Posts

Showing posts from 2015

ഉപമകൾ

വസന്തം പൂവനങ്ങൾക്കായി എന്നതുപോലെ ഞാൻ നിനക്കു വേണ്ടി-
പൂക്കളിലെ വർണ്ണങ്ങൾ പോലെ,
നിന്റെ ചിറകിലെ സ്വാതന്ത്ര്യം പോലെ,
എന്റെ പ്രേമത്തിന്റെ മാന്ത്രികതയിൽ
നീ ഒരു ശലഭമായതുപോലെ ...
നിന്നിൽ മധുരം നിറക്കുകയും
നിന്നിലെ മധുരം നുണയുന്നതും
ഞാനല്ലാതെ മറ്റാരുമല്ലാത്തതുപോലെ
ഇതാ എന്റെ പ്രണയമേ
നിനക്കായി ഞാൻ പെയ്തു നിറയും പോലെ
സമുദ്രം സമുദ്രത്തിലേക്ക് ഒഴുകുന്നതുപോലെ
എന്റെ സ്നേഹം നിന്റെ സ്നേഹത്തിൽ
അലിഞ്ഞുപോയത് പോലെ
കാട് കാറ്റിനെ സ്വന്തമാക്കിയത് പോലെ
നീ എന്നെ കരവലയത്തിലാക്കിയതുപോലെ
മേഘങ്ങൾ മലകളെ കണ്ടെത്തിയതുപോലെ
നാം നമ്മെ തിരിച്ചറിഞ്ഞത് പോലെ
പ്രണയം പ്രണയത്തിൽ അലിഞ്ഞുപോകുന്നു
ആകാശ നീലിമയുടെ അനന്തതപോലെ
അവിശ്വസനീയമായൊരു സ്വപ്നത്തിൽ
നാം കണ്ണ് തുറന്നു ഇരുന്നതുപോലെ...

എന്റെ കുത്തികുറിക്കലുകൾ

•പിഴിഞ്ഞെടുത്തു കുപ്പികളിൽ നിറച്ചു
മാർക്കറ്റിൽ ലഭ്യമാണു വീര്യമുള്ള എന്റെ രക്തം.
നിങ്ങളുടെ പദവിയും
കീശയുടെ കനവുമനുസരിച്ചു
ബ്രാന്റുകൾ ശരിയായി തെരഞ്ഞെടുക്കുമല്ലോ

•എന്റെ കവിതയിൽ നിന്നും കടം കൊണ്ട
രണ്ടുവരികളാണു നിന്റെ ചുണ്ടുകൾ.

• പ്രണയത്തിൽ ആയ രണ്ടു കവിതകൾ ആണു നാം.
പരസ്പ്പരം ചൊല്ലിക്കേൾപ്പിക്കുന്ന രണ്ടു കാവ്യങ്ങൾ.

• എന്റെ വേരുകളിൽ നീറിപ്പിടിച്ച അഗ്നി
നിന്റെ കരളിൽ ആളിക്കത്തുന്നു.
പരസ്പ്പരം തീ വാരിയൂട്ടുന്ന ഈ നിത്യതയാണോ ജീവിതം?

•പരസ്പ്പരം ഇഴ ചേരുന്ന രണ്ടു സ്വപ്നങ്ങൾ ആണു നാം.
അതുകൊണ്ടാണു എന്റെ സ്വപ്നത്തിൽ നിന്നും
പറന്നുപോയ ആ പൂങ്കുരുവി
നിന്റെ സ്വപ്നത്തിൽ മയിലായി പറന്നിറങ്ങിയത്‌.

•നീ ഇല്ലാത്ത ഏദനാണു
സഖീ, ഞാൻ ഉപേക്ഷിച്ചു പോന്നത്‌.

• ശിഖരങ്ങളേ നിങ്ങൾ നിന്നു പോയതെന്തേ?
ആകാശത്തിനു അതിരുകൾ ഇല്ലെന്നു
നിങ്ങൾക്ക് അറിഞ്ഞുകൂടെ? 

