Posts

Showing posts from September, 2013

വരും കാലം

മഴ പെയ്തു പെയ്ത്
ചുമരുകളിൽ പച്ച പൂപ്പലുകൾ പെരുകുന്ന കാലം വരും.
തീവണ്ടി ബോഗികൾ ഓടിപ്പോകുന്നതു
അലസമായി നോക്കി നില്ക്കുന്നൊരു കാലം.
കണ്ണാടി കാണാത്ത മുഖം
വെള്ളി നൂലുകൾ അണിയുന്ന കാലം.
നടക്കുവാനായി പാതകൾ ഒന്നുമില്ലാതാവുന്നൊരു കാലം.
ഓർമ്മകളിൽ നിന്നും മുഖങ്ങൾ പൊഴിഞ്ഞുപോകുന്നൊരു കാലം.

ഞാനന്ന്
ഒരു വീണക്കമ്പി മറ്റൊന്നിനോടെന്നപോലെ
വലിഞ്ഞുമുറുകിയ നാദംകൊണ്ട് സംസാരിക്കും -
മഴപെയ്തു നനഞ്ഞ പച്ചകളോടും -
സൂര്യനസ്തമിച്ച ആകാശത്തോടും...

പൊടി പിടിച്ച ജനൽ ചില്ലിനുപുറകിൽ
ഞാനൊരു ഓർമ്മപോലും അല്ലാതാകും.
കൂറകൾ പെറ്റുപെരുകും
അവർ തൊടിയിലൂടെ പ്രധാന വീഥിയിൽ ചെന്നുകയറും.
ഞാൻ ഒന്നും കാണുകയില്ല -
ഒന്നും ...