പിന്മടക്കം

ഒരിക്കലും ഓർത്തെടുക്കല്ലേ
എന്നു കരുതി
ചിലയോർമ്മകളെ
വഴിയിൽ നാം ഉപേക്ഷിച്ചു പോരുന്നു.
മുറ്റത്തു നട്ടൊരു കുടമുല്ലയെ എന്നപോലെ
എന്നും ചെന്നു നോക്കുന്നതും അതിനെത്തന്നെ.

കെട്ടിപ്പിടിച്ചു നടന്ന സൌഹൃദത്തെ
ഉപേക്ഷിച്ചു പോരുന്പോൾ
കൂടെ പോന്ന കുതിരകളെ
ആട്ടിപ്പായിക്കനാവുന്നില്ല

നിന്റെ കൈകളിൽ നിന്നും
ആകാശം നോക്കി കുതിച്ചൊരു
ഊഞ്ഞാലിലാണ് ഞാൻ.
മേഘങ്ങളിൽ ഉമ്മവെച്ച് തിരിച്ചെത്തുന്പോൾ
നീ നിന്റെ വിരിച്ചു പിടിച്ച കൈകളുമായി
എങ്ങുപോയി?

നാം രണ്ടിടവഴികളിലൂടെ നടന്നുമറഞ്ഞിട്ടും
ആ മാമരവും
ആ നാട്ടു വഴിയും
ആ ഊഞ്ഞാലും
അവിടെത്തന്നെയുണ്ട്‌

ഓരോ ദിനവും
നിന്നെമറന്നുവെച്ച കലുങ്കിൽ
നിന്നെ തിരക്കിച്ചെല്ലുന്നുണ്ട് ഞാൻ.
നമ്മൾ കൊറിച്ച കടലയുടെ തൊലികൾ
കാലം ഊതിത്തെറിപ്പിച്ചതറിയാതെ
വിളക്കുകൾ അണഞ്ഞു പോയവഴികളിലൂടെ
ഇരുട്ടിന്റെ മൌനങ്ങളിൽ
നമ്മുടെ വാക്കുകൾ പരതി ഞാൻ നടക്കുന്നു.

ഉദിക്കാതെ പോവുകയാണ്
ഓരോ ബുദ്ധപൂർണിമയും.

Comments

 1. ഒരിക്കലും നഷ്ടപ്പെട്ടുപോകരുതേ എന്ന് പ്രാർത്ഥിക്കുന്ന സൗഹൃദങ്ങൾ നമ്മൾ എല്ലാവർക്കുമുണ്ടാകും. എങ്കിൽപ്പോലും നിർഭാഗ്യവശാൽ ചിലത് ഓർമയുടെ തിരശ്ശീലയ്ക്കു പിന്നിലേക്ക് മറഞ്ഞുപോകുന്നു...
  ഒന്നിലേറെ തവണ വായിച്ചു...
  :)

  ReplyDelete
 2. ഓർമ്മകൾക്കെന്നും ബാല്യം തന്നെ.
  ചെറുപ്പത്തിൽ ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങളൊന്നും ചെയ്യാനാവാതെ വരുമ്പോൾ നഷ്ടസ്വപ്നങ്ങൾക്ക്‌ മാധുര്യവും, വേദനയുമേറും.

  ReplyDelete
 3. അന്ദോളനമെന്നേ നിലച്ചിട്ടും ...കാറ്റ് വന്ന് തൊടുമ്പോഴൊക്കെയും തിരിഞ്ഞ് നോക്കുന്നു,

  നിന്റെ കൈകളിൽനിന്ന് ആകാശം നോക്കി കുതിച്ചൊരു കാലത്തിലേക്ക് .  മനോഹരം ഭാനു.

  ReplyDelete
 4. ചിന്തിപ്പിക്കുന്ന വരികള്‍
  നന്നായിരിക്കുന്നു കവിത
  ആശംസകള്‍

  ReplyDelete
 5. മടക്കം എന്നു പറഞ്ഞാലേ പിന്നോട്ട് (പുറകോട്ട്) പോരലാണ്. പിന്നെ എന്തിനീ പിന്മടക്കം?

  ReplyDelete
 6. വിഷു ആശംസകൾ...

  ReplyDelete
 7. അതെ ഭായ്
  ഉദിക്കാതെ പോവുകയാണ്
  ഓരോ ബുദ്ധപൂർണിമയും.

  ReplyDelete
 8. ഉദിക്കാതിരിക്കരുത് ....

  ReplyDelete

Post a Comment

Popular posts from this blog

സ്നേഹം എന്നാല്‍ എന്താണ്?

പ്രണയം വിപ്ലവമാണ്

ആരാണ് രക്തസാക്ഷി?