•പുറത്തേക്കുള്ള വാതിലുകൾ അല്ല
അകത്തേക്കുള്ള വാതിലുകൾ

• നിഴലുകൾ കെട്ടിപിടിക്കുന്ന ഈ വിരസത തീരുന്നില്ലല്ലോ

• ഞാൻ അവിടെത്തന്നെയുണ്ട്‌.
നിന്നെ കണ്ടെത്തിയ ആ താഴ്‌വരയിൽ.
നീ ഉദിച്ചുയരുന്നതും കാത്ത്‌.

• എന്റെ കണ്ണുകൾക്കുപകരം
എന്നരികിൽ നീ ഉണ്ടാവുമെന്നറിയാം.
എന്നാൽ എന്റെ ഉൾക്കണ്ണായി
നീ എന്നിൽ ഉണ്ട…

വെയിൽ മരം

മരുഭൂമിയിൽ നിൽക്കുന്ന മരം
അധികമൊന്നും സംസാരിക്കുന്നില്ല
വെയിൽ മൂത്ത് മൂത്ത് വരുമ്പോൾ
ചിറി കോട്ടി ഒന്നു ചിരിക്കും
മണൽക്കൂനകളെ പറത്തി വരുന്ന കാറ്റിലേക്ക്
മുനിയെപ്പോലെ നോക്കിയിരിക്കും
ഉച്ചവെയിലിൽ തളർന്നൊന്നു മയങ്ങും
മോഹിപ്പിക്കുന്ന ഏറെ കിനാവുകളൊന്നും
കൂട്ടുവരാത്ത നീണ്ട മയക്കങ്ങൾ.
ചിലനേരങ്ങളിൽ ഒരൊട്ടകം വന്ന്
തന്റെ ഇലകളിൽ കടിക്കുന്ന
കോരിത്തരിപ്പിക്കുന്ന ഒരു സ്വപ്നം കാണും,
കുളിരു കോരി എഴുന്നേൽക്കുന്പോൾ
അരികിൽ ആരും ഉണ്ടാകാറില്ല.
ഒരു ചില്ലയിൽ ഒരു പൂവിരിഞ്ഞിട്ടുണ്ടാകും,
വെയിലുമ്മകളിൽ അത് കരിഞ്ഞുപോയിട്ടുണ്ടാകും.
വെയലു പൂക്കുന്ന കാടുകളിൽ ചുറ്റിത്തിരിഞ്ഞു വരുന്ന കാറ്റു വന്ന്
ചില്ലകളിൽ ചാഞ്ഞുകിടക്കും;
എന്റെ നിശ്വാസത്തിന്റെ കുളിരേറ്റ്
ഒന്ന് നെടുവീർപ്പിട്ട്
പറന്നു പോകും

മഞ്ഞ

വലിച്ചെറിഞ്ഞ റീത്തിൽ നിന്നും
പൊട്ടിമുളച്ച ചെണ്ടുമല്ലികൾ  തഴച്ചുവളർന്നു പൂവിടുമ്പോൾ  പരേതന്റെ മുഖം  മഞ്ഞച്ചിരി ചിരിക്കുന്നതുപോലെ  കാറ്റ് അതിലൂടെ കടന്നുപോകുമ്പോൾ ഒന്നു കൂവി വിളിക്കുന്നതുപോലെ  മണ്ണിന്നടിയിൽ ചില നേരമ്പോക്കുകൾ  ചികഞ്ഞെടുക്കുന്നതുപോലെ 
മഞ്ഞ മരണങ്ങൾ  വേനൽ ചില്ലകളിൽ പൂത്തു നിൽക്കുമ്പോൾ  വെയിൽക്കൊമ്പുകൾ  ഭൂമിയിൽ നിസ്ക്കരിക്കുമ്പോൾ   മഞ്ഞയായി മഞ്ഞച്ചിരികൾ മാത്രം എങ്ങും.

