Posts

Showing posts from 2014

മരണം

മരണമെന്നാൽ അവസാന വാക്കൊന്നുമല്ല ഹൃദയം നിലച്ചതുകൊണ്ട്
ഒന്നും നിലക്കുന്നില്ല മരണം ചില കാര്യങ്ങളുടെ തുടക്കമാണ്. മരിച്ചവർ ഒരുപാട് നാവുകളിലൂടെ  സംസാരിച്ചുകൊണ്ടിരിക്കുന്നു ചുട്ടുപൊള്ളുന്ന കനലുമായി
നമുക്കരികിൽ കൂട്ടിരിക്കുന്നു. കൈവിരലുകളിൽ പിടിച്ചുകൊണ്ട് ആകാംക്ഷയോടെ  നമ്മുടെ കണ്ണുകളിൽ ഉറ്റുനോക്കുന്നു ജീവിതം കൊണ്ട് തീർത്ത മരത്തിൽ മരണശേഷം ഇലകളും പൂക്കളും വിരിയുന്നു മരണമേ മരണമേ ഇഷ്ട്ടമുള്ളവരെ അടർത്തിയെടുത്ത വേനലേ നീ അവസാനമല്ല.

സ്നേഹത്തിന്റെ കടലുകൾ വറ്റിപ്പോയാൽ

വിരഹത്താൽ  മനുഷ്യർ വലയുന്നതെങ്ങിനെ
എന്ന് ഒരു കവിക്കും നിങ്ങളെ ഉത്ബോധിപ്പിക്കാൻ ആവില്ല ...
വിണ്ടുകീറിയ ഉടലുമായി
ആകാശം നോക്കിക്കിടക്കുന്ന 
മരുക്കടലിന്റെ മനസ്സറിയുക അസാദ്ധ്യം.

വിശപ്പുകൊണ്ട് മനുഷ്യർ വലയുന്നതുപോലെ
പ്രേമത്തിനുവേണ്ടിയും അലയുന്നു.
പ്രണയ നഷ്ട്ടം വന്നവർ യുദ്ധങ്ങൾ സൃഷ്ട്ടിക്കുന്നു.
അവരുടെ ഹൃദയം അസൂയകൊണ്ട് നിറഞ്ഞിരിക്കുന്നു.
അവർ അന്യന്റെ ആപത്ത് കിനാവ്‌ കാണുന്നു.
അവർ കുറുനരികളെപ്പോലെ അലഞ്ഞുനടക്കുന്നു.
പ്രണയം അശ്ലീലമാണെന്ന് ചുവരെഴുത്ത് നടത്തുന്നു.

സ്നേഹത്തിന്റെ കടലുകൾ വറ്റിപ്പോയാൽ 
തീരമണയാനുള്ള മോഹങ്ങളെ
മൃത്യു വന്നു മൂടിപ്പോകും.
പ്രണയത്തിനു തോൽവി സംഭവിക്കുമ്പോൾ
തലയറ്റ പോത്തിൻ കൂട്ടങ്ങൾ അലമുറയിടും
പാതാളങ്ങൾ ഭൂമിയിലേക്ക്‌ നുരച്ചുകയറും.

നിനക്കായി വീണ്ടും ...

