ഒരിക്കൽ ഞാനും ഒരു മത്സ്യമായിരുന്നു


മത്സ്യാവതാരം എന്നത് ഐതിഹ്യമല്ല.
ഒരിക്കൽ ഞാനും ഒരു മത്സ്യമായിരുന്നു
അല്ല - ആദ്യം ഞാനൊരു പുഴയായ് ഒഴുകുകയായിരുന്നു
പിന്നെ ഞാൻ പുഴയിലെ മത്സ്യമായി.
പുരാവസ്തു ഗവേഷകർക്ക്‌
ചുരണ്ടി നോക്കുവാൻ പാകത്തിനു
എന്റെ കാതിനു പുറകിൽ
ഇപ്പോഴും ചെകിളപ്പൂക്കളുടെ നിഴലുകൾ
ഓർമ്മയായി പതിഞ്ഞു കിടപ്പുണ്ട്.
എന്റെ കൈകളിൽ
ഇപ്പോഴുമൊരു മീൻ ചിറക് ഒളിച്ചിരിക്കുന്നു.
വെള്ളത്തിന്റെ ചില്ലു പാളികളെ
തുഴഞ്ഞു തുഴഞ്ഞ് ഞാനുമൊരു ജലകണമായി...

കരയിൽ പിടിച്ചിട്ട മത്സ്യമായി
ആദ്യമായി പിടഞ്ഞത് ഈ ഞാൻ തന്നെ.
പിന്നെ പിന്നെ ഞാനൊരു തോണിയായി 
പുഴയാഴങ്ങളിൽ ഖേദത്തോടെ നോക്കിക്കൊണ്ട്‌
ഓളങ്ങളെ മുറിച്ചു നീന്തിക്കൊണ്ടേയിരുന്നു.
കാറ്റിലും മഴയിലും ആടിയുലഞ്ഞ്
നങ്കൂരം തകർന്ന്
പുഴക്കരയിലെ പൊന്തയിൽ
എന്നേക്കുമായി ഉപേക്ഷിക്കപ്പെട്ടു.
തോണിയുടെ ശവം കൈതയായി വളർന്നു.
പുഴക്കരയിൽ കൈതക്കാടായി ഞാൻ നിറഞ്ഞു നിന്നു.
അവയിൽ പൊന്മാനുകളായി ഞാൻ ചിറകു വിരിച്ചു.
കൈതപ്പൂവായി നിറഞ്ഞു ചിരിച്ചു.
കൈതപ്പൂ ചൂടിയ പെണ്ണായും
അവളെ വേട്ടോരു ചെറുക്കനായും
അവതാരങ്ങളെടുത്തു...

അവതാര കഥയിൽ നദീതട നഗരങ്ങൾ വന്നു
പരിഷ്കൃതരായ ജനതതികൾ വന്നു
പടയോട്ടങ്ങൾ ഉണ്ടായി വന്നു
പുഴയെമൂടും സാമ്രാജ്യങ്ങൾ വന്നു...
കരയിൽ പിടിച്ചിട്ട മത്സ്യം എന്നേക്കുമായി പിടഞ്ഞു മരിച്ചു.


Comments

 1. കരയില്‍ പിടിച്ചിട്ട മത്സ്യം.....

  ReplyDelete
 2. പരിണമിച്ച് പരിണമിച്ച്.....!

  ReplyDelete
 3. പുഴയും തോണിയും കൈതയും പൂവും ഒക്കെ മരിച്ചു. അപ്പോള്‍ കാലത്തിന് ഇനിയൊരു അവതാരമുണ്ടാവില്ല..?

  ReplyDelete
 4. മത്സ്യവും നീ തന്നെ മുക്കുവനും നീ തന്നെ

  ReplyDelete
 5. വീണ്ടും ഒരു പ്രളയമുണ്ടാകും..അതില്‍ വീണ്ടും തളിര്‍ നാമ്പ് മുളക്കും
  വീണ്ടും മത്സ്യമായി അവതരിക്കും
  അങ്ങനെ ചക്രംതിരിഞ്ഞു കൊണ്ടിരിക്കും....

  ReplyDelete
 6. പ്രഥമമായത് മത്സ്യം തന്നേയായിരുന്നൂ...

  ReplyDelete
 7. തോണിയുടെ ശവം കൈതയായി വളർന്നു.. pinneyum valarnnu pala vazhikalilaayi.. maariyum marinjum valarnnu..

  chakram..

  ReplyDelete
 8. പരിഷ്ക്കാരങ്ങൾ സംസ്ക്കാരങ്ങളെ വിഴുങ്ങുമ്പോൾ, ഇപ്പോഴും പിടയുന്നുണ്ട്, നാമറിയാതെ നമ്മളുടെ സ്വത്വവും.!!

  ഈ സ്വത്വം എന്ന വാക്ക് ഉപയോഗിക്കുമ്പോൾ ലൈസൻസ് കിട്ടുന്നതിനു മുൻപ് ഇടവഴിയുലൂടെ ബൈക്ക് ഓടിച്ചപ്പോഴത്തെ അതെ മാനസികാവസ്ഥയാണെനിക്ക്.ഹ...ഹ.... സത്യം.

  നല്ല കവിത.

  സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

  ശുഭാശംസകൾ....

  ReplyDelete
 9. ഒരിക്കൽ ഞാനൊരു ഷൂന്യതായിരുന്നു ...നല്ല കവിത.

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?