ഭ്രാന്ത്

അതിരുകളില്ലാത്ത ഭാവന ഒന്നുമതി
ഒരാളെ ഭ്രാന്തനാക്കാൻ
അതുകൊണ്ടാണ് അവൻ നടക്കുമ്പോൾ
ഭൂമി ഇളകുന്നുവെന്ന് നിങ്ങൾക്ക് തോന്നിപ്പോകുന്നത്.
അവന്റെ ചിരികളിൽ
ഉച്ചച്ചൂടിനു കനം വെക്കുന്നതായും
പുരികം ചുളിച്ചുകൊണ്ട്
അവൻ കാറ്റിനെ തടഞ്ഞുവെക്കുന്നതായും
നിങ്ങൾക്ക് തോന്നിപ്പോകുന്നു.
അവന്റെ കാഴ്ചക്ക്
തിമിരം ബാധിച്ചുവെന്ന് നിങ്ങൾ പറയുന്നു.
പക്ഷേ അവൻ കാണുന്നതൊന്നും
നിങ്ങൾ കാണുന്നേയില്ല.
നടന്നിട്ടും നടന്നിട്ടും വീടെത്താത്ത നടത്തമായി
അവൻ നീണ്ടു നീണ്ടു പോകുന്നു.
അവനാകട്ടെ എവിടേയും ഇരിപ്പുറക്കുന്നില്ലല്ലോ
എന്ന വ്യാധിയാണ്.
അവന്റെ ചില്ലകളിലാണ് കിളികൾ
കൂട് കൂട്ടുന്നതും ഇണ ചേരുന്നതും
എന്നിട്ടും അവനൊരു മരമാവുന്നില്ല.
കാട്ടുവള്ളിയായി പടർന്നു പടർന്നു
സൂര്യനിലേക്ക് തളിരു നീട്ടുകയാണ് അവൻ.
അവനൊരു സമുദ്രം തന്നെയാണ്.
എങ്കിലും ദാഹം
അവന്റെ തൊണ്ടയിലിരുന്ന്  അമറുന്നു.
അവന്റെ കണ്ണുകൾ അപ്പോൾ മാത്രം സമുദ്രമാവുന്നു.
ചുടലയിൽ അന്നം തിളപ്പിക്കുകയാണവൻ
ഏതു തീപ്പൊരിയിൽ നിന്നാണ്
കാളി കലിയുറഞ്ഞു വന്നെത്തുക
എന്ന് തേടുകയാണവൻ .

കാവിക്കൊടി

ഇരുന്നുണ്ട്
ചന്തിക്കു കുളിരു ബാധിച്ച
മുത്തശ്ശന്റെ മുഷിഞ്ഞ കോണകത്തിന്
മണ്ണിന്റെ നിറമായപ്പോൾ
ആർഷ ഭാരതത്തിന്റെ വീരസ്യമുള്ള കൊടിയായി
പുരപ്പുറത്ത് തൂക്കിയതാണ്.
പഴയ കഥയിലൊക്കെ
മുത്തശ്ശന്മാർ വിയർക്കാതെ
ഓഛാനിച്ചു നിന്നിട്ടേയുള്ളൂ.
ഓഛാനിച്ചവന്റെ സുകൃതമാണ്
പാരന്പര്യത്തിന്റെ നീക്കിയിരിപ്പ്.
നീട്ടിതുപ്പിയവന് കോളാന്പിയും
രാത്രിഞ്ചരന്മാർക്ക് ചൂട്ടും കാണിച്ചുകൊടുത്ത്
കയറിപ്പറ്റിയ കോവിലകങ്ങൾ
- എന്റെ രാഷ്ട്രമീമാംസ.
ഒന്നാംതരം ജോർജ്ജാണ് ഒറ്റുകാശെങ്കിൽ
അനന്തിരവന്മാർക്ക്
എന്തിനിത്ര അസ്ക്കിത?

രാസ പരീക്ഷണങ്ങൾ

രസതന്ത്ര ശാസ്ത്രഞ്ജന്റെ
പരീക്ഷണശാല പോലെയാണ്
നമ്മുടെ ജീവിതവും
ഞാനും നീയുമെല്ലാം
പല നിറങ്ങളിലുള്ള ലായനികൾ മാത്രം.

ഞാനെന്ന ലായനിയിലേക്ക്
നീയെന്ന ലായനി ഒഴിച്ചപ്പോൾ
എന്നിലെ ഈഗോ എന്ന മൂലകം
നിന്നെ പുകച്ചു പുറത്തു ചാടിച്ചത്  -ഒരുവേള. 
പിന്നീടൊരിക്കൽ
ഞാനും നീയും ചേർന്നൊരു
രസകരമായ സംയുക്തമായി
അപ്പോഴാകട്ടെ
വയലറ്റ് നിറമുള്ള സുന്ദര ബാഷ്പമായി
വായുവിൽ നാം നൃത്തം ചെയ്തു.