Image
പ്രിയേ,  ഷവറിനു താഴെ  പിറന്ന പോൽ നിൽക്കുമ്പോൾ  എന്നെപ്പൊതിയുന്നത്   നിന്റെ കൈകൾ.  അകലങ്ങളിൽ നിന്നും എന്നിലേക്ക്‌   നീ   മഴപോൽ പെയ്തിറങ്ങുന്നു. 
 നിന്റെ സ്നേഹത്തിൽ   ഞാൻ നഗ്നനാവുന്നു.  ഷവർ നിന്നുപോകുമ്പോൾ  എന്റെ ഉടൽ നിറയെ  നിന്റെ ചുണ്ടുകൾ  ചുംബനത്തിന്റെ മഴവില്ലുകൾ തീർക്കുന്നു.
 കുളികഴിഞ്ഞു  ആടകളുടെ ആഡംബരങ്ങളിൽ പൊതിയുമ്പോൾ  നിന്നെവിട്ടുപോകും പോലെ   ഉടലിൽ വ്യഥ നിറയുന്നു. 
ഷവറിനു താഴെ പിറന്ന പോൽ നിൽക്കുമ്പോൾ   പ്രേമത്തിൻ ആകാശഗംഗയായി  - നീ ശിരസ്സിൽ വീഴുന്നു .  - നിന്റെ ചുണ്ടുകൾ അനുഗ്രഹം പോലെ   നനഞ്ഞു നിറയുന്നു. 
-------------------------------------------------------------------
 പ്രിയേ  നിന്നെ ഞാൻ
എന്റെ കരവലയത്തിൽ ഒതുക്കിയിട്ടില്ല.  എന്റെ സിരകളാൽ വരിഞ്ഞു പിടിച്ചിരിക്കയാണ്‌.   അകന്നു പോകല്ലേ ...  എന്റെ പ്രാണൻ നുറുങ്ങുന്നു. 
എന്റെ രക്തം വാർന്നു വീണ
 ഈ കവിതകളിൽ  എന്റെ പ്രേമത്തിന്റെ
 പൂക്കൾ വിടരുന്നത് കാണുക. 
 നിന്റെ സൌന്ദര്യം  അഗാധമാണ്   കടലിലെ തിരകളെപ്പോലെ, നിന്റെ ശരീരത്തിലെ വളവുകൾ സൃഷ്ട്ടിച്ച  മഴവില്ലുകൾ പോലെ .
-----------------------------------------------------------------…

കടൽ

എന്റെ പെണ്ണേ നിന്നിലേക്ക്‌ നോക്കുമ്പോൾ കടലും കടലിലേക്ക്‌ നോക്കുമ്പോൾ നിന്നേയും കാണുന്നതെന്തേ ?

***വേനൽ കിറുക്കന്മാർ

വേനലിൽ ആരുടെ തലയിലും  കവിത വിരിയുകയില്ല.
സൂര്യൻ ഉരുകി ഒലിക്കുന്ന  വേനൽ ഉച്ചകളിൽ  ദാഹം ദാഹം എന്നുമാത്രം  മനസ്സ് പുലമ്പുന്നു. എങ്കിലും ഉച്ചച്ചൂടിൽ ഇറങ്ങി നടന്ന  കിറുക്കന്മാരുണ്ട്. അവർ വിളഞ്ഞു നില്ക്കുന്ന  തണ്ണീർമത്തനുകൾ പറിക്കാനോ  പ്രതീക്ഷയുടെ ഒരു നദി കോരിക്കുടിക്കുവാനോ  ഇറങ്ങി തിരിച്ചവരല്ല. വേനൽ ചില്ലകളിൽ  അവർ പകലിന്റെ തേവിടിശ്ശികളെ തിരക്കുന്നു. വിയർപ്പു ചാലുകളിൽ  അവർ പുഴക്കിതപ്പിന്റെ ഗന്ധം നുകരുന്നു. കൊയ്തുപോയ പാടങ്ങളിൽ  ഒരു പക്ഷി വിശന്നു കരയുന്നത് കാണുന്നു. കണിക്കൊന്നകളിൽ  മഞ്ഞപുലികൾ തുള്ളിക്കളിക്കുന്നത്‌ കാണുന്നു. വേനൽ പാടത്ത് കലപ്പയുമായി കർഷകർ ഇറങ്ങുന്നുണ്ട്.  അവർക്കും തലനിറച്ച്  കിറുക്കാണ്‍. കിറുക്കന്മാർക്കുമാത്രം ഇറങ്ങി നടക്കാനാവുന്ന വേനലേ നിന്റെ മഞ്ഞയെ ഞാൻ കെട്ടിപിടിക്കുന്നു. മഞ്ഞക്കിളികൾ നിറഞ്ഞ ആകാശമേ  നിന്നെ ഞാൻ മുത്തം വെക്കുന്നു.

***ജോണിനും വാന്ഗോഗിനും അയ്യപ്പനും സമർപ്പിക്കുന്നു.