Kshamikkuka bhanoo manglishanam ennodu

  ReplyDelete
 11. രാമായണം വായിക്കുമ്പോൾ...
  ലങ്കാ ലക്ഷ്മി വായിക്കുമ്പോൾ...

  ReplyDelete
 12. raamaayanam.... bhrahmanyam.. vegetarianism... enthellam shumbatharangalaanu kaanunnathu chutum. nalla vaayana

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?