വിരുദ്ധമായ ലായനികൾ
വിരുദ്ധമായ അനുപാതത്തിൽ ചേർക്കരുതെന്ന
അലിഖിത നിയമം
നാം പലപ്പോഴും തെറ്റിക്കുന്നു.

ഞാൻ മതി. നീ വേണ്ട
എന്ന ചില സംയുക്തങ്ങൾ
വെടിയും പുകയും സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു.

നമ്മുടെ ഈ പരീക്ഷണശാലയിൽ
സമാധാനമെന്ന ലായനി എന്നാണ് എത്തുക?
സ്റ്റോർ കീപ്പറോട് എന്നും വിളിച്ച് ചോദിക്കും
സ്റ്റോക്കില്ല എന്ന പതിവു പല്ലവി തന്നെ.

പ്രതീക്ഷ എന്നൊരു ലായനിയുണ്ട്
ആരും ഉപയോഗിക്കാത്തതുകൊണ്ട്
പഴകിപ്പഴകി അതിന്റെ നിറം കെട്ട് പോയിരിക്കുന്നു.
എക്സ്പയേർഡ് എന്നൊരു മുദ്ര പതിച്ചു കഴിഞ്ഞു.

പരീക്ഷണശാലയിൽ
ഉറക്കമില്ലാതെ ജോലി ചെയ്തു ചെയ്ത്
നമ്മുടെ ശാസ്ത്രഞ്ജന്റെ ബോധം നഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
ഈ അടുത്തായി
തെരുവുകളിലേക്ക് ഓടി ഒഴുകുന്ന
ചുവപ്പു നിറമുള്ള ചില…

ഇരുട്ടിലേക്ക് കുഴിച്ച കിണറുകൾ

പിടഞ്ഞുകൊണ്ടിരിക്കുന്ന വിഷ ധമനികളുമായി
മുറ്റത്ത് തുറന്നു വെച്ചിരിക്കുന്ന
ഒറ്റക്കണ്ണൻ കിണറുകൾ
ഇനി അടച്ചുകളഞ്ഞേക്കാം.
നിത്യ അന്ധതയെ കാത്തിരിക്കുന്ന
ഒരു ഗ്ലോക്കോമാ രോഗിയുടെ കണ്ണുകളെപ്പോലെ
ആസന്നമായ ഇരുട്ടിലേക്ക്
എന്തിനാണീ കിണറുകൾ തുറന്നു വെച്ചിരിക്കുന്നത്?

ഈ കിണറുകൾ നമ്മെ പലതും ഓർമ്മിപ്പിക്കുന്നു.
വിശന്നു കരഞ്ഞു കണ്ണീർ വറ്റിയ
ഒരു പൈതലിന്റെ കണ്ണുകൾ പോലെ
ഭൂമിയുടെ കരച്ചിലായി നമ്മുടെ മുറ്റത്ത്
എന്തിനീ കിണറുകൾ സൂക്ഷിക്കണം ?
ഓർമ്മകളുടെ വീണ്ടെടുപ്പുപോലെ
നമ്മുടെ ഭൂതകാലത്തിലേക്ക് കുത്തിയിറക്കിയ
ഈ കിണറുകൾ നമുക്ക് അടച്ചുകളയാം.

മരണം കാത്തിരിക്കുന്നവന്റെ
ശ്വാസനിശ്വാസങ്ങൾ പോലെ
ജീവിതത്തിന്റെ പിടച്ചിലുകൾ ഓർമ്മിപ്പിക്കുന്ന,
വറ്റിപ്പോയ പുഴയുടെ ശവങ്ങളും
കോരിക്കൊണ്ടുപോയ കുന്നുകളുടെ കഥകളും
മണ്ണിട്ട്‌ മൂടിപ്പോയ വയലുകളുടെ
വീർപ്പു മുട്ടലുകളുമായി
മുറ്റത്ത് എന്തിനീ കിണറുകൾ ?

മരണത്തിന്റെ വിതുന്പലുമായി
കറുത്ത ചന്ദ്രൻ പനിച്ചുകിടക്കുന്ന ആഴങ്ങളായി
ഈ കിണറുകൾ നമുക്കിനി വേണ്ട.
നിരന്തരം അടഞ്ഞുപോകുന്ന ജീവിതത്തിന്റെ
അസ്തമനകാലമേ 
നിനക്കിനി ഇരുട്ട് മാത്രമാണ് കൂട്ട്.
എന്റെ കണ്ണുകൾ അടച്ചുകളഞ്ഞ്
അന്ധരുടെ വഴികളിൽ
അന്ധതയിലേക…

ട്രാഫിക്ക്

പച്ചയും മഞ്ഞയും ചുവപ്പും നിറമുള്ള
നഗരത്തിലെ തിരക്കേറിയ  ട്രാഫിക്ക് സിഗ്നലിൽ വെച്ച്  ജീവിതം വലത്തോട്ടും  സ്വപ്നങ്ങൾ ഇടത്തോട്ടും  ഫ്രീ ടേണ്‍ എടുത്തുകൊണ്ട്  മുന്നറിയിപ്പുകൾ ഏതുമില്ലാതെ  പിരിഞ്ഞു പോയി.
ജീവിതത്തിന്റെ പച്ച ബസ്സ്  മഞ്ഞ നിറമുള്ള നിരത്തിലൂടെ  തീനാളങ്ങളുടെ നിറമുള്ള  കുന്നിന്റെ ചെരുവിലൂടെ  ഭ്രാന്തു പിടിച്ചോടുന്നു. മരണം എന്നൊരു കിടങ്ങ്  അതിന്റെ ഇടംവശത്ത്  പകയാർന്നൊരു വിഷസർപ്പമായി  കൂടെയോടുന്നുണ്ട്. ചുവന്ന നിറമുള്ള സ്വപ്നങ്ങളുടെ ബസ്സ്  വയലറ്റ് നിറമുള്ള ഒരു വയലിലൂടെ  നക്ഷത്രങ്ങളുടെ നാട്ടുവെളിച്ചത്തിൽ  ലക്ഷ്യമില്ലാതെ ഉരുണ്ടുകൊണ്ടിരുന്നു. കുസൃതി പിടിച്ചൊരു ചിത്രകാരൻ കുട്ടി  ചുവന്ന നിറമുള്ള  സ്വപ്നങ്ങളുടെ ബസ്സിനു മുന്നിൽ  പുതിയ പുതിയ വഴികൾ വരച്ചിട്ടു. ഇടക്കിടക്ക് കറുത്ത ചായം കൊണ്ട്  കട്ടപിടിച്ച ഇരുട്ട് വരച്ചിട്ടുകൊണ്ട്  സ്വപ്നങ്ങളുടെ ചുവന്ന ബസ്സിനെ  ചിത്രകാരൻ കുട്ടി ഭയപ്പെടുത്തിക്കൊണ്ടിരുന്നു 
ട്രാഫിക്ക് തെറ്റിച്ചോടിയ രണ്ടുവണ്ടികളായ  ജീവിതവും സ്വപ്നവും ഫയർ സ്റ്റേഷനിലേക്കൊരു സന്ദേശമയക്കുന്നു. ഇപ്പോൾ മരണ മണി മുഴക്കിക്കൊണ്ട്  അലറി ഓടുന്ന ഒരു ഫയർ വണ്ടിയുടെ  ഓരിയിടൽ മാത്രമാണ് സ്ക്രീനിൽ.…

പിന്മടക്കം

ഒരിക്കലും ഓർത്തെടുക്കല്ലേ
എന്നു കരുതി
ചിലയോർമ്മകളെ
വഴിയിൽ നാം ഉപേക്ഷിച്ചു പോരുന്നു.
മുറ്റത്തു നട്ടൊരു കുടമുല്ലയെ എന്നപോലെ
എന്നും ചെന്നു നോക്കുന്നതും അതിനെത്തന്നെ.

കെട്ടിപ്പിടിച്ചു നടന്ന സൌഹൃദത്തെ
ഉപേക്ഷിച്ചു പോരുന്പോൾ
കൂടെ പോന്ന കുതിരകളെ
ആട്ടിപ്പായിക്കനാവുന്നില്ല

നിന്റെ കൈകളിൽ നിന്നും
ആകാശം നോക്കി കുതിച്ചൊരു
ഊഞ്ഞാലിലാണ് ഞാൻ.
മേഘങ്ങളിൽ ഉമ്മവെച്ച് തിരിച്ചെത്തുന്പോൾ
നീ നിന്റെ വിരിച്ചു പിടിച്ച കൈകളുമായി
എങ്ങുപോയി?

നാം രണ്ടിടവഴികളിലൂടെ നടന്നുമറഞ്ഞിട്ടും
ആ മാമരവും
ആ നാട്ടു വഴിയും
ആ ഊഞ്ഞാലും
അവിടെത്തന്നെയുണ്ട്‌

ഓരോ ദിനവും
നിന്നെമറന്നുവെച്ച കലുങ്കിൽ
നിന്നെ തിരക്കിച്ചെല്ലുന്നുണ്ട് ഞാൻ.
നമ്മൾ കൊറിച്ച കടലയുടെ തൊലികൾ
കാലം ഊതിത്തെറിപ്പിച്ചതറിയാതെ
വിളക്കുകൾ അണഞ്ഞു പോയവഴികളിലൂടെ
ഇരുട്ടിന്റെ മൌനങ്ങളിൽ
നമ്മുടെ വാക്കുകൾ പരതി ഞാൻ നടക്കുന്നു.

ഉദിക്കാതെ പോവുകയാണ്
ഓരോ ബുദ്ധപൂർണിമയും.

തണൽ

മരുപ്പരപ്പിൽ എകാന്തനായവന്റെ കൈകളിൽ
ഒരുവൻ വന്നു തൊടുന്നു -
നിന്റെ തണൽ ഞാനെടുത്തോട്ടെ
എന്ന് കൂട്ടുകൂടുന്നു. 

അവനപ്പോഴൊരു തണൽ മരമാവുന്നു
അവന്റെ ഇലകൾ പച്ചക്കുടകളായി
സൂര്യനുനേരെ നിവർന്നു നിൽക്കുന്നു

ലക്ഷ്യമില്ലാതെ അലഞ്ഞൊരു പായ്ക്കപ്പൽ
ആകാശ നീലിമയിലൊരു
സന്ധ്യാ നക്ഷത്രം കാണുന്നു.

മേൽ വിലാസക്കാരനെ കാണാതെ
അലഞ്ഞുപോയൊരു കത്ത്
അതിർത്തികൾക്കപ്പുറത്ത്
വിയർത്തൊരു കയ്‌യിലിരുന്നു വിറകൊള്ളുന്നു.

രക്തം ഒഴുകിയ വഴികളിലൂടെ
നെടുവീർപ്പിടുന്ന നാട്ടുകൂട്ടത്തിന്റെ അരികിലേക്ക്
കാണാതായ കുഞ്ഞാടുകളെ മേച്ചുകൊണ്ട്
പ്രവാചകന്റെ തലപ്പൊക്കം
മലനിരകൾക്കു മേൽ ഉദിച്ചുവരുന്നു

ബുദ്ധ പ്രതിമയിൽ നിന്നും
അക്ഷോഭ്യനായ ഒരു സിംഹം
ഉണർന്നു വരുന്നു.

നിന്റെ കവിതകൾ

നിന്റെ കവിതകൾ വായിക്കുന്പോൾ
ഞാനൊരു ചെറു കാറ്റാവുന്നു.
എള്ള് വിതച്ച നിന്റെ വയലേലയിലേക്ക്
പറന്നു പോകുന്നു.
നിന്റെ കുടിലിന്റെ മുറ്റത്ത്
ഞാനൊരു മുക്കൂറ്റി പൂവായി വിരിഞ്ഞു നിൽക്കുന്നു. 
ഞാൻ നിന്റെ കൃഷ്ണയെ കാണുന്നു.
അവളുടെ കണ്ണുകളിലെ കൃഷ്ണമാനിനെ കാണുന്നു.

നിന്റെ കവിതകൾ വായിക്കുന്പോൾ 
മേഘങ്ങൾ കറുത്തുപോയ ഒരു ആകാശക്കുടയിൽ
പാടവരന്പിൽ നീ ഏകനായി നിൽക്കുന്നത് കാണുന്നു.
ശിലയായവനൊരു നീരാകുന്നു-
നിന്റെ സരസ്സിലേക്കൊരു അരുവി പുറപ്പെടുന്നു

നിന്റെ കവിതയിൽ നീ ഏകനായിരിക്കുന്പോൾ
നിന്റെ വേദനയുടെ മുറിവാകുന്നു ഞാൻ.
നിന്റെ ഏകാന്തയുടെ മുറിയിൽ
ഇരുട്ടായി ഞാൻ മറഞ്ഞുനിൽക്കുന്നു
നീ ഉപേക്ഷിച്ചുപോയ
നിന്റെ കാൽപാടുകളിൽ
ഞാൻ മുഖം ചേർത്തുവെക്കുന്നു

മുള്ള്

മുള്ളുകൾ തുളഞ്ഞു കയറിയാൽ
ചോര മാത്രമേ കിനിയൂ എങ്കിലും
മുള്ളുമരമായി ജനിച്ചവന്റെ ചങ്കിൽ
എന്റെ മുള്ളേ നീയിങ്ങനെ
എന്റെ കിളിയെ വേദനിപ്പിക്കാതെ
എന്നൊരു പ്രാർത്ഥന
കുരുങ്ങി കിടപ്പുണ്ടാകും

മുള്ളായി പിറന്നവന്റെ ഉള്ളിൽ നിന്നും
മുള്ളുകൾ ഊരിവലിച്ചെടുക്കുകിൽ
അവനൊരു ചുവന്ന പുഷ്പമാകും
പനിനീർ പൂക്കളേക്കാൾ സുഗന്ധി.

ക്രിസ്തുവിന്റെ തലയിലിരുന്ന മുള്ള്
ചോദിച്ചുവത്രേ?
ഈശോയെ..
ഈ ഞാനോ അതോ നീയോ മുള്ള്?
ഈശോ പറഞ്ഞു
അവർ മുള്ളിനെ
മുള്ളുകൊണ്ട് എടുക്കുന്നവരത്രേ.

എഴുത്തിന്റെ ചാരുകസേരയിൽ

എഴുത്തുകാരന്റെ തൂലികയിൽ നിന്നും
അക്ഷരക്കൂട്ടം ഇറങ്ങിവരുന്നത്
കൊയ്ത്തു കഴിഞ്ഞ പാടത്ത്
താറാവിൻ കൂട്ടം
ഇറങ്ങുന്നതുപോലെയാണ്.

എഴുത്തുകാരൻ
തന്റെ തൂലിക കൊണ്ട്
താറാവുകളെ മേക്കുന്ന ഇടയനെപ്പോലെ
അവയെ നിയന്ത്രിച്ചുകൊണ്ടിരിക്കും

താറാവുകൾ പാടം നിറഞ്ഞുകഴിയുന്പോൾ 
അവയെ അവയുടെ പാട്ടിനു വിട്ടുകൊണ്ട്
ചാരുകസേരയിലിരുന്ന്
ഇടയൻ ഒരു പുകക്കു തീ കൊളുത്തും.

അപ്പോൾ താറാവുകൾ
അരയന്നങ്ങളാകും
വെള്ളിവെളിച്ചം നിറഞ്ഞ
ജലാശയമാകും പാടം.

വെണ്‍ ചിറകുകൾ വീശി
ആകാശ നീലിമയിലേക്ക്‌
തന്റെ അക്ഷര അരയന്നങ്ങൾ
പറന്നുപോകുന്ന കാഴ്ച്ചയുടെ ചാരുതയിൽ -

അവന്റെ അക്ഷരങ്ങൾ
കവിതയുടെ കറുപ്പുള്ള,
കവിതയുടെ ഈണമുള്ള
കുയിലുകളായി
ദേശാടനം ആരംഭിക്